Asianet News MalayalamAsianet News Malayalam

നീയെനിക്ക് നഴ്സ് മാത്രമല്ല, ദൈവമാണ്!

നാലാം ദിവസം ഉച്ചക്ക് ഒരു പുതിയ നേഴ്സ് വന്നു, ഷബാന. ഒരു ഗുജറാത്തി മുസ്ലിം പെൺകുട്ടി. അവൾക്ക് ആണ്  ICCU ഡ്യൂട്ടി. വന്ന് എന്നോട് കുറെ എന്തോക്കെയോ ചോദിച്ചു. അതിന്‍റെ ഒക്കെ ഉത്തരങ്ങളും അവർ തന്നെ പറഞ്ഞു. എന്താണ് രോഗം എന്ന് കണ്ടുപിടിക്കാത്തതു കൊണ്ട് ചികിത്സ വലുതായി ഒന്നും ഉണ്ടായിരുന്നില്ല.  ഡ്രിപ് ഇടുക. വിറ്റാമിൻ ഗുളികകള്‍, ക്ലീനിങ് ഒക്കെയേ ഉണ്ടായിരുന്നുള്ളൂ.

hospital days rakesh nair
Author
Thiruvananthapuram, First Published Jan 10, 2019, 3:47 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days rakesh nair

ചിക്കൻപോക്സ് വന്നിട്ട് ഒരാഴ്ച ആകുന്നു, കുറയുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ല. മാത്രമല്ല. കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നു. നടക്കാൻ വയ്യ, നില്‍ക്കാൻ വയ്യ, നാവു കുഴയുന്നു, അങ്ങനെ അങ്ങനെ... മുംബൈയിൽ ആയതുകൊണ്ട് നാട്ടിലെ പോലെ ഒന്നും ഹോസ്പിറ്റലില്‍ പോകാനും പറ്റില്ല.  അച്ഛനും അമ്മയും കൂടെ ഇല്ല. എങ്കിലും , അമ്മാവനും കുടുംബവും ചേട്ടനും കസിൻസും ഒക്കെ കൂടെ ഉണ്ടായതുകൊണ്ട്  അവരൊന്നും കാര്യമായി എടുത്തില്ല.  പത്തു ദിവസം ഒക്കെ ആയപ്പോൾ എല്ലാം കൈവിട്ടു പോയി. ഒന്നും സംസാരിക്കാന്‍ വയ്യ. കയ്യും കാലും വിറക്കുന്നു. എന്തായാലും, അപ്പോൾ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് വിട്ടു.

ലൈഫ് ലൈൻ ഹോസ്പിറ്റൽ-ബൊരിവില്ലി, മുംബൈ  (2005 )  -മറക്കില്ല മരിച്ചാലും 

മരിച്ചു ജീവിച്ചതവിടെ വച്ചായിരുന്നു. അതൊക്കെ എങ്ങനെയാ ഒന്ന് പറഞ്ഞു ഫലിപ്പിക്കുക എന്നറിയിക്കില്ല. ചിക്കൻപോക്സ് വന്നതുകൊണ്ട് മുഖത്തും ശരീരത്തും ആകെ പാടുകളായിരുന്നു. ഒന്ന് നോക്കാൻ ആരും ഒന്ന് ഭയക്കും. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ്  സംഗതി സീരിയസ് ആണെന്ന് ശരിക്കും മനസിലായത്. ICCU  എന്നെഴുതിയ റൂമിലേക്ക് എന്‍റെ വീല്‍ച്ചെയര്‍ എത്തി. റിമോർട് കൺട്രോളർ ബെഡ്ഡിലേക്ക് ആരോക്കെയോ എന്നെ എടുത്തിട്ടു. അങ്ങനെ 21 ാമത്തെ വയസിൽ ഞാൻ കോമ സ്റ്റേജിൽ ആയി. ജീവിതം എത്ര നിസ്സാരം. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ ടെസ്റ്റുകൾക്കായി വാർഡുകളിൽ നിന്നും സ്കാനിംഗ് റൂമുകളിൽ നിന്നും ലബോറട്ടറി കളില്‍ നിന്നും ഒക്കെ എന്നെക്കൊണ്ട് ഓടുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ. 

പുറത്തു നടക്കുന്നതൊക്കെ എനിക്ക് കാണാനും കേൾക്കാനും പറ്റും, എങ്കിലും തിരിച്ച് പ്രതികരിക്കാന്‍ വയ്യ

ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയവർ അവരൊക്കെയാണ്. ആരുമാരും അല്ലാതെ ഇരുന്നിട്ടും ഓരോ ജീവനും കൊണ്ട് ഓടുമ്പോൾ വീല്‍ച്ചെയറില്‍ ഇരിക്കുന്നത് ആരാണോ എന്ന് പോലും കാര്യമാക്കാതെ, ജീവന്‍റെ വില ശരിക്കും അറിയുന്നവർ. ഡോക്ടര്‍മാരും നേഴ്സുമാരും മാത്രമല്ല  അറ്റൻഡർമാരും സ്വീപ്പർമാരും കൂടെ  ആണ് അവിടുത്തെ മാലാഖമാരും  ദൈവങ്ങളും  ഒക്കെ.  നിലം തുടക്കാൻ വരുന്ന സ്ത്രീയുടെ  മുഖവും സംസാരവും പോലും എന്നെ ജീവിതത്തിലേക്ക് വരാൻ എത്ര സഹായിച്ചു എന്ന് പറഞ്ഞറിയിക്കാൻ വയ്യ. മുടിയും താടിയും വെട്ടാതെ മുഖം നിറയെ ചിക്കൻപോക്സിന്‍റെ ഉണങ്ങാത്ത വടുക്കൾ ഉള്ള നിർത്താതെ ഛർദിച്ചു കൊണ്ടിരിക്കുന്ന എന്‍റെ മുഖത്തേക്ക് നോക്കി 'ദേവിയുടെ പ്രീതിയാണെന്നും  അനുഗ്രഹം ആണെ'ന്നും ഒക്കെ പറഞ്ഞ് എന്‍റെ മനസാന്നിധ്യം കൈ വിടാതെ ഇരിക്കാൻ നോക്കിയ, എന്നെ വൃത്തിയാക്കാൻ വന്ന ഒരാളുടെ മുഖവും മറക്കില്ല. ഡോക്ടർമാർ വന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന 'ബി  കോൺഫിഡന്‍റി'നേക്കാളും എനിക്ക് ധൈര്യം തന്നത് ഹോസ്പിറ്റലിലെ സ്വീപ്പർമാർ ആയിരുന്നു.

അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ ആയി... ഒരു മാറ്റവും ഇല്ല. ഞാൻ പ്രതീക്ഷകളുടെ ലോകത്തു നിന്ന് താഴേക്കു പൊയ്ക്കൊണ്ടിരുന്നു. നെഫ്രോളജി, കാർഡിയോളജി, ന്യൂറോളജി എന്ന് വേണ്ട എല്ലാ ഡിപ്പാർട്മെന്‍റിലെ ഡോക്ടർമാര്‍ വന്നു നോക്കിയിട്ടും എന്താണ് പറ്റിയത് എന്ന് ആർക്കും അറിയില്ല. എന്തായാലും 'മരണം' എന്ന  വാക്ക് ഇടയ്ക്കിടയ്ക്ക് മനസിലേക്ക് വന്നു തുടങ്ങി. പുറത്തു നടക്കുന്നതൊക്കെ എനിക്ക് കാണാനും കേൾക്കാനും പറ്റും. എങ്കിലും തിരിച്ച് പ്രതികരിക്കാന്‍ വയ്യ. നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യണം, എയർപോർട്ടില്‍ നിന്നും ആംബുലൻസ് വിളിക്കണം എന്നും, പോകുന്ന വഴിക്ക് അവസാന പ്രതീക്ഷ എന്ന പോലെ അമൃത ഹോസ്പിറ്റലില്‍ കാണിക്കാം എന്നും ചേട്ടന്‍റെ കല്യാണം മാറ്റി വയ്ക്കണം എന്ന ഒക്കെ തീരുമാനങ്ങൾ പുറത്തു നടക്കുന്നത് ഞാൻ അറിഞ്ഞുകൊണ്ടിരുന്നു. ഞാൻ സ്വയം തയ്യാറായി ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവില്ല. എനിക്ക് ചുറ്റും മരണത്തിന്‍റെ ദൂതന്മാർ വന്നു തമ്പടിക്കുന്നതായി തോന്നി. 

അങ്ങനെ രണ്ട്  ദിവസം ഹോസ്പിറ്റലില്‍ ആയപ്പോൾ സ്‌പൈനൽ കോഡ് ഇഞ്ചക്ഷനും ടെസ്റ്റും ഉണ്ടെന്നു പറഞ്ഞ്  എന്നെ വരിഞ്ഞു മുറുക്കി നട്ടെല്ലിലേക്ക് ഒരു ഇഞ്ചക്ഷന്‍ എടുത്തു. ഡോക്ടറുടെ പിഴവ് മൂലം ഇഞ്ചക്ഷൻ സൂചി ഒടിഞ്ഞു, എന്‍റെ സ്പൈനല്‍ക്കോഡിൽ  തന്നെ ഇരുന്നു. ഒടിഞ്ഞ സൂചി എടുക്കാനോ, പുതിയ ഒരു ഇഞ്ചക്ഷൻ എടുക്കാനോ വേണ്ടി ഞാൻ എത്രയോ മണിക്കൂർ ആ പൊസിഷനാൽ തന്നെ കിടക്കേണ്ടി വന്നു. അപ്പോളൊക്കെ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ അമ്മയെ കാണണം. അമ്മക്കറിഞ്ഞു കൂടാ ഞാൻ ഇത്രയും സീരിയസ് ആണെന്ന്. ആരും പറഞ്ഞിട്ടുണ്ടായിരുന്നില്ല. വീട്ടിൽ എത്തി എല്ലാവരെയും കണ്ടിട്ടേ മരിക്കാവൂ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. എനിമ വയ്ക്കാൻ വരുന്ന നേഴ്സുമാരും, ശരീരം ക്ലീൻ ചെയുന്ന, യൂറിൻ എടുക്കാൻ വരുന്ന  നേഴ്സുമാരും ഒക്കെ മാലാഖമാർ അല്ല. ശരിക്കും ദൈവങ്ങൾ തന്നെ ആണെന്ന് തോന്നി. ഇതിൽക്കൂടുതൽ ഒക്കെ ഒരു മനുഷ്യൻ വേറെ ഒരു മനുഷ്യന് എന്ത് ചെയ്തു കൊടുക്കാൻ ആണ്.  അങ്ങനെ അങ്ങനെ ജീവിച്ചു മരിച്ച ദിവസങ്ങൾ വീണ്ടും കടന്നു പോയി.

രാത്രിയും പകലും അറിയാതെ ആ ദിവസവും കഴിഞ്ഞുപോകും

നാലാം ദിവസം ഉച്ചക്ക് ഒരു പുതിയ നേഴ്സ് വന്നു, ഷബാന. ഒരു ഗുജറാത്തി മുസ്ലിം പെൺകുട്ടി. അവൾക്ക് ആണ്  ICCU ഡ്യൂട്ടി. വന്ന് എന്നോട് കുറെ എന്തോക്കെയോ ചോദിച്ചു. അതിന്‍റെ ഒക്കെ ഉത്തരങ്ങളും അവർ തന്നെ പറഞ്ഞു. എന്താണ് രോഗം എന്ന് കണ്ടുപിടിക്കാത്തതു കൊണ്ട് ചികിത്സ വലുതായി ഒന്നും ഉണ്ടായിരുന്നില്ല.  ഡ്രിപ് ഇടുക. വിറ്റാമിൻ ഗുളികകള്‍, ക്ലീനിങ് ഒക്കെയേ ഉണ്ടായിരുന്നുള്ളൂ. രാത്രിയും പകലും അറിയാതെ ആ ദിവസവും കഴിഞ്ഞുപോകും. അമ്മയെക്കാണണം എന്ന ആഗ്രഹം കൂടി വരുന്നു. അവസാനം ഉറക്കം വരാതെ ആയി. പൊട്ടിക്കരയാൻ പറ്റാതെ മനസ് മരവിച്ചു കൊണ്ടിരുന്നു. ലൈറ്റ് ഓഫ് ആവുമ്പോൾ ആണ് ശരിക്കും അവ്യക്തമായ ശബ്ദമുണ്ടാക്കി ഞാൻ ഒന്ന് കരയുന്നത്. അന്നും അതുപോലെ തന്നെ അതിരാവിലെ  കരഞ്ഞു കരഞ്ഞു തളർന്നപ്പോഴാണ് പെട്ടെന്ന് മുറിയിലെ ലൈറ്റ് ഓൺ ആയത്. സിസ്റ്റർ ഷബാന വന്നു. എന്‍റെ കണ്ണീർ തുടച്ചിട്ട് കണ്ണിലേക്ക് നോക്കി പറഞ്ഞു, 'കരയരുത്, എല്ലാം ശരിയാകും, അമ്മയെ വേഗം കാണാൻ പറ്റും, നിന്‍റെ അസുഖം വേഗം ശരിയാവും.' അതൊന്നും എനിക്ക് വിശാസം ആയില്ല. എങ്കിലും, അമ്മയെ കാണാതെയുള്ള വിഷമത്തിലാണ് ഞാൻ കരയുന്നത് എന്ന് അവർക്ക് എങ്ങനെ മനസിലായി എന്നോർത്ത് അന്നും ഇന്നും ഞാൻ  അത്ഭുതപ്പെട്ടുണ്ട്.

പിന്നീടങ്ങോട്ട് എല്ലാ സമയത്തും സിസ്റ്റർ ഷബാന എന്‍റെ കൂടെ തന്നെ ആയിരുന്നു. ഒരു യാഥാസ്ഥിക കുടുംബത്തിലെ മുസ്ലിം പെൺകുട്ടി ആയിരുന്നിട്ടും എന്‍റെ അതേ പ്രായം ആയിട്ടും ഒരു മടിയും കൂടാതെ എന്നെ തോളിൽ കയ്യിട്ടു നടത്തിക്കാനും, എന്നെക്കൊണ്ട് സംസാരിപ്പിക്കാനും ഒക്കെ അവളെന്നും സമയം കണ്ടെത്തുമായിരുന്നു. ലഞ്ച് ബോക്സ് ഷെയർ ചെയ്തു, എനിക്ക് സംസാരിക്കാൻ പറ്റില്ലെങ്കിലും എന്നോട് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരവും അവൾ തന്നെ പറയുമായിരുന്നു എന്‍റെ മനസ്സറിഞ്ഞ പോലെ. ഒരു ജീവച്ഛവമായി കിടക്കുന്ന എന്നെ ഒരു കൊച്ചു കുട്ടിയെ നോക്കുന്നതിലും  മനോഹരമായി പരിചരിക്കുന്ന അവളെ ഒരു ദൈവമായിത്തന്നെ കണ്ടു തുടങ്ങി ഞാൻ. ആ കണ്ണുകളിൽ അത്രയ്ക്കും ഊർജവും ഉണ്ടായിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട എന്നില്‍ എവിടെയോ ഒരു തിരി തെളിഞ്ഞു തുടങ്ങി. എന്‍റെ വികലമായി പുറത്തു വരുന്ന ഭാഷയെ കളിയാക്കാനും, ദേഷ്യം പിടിപ്പിക്കാനുമായി അവൾ മനപ്പൂർവ്വം വഴക്കു പറയാനും ഉടക്കാനും തുടങ്ങി. എനിക്ക് എഴുന്നേറ്റു നടക്കാൻ പറ്റും എന്ന് ഉറച്ച ബോധ്യമായി.

അടുത്തുള്ള അമ്പലങ്ങളിലും പള്ളികളിലും ഒക്കെ നേര്‍ച്ച പറയാനുള്ള ധൈര്യം ഉണ്ടായി. എല്ലാം പോസിറ്റീവ് ആയി കാണാൻ ഉള്ള ആർജ്ജവം ഉണ്ടായി. രണ്ട് ദിവസം കൊണ്ട് ഷബാന എന്നെ ആകെ മാറ്റി എടുത്തു. ഏഴാം ദിവസം ഒരു പുതിയ ഡോക്ടർ വന്നു, ന്യൂറോളജിസ്റ്റ് - ഡോക്ടർ രജനി. ആദ്യം എന്‍റെ അപ്പോയിന്‍റ്മെന്‍റ് ആയിരുന്നു. എന്‍റെ റൂമിൽ അഞ്ച് മിനുട്ട് മാത്രമേ ചിലവാക്കിയിട്ടുള്ളൂ. എല്ലാ ദിവസത്തെയും പോലെ ഒരു നോർമൽ പരിശോധന ആയി മാത്രമേ എനിക്ക് തോന്നിയുള്ളൂ. നാല് ദിവസത്തേക്ക്  ഇഞ്ചക്ഷൻ പറഞ്ഞു പോയി. ഷബാന വന്നു, ആദ്യത്തെ ഇഞ്ചക്ഷൻ കഴിഞ്ഞു. അന്ന് തന്നെ രാത്രി രണ്ടാമത്തെ ഇഞ്ചക്ഷനും കഴിഞ്ഞു.  പിറ്റേന്ന് എനിക്ക് തിരിഞ്ഞു കിടക്കാം എന്നായി.  വൈകുന്നേരം ആയപ്പൊഴേക്കും പിടിച്ചു നിൽക്കാം എന്നായി. പിന്നെ എല്ലാം വേഗം ആയിരുന്നു. അടുത്ത ദിവസം എന്നെ ഡിസ്ചാർജ് ചെയ്യും എന്നായി. പത്താം ദിവസം രാവിലെ ഞാൻ തനിയെ നടന്ന് പുറത്തേക്കിറങ്ങി. അങ്ങനെ ഞാൻ വീണ്ടും പിച്ചവച്ചു നടക്കാൻ തുടങ്ങി.

ഞങ്ങൾ ഷബാനക്ക് ഒരു ഗിഫ്റ്റ് വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. ഡിസ്ചാർജ് ചെയ്യാൻ പോയപ്പോൾ  ഞങ്ങൾ അത് കൊടുക്കാൻ നോക്കി. അവർ അത് വാങ്ങിയില്ല. 'പോയിട്ട് വരൂ. ഇനീം ഇൻജെക്ഷൻ ബാക്കി ഉണ്ടല്ലോ. അപ്പൊ കാണാം' എന്നു പറഞ്ഞു.

ഞങ്ങൾ ശരിക്കും ഞെട്ടിത്തരിച്ചു പോയി

ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞ് അടുത്ത ഇൻജെക്ഷൻ എടുക്കാൻ വേണ്ടി വന്നു. അന്ന് പുതിയ ഒരാൾ ആണ് ഉണ്ടായിരുന്നത്. സിസ്റ്റർ ഷബാനയെ പറ്റി ചോദിച്ചു. അവർ ഇന്നലെത്തന്നെ തിരിച്ചു ഗുജറാത്തിലേക്ക് പോയെന്നും, ന്യൂ അപ്പോയിന്‍റ്മെന്‍റ്  ആയതുകൊണ്ട് ഡീറ്റൈൽസ് ഒന്നുമറിയില്ല എന്നും ആണ് അവിടുന്ന് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ ശരിക്കും ഞെട്ടിത്തരിച്ചു പോയി.

വീണ്ടും പ്രവാസ ജീവിതം തുടങ്ങുന്നതുവരെ ആ ഹോസ്പിറ്റലില്‍ പോയി തിരക്കിയിരുന്നു. അങ്ങനെ ഒരാളെ പറ്റി അവർക്ക് ഇപ്പൊ അറിവില്ല. ഷബാന ഒരു സത്യം ആയിരുന്നോ, അതോ ദൈവത്തിന്‍റെ കൈകൾ ആയിരുന്നോ എന്ന് ഇപ്പോഴുമറിയില്ല. ഞാൻ ജീവിക്കുന്ന ഓരോ ദിവസവും സിസ്റ്റർ ഷബാനയ്ക്കും, അവരെപ്പോലെ ഭൂമിയിലെ മാലാഖമാരെ മാത്രമല്ല, ആ ആശുപത്രിയിലെ സ്വീപ്പർമാരെയും അറ്റൻഡർമാരെയും ഓരോ ജീവന്‍റെയും വില അറിഞ്ഞ് രക്ഷകന്മാരായി നിലകൊള്ളുന്ന ഓരോ ആൾക്കാരെയും ഓര്‍ക്കുന്നു.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios