2003 -ൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഹോങ്കോങ്ങിനും തെക്കൻ ചൈനയ്ക്കും ഒപ്പം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഒരു പ്രദേശമായിരുന്നു തായ്‌വാൻ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ വേഗത്തിൽ പ്രതികരിക്കാനും അപകടത്തെ ഗൗരവമായി എടുക്കാനും തായ്‌വാനെ ഈ അനുഭവം സഹായിച്ചു.
ചൈനയിലെ വുഹാനിൽനിന്ന് ആരംഭിച്ച്, ഇപ്പോൾ ലോകമെമ്പാടുമുള്ള 209 രാജ്യങ്ങളിലും, പ്രദേശങ്ങളിലും എത്തി നിൽക്കുകയാണ് കൊവിഡ് 19 എന്ന മഹാമാരി. ഓരോ രാജ്യങ്ങളും കോവിഡ് 19 -നോട് പ്രതികരിച്ചത് ഓരോ രീതിയിലാണ്. ചിലർ തുടക്കത്തിൽ തന്നെ ആവശ്യമായ മുൻകരുതലുകൾ എടുത്തു. എന്നാൽ, മറ്റ് രാജ്യങ്ങളാകട്ടെ വേണ്ടത്ര കരുതൽ നടപടികൾ കൈകൊണ്ടില്ല എന്ന് മാത്രമല്ല കണ്ണടച്ച് തുറക്കും മുൻപ് അവിടെ പകർച്ചവ്യാധി ഒരു കാട്ടുതീ പോലെ പടർന്ന് കയറുകയും ചെയ്തു. ഈ മഹാമാരിയുടെ മുൻപിൽ തലകുനിക്കാത്ത രാജ്യങ്ങളും ഉണ്ട്. അവയെ ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ പിടിച്ച് കെട്ടിയ രാജ്യങ്ങൾ. എല്ലാവർക്കുമൊരു മാതൃകയാണ് അത്തരം രാജ്യങ്ങൾ. തായ്‌വാൻ്റെ രോഗനിയന്ത്രണ പ്രവർത്തങ്ങൾ ആഗോളതലത്തിൽ ഏറ്റവും മികച്ചതായാണ് കരുതുന്നത്.
ജനുവരി 25 -നാണ് തായ്‌വാൻ അവരുടെ പ്രദേശത്ത് നാല് പുതിയ അണുബാധകൾ രേഖപ്പെടുത്തിയത്. അന്നേദിവസം തന്നെ ഓസ്‌ട്രേലിയയും നാല് കേസുകൾ രേഖപ്പെടുത്തി. രണ്ടു രാജ്യങ്ങളിലും ജനസംഖ്യ ഏകദേശം 24 ദശലക്ഷമാണ്. ഇരുവർക്കും ചൈനയുമായി പ്രധാന വ്യാപാര, ഗതാഗത ബന്ധവുമുണ്ട്. ആ തീയതി മുതൽ പത്ത് ആഴ്ചകൾക്കുള്ളിൽ, ഓസ്‌ട്രേലിയയിൽ അയ്യായിരത്തോളം കേസുകൾ സ്ഥിരീകരിച്ചു. എന്നാൽ തായ്‌വാനിൽ രോഗം ബാധിച്ചവരുടെ എണ്ണം വെറും 400 -ൽ താഴെ മാത്രമായിരുന്നു. രണ്ടുപേരും ശ്രമിച്ചത് ഒരേ കാര്യം. പക്ഷേ, ഫലത്തിൽ വന്നത് വലിയ വ്യത്യാസമാണ്. ഓസ്ട്രേലിയയ്ക്ക് എവിടെയാണ് തെറ്റ് സംഭവിച്ചത്? ഓസ്ട്രേലിയ കൂടാതെ മറ്റ് പല രാജ്യങ്ങൾക്കും അടിതെറ്റി. ഏകദേശം 20 രാജ്യങ്ങളിൽ ഓസ്‌ട്രേലിയയേക്കാൾ കൂടുതൽ കേസുകളുണ്ടായിരുന്നു. ഏഴ് രാജ്യങ്ങളിൽ പത്തിരട്ടിയിലധികം കേസുകളും ഉണ്ടായിരുന്നു. വൈറസിനെ നിയന്ത്രിക്കാൻ ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് ഇല്ലാത്ത എന്ത് കഴിവാണ് തായ്‌വാനുള്ളത്? മുൻപ് സാർസ് എന്ന പകർച്ചവ്യാധി നൽകിയ അനുഭവസമ്പത്താണ് അവർക്ക് വഴികാട്ടിയായത്.
2003 -ൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഹോങ്കോങ്ങിനും തെക്കൻ ചൈനയ്ക്കും ഒപ്പം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഒരു പ്രദേശമായിരുന്നു തായ്‌വാൻ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ വേഗത്തിൽ പ്രതികരിക്കാനും അപകടത്തെ ഗൗരവമായി എടുക്കാനും തായ്‌വാനെ ഈ അനുഭവം സഹായിച്ചു. വളരെ മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമാണ് തായ്‌വാനിലുള്ളത്. പുതുവർഷത്തോടനുബന്ധിച്ച് വുഹാനിൽ നിന്ന് കൊറോണ വൈറസിന്റെ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ, സാർസിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച തായ്‌വാനിലെ നാഷണൽ ഹെൽത്ത് കമാൻഡ് സെന്ററിലെ (എൻഎച്ച്‌സിസി) ഉദ്യോഗസ്ഥർ, ഉടനെതന്നെ ഈ പകർച്ച വ്യാധിയെ തടയാൻ വേഗത്തിൽ നീങ്ങി. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ (ജാമ) ജേണലിൽ അടുത്തിടെ വന്ന ഒരു റിപ്പോർട്ടിൽ ഇതിനെ കുറിച്ച് പരാമർശം ഉണ്ട്. “പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അഞ്ച് ആഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 124 കർമ്മ പദ്ധതികൾ തായ്‌വാൻ രൂപീകരിക്കുകയും അതിവേഗം നടപ്പാക്കുകയും ചെയ്തു.” തായ്‌വാനിലെ ഡോക്ടറും സ്റ്റാൻഫോർഡ് മെഡിസിൻ പീഡിയാട്രിക്സ് അസോസിയേറ്റ് പ്രൊഫസറുമായ ജേസൺ വാങ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് രാജ്യങ്ങൾ നടപടിയെടുക്കണോ എന്ന് ചർച്ച ചെയ്യുന്നതിനിടയിലായിരുന്നു ഇത്. ഭൂപ്രകൃതി, ഗതാഗത ബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ചൈനയുടെ പുറത്തുള്ള ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് തായ്‌വാൻ.
ചൈനയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള യാത്ര നിരോധിക്കുക, ദ്വീപിന്റെ തുറമുഖങ്ങളിൽ ക്രൂയിസ് കപ്പലുകളിടുന്നത് നിർത്തുക, ഹോം ക്വാറൻറൈൻ ഓർഡറുകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന ശിക്ഷകൾ ഏർപ്പെടുത്തുക എന്നിവ തുടക്കം മുതലേ അവർ ചെയ്തു. കൂടാതെ, പ്രാദേശിക വിതരണം ഉറപ്പുവരുത്തുന്നതിനായി മാസ്കിന്റെ ഉൽപാദനം വർദ്ധിപ്പിക്കാനും തായ്‌വാനിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചു. കൂടാതെ കൊറോണ വൈറസ് ബാധയുണ്ടോയെന്ന് ദ്വീപിലെ ആളുകളിൽ വ്യാപകമായി പരിശോധന നടത്തി. മുമ്പ് ന്യുമോണിയ ബാധിച്ച ആളുകളെ വീണ്ടും പരിശോധിച്ചു. വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പുതിയ ശിക്ഷകൾ പ്രഖ്യാപിച്ചു.
തായ്‌വാനിൽ ഈ നിയന്ത്രണങ്ങൾ എല്ലാം വളരെ പെട്ടെന്നുതന്നെ നടപ്പിലാക്കാൻ അധികൃതർക്കായി. മെഡിക്കൽ ഓഫീസർമാർ ഈ വിഷയത്തിൽ ദിവസേന വിശകലനം നടത്തി. ചൈനയെപ്പോലുള്ള ഒരു രാജ്യത്തിന് മാത്രമേ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും, മറ്റ് രാജ്യങ്ങൾക്കും പകർച്ചവ്യാധികളെ പിടിച്ച് കെട്ടാൻ സാധിക്കുമെന്ന് തായ്‌വാൻ തെളിയിച്ചു. ചൈനയിലെയും മറ്റ് പല രാജ്യങ്ങളിലെയും പോലുള്ള കർശനമായ ലോക്ക് ഡൗണുകളും തായ്‌വാൻ ഒഴിവാക്കി. എന്നിട്ടും അവർക്ക് ലക്ഷ്യത്തിലെത്താൻ സാധിച്ചു. ആഭ്യന്തര വിതരണം ഉറപ്പാക്കാൻ ആഴ്ചകളോളം ഫെയ്‌സ് മാസ്കുകൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു തായ്‌വാൻ. എന്നാൽ ഇപ്പോൾ അമേരിക്ക, ഇറ്റലി, സ്‌പെയിൻ, മറ്റ് ഒമ്പത് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ദശലക്ഷം മാസ്കുകളാണ് ആ രാജ്യം സംഭാവന ചെയ്യുന്നത്. തായ്‌വാൻ്റെ പ്രവർത്തനങ്ങൾ എല്ലാവർക്കുമൊരു മാതൃകയാണ്. അസുഖം വരുന്നവരെ കാത്തിരിക്കാതെ, മുന്നറിയിപ്പ് ലഭിക്കുമ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങണമെന്ന് തായ്‌വാൻ നമ്മെ പഠിപ്പിക്കുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 8, 2020, 10:25 AM IST
Post your Comments