'എന്‍റെ അച്ഛന്‍ എന്‍റെ ഭര്‍ത്താവിനെ കൊന്നത് അദ്ദേഹം എന്‍റെ ജാതിയില്‍ പെട്ട ആളല്ലാത്തതിനാലാണ്.' അമൃത പറയുന്നു. ആധികാരികമായ രേഖകള്‍ ലഭ്യമല്ല എങ്കിലും പഠനങ്ങള്‍ പറയുന്നത്. വര്‍ഷത്തില്‍ നൂറുകണക്കിനുപേര്‍ ഇന്ത്യയില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നുണ്ടെന്നാണ്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്ന ഭയം കൊണ്ട് വീട്ടുകാര്‍ പറയുന്ന വിവാഹത്തിന് സമ്മതിക്കുന്നവരുമുണ്ട്.  

മിരിയലഗുഡ: ഇന്ത്യയില്‍ ദുരഭിമാനക്കൊലകള്‍ കൂടിവരുന്നു. കേരളത്തില്‍ ദുരഭിമാനക്കൊലയെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായത് കെവിന്‍റെ കൊലപാതകത്തോടു കൂടിയാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരകളായത്. സെപ്തംബര്‍ 14നാണ് തെലങ്കാനയില്‍ പ്രണയ് പെരുമല്ല എന്ന യുവാവ് ഭാര്യ അമൃതയുടെ കണ്‍മുന്നില്‍ കൊല്ലപ്പെടുന്നത്. അമൃതയുടെ അച്ഛന്‍ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി. ബിബിസിക്കു വേണ്ടി ദീപ്തി ബാതിനി അമൃതയുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്.

അമൃതയും പ്രണയും ഹൈസ്കൂളില്‍ ഒരുമിച്ചു പഠിച്ചവരാണ്. തെലങ്കാനയിലെ മിരിയലഗുഡയിലാണ് പഠിച്ചത്. സ്കൂളില്‍ വച്ചുകണ്ടു. 'കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായിരുന്നു. ഫോണില്‍ സംസാരിക്കും. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.' അമൃത പറയുന്നു. 21 വയസുള്ള അമൃത ഉയര്‍ന്ന ജാതിക്കാരിയാണ്. സാമ്പത്തികമായും ഉയര്‍ന്ന കുടുംബം. 24 വയസുകാരനായ പ്രണയ് പട്ടികജാതിക്കാരനാണ്. 

'എന്‍റെ അച്ഛന്‍ എന്‍റെ ഭര്‍ത്താവിനെ കൊന്നത് അദ്ദേഹം എന്‍റെ ജാതിയില്‍ പെട്ട ആളല്ലാത്തതിനാലാണ്.' അമൃത പറയുന്നു. ആധികാരികമായ രേഖകള്‍ ലഭ്യമല്ല എങ്കിലും പഠനങ്ങള്‍ പറയുന്നത്. വര്‍ഷത്തില്‍ നൂറുകണക്കിനുപേര്‍ ഇന്ത്യയില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നുണ്ടെന്നാണ്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്ന ഭയം കൊണ്ട് വീട്ടുകാര്‍ പറയുന്ന വിവാഹത്തിന് സമ്മതിക്കുന്നവരുമുണ്ട്. 

പൊലീസ് അമൃതയുടെ അച്ഛന്‍ മാരുതി റാവുവിനേയും ആറ് പേരെയും അറസ്റ്റ് ചെയ്തു. അതിന് മുമ്പ് മൂന്നുതവണ പ്രണയിയെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു. പക്ഷെ, നാലാമത്തെ ശ്രമത്തില്‍ പ്രണയ് കൊല്ലപ്പെടുകയായിരുന്നു. ഒരു കോടിയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പൊലീസ് പറയുന്നു. അമൃതയുടെ ചെക്കപ്പ് കഴിഞ്ഞ് ആശുപത്രിയില്‍ നിന്നിറങ്ങവേയാണ് പ്രണയ് കൊല്ലപ്പെട്ടത്. 

അമൃത പറയുന്നത്

'' താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ മറ്റ് ജാതികളിലുള്ള കുട്ടികളോട് സംസാരിക്കാനോ, കൂട്ടുകൂടാനോ സമ്മതിക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ പ്രണയിയുടെ കാര്യം അറിഞ്ഞപ്പോഴും അവര്‍ കഠിനമായി എതിര്‍ത്തു. പക്ഷെ, അവന്‍റെ ജാതി ഏതാണെന്നോ, കുടുംബത്തിന് എത്ര പണമുണ്ടെന്നോ ഒന്നും ഞാന്‍ നോക്കിയില്ലായിരുന്നു. നമുക്ക് പരസ്പരം ഒരുപാടിഷ്ടമായിരുന്നു. അത് മതിയായിരുന്നു. 

2016 ഏപ്രില്‍ മാസത്തിലെ ഒരു ദിവസം വീട്ടുകാര്‍ എന്നെ വീട്ടില്‍ പൂട്ടിയിട്ടു. പ്രണയുമായി സംസാരിക്കാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. പക്ഷെ, അപ്പോഴും ഞാനവനെ സ്നേഹിച്ചു. പതുക്കെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. 2018 ജനുവരിയില്‍ വിവാഹം കഴിച്ചു. പ്രണയ്യുടെ വീട്ടിലേക്ക് പോന്നു. അവര്‍ക്ക് വിവാഹത്തിന് സമ്മതമായിരുന്നു. 

പിന്നീട് കാനഡയിലേക്ക് പോകാനാണ് തീരുമാനിച്ചത്. പക്ഷെ. ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ കുഞ്ഞ് ജനിച്ച ശേഷം പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് ജനിക്കുന്നുവെന്നറിഞ്ഞാല്‍ വീട്ടുകാര്‍ ക്ഷമിക്കുമെന്നാണ് കരുതിയത്. പക്ഷെ, വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഗര്‍ഭമലസിപ്പിക്കാനാണ്. എപ്പോഴും എനിക്ക് വീട്ടുകാരെ പേടിയുണ്ടായിരുന്നു. പക്ഷെ, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും ഞാന്‍ എന്‍റെ വീട്ടിലേക്ക് തിരികെ പോകില്ല. പ്രണയിയുടെ അമ്മയും അച്ഛനുമാണ് എന്‍റെയും അമ്മയും അച്ഛനും. ''

പ്രണയ്യുടെ മരണശേഷം ജസ്റ്റിസ് ഫോര്‍ പ്രണോയ് എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട് അമൃത. നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അമൃതയ്ക്കൊപ്പമുണ്ട്. ദുരഭിമാനക്കൊലകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ഉണ്ടായിക്കഴിഞ്ഞു. പൂര്‍ണമായും നീതി കിട്ടുന്നത് വരെ പോരാടാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.