Asianet News MalayalamAsianet News Malayalam

പുറത്തുവരാന്‍, അച്ഛന്‍റെ ലീവ് വരെ കാത്തിരുന്ന കുഞ്ഞിപ്പാത്തു

എവിടെ.. ഡോക്ടറുടെ ഡേറ്റ്‌ കഴിഞ്ഞിട്ടും, നവംബർ മാസം കഴിഞ്ഞിട്ടും അവൾക്ക്‌ പ്രസവിക്കണ്ട ഒരു വിചാരവുമില്ല. ഒടുവിൽ ഫ്ലൈറ്റിൽ വച്ചും ഞാൻ അവളെ വിളിച്ചപ്പൊ അവളോട്‌ പറഞ്ഞു. ''നീ വല്ല വേദനയും വന്നാൽ എന്നെ കാത്തിരിക്കണ്ടാട്ടാ, പോയി ധൈര്യായിട്ട്‌ പ്രസവിച്ചോ''ളാൻ. പാതിരക്ക്‌ ലാന്റ്‌ ചെയ്ത ഫ്ലൈറ്റിറങ്ങി വീട്ടിലെത്തുമ്പോളേക്കും സമയം പത്ത്‌ മണി കഴിഞ്ഞു.

hospital days shaji eruvatty
Author
Thiruvananthapuram, First Published Jan 13, 2019, 5:44 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days shaji eruvatty

"നിങ്ങളെന്തിനാപ്പാ ഇത്ര ലേറ്റാക്കിയെ, ടിക്കറ്റെടുക്കാൻ?, ഡോക്ടർ നവംബർ ലാസ്റ്റാണു ഡേറ്റെന്ന് പറഞ്ഞിട്ടും?” ഇടക്ക്‌ അവളുടെ തൊണ്ട ഇടറുമ്പോളും ഞാൻ സമാധാനിപ്പിക്കും. “ന്തായാലും ഞാൻ വന്നിട്ടേ ഉണ്ടാവൂന്ന്”. പക്ഷെ, എന്റെ സ്വാർത്ഥത കാരണം പ്രസവിച്ച്‌ രണ്ടാഴ്ച കഴിഞ്ഞ്‌ കുഞ്ഞിനെ എടുക്കാനും ഓമനിക്കാനും ഉള്ള കൊതി കൊണ്ടും, അച്ഛനാവാനും, അമ്മാവനാകാനും മൂന്നാലുവട്ടം ലേബർറൂമിനു മുന്നിലെ ബേജാറും ടെൻഷനും സഹിക്കാൻ വയ്യാന്നുള്ളത്‌ കൊണ്ടും, മനപൂർവ്വം തന്നെയാ മൂന്നാലു മാസം മുന്നെ ടിക്കറ്റെടുക്കുമ്പോൾ ഡിസംബർ ഒമ്പതിനേക്ക്‌ എടുത്തത്‌. 

എന്തായാലും ഡോക്ടറുടെ ഡേറ്റിനും ഒരു പത്ത്‌ ദിവസം മുന്നെ എങ്കിലും പ്രസവം ഉണ്ടാകും എന്ന ചിന്തയിൽ രാത്രി ഏത്‌ സമയം വിളിച്ചാലും പോകാൻ വണ്ടിയും, അഥവാ “ബ്ലഡ്‌ കൊടുക്കാൻ ആളെ കണ്ടു വച്ചോ'' എന്ന ഡോക്ടറുടെ ഫോർമാലിറ്റി മുൻകൂട്ടി കണ്ട്‌ അതിനും ആളെ ഏർപ്പാടാക്കി. രണ്ട്‌ അടിച്ച്‌ ഉറങ്ങുന്ന അച്ഛനെ അതൊക്കെ ഇനി പ്രസവം കഴിഞ്ഞ്‌ മതി എന്ന ഉഗ്രശാസനയിൽ ഞാൻ കാര്യങ്ങളൊക്കെ എന്റെ നിയന്ത്രണാവസ്ഥയിലാക്കിയിരുന്നു. ഓരോ ദിവസം പുലരുമ്പോളും ഞാൻ ആ ശുഭവാർത്തക്ക്‌ വേണ്ടി കാതോർക്കും. 

അവൾ “വേദന വന്നാൽ പോയാ മതീന്ന് പറഞ്ഞിനെ''ന്നും പറഞ്ഞ്‌ വാർഡിലേക്ക്‌ പോയി

എവിടെ.. ഡോക്ടറുടെ ഡേറ്റ്‌ കഴിഞ്ഞിട്ടും, നവംബർ മാസം കഴിഞ്ഞിട്ടും അവൾക്ക്‌ പ്രസവിക്കണ്ട ഒരു വിചാരവുമില്ല. ഒടുവിൽ ഫ്ലൈറ്റിൽ വച്ചും ഞാൻ അവളെ വിളിച്ചപ്പൊ അവളോട്‌ പറഞ്ഞു. ''നീ വല്ല വേദനയും വന്നാൽ എന്നെ കാത്തിരിക്കണ്ടാട്ടാ, പോയി ധൈര്യായിട്ട്‌ പ്രസവിച്ചോ''ളാൻ. പാതിരക്ക്‌ ലാന്റ്‌ ചെയ്ത ഫ്ലൈറ്റിറങ്ങി വീട്ടിലെത്തുമ്പോളേക്കും സമയം പത്ത്‌ മണി കഴിഞ്ഞു.

ഓടിച്ചാടി വന്ന പാത്തൂനേം ഒക്കത്തെടുത്ത്‌ അവളുടെ കുറച്ച്‌ കിന്നാരങ്ങളും പരാതികളും ഉമ്മകളും ഒക്കെ കഴിഞ്ഞ്‌ ഒരു കാക്കകുളിയും കുളിച്ച്‌ അമ്മയുടെ കൈയ്യീന്ന് ചായയും വാങ്ങി കുടിച്ച്‌ കിട്ടിയ ഒരു ബൈക്കിൽ പാത്തൂനേയും പിന്നിലിരിത്തി വധൂഗൃഹത്തിലെത്തുമ്പോഴേക്കും അവളൊരു കൂസലുമില്ലാതെ നല്ല കോട്ടൻ സാരിയും ചുറ്റി അങ്ങനെ തേരാപാരാ ഉലാത്തുന്നു. 

അവൾക്ക്‌ പ്രത്യേകം പാക്ക്‌ ചെയ്ത പൊതിയും കൊടുത്ത്‌ “ഞാൻ അന്നേരെ പറഞ്ഞില്ലേ ഞാൻ വന്നിട്ടേ പ്രസവിക്കൂന്ന്”എന്നിങ്ങനെ രണ്ട്‌ സ്വകാര്യം പറഞ്ഞ്‌ വരുമ്പോളേക്കും അമ്മയുടെ ഒരു മുരടനക്കലും എന്നാൽ “ചോറു വെയ്ച്ചിറ്റ്‌ കഥ പറഞ്ഞൂടേനാ” ന്ന് കേട്ടപാടെ നല്ല ‘പുഴമീൻ തേങ്ങയരച്ച്‌ വച്ചതും കൊഞ്ചൻ പുളീമ്മൊളകിട്ടതും’നാവിൻതുമ്പിൽ നിന്ന് പറഞ്ഞു ‘അത്‌ കഴിഞ്ഞിട്ട്‌ മതീന്ന്’. നല്ല കുത്തരിച്ചോർ തട്ടിക്കൊണ്ടിരിക്കെ കണ്ണിൻ തുമ്പിൽ വന്ന് ഉറക്കം പറഞ്ഞു “ഇന്നലേ ഉറങ്ങീല്ലാന്ന്”. വേഗം കൈയും കഴുകി വരാന്തയിലെ നീളൻ തിണ്ണ ലക്ഷ്യമാക്കി ഞാൻ നടന്നു. 

നല്ല ഇളംകാറ്റിൽ ഒന്ന് മയങ്ങിയതേ ഉള്ളൂ. “എനിക്കെന്തോ വയ്യായ്ക പോലെ ചെറിയ വേദന പോലെ ഉണ്ടെന്ന്” അവൾ പറഞ്ഞതും ഞാൻ ചാടി എഴുന്നേറ്റു. വണ്ടി വന്നു. വിശ്വവിഖ്യാതമായ തലശ്ശേരി ഗവൺമെന്റ്‌ ഹോസ്പിറ്റലിലെ ലേബർ റൂമിലേക്ക്‌ സ്റ്റ്രെച്ചറിൽ എത്തിയ ഭാര്യയെ നിറഞ്ഞ പുഞ്ചിരിയോടെ അവിടത്തെ നേഴ്സുമാർ സ്വീകരിച്ചു. എഴുത്ത്‌കുത്ത്‌ ചടങ്ങുകൾക്ക്‌ ശേഷം പുറത്ത്‌ വെയ്റ്റ്‌ ചെയ്യാൻ പറഞ്ഞ്‌ അവർ ഞങ്ങളെ പുറത്താക്കി.

ഇപ്പം പ്രസവിക്കും ന്ന് കരുതി പുറത്ത്‌ കാത്തിരുന്ന എന്നെ വീണ്ടും ഞെട്ടിച്ച്‌ കൊണ്ട്‌ അവളതാ പിന്നെയും നടന്ന് വരുന്നു. “എന്താ നീ മടങ്ങി വന്നേ? വല്ലോം എടുക്കാൻ മറന്നോ?” ചോദിച്ച്‌ പോയതാ. “ആക്കല്ലേ, ഒരു മാതിരി അളിഞ്ഞ കോമഡി ലേബർറൂമിന്റെ മുന്നിൽ നിന്നടിക്കല്ലേ'’എന്ന ഭാവത്തിൽ അവൾ “വേദന വന്നാൽ പോയാ മതീന്ന് പറഞ്ഞിനെ''ന്നും പറഞ്ഞ്‌ വാർഡിലേക്ക്‌ പോയി. 

പ്രിയ പ്രസവിച്ചു പെൺകുഞ്ഞ്‌, ഇത്തിരി ചൂട്‌ ചായ കൊണ്ടു കൊടുക്കാൻ

പ്രസവവാർഡ്‌ എന്നെ പോലെ മിക്ക ആണുങ്ങൾക്കും പേടിയായിരിക്കും. എവിടെയും നോക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും. ഓടി പുറത്തിറങ്ങി ഗ്രില്ലിലൂടെ അകത്ത്‌ നോക്കി നോക്കിയങ്ങനെ നിൽക്കാൻ തുടങ്ങി, അവൾക്ക്‌ വേദന വരുന്നതും നോക്കീട്ട്‌. നിർത്തം ഇരുത്തത്തിലേക്ക്‌ മാറി. ഇടക്ക്‌ ചായയും വടയും വേണമെന്ന് പറഞ്ഞ്‌ അത്‌ കഴിച്ച്‌ കഴിഞ്ഞപ്പോൾ അവൾ പിന്നെയും പറഞ്ഞു ‘വേദന വന്നെന്ന്’. ഞാൻ വടയെ പകുതിമനസ്സോടെ അവിടെ നിർത്തിയിട്ട്‌ പറഞ്ഞു. ‘പ്രസവിച്ച്‌ വന്നിട്ട്‌ കഴിച്ചോളാ പിണങ്ങണ്ടാന്ന്’. അവൾ വീണ്ടും ലേബർ റൂമിലേക്ക്‌ പോയി.

ഏകദേശം രാത്രി ഏഴര ആയിക്കാണും. അമ്മ എന്തിനോ മുറിയിൽ പോയ നേരത്ത്‌ സിസ്റ്റർ വന്ന് “പ്രിയേന്റെ ആരെങ്കിലുമുണ്ടോ” ന്ന് ചോദിച്ചപ്പോ ‘ഞാനുണ്ട്‌’ ന്നും പറഞ്ഞ്‌ ഓടിച്ചെന്നു. “പ്രിയ പ്രസവിച്ചു പെൺകുഞ്ഞ്‌, ഇത്തിരി ചൂട്‌ ചായ കൊണ്ടു കൊടുക്കാൻ". ഞാൻ ഓടി ഗ്ലാസും കൊണ്ട്‌ അമ്മയുടെ അടുത്തേക്ക്‌. ഒറ്റശ്വസത്തിൽ   “അമ്മേ പ്രസവിച്ചു”.'എന്നാ കുട്ടി?’ അമ്മ പ്രതീക്ഷയോടെ കൈയ്യിലെ സാധനവും നിലത്തിട്ട്‌ എന്നോട്‌. “പെൺകുട്ടിയാ”, “ഈയ്ശ്‌ ഇതും” എന്ന വാക്ക്‌ പാതിവഴിയിൽ അമ്മ കടിച്ച്‌ നിർത്തിയപ്പൊ എനിക്ക്‌ ചിരിയാ വന്നെ. വലിയൊരാഗ്രഹമായിരുന്നു എല്ലാവർക്കും ഒരാൺ കുഞ്ഞിനെ വേണമെന്ന്. 

എന്റെ കാരണവന്മാരുടെ തായ്‌വഴിയിൽ ആണുങ്ങൾക്ക്‌ ആൺകുട്ടികൾ ഇല്ലാത്തതും ഭാര്യയുടെതും സമാനമായ രീതിയിൽ പെൺകുഞ്ഞാണു വിധി എന്നറിയാവുന്നത്‌ കൊണ്ട്‌ ഞാൻ അത്ഭുതപ്പെട്ടില്ല. വയറിന്റെ വലുപ്പം കണ്ട്‌ അവരൊക്കെ ആൺകുട്ടിയാണെന്ന് ഉറപ്പിച്ചെങ്കിലും ‘പെണ്ണായാലും എണ്ണം കൂട്ടല്ലേന്ന്’മാത്രേ എനിക്ക്‌ പ്രാർത്ഥന ഉണ്ടായിരുന്നുള്ളൂ. നനുത്ത തുണിയിൽ പൊതിഞ്ഞ്‌ പുറത്തേക്ക്‌ കൊണ്ടുവന്ന എന്റെ ‘കുഞ്ഞിപ്പാത്തു’ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചപ്പോ ആ നേഴ്സ്‌ ചിരിച്ചോണ്ട്‌ ചോദിച്ചു, “അച്ഛനെ കണ്ടപ്പൊ അവളെ ചിരി കണ്ടോന്ന്”, കൂട്ടത്തിൽ വകയിലുള്ള ആരോ പറയുന്നതും കേട്ടു, "എന്തായാലും അമ്മയെയും മോളെയും സമ്മതിക്കണം. അച്ഛൻ വരുന്നത്‌ വരെ കാത്തിരുന്നില്ലേന്ന് ”

ഒരുപാട്‌ സ്നേഹമഴകളുണ്ടാവട്ടെ മോളെ, അച്ഛനും മോൾക്കും ഇനിയും ഒന്നിച്ച്‌ ഒരുപാട്‌ നനയാം

എന്റെ കുഞ്ഞിപ്പാത്തൂന്റെ രണ്ടാം പിറന്നാളും കഴിഞ്ഞു. രണ്ട്‌ വർഷത്തിനിടയിൽ ആകെ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അച്ഛനോടൊപ്പം ജീവിച്ച പാവം പ്രവാസികളുടെ മക്കളുടെ മറ്റൊരു നഷ്ടം. “ജീവിക്കാൻ നാട്ടിൽ ജോലിയൊന്നും ഇല്ലാഞ്ഞിട്ടല്ലല്ലൊ പണം വാരാൻ പോയിട്ടലേ അനുഭവിച്ചോ’ എന്നു ചിന്തിക്കുന്നവരും വിരളമാകില്ല. ഒരുപാട്‌ സ്നേഹമഴകളുണ്ടാവട്ടെ മോളെ, അച്ഛനും മോൾക്കും ഇനിയും ഒന്നിച്ച്‌ ഒരുപാട്‌ നനയാം. നിന്റെ മുഖം ചേർത്ത്‌ കൊഞ്ചിക്കാൻ കൊതിച്ചൊരു ഇളംചൂട്‌ ഈ നെഞ്ചിൽ അച്ഛനും കാത്ത്‌ സൂക്ഷിക്കാം.

എത്ര വർഷങ്ങൾ കാലയവനികക്ക്‌ പിന്നിലേക്കോടി  മറഞ്ഞാലും, മൊബൈലിലെ അഞ്ചിഞ്ച്‌ സ്ക്രീനിൽ അച്ഛനെ തിരയുന്ന എന്റെ പൊന്നുമോൾക്ക്‌ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഒരായിരം പിറന്നാളാശംസകളുമായി പൊന്നുമോളുടെ അച്ഛൻ.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios