സംഭവം സത്യമാണ്, അങ്ങനെ ടൈപ്പ് ചെയ്താല്‍ സുക്കര്‍ബര്‍ഗിന്റെ പേര് വരും. അത് ഹാക്ക് ആയതുകൊണ്ടോ, ലവ് സിമ്പലില്‍ ഹൃദയങ്ങള്‍ പറക്കുന്ന പോലെയുള്ള സൂത്രപണി കൊണ്ടോ ഒന്നുമല്ല.

ഈയടുത്ത് ഫേസ്ബുക്കില്‍ ഏറെ പ്രചരിക്കപ്പെടുന്ന ഒന്നാണ് നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ @ [4:0] (`@ കഴിഞ്ഞു സ്‌പേസ് ഇല്ലാതെ) ടൈപ്പ് ചെയ്തു ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ പേര് ടാഗായി വരുന്നുണ്ടോയെന്നു പരിശോധിക്കുവാനുള്ള സന്ദേശം.
സംഭവം സത്യമാണ്, അങ്ങനെ ടൈപ്പ് ചെയ്താല്‍ സുക്കര്‍ബര്‍ഗിന്റെ പേര് വരും. അത് ഹാക്ക് ആയതുകൊണ്ടോ, ലവ് സിമ്പലില്‍ ഹൃദയങ്ങള്‍ പറക്കുന്ന പോലെയുള്ള സൂത്രപണി കൊണ്ടോ ഒന്നുമല്ല.
നമുക്കെല്ലാം യൂസര്‍ നെയിമുകള്‍ ഉണ്ടെങ്കിലും ഫേസ്ബുക്ക് അവരുടെ ഡാറ്റാബേസില്‍ ഓരോരുത്തരെയും വ്യത്യസ്ത നമ്പറുകള്‍ ആയാണ് അടയാളപ്പെടുത്തി വെച്ചിരിക്കുന്നത്. നമ്മള്‍ ഒരാളെ യൂസര്‍ നെയിം വെച്ചു ടാഗ് ചെയ്ത് വിളിക്കുമ്പോള്‍, ഫേസ് ബുക്ക് ആ യൂസര്‍ നെയിമിനെ ആ വ്യക്തിയുടെ ഐഡി നമ്പറിലേക്ക് ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആ നമ്പറിന്റെ ഉടമസ്ഥനായ പ്രൊഫൈലിനോ, പേജിനോ ടാഗ് വരും.
ഇതേ സംഭവം തന്നെയാണ് Mark Zuckerberg ടൈപ്പ് ചെയ്യുക വഴി നമ്മള്‍ ചെയ്യുന്നത്. യൂസര്‍ നെയിം പറഞ്ഞു വളഞ്ഞു മൂക്കുപിടിക്കാതെ നേരെ 4 എന്ന യൂസര്‍ നമ്പറിലുള്ള വ്യക്തിയെ വിളിക്കുന്നു. അങ്ങനെ നാലാം യൂസര്‍ നമ്പര്‍ കയ്യിലുള്ള മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ടാഗ് ആവുന്നു.
ആദ്യത്തെ മൂന്നു ഐഡി കളും ഫേസ്ബുക് ടെസ്റ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയതായത് കൊണ്ട് അവ നേരത്തെ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയിപ്പോ @ [5:0] ടൈപ്പ് ചെയ്താല്‍ അഞ്ചാം യൂസറും ഫേസ്ബുക്കിന്റെ സഹസ്ഥാപകനുമായ ക്രിസ് ഹ്യുഗ്‌സിന്റെ പേര് ടാഗ് ആവുന്നതായി കാണാം.
നമുക്ക് എല്ലാര്‍ക്കും എന്നതുപോലെ തന്നെ നമ്മള്‍ നടത്തുന്ന പേജുകള്‍ക്കും വരെ സ്വന്തമായി യൂസര്‍ നമ്പറുകളുണ്ട്.
സ്വന്തം യൂസര്‍ ഐഡി അറിയാന്‍ പലവഴികളുമുണ്ട്. ചില വെബ്‌സെറ്റുകളും യൂസര്‍ നെയിം അവരുടെ കോളത്തില്‍ എന്റര്‍ ചെയ്യുമ്പോള്‍ യൂസര്‍ നമ്പര്‍ ലഭ്യമാക്കുന്നുണ്ട്. നമ്പര്‍ അറിയാനുള്ള ആഗ്രഹത്തില്‍ അവിടെയും, ഇവിടെയും യൂസര്‍ നെയിം കൊടുത്തു നമ്മുടെ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
നമ്മുടെ പ്രൊഫൈലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന 'View page source' ല്‍ ക്ലിക്ക് ചെയ്യുന്നത് വഴിയോ, Graph API explorer ല്‍ കയറുന്നത് വഴിയോ യൂസര്‍ ഐഡി അറിയാം.
ഒന്നുമല്ലെങ്കില്‍ നമ്മുടെ ഫോട്ടോസ് ഉള്ള ആല്‍ബത്തില്‍ കയറുമ്പോള്‍ മേലെ അഡ്രസ് ബാറില്‍ 'set'നും 'type'നും ഇടയിലുള്ള നമ്പര്‍ കോപ്പി ചെയ്‌തെടുത്താല്‍ മതി. ആ നമ്പര്‍ നമ്മളൊ, വേറെയാരെങ്കിലുമോ @[x:0] ല്‍ 'x'ന്റെ സ്ഥലത്തു എന്റര്‍ ചെയ്തു കൊടുത്താല്‍ നമ്മളും ടാഗ് ആവും.
ഇതല്ലാതെ ഹാക്കും മാജിക്കുമൊന്നുമല്ല.
