
തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളുടെയും അമ്മമാരുടെയും പട്ടിണി സമരം നടക്കുകയായിരുന്നു. പൊരിവെയിലത്ത്, വണ്ടിപ്പുകകളുടെയും കോലാഹലങ്ങളുടെയും നടുവിലാണ് സമരപ്പന്തല്‍. പലതരം ആരോഗ്യ പ്രശ്‌നങ്ങളെയും വക വെക്കാതെ അതി രാവിലെ കുളിച്ച്, കുളിപ്പിച്ച് ഒരുങ്ങി അമ്മമാരും കുഞ്ഞുങ്ങളും സമരപ്പന്തലിലേക്ക് എത്തുമായിരുന്നു. അമ്മമാര്‍ പകല്‍ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അവരുടെ സാന്നിദ്ധ്യം കൊണ്ട് പൊരുതി കൊണ്ടിരുന്നു.
മൈക്ക് കിട്ടിയാല്‍ മുദ്രാവാക്യം വിളിക്കാന്‍ അബ്ബാസിനാണ് ഏറ്റവും ഉഷാറ്. 'പറ്റിച്ചില്ലേ പറ്റിച്ചില്ലേ ഉമ്മന്‍ചാണ്ടീ പറ്റിച്ചില്ലേ 'എന്നവന്‍ അവ്യക്തമായ ഭാഷയില്‍ നമുക്ക് വിളിച്ചു തരും. ഏറ്റ് വിളിക്കെന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കും. ഒരു പാട്ടും പാടി മുദ്രാവാക്യം വിളിയും കഴിഞ്ഞാ അവന്‍ നമ്മളെ കെട്ടിപ്പിടിച്ച് ഞെക്കി ഉമ്മവെച്ച് സ്‌നേഹിച്ചോണ്ടിരിക്കും. സമരപ്പന്തലിലെത്തുന്ന അപരിചിതത്വം തോന്നുന്നവരെ അധികം ഇഷ്ടപ്പെടാത്തവരെ ഒക്കെ അവന്‍ കള്ളാന്നോ ഉമ്മന്‍ ചാണ്ടിയെന്നോ വിളിക്കും.!
അവനും അവിടെ കിടന്നിരുന്ന അനേകം കുഞ്ഞുങ്ങള്‍ക്കും ആരോടും പകയും വിരോധവുമില്ല.
അവനും അവിടെ കിടന്നിരുന്ന അനേകം കുഞ്ഞുങ്ങള്‍ക്കും ആരോടും പകയും വിരോധവുമില്ല. ഉമ്മന്‍ചാണ്ടി വിചാരിച്ചാല്‍ ഇത്രേം ദൂരം വന്ന്, ഈ വെയിലത്ത് കഷ്ടപ്പെട്ട് ഇട്ടാവട്ടം പന്തലില്‍ മുഖത്തോട് മുഖം പോലും കാണാന്‍ പറ്റാത്ത നിര നിര കസേരകളിലും പഌസ്റ്റിക് വരിഞ്ഞ ബലമില്ലാ കട്ടിലുകളിലും ഉള്ള ഇരിപ്പ് അവസാനിക്കുമെന്ന് അവരില്‍ ചിലര്‍ക്കറിയാം. അവരുടെ വീട്, സ്‌കൂള്‍, ആശുപത്രി ചിലവുകള്‍ അതിനൊക്കെ ചില മാറ്റങ്ങളുണ്ടാക്കാന്‍ വേണ്ട സഹായങ്ങള്‍ കിട്ടാന്‍ അയാളെന്തോ ചെയ്യണമെന്ന് അവര്‍ക്കറിയാം. ഇനി ഇതൊന്നുമറിയാത്ത, ഈ ഭൂമിയില്‍ തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയാത്ത കുഞ്ഞുങ്ങളും സമരപ്പന്തലിലുണ്ട്.
ചൂട് വെള്ളത്തില്‍ ചാലിച്ച ആരോറൂട്ട് ബിസ്‌കറ്റിലേക്ക് അമ്മേടെ കണ്ണില്‍ നിന്ന് ഉപ്പുവെള്ളം ഇറ്റി വീഴുന്നത് രുചി വ്യത്യാസമില്ലാതെ തൊണ്ടയിലേക്കിറക്കുന്നവര്‍.. ഉറക്കത്തിനും ഉണര്‍ച്ചക്കും ഇടയിലെ നേരങ്ങളെയോ കാഴ്ചകളെയോ അറിയാത്തവര്‍.

അന്നോരോ ദിവസവും സമരപ്പന്തലിലേക്ക് ഭക്ഷണം എത്തിക്കാന്‍, വൈകുന്നേരങ്ങളില്‍ കുഞ്ഞുങ്ങളെ സന്ദര്‍ശിക്കാന്‍, ഒടുക്കം ചര്‍ച്ച നടത്തി സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തതൊക്കെ സി.പി. എം നേതാക്കളാണ്.
ഹോ,ആ സമരം ഇന്നാണ് നടക്കുന്നെങ്കില്‍ എന്നാലോചിച്ച് നോക്കുമ്പോ, ഉളുപ്പില്ലാ നാക്ക് കൊണ്ട് കുട്ടികളെ സമരായുധങ്ങളാക്കുന്നതിന്റെ ധാര്‍മ്മികതയെ പറ്റി നിങ്ങള്‍ ഘോരം പ്രസംഗിച്ചേനെ !
ഏതൊക്കെ ഭീകര സംഘടനകളാണ് പുറകിലെന്ന് തിരക്കഥയെഴുതിയുണ്ടാക്കിയേനെ !
എന്‍ഡോസള്‍ഫാന്‍ തന്നെയാണോ കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്ക് കാരണമെന്ന് ഏതെങ്കിലും ശാസ്ത്ര ലേഖനം ഉദ്ധരിച്ച് സംശയം പ്രകടിപ്പിച്ചേനെ!
ചര്‍ച്ചക്ക് വഴങ്ങാത്ത സമരക്കാരെ ആരൊക്കെയോ അവരുടെ അജണ്ടകള്‍ക്ക് ഉപയോഗിക്കുകയാണെന്ന് കൂടി!
അവരുടെ കയ്യില്‍ കല്ലും തോക്കുമൊന്നും നിങ്ങള്‍ ഏല്‍പ്പിക്കേണ്ടതില്ല.
സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് കരുതി കയ്യും കണ്ണും പൂട്ടി ന്യായീകരിക്കാന്‍ നാക്ക് ഇളക്കുന്നവരുടെ തലച്ചോറിന്റെ സഞ്ചാരങ്ങള്‍ക്ക് ഇത്രമേല്‍ ദുഷിച്ച യുക്തിയൊക്കെ വരുമെന്ന് തെല്ലും അതിശയോക്തിയില്ലാതെ പറയുന്നു. ഭരിക്കുന്നവരെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ ഉപയോഗിച്ചേക്കാവുന്ന യുക്തികള്‍ക്ക്, കഥകള്‍ക്ക്, വരികള്‍ക്കിടയിലെ വായനകള്‍ക്ക് വേണ്ടി എന്തിനെയൊക്കെ ഉപയോഗിക്കാമെന്നതില്‍ ന്യായീകരണക്കാര്‍ക്ക് പ്രത്യേകിച്ച് മാനുഷികമായ പരിഗണനകളൊന്നുമില്ലെന്ന് ഓരോ ദിവസവും വെളിവാക്കപ്പെട്ട് കൊണ്ടേയിരിക്കയാണ്.
പറഞ്ഞ് വന്നത് സമരഭൂമിയിലെ കുഞ്ഞുങ്ങളെ കുറിച്ചാണ്. അതിജീവനത്തിന്റെ ബാധ്യത അത്രമേലുള്ളതിനാല്‍ ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള പോരാട്ടങ്ങളില്‍ ഓരോ പ്രതിരോധ പ്രദേശങ്ങളിലേയും കുഞ്ഞുങ്ങളുണ്ടാകും. അവരുടെ ഊര്‍ജവും തീവ്രതയും രാഷ്ട്രീയവും നിരീക്ഷണങ്ങളും നമ്മുടെ തോതുകളില്‍ ഒതുങ്ങിയേക്കണമെന്നില്ല.
കാശ്മീരിലും കൂടംകുളത്തും നര്‍മ്മദയിലും കാതിക്കൂടത്തും മുത്തങ്ങയിലും ചെങ്ങറയിലും പ്‌ളാച്ചിമടയിലും വൈപ്പിനിലും എന്‍മകജെയിലും ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ അവിടങ്ങളിലെ കുഞ്ഞുങ്ങളുണ്ടാകും. അതവര്‍ തങ്ങള്‍ക്ക് ജീവിക്കാനുള്ള ലോകം ആവശ്യപ്പെടുന്നതാണ്. അവരുടെ കയ്യില്‍ കല്ലും തോക്കുമൊന്നും നിങ്ങള്‍ ഏല്‍പ്പിക്കേണ്ടതില്ല. എന്തായിരിക്കണം പ്രതിരോധത്തിന്റെ ആയുധമെന്ന്, മുദ്രാവാക്യമെന്ന്, ആവശ്യമെന്ന് കണ്‍തുറന്നുള്ള കാഴ്ചകളിലൂടെ അവര്‍ നേടിയെടുത്ത് കൊള്ളും.
അച്ഛനും അമ്മയും തയ്പ്പിച്ചിട്ട് കൊടുക്കുന്ന മിനി റെഡ് വളന്റിയര്‍ യൂണിഫോമിട്ട് സല്യൂട്ടടിച്ച് പൊതു പരിപാടിയില്‍ കാമറക്ക് വിധേയരാകുന്നതിനേക്കാള്‍ ആഴമുള്ള പരിപാടിയാണത്!


