ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

ചിരിക്കുന്ന മുഖവുമായി ഒരു നാൾ എന്‍റെ ജോലി ജീവിതത്തിന്‍റെ ഇടനാഴിയിലൂടെ കടന്നു വന്ന ഒരു കുഞ്ഞു പെൺകുട്ടിയുടെ  മുഖം ഇടക്കിടെ ഓർമ്മകളിൽ തെളിഞ്ഞു വരും. അവളെ അന്ന് ഞാൻ ആദ്യമായി കാണുകയായിരുന്നു. ഇനി ഒരിക്കൽ കാണുമോ എന്നും അറിയില്ല. അവളുടെ പേരും എനിക്കറിയില്ല. അവൾ ഒരു രാജസ്ഥാനി പെൺകുട്ടിയാണ് എന്നു മാത്രമേ അറിയൂ. എല്ലാരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുന്ന വിധത്തിൽ മനോഹരമായി ആംഗലേയ ഭാഷയിൽ അവൾ  സംസാരിച്ചിരുന്നു. വീണ്ടും വീണ്ടും അവളെക്കൊണ്ട് കൂടുതൽ സംസാരിപ്പിക്കാൻ ഞങ്ങൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. പ്രവാസ ജീവിതത്തിനിടയിൽ പല മുഖങ്ങൾ മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷെ, എന്തോ ഈ കുട്ടിയുടെ  മുഖം ഒരിക്കലും മറക്കാനായില്ല. 

10 വയസ്സുമാത്രമുള്ള അവളുടെ  നിഷ്കളങ്കമായ പുഞ്ചിരി എന്‍റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അപ്പോള്‍ തന്നെ, മനസിന്‍റെ മറ്റേതോ കോണിൽ  അവളുടെ ജീവിത യാഥാർഥ്യങ്ങളെ അറിഞ്ഞപ്പോഴുള്ള ആ ഒരു വിങ്ങലും ബാക്കി നിൽക്കുന്നു. അവൾ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ ആയിരുന്നു, "എനിക്ക് 10 വയസ്സേ ആയിട്ടുള്ളൂ. പക്ഷെ, ഞാൻ ഇപ്പോള്‍ ഒരു കൗമാരക്കാരി ആണ്. അങ്ങനെ ആയേ മതിയാകൂ." അവൾ എന്താണ് പറഞ്ഞു വരുന്നത് എന്ന് ഞങ്ങൾ ആകാംക്ഷയോടെ നോക്കി നിന്നു.

നന്ദി പറയാൻ  വേണ്ടിയാണ് ഇന്നവൾ വീണ്ടും വന്നത്

കൗമാരപ്രായം 13 വയസ്സു മുതൽ എന്നു മനസിലാക്കിയിരുന്ന ഞങ്ങളുടെ മുഖത്തെ ചോദ്യഭാവം കണ്ട അവൾ തുടർന്നു, "ഞാൻ ഒരു കുട്ടിയായിരുന്നാൽ എന്‍റെ അമ്മയ്ക്കും ചേച്ചിക്കും വേറെ ആരുമില്ല". അർബുദം എന്ന മഹാരോഗത്തിലൂടെ കടന്നു പോയ അവളുടെ അച്ഛൻ രണ്ട് മാസങ്ങൾക്കും മുമ്പ് ഞങ്ങളുടെ ആശുപത്രിയിലെ മൂന്നാം നമ്പർ  മുറിയിൽ നിന്ന് ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞു. ആ സമയത്ത്,  ഒരുവേള അവൾ പകച്ചു പോയി. എങ്കിലും  നിശ്ചയദാർഢ്യം ആ കുരുന്നു മനസ്സിന് ശക്തി പകർന്നു.

ജോലിയില്ലാത്ത അമ്മയും ജന്മനാ മാനസിക തകരാറുള്ള ഒരു ചേച്ചിയെയും കൊണ്ട് ഈ പ്രവാസലോകത്ത്‌ അവൾ ഇനി എങ്ങനെ മുന്നോട്ട് എന്നുള്ള  ആശങ്ക എന്‍റെ മനസ്സിൽ കനൽ കോരി നിറച്ചു. എന്നാൽ, മുഖത്തു മായാത്ത ചിരിയുമായി അവൾ പറഞ്ഞുകൊണ്ടേ ഇരുന്നു, "എത്രയും പെട്ടെന്ന് വളർന്ന് എന്‍റെ കുടുംബത്തിന്‍റെ ആശ്രയമായി മാറാനാണ് എന്‍റെ ആഗ്രഹം. അതാ ഞാൻ ഒരു കൗമാരക്കാരി ആണ് എന്നു പറഞ്ഞത്." തിരിച്ചറിവ് ആകുന്നതിനു മുമ്പ് പിതാവിനെ നഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥ, ആ വഴികളിൽ കൂടി ഞാനുമൊരിക്കല്‍ കടന്നു പോയത് കൊണ്ട് നന്നായി  മനസ്സിലാകുന്നുണ്ടായിരുന്നു. 

അവളുടെ വാക്കുകൾ നീണ്ടുപോയപ്പോൾ ആ കുഞ്ഞു മിഴികള്‍ നിറഞ്ഞത് ഞാൻ കണ്ടു. അവളുടെ അച്ഛനെ പരിചരിച്ച ആതുര സേവന രംഗത്തുള്ള സഹോദരന്മാര്‍ക്കും സഹോദരിമാർക്കും നന്ദി പറയാൻ  വേണ്ടിയാണ് ഇന്നവൾ വീണ്ടും വന്നത്. അവളുടെ അച്ഛന്‍റെ ആത്മാവ് നിറഞ്ഞു നിൽക്കുന്ന ഞങ്ങളുടെ  വാർഡിലേക്ക്... അവളെ ഞാൻ 'എന്‍റെ കൊച്ചു ചിത്ര ശലഭം' എന്നു വിളിക്കുന്നു.

ആ പെൺകുട്ടി  വെല്ലുവിളികളെ എങ്ങനെ നേരിടണം എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു

ആശ്വാസവാക്കുകൾ പറയാൻ ശ്രമിച്ച എന്‍റെ അരികിൽ നിന്നും അവൾ തിടുക്കത്തോടെ നടന്നു നീങ്ങി. ഒരുപക്ഷെ അത് അവൾ ആഗ്രഹിക്കുന്നില്ലായിരിക്കാം. ഇത്രയും സംസാരിച്ച ആ നക്ഷത്രക്കുഞ്ഞിന്‍റെ പേര് പോലും ചോദിച്ചില്ലല്ലോ എന്നൊരു കുറ്റബോധം മാത്രമുണ്ടെനിക്ക്. അവളുടെ കണ്ണുകളിൽ കണ്ട നിശ്ചയദാർഢ്യമാണ്  അവളെക്കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് എന്നെ പ്രേരിപ്പിച്ചത്. ജീവിതത്തിൽ ചെറിയൊരു പ്രശ്നം വരുമ്പോൾ തളർന്നു പോകുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്താണ് ജീവിതം എന്ന് തിരിച്ചറിയാൻ പോലും അറിയാത്ത ആ പെൺകുട്ടി  വെല്ലുവിളികളെ എങ്ങനെ നേരിടണം എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. ജോലിയും ജീവിതവും തമ്മിൽ ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് സമാന്തര രേഖകളായി ഇങ്ങനെ പോകുന്നതിനിടയ്ക്ക് കണ്ടുമുട്ടിയ എന്‍റെ കൗമാരക്കാരിയായ മീവൽപക്ഷിക്ക് വേണ്ടി സ്നേഹത്തോടെ ഒരു സഹോദരി...
 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം