Asianet News MalayalamAsianet News Malayalam

ഫേസ് ബുക്കിന്റെ 'സെക്‌സ് പേടി'

ഫേസ് ബുക്ക് അവരുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തിയ ലൈംഗികതാ സംബന്ധിയായ നിയന്ത്രണങ്ങളുടെ അര്‍ത്ഥമെന്താണ്? ആരെയാണ് അത്  ലക്ഷ്യമിടുന്നത്? പുറമേ കാണുന്നതിനപ്പുറം മറ്റൊന്തൊക്കെ ഘടകങ്ങളാണ് ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളെ ഇത്തരം മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്? എന്‍ഗാഡ്ജറ്റ്.കോമില്‍ വയലറ്റ് ബ്ലൂ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം. 

How the Facebook new algorithm Works
Author
Thiruvananthapuram, First Published Dec 10, 2018, 6:19 PM IST

ഫേസ് ബുക്ക് അതിന്റെ നിയമാവലികളിലും കമ്യൂണിറ്റി ഗൈഡ് ലൈന്‍സിലും അല്‍ഗോരിതങ്ങളിലും വരുത്തുന്ന കാതലായ മാറ്റങ്ങള്‍ പലപ്പോഴും നമ്മുടെ കണ്ണില്‍പ്പെടാത്തവിധം സൂത്രത്തില്‍ ഒളിപ്പിച്ചുവെച്ചിരിക്കും. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഒരു പോസ്റ്റ് കാണാതാവുമ്പോഴോ, ഒരു ചാറ്റ് തനിയേ ഡിലീറ്റാവുമ്പോഴോ  അല്ലെങ്കില്‍ നമ്മുടെ പ്രൊഫൈല്‍ തന്നെ താത്കാലികമായി പ്രവര്‍ത്തനരഹിതമാവുമ്പോഴോ ഒക്കെയാണ് നമ്മള്‍ തിരിച്ചറിയുക ഇത്തരത്തില്‍ ഒളിച്ചുകടത്തിയിരിക്കുന്ന വിവേചന ബുദ്ധിക്ക് നിരക്കാത്ത ഏതോ ഒരു പുതിയ നിയമം നമ്മള്‍ ലംഘിച്ചിരിക്കുന്നു എന്ന്. ഫേസ് ബുക്കില്‍ മാത്രമല്ല, ഇന്റര്‍നെറ്റില്‍ പൊതുവേ, വിഹഗവീക്ഷണം നടത്തിക്കൊണ്ട്, ഇഷ്ടമില്ലാത്ത പലതിനെയും നിയന്ത്രിക്കുകയും മായ്ച്ചുകളയുകയും ചെയ്യുന്ന കാരണവന്മാര്‍ പ്രവര്‍ത്തന നിരതരാണ്. ഈയിടെയായി അവര്‍ സ്ഥിരമായി ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നത് ഉപഭോക്താക്കളുടെ ലൈംഗികതയുടെ സ്വതന്ത്രാവിഷ്‌കാരങ്ങളെയും വ്യവഹാരങ്ങളെയുമാണ്. അവനവന്റെ ആനന്ദം തേടിയുള്ള നമ്മുടെ യാത്രകള്‍ പലതും എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ആര്‍ക്കൊക്കെയോ അത്രയ്ക്കങ്ങു രുചിക്കുന്നില്ല. അതിന്റെ ഏറ്റവും പുതിയ ലക്ഷണമാണ് ഫേസ് ബുക്ക് ഈയടുത്തായി അവരുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തിയ ലൈംഗികതാ സംബന്ധിയായ ഈ നിയന്ത്രണങ്ങള്‍.. 

ഫേസ് ബുക്ക് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഇപ്രകാരം പറയുന്നു: ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങളുടെ ഉപഭോക്താക്കള്‍ ആകുലരാണെന്നും, അവയെപ്പറ്റിയുള്ള അവബോധം ജനങ്ങളില്‍ പരത്താനും അവയ്ക്കെതിരെ പ്രവര്‍ത്തിക്കാനും ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഞങ്ങള്‍ മനസിലാക്കുന്നു. അതിന്റെ പ്രാധാന്യം മനസ്സിലാക്കുമ്പോള്‍ത്തന്നെ, അത്തരത്തിലുള്ള  സാദ്ധ്യതകളുടെ മറവില്‍, ലൈംഗിക വ്യാപാരത്തിനും പിമ്പിങ്ങിനുമായി അവയെ ദുരുപയോഗം ചെയ്യാന്‍ മറ്റുചിലര്‍ നടത്തുന്ന കുത്സിതശ്രമങ്ങളെ തടയാന്‍ ഫേസ് ബുക്ക് പ്രതിജ്ഞാബദ്ധമാണ്.  അതിന്റെ ഭാഗമായി താഴെപ്പറയുന്ന മാറ്റങ്ങള്‍ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സില്‍ വരുത്തുകയാണ്.  ഇനിമുതല്‍, ഫേസ് ബുക്കില്‍ സെക്‌സിനുള്ള ക്ഷണമായോ അല്ലെങ്കില്‍ കൂട്ടിക്കൊടുപ്പിന്റെ ഭാഗമായോ ഉള്ള  അശ്ലീല സംഭാഷണങ്ങള്‍ തീര്‍ത്തും അനുവദിക്കുന്നതല്ല.  അതുകൊണ്ടുതന്നെ, താഴെപ്പറയുന്നവ ഇനിമേല്‍ പോസ്റ്റു ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.. 

1. ലൈംഗിക ബന്ധങ്ങളുടെ വീഡിയോകള്‍ 
2. വിവസ്ത്രരാവുന്നതിന്റെ, ലൈവ് ബന്ധപ്പെടലുകളുടെ ദൃശ്യങ്ങള്‍ 
3. ലൈംഗികച്ചുവയുള്ള, താന്ത്രിക് മസാജുകളുടെ ദൃശ്യങ്ങള്‍ 

ഇതിനുപുറമേ, ലൈംഗിക പങ്കാളികള്‍ക്കുള്ള ക്ഷണങ്ങള്‍, അശ്ളീല സംഭാഷണങ്ങള്‍, അശ്ളീല ചിത്രങ്ങള്‍ തുടങ്ങിയവയും  ഡിലീറ്റ് ചെയ്യപ്പെടുന്നതാണ്. പരോക്ഷമായുള്ള അശ്ളീല ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. ലൈംഗിക ചുവയുള്ള നാട്ടുഭാഷാ പ്രയോഗങ്ങളും ലൈംഗിക നിലകളെപ്പറ്റിയുള്ള വര്‍ണ്ണനകളും നിരോധിച്ചിരിക്കുന്നു. ഒപ്പം കമേഴ്സ്യല്‍ പോര്‍ണോഗ്രാഫി മോഡലിങ്ങിനായുള്ള ക്ഷണങ്ങളും, ഉദ്ദീപനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഫോര്‍പ്‌ളേ, ഓര്‍ഗാസം തുടങ്ങിയവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ഒക്കെ ഈ വിലക്കിന്റെ പരിധിയില്‍ വരുന്നതാണ്.  

ഫേസ് ബുക്കില്‍ മാത്രമല്ല, ഇന്റര്‍നെറ്റില്‍ പൊതുവേ, വിഹഗവീക്ഷണം നടത്തിക്കൊണ്ട്, ഇഷ്ടമില്ലാത്ത പലതിനെയും നിയന്ത്രിക്കുകയും മായ്ച്ചുകളയുകയും ചെയ്യുന്ന കാരണവന്മാര്‍ പ്രവര്‍ത്തന നിരതരാണ്.

ഫേസ് ബുക്കിന്റെ പുതിയ അറിയിപ്പുപ്രകാരം ലൈംഗിക ചൂഷണങ്ങളെപ്പറ്റിയോ അക്രമങ്ങളെപ്പറ്റിയോ ഉള്ള ചര്‍ച്ചകള്‍ അനുവദനീയമാണ്. എന്നാല്‍, പബ്ലിക് ആയുള്ള ചര്‍ച്ചകള്‍ രണ്ടു മുതിര്‍ന്നവര്‍ തമ്മിലുള്ള ലൈംഗിക സുഖാന്വേഷണത്തിലേക്ക് നയിക്കുന്ന തരത്തില്‍ വളര്‍ന്നാല്‍ തത്സമയം നീക്കം ചെയ്യപ്പെടും. രണ്ടുപേര്‍ തമ്മിലുള്ള പ്രൈവറ്റ് ആയിട്ടുള്ള സംഭാഷണങ്ങളെപ്പറ്റി തല്‍ക്കാലം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, അവര്‍ അതും മോണിറ്റര്‍ ചെയ്യുന്നുണ്ടെന്ന് മുന്നനുഭവങ്ങളില്‍ നിന്നും വെളിപ്പെട്ടിട്ടുള്ള സ്ഥിതിയ്ക്ക് അവിടെയും ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നാവും. ലൈംഗികതയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഫേസ് ബുക്ക് കാണിക്കുന്ന ഈ ശുഷ്‌ക്കാന്തി അവരുടെ സൈറ്റില്‍ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന റേസിസത്തെയും വെറുപ്പ് പ്രചരിപ്പിക്കലിനെയും നേരിടുന്നതില്‍ കണ്ടിരുന്നെങ്കില്‍ ഈ ലോകം എത്രയോ സുന്ദരമായേനെ.  ഈ വിഷയത്തില്‍ ടംബ്ലര്‍ കുറച്ചുനാള്‍ മുന്‍പ് സ്വീകരിച്ച പോണ്‍ ബാന്‍ തീരുമാനത്തെ പ്രതിധ്വനിപ്പിക്കുകയാണ് ഫേസ് ബുക്ക് ചെയ്തിരിക്കുന്നത്. അശ്ളീല ഡാറ്റ നീക്കം ചെയ്യുന്നു എന്ന പേരില്‍ ലക്ഷക്കണക്കിന് ബ്ലോഗുകളാണ് ടംബ്ലര്‍ നീക്കം ചെയ്തത്.  

ഇത് ലൈംഗികതയ്ക്കെതിരായ കടന്നാക്രമണം എന്ന നിലയ്ക്കുമാത്രമല്ല പ്രസക്തമാവുന്നത്. ലൈംഗികതയുടെ ജനപ്രിയ നിര്‍വചനങ്ങളെപ്പോലും ഇങ്ങനെ അസഹിഷ്ണുതയോടെ കാണുന്ന സ്ഥിതിക്ക്, ന്യൂനപക്ഷ ലൈംഗികതകളായ LGBTQI  മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ മോഡലുകള്‍, ബ്ലോഗര്‍മാര്‍, കലാകാരന്മാര്‍, ചിത്രകാരന്മാര്‍, സംവിധായകര്‍ തുടങ്ങിയവരെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള കുടില ശ്രമങ്ങളാണ് ഇതെന്ന് മനസ്സിലാക്കാന്‍ അധികം പണിപ്പെടേണ്ടി  വരില്ല. ഉദാഹരണത്തിന് കുറച്ചുനാള്‍ മുമ്പുവരെ ടംബ്ലറില്‍ കറുത്തവര്‍ഗ്ഗക്കാരുടെ ഇറോട്ടിക് ഫോട്ടോഗ്രാഫി രംഗത്തുള്ള ഒട്ടേറെ സര്‍ഗ്ഗധനരുടെ ശേഖരങ്ങള്‍ കണ്ടിരുന്നു. നിമിഷനേരം കൊണ്ടാണ് അതെല്ലാം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് നീക്കം ചെയ്യപ്പെട്ടത്. തീരുമാനമെടുത്തതിന്റെ പിന്നാലെ വളരെ തിടുക്കപ്പെട്ട് ടംബ്ലര്‍  അന്നത് നടപ്പിലാക്കുകയും ഒരുപാടുപേരെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തതാണ്. 

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിന്റെ ചാപം വളരെ വളഞ്ഞതും, നീതിയില്‍ നിന്നും വിവേചനബുദ്ധിയില്‍ നിന്നും പരമാവധി അകലത്തിലുമാണ്.

ഫേസ് ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍  കണ്ടന്റ് റിവ്യൂ നടത്തപ്പെടുന്നത് കമ്പ്യൂട്ടറുകളെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു മാറ്റം നടപ്പിലാക്കുന്ന നാള്‍ മുതല്‍ അബദ്ധങ്ങളുടെയും തിരുത്തലുകളുടെയും ഒരു ഘോഷയാത്ര കഴിഞ്ഞ ശേഷം മാത്രമേ അതില്‍ അല്‍പമെങ്കിലും കൃത്യതയ്ക്ക് സാധ്യതയുള്ളൂ. ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിന്റെ ചാപം വളരെ വളഞ്ഞതും, നീതിയില്‍ നിന്നും വിവേചനബുദ്ധിയില്‍ നിന്നും പരമാവധി അകലത്തിലുമാണ്.  ടംബ്ലറിനും, ഫേസ് ബുക്കിനും പുറമെ ഇപ്പോള്‍ സ്റ്റാര്‍ ബക്ക്സും തങ്ങളുടെ സ്റ്റോറുകളില്‍ സൗജന്യ വൈഫൈ സംവിധാനത്തില്‍ പോണ്‍ ഫില്‍റ്ററുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.   

ചുരുക്കത്തില്‍ ഇന്റര്‍നെറ്റിലെ വ്യാപാരങ്ങളില്‍ നിന്നും ഉപഭോക്താക്കളുടെ ശ്രദ്ധതിരിക്കുന്ന ഏതൊരു വസ്തുവും ഇവിടെ നിയന്ത്രിക്കപ്പെടും. ആദിപുരാതന കാലം മുതലേ മനുഷ്യനില്‍ പാപചിന്തയുടെ വിത്തിട്ടത് രതിയോടുള്ള അവന്റെ അഭിനിവേശമാണ്. ആ കനി രുചിച്ചതാണ് അവനെ, അവളെ ദൈവചിന്തയില്‍ നിന്നകറ്റിയത്. നമ്മുടെ ഇന്റര്‍നെറ്റ് കമ്പോളങ്ങളില്‍ ആഗോളഭീമന്മാരുടെ വരുമാനത്തെ ബാധിക്കും വിധമുള്ള ഒരു പ്രലോഭനങ്ങള്‍ക്കും ('Distraction') സ്ഥാനമില്ല. അവര്‍ അതിനെ എന്തുവിലകൊടുത്തും എന്തു കാരണം പറഞ്ഞും തടുക്കും. നിങ്ങള്‍  വന്‍കിട ബ്രാന്‍ഡുകളെയും അവരുടെ ഉല്പന്നങ്ങളെയും സ്‌നേഹിക്കുന്നവരാണോ..?   അവര്‍ പ്രചരിപ്പിക്കുന്ന 'വെളുപ്പിനോടുള്ള' അഭിനിവേശത്തെ പിന്തുടരുന്നവരാണോ..? എങ്കില്‍ നിങ്ങള്‍ക്കുവേണ്ടതെല്ലാം എന്നും ഇന്റര്‍നെറ്റില്‍ത്തന്നെ ഉണ്ടാവും. ഈ ഗൂഢോദ്ദ്യേശങ്ങളുടെയെല്ലാം മുകളില്‍ കേക്കില്‍ ഐസിങ്ങ് എന്നപോലെ അവര്‍ നിരത്തുന്ന മുട്ടുന്യായങ്ങള്‍   'കൂടുതല്‍ മികച്ചതും പോസിറ്റീവുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ' അല്ലെങ്കില്‍ 'ആവിഷ്‌കാരങ്ങളെ പ്രചോദിപ്പിക്കുന്നതോടൊപ്പം  സുരക്ഷിതമായൊരു സാഹചര്യം നിലനിര്‍ത്താനുള്ള ..' ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ എന്നാണ്. 

ഇത്തരത്തില്‍ സൗമ്യവും സുന്ദരവുമായ നമ്മുടെ ലൈംഗികപ്രകാശനങ്ങള്‍ക്ക്, സെക്‌സിന്റെ അതിസുന്ദരമായ നിലാവെളിച്ചങ്ങള്‍ക്ക് തിരശ്ശീല തുന്നാന്‍ പണിപ്പെടുന്നവര്‍ക്ക് അവര്‍ കുഴിച്ചുകൊണ്ടിരിക്കുന്ന അധഃപതനത്തിന്റെ പൊട്ടക്കിണറുകളെപ്പറ്റി ഒരിക്കലും തിരിച്ചറിവുണ്ടാവാന്‍ പോവുന്നില്ല. അതുകൊണ്ടുതന്നെ അവയില്‍ വീഴാതിരിക്കാനുള്ള പരിശ്രമങ്ങള്‍ നമുക്കു തുടരാം.

 

Courtesy: engadget.com

Follow Us:
Download App:
  • android
  • ios