Asianet News MalayalamAsianet News Malayalam

ഒരു സംശയവും കൂടാതെ പ്രിയദർശൻ പറഞ്ഞു, "അത് രേവതിയാണ്"

സാധാരണക്കാരന്‍റെ നിസ്സഹായതകൾ മുതൽ അതിമാനുഷന്‍റെ തേർവാഴ്ച്ചകളിൽ വരെ മലയാളി തന്‍റെ പ്രതിരൂപമായ ആ കേന്ദ്രകഥാപാത്രത്തെ കാണുന്നു. അയാൾ അവരിലൊളായി തലമുറകളിലൂടെ അവരുടെ പൊതുബോധത്തെ സ്വാധീനിക്കുന്നു. 

importance of wcc and their politics by roshith
Author
Thiruvananthapuram, First Published Oct 16, 2018, 4:33 PM IST

ഫെമിനിസം ഒരു ആശയത്തിലധിഷ്ഠിതമായ ജീവിതരീതിയാണ്. അത് തലയിൽ വെച്ച കൂളിംഗ് ഗ്ലാസും, ഹാഫ് സ്ലീവ് ബ്ലൗസുമിട്ട, സർവ്വ ആണുങ്ങളേയും പുച്ഛത്തോടെ കാണുന്ന വെറും 'കൊച്ചമ്മ'മാരുടെ പൃഷ്ഠം കുലുക്കിയുള്ള നടത്തമാണെന്ന് പഠിപ്പിച്ച ആണധികാരത്തിന്‍റെ കെട്ടുകാഴ്ച്ചകൾ എന്നാണ് നമ്മളെ വിട്ടു പോവുക?

importance of wcc and their politics by roshith

കുറച്ചു കാലം മുൻപേ കണ്ട ഒരു ടിവി അഭിമുഖത്തിൽ സംവിധായകൻ പ്രിയദർശനോടുള്ള ഒരു അവതാരകയുടെചോദ്യ മോർക്കുന്നു. "പല ഇൻറർവ്യൂവിലും താങ്കൾ പറഞ്ഞിട്ടുള്ളത് ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നടൻ മോഹൻലാലാണ് എന്നതാണ്. അങ്ങനെയെങ്കിൽ, ഇത്രയും അനുഭവസമ്പത്തുള്ള താങ്കളുടെ കണ്ണിൽ ഏറ്റവും കഴിവുള്ള ഇന്ത്യൻ നടി ആരാണ്?''

ഒരു സംശയവും കൂടാതെ പ്രിയദർശൻ പറഞ്ഞു "അത് രേവതിയാണ്. എന്‍റെ അഭിപ്രായത്തിൽ ഷീ ഇസ് എ ഫീമെയിൽ വേർഷൻ ഓഫ് മോഹൻലാൽ."

വർഷങ്ങൾക്കിപ്പുറം ഇന്നലെ നടന്ന ഒരു പത്രസമ്മേളനത്തിൽ 'ആശ കേളുണ്ണി' എന്ന രേവതി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചുറ്റുമിരിക്കുന്നവരോടായി പറഞ്ഞു "എന്റെ പേര് രേവതി ഞാൻ കഴിഞ്ഞ 35 വർഷങ്ങളായി സിനിമാ ഫീൽഡിൽ പ്രവർത്തിക്കുന്നു." എന്തിനാണ് ഇങ്ങനെ സ്വയം പരിചയപ്പെടുത്തുന്നത് എന്ന സംശയത്തോടെ നീണ്ട കണ്ണുകളോട് അവർ ചോദിച്ചത് പിന്നെ ഞാനെന്തു പറയണം? ഇതാണെന്‍റെ അവസ്ഥ എന്നാണ്.

ഈ വാക്കുകൾക്കിടയിൽ അവർ പറഞ്ഞു വെയ്ക്കുന്ന ഒരു പ്രതിഷേ‌ധത്തിന്‍റെ രാഷ്ട്രീയമുണ്ട്

എല്ലാവർക്കും തോന്നാം കേവലം ഒരു നടി എന്നുമാത്രം അഭിസംബോധന ചെയ്തത് ഇത്ര വലിയ അപരാധമാണോ? നടിയെ പിന്നെ അങ്ങനെയല്ലാതെ എന്തു വിളിക്കണം എന്നൊക്കെ. പക്ഷെ, ഈ വാക്കുകൾക്കിടയിൽ അവർ പറഞ്ഞു വെയ്ക്കുന്ന ഒരു പ്രതിഷേ‌ധത്തിന്‍റെ രാഷ്ട്രീയമുണ്ട്. അത് ചെന്നെത്തി നിൽക്കുന്നത് കേവലമൊരു അഭിസംബോധനയുടെ ഈഗോ വിഷയത്തിലല്ല, മറിച്ച് സ്വയം നിഷേധിക്കപ്പെട്ടതിന്‍റെ, തന്‍റെ വാക്കുകൾക്ക് സഹപ്രവർത്തകരും സമൂഹവും നൽകുന്ന അവഗണനയുടെ, വേദനയുടെ മുള്ളുവഴികളിലേക്കാണ്.

ഒരാണും ഒരു പെണ്ണും കഴിഞ്ഞ മുപ്പത്തഞ്ചു വർഷങ്ങളായി ഒരേ മേഖലയിൽ, കഴിവളവുകളിലെ സമൻമാർ. എന്നിട്ടും, അവരിൽ ഒരാൾ എല്ലാ പരിഗണനകളും അനുഭവിച്ച്, സ്നേഹ ബഹുമാനങ്ങളുടെ അതിരുകൾ കടന്ന് ആരാധനയുടെ പടവുകളിൽ നിൽക്കുമ്പോൾ, മറ്റൊരാൾ സ്വയം പരിചയപ്പെടുത്തി സംസാരിക്കേണ്ട ഗതികേടിലാണെന്ന് താനെന്ന് വിങ്ങുകയും, പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.

ഇതിനപ്പുറത്തേക്ക് എവിടെയാണ് നമ്മളറിയാതെ നമ്മളെ ഗ്രസിച്ച ലിംഗ അസമത്വത്തിന്‍റെ ഏറ്റവും പ്രകടമായ ഭാവം കാണാൻ കഴിയുക?

നമ്മുടെ കണ്ണിൽ രേവതി ഒരിക്കലും മോഹൻലാലിനടുത്തു പോലുമെത്താത്തതെന്താണെന്ന് എപ്പോഴെങ്കിലുമാലോചിച്ചിട്ടുണ്ടോ

നമുക്കിപ്പോഴും ഇതെല്ലാം പൊതുബോധത്തിന് നിരക്കാത്ത അസാമാന്യതകളാണ്. അല്ലെങ്കിൽ കേവലം വ്യക്തി തർക്കങ്ങളോ, സംഘടനാ പ്രശ്നങ്ങളോ മാത്രമാണ്. 'ഇതുക്കെല്ലാം'മേലെ ആണും പെണ്ണുമെങ്ങനെയെല്ലാം വ്യത്യസ്തരാണെന്നും, പെണ്ണിനിതുമതിയെന്നും, ആണിനിതെല്ലാമാവാമെന്നും, അതിനപ്പുറത്തേക്ക് ആഗ്രഹിക്കുകയും പറയുകയുകയും ചെയ്യുന്നതെല്ലാം നിഷിദ്ധമായതാശിക്കുന്നവരുടെ നിലയ്ക്കു നില്‍ക്കാത്ത അത്യാഗ്രഹങ്ങളുമാണ്.

നമ്മുടെ കണ്ണിൽ രേവതി ഒരിക്കലും മോഹൻലാലിനടുത്തു പോലുമെത്താത്തതെന്താണെന്ന് എപ്പോഴെങ്കിലുമാലോചിച്ചിട്ടുണ്ടോ? അത് കൂടുതലും നായകന്‍റെ കഥകൾ സിനിമകളായി സ്വീകരിക്കാനുള്ള സമൂഹത്തിന്‍റെ നിലപാടുകൾ കൊണ്ടാണ്. കാമുകനും, ഭർത്താവും, ആൺ പോലീസും, ആൺഡോക്ടറും, ആണായ പട്ടാളക്കാരനും നമ്മുടെ ഇടയിൽ കൂടുതൽ പ്രിവിലേജുകളുകളുള്ളവരായതു കൊണ്ടാണ്. സ്വാഭാവികമായും അതിന്‍റെ പരിഛേദങ്ങളായ കഥാപാത്രങ്ങൾ തന്നെയാണ് സിനിമയിലും ഉണ്ടാവുക. മറ്റൊരർത്ഥത്തിൽ "പെർഫോമൻസ് ചാൻസ്" എന്ന അവസ്ഥ പല കാരണങ്ങൾ കൊണ്ട് നായകന് നായികയേക്കാൾ കൂടുതലാണ് എന്നത് തന്നെ.

സ്ക്രീൻ പ്രസൻസിലും, അഭിനയകലയിലും ആൺപകരക്കാരനില്ലാത്ത മോഹൻലാൽ അങ്ങനെ നമുക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളായി അരങ്ങു വാഴുന്നു. കാമുകന്‍റെ കുസൃതികളിലൂടെയും ഭർത്താവിന്‍റെ കരുതലിലൂടെയും, മകന്‍റെ വാത്സല്യത്തിലൂടെയും, ഫ്യൂഡൽ മാടമ്പിയുടെ നാട്ടു വാഴ്ച്ചകളിലൂടെയും കത്തിക്കയറുന്ന നമ്മുടെ സിനിമകളിലെ, സമാനതകളിലാത്ത കഥാകേന്ദ്രമാകുന്നു. നാല്പതു വർഷങ്ങളായി ഒരു ജനതയുടെ സംസ്കാരവളർച്ചയിൽ നിർണായക സ്വാധീനമുള്ള ഒരു മാധ്യമത്തിന്‍റെ ആദ്യത്തെ പേരുകളിലൊരാളാവുന്നു.

ഇപ്പോ സിനിമയില്ലാത്ത "expiry date കഴിഞ്ഞ അമ്മച്ചിയായി" എത്ര പെട്ടെന്നാണ് അവര്‍ മാറിയത്?

സാധാരണക്കാരന്‍റെ നിസ്സഹായതകൾ മുതൽ അതിമാനുഷന്‍റെ തേർവാഴ്ച്ചകളിൽ വരെ മലയാളി തന്‍റെ പ്രതിരൂപമായ ആ കേന്ദ്രകഥാപാത്രത്തെ കാണുന്നു. അയാൾ അവരിലൊളായി തലമുറകളിലൂടെ അവരുടെ പൊതുബോധത്തെ സ്വാധീനിക്കുന്നു. വസ്ത്രധാരണത്തിൽ തുടങ്ങി, നിത്യജീവിതത്തിലെ നർമ്മമുഹൂർത്തങ്ങളിലും, സൗഹൃദ സംഭാഷണങ്ങളിലും, ചിന്തകളിലും, സങ്കടങ്ങളിലും വരെ 'ലാൽ കഥാപാത്രങ്ങൾ' കടന്നു വരാത്ത ഏതു മലയാളിയുണ്ടിവിടെ? അനിഷേധ്യനായി നമുക്കിടയിൽ വിശേഷ ഇരിപ്പിടമുള്ള, മാർക്കറ്റ് വാല്യൂ ഉള്ള അദ്ദേഹത്തിന്‍റെ തെറ്റുകുറ്റങ്ങൾ വരെ ക്ഷമിക്കേണ്ടത് ഒരുത്തരവാദിത്വമായി കാണാൻ സമൂഹം പ്രേരിപ്പിക്കപ്പെടുന്നു.

എന്നാൽ ഫീമെയിൽ വേർഷൻ എവിടെയാണ്? 'എന്തുകൊണ്ടാണ് 135 ഓളം സിനിമകളിലെ നായികയും, ഇന്ത്യ കണ്ട മികച്ച സംവിധായികമാരിൽ ഒരാളുമായിട്ടും ഒരു മിന്നായം പോലെ നമുക്കിടയിലെത്തി നോക്കാൻ മാത്രം അർഹതയുള്ളവൾ മാത്രമായവരൊതുങ്ങി പോയത്? വ്യക്തിപരമായ അസൗകര്യങ്ങളുണ്ടായിരിക്കാം എന്നാലും 'how old are you' എന്ന സിനിമയിൽ അടിവരയിട്ടു ചോദിക്കും പോലെ അവർക്കെല്ലാം ആരൊക്കെയോ പരിധികൾ നിശ്ചയിക്കുന്നതും ഒരു കാരണമല്ലേ? ആ ഒരു കാലഘട്ടത്തിനിപ്പുറത്തു വന്ന് തന്‍റേതല്ലാത്ത ഒരു വിഷയത്തിൽ ഒരു ചെറുവിരലനക്കിയപ്പോൾ അവൾ തങ്ങളുടെ ലാലേട്ടനെ ചീത്ത വിളിച്ച ഇപ്പോ സിനിമയില്ലാത്ത "expiry date കഴിഞ്ഞ അമ്മച്ചിയായി" എത്ര പെട്ടെന്നാണ് മാറിയത്?

സിനിമ ഏറ്റവും സ്വാധീന ശക്തിയുള്ള മാധ്യമമാണ് പക്ഷേ ചിലർക്ക് കേവല വിനോദം മാത്രവും. അതുകൊണ്ട് തന്നെ ഒരു സിനിമാ സംഘടന ലൈംഗികാതിക്രമം നേരിട്ട ഒരു അംഗത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയില്ല എന്നതോ, തൊഴിലിടങ്ങളിലെ അസമത്വങ്ങൾ മറ്റേതുമേഖല പോലെ അല്ലേ സിനിമയിലും എന്നതോ, ഇങ്ങനെയൊക്കെപ്പറയാൻ മോഹൻലാലാണോ rape accused? എന്നതോ ഒക്കെയുള്ള കേവല വാദങ്ങളിലൊന്നുമൊതുങ്ങുന്നതല്ല ഈ വിഷയമുയർത്തുന്ന അസ്വസ്ഥത. മറിച്ച് ഒരു പരിഷ്കൃത സമൂഹം ലിംഗസമത്വത്തിന് കൊടുക്കുന്ന പ്രാധാന്യത്തിൽ നിന്ന് കേരളമെന്ന, സാമൂഹ്യമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോട്ടു കുതിക്കുന്ന ഒരു സംസ്ഥാനം എത്രകണ്ട് പുറകോട്ട് പോയി എന്നതാണിത് മുന്നോട്ടു വെയ്ക്കുന്ന വിഷയം.

നിയമം അതിന്‍റെ വഴിക്ക് നടക്കുമായിരിക്കും. പക്ഷെ, ധാർമ്മിക പിന്തുണ എന്നൊന്നുണ്ട്. അത് കേവലമായൊരു വാക്കല്ല, ഉയർത്തിപ്പിടിച്ചു കാണിക്കേണ്ട ഒരു നിലപാടാണ്. സെലിബ്രിറ്റികളായ വ്യക്തികൾ, പ്രത്യേകിച്ച് ലോകത്തിനു മുമ്പിൽ ഒരു വലിയ തിരശ്ശീലയിൽ ശരാശരി മലയാളിയെ പ്രതിനിധാനം ചെയ്യുന്ന തൊഴിലിന്‍റെ ഭാഗമാകുന്നവർ, അവർ ഉണ്ണുന്നതും ഉടുക്കുന്നതും, ഉറങ്ങുന്നതും വാർത്തകളാക്കി വിൽക്കുന്ന ലോകം ചുറ്റുമുണ്ടെന്ന ബാധ്യതയിൽ ജീവിക്കുന്നവർ, എടുക്കേണ്ട മുൻകരുതലുകളിൽ പെട്ടവയാണ്.

മകനും മകളും ഒരുപോലെ ഡ്രൈവിങ്ങ് അറിയാവുന്നവരാണെങ്കിലും, മകളുടെ കയ്യിലാണ് സ്റ്റിയറിങ്ങെങ്കിൽ, ഒരു ചെറിയ ധൈര്യക്കുറവിൽ അസ്വസ്ഥരാകുന്ന അച്ഛന്മമാരാണ് നമ്മുടെ ഇടയിൽ ഭൂരിഭാഗവും. ഇത്തരം ചെറിയ കാര്യങ്ങളിലെ വിശ്വാസക്കുറവിലും വേർതിരിവിലും വളരുന്ന ഒരു സമൂഹം, "അവനുള്ള അവകാശങ്ങളും, ആശ്വാസവാക്കുകളുമല്ല അവൾക്കു കിട്ടുന്നതെന്ന" തിരിച്ചറിവിനെ ചോദ്യം ചെയ്യുന്നവരെ 'ഫെമിനിച്ചി'കളെന്നും, അവരെ പിന്തുണക്കുന്നവരെ 'പാവാട' കഴുകികളുമാണെന്ന് കളിയാക്കുന്നതിൽ എന്തദ്ഭുതമാണുള്ളത്?
 
ഫെമിനിസം ഒരു ആശയത്തിലധിഷ്ഠിതമായ ജീവിതരീതിയാണ്. അത് തലയിൽ വെച്ച കൂളിംഗ് ഗ്ലാസും, ഹാഫ് സ്ലീവ് ബ്ലൗസുമിട്ട, സർവ്വ ആണുങ്ങളേയും പുച്ഛത്തോടെ കാണുന്ന വെറും 'കൊച്ചമ്മ'മാരുടെ പൃഷ്ഠം കുലുക്കിയുള്ള നടത്തമാണെന്ന് പഠിപ്പിച്ച ആണധികാരത്തിന്‍റെ കെട്ടുകാഴ്ച്ചകൾ എന്നാണ് നമ്മളെ വിട്ടു പോവുക?

ഇത്തരം കാര്യങ്ങൾക്കു നേതൃത്വം നൽകിയവരെ ചരിത്രം ധീരവിപ്ലവകാരികൾ എന്നാണ് വിളിച്ചത്

അതുകൊണ്ട് തന്നെ ലിംഗസമത്വം എന്ന ആശയമുയർത്തിപ്പിടിക്കുന്നവർ ചോദ്യങ്ങളുമായി വന്ന് നിന്നത് തങ്ങൾ കല്ലെറിയപ്പെടുമെന്നും, കേട്ടാലറയ്ക്കുന്ന തെറി വാക്കുകളാൽ verbal rape ചെയ്യപ്പെടുമെന്നും , performance chance തന്നെ ഇല്ലാതായി ഭാവി ഇരുളടഞ്ഞ താവുമെന്നൊക്കെയുള്ള ഉത്തമ ബോധ്യത്തോടെത്തന്നെയാണ്. ഇതിനു മുമ്പ് ഇത്തരം കാര്യങ്ങൾക്കു നേതൃത്വം നൽകിയവരെ ചരിത്രം ധീരവിപ്ലവകാരികൾ എന്നാണ് വിളിച്ചത്. അവനവന്‍റെ നിലനിൽപ്പിനായി അനുരജ്ഞനത്തിന്‍റെ കൊഴുത്ത അശ്ലീലം കെട്ടിപ്പിടിച്ചുരുളുന്നവരെ അവസരവാദികൾ എന്നും.

ഇനിയുമിവരിലെ ശരിയെ മനസിലാക്കാതെ, മനസുകൊണ്ടെങ്കിലും പിൻതുണക്കുന്നതിനു പകരം ഇഷ്ട നായകരോടുള്ള വിധേയത്വത്തിലുറഞ്ഞു തുള്ളി തെറിയഭിഷേകത്തിനായി പാഞ്ഞടുക്കുന്നവരോട് പറയാനുള്ളത്, പണ്ടൊരു നാസി കാമ്പിൽ നഗ്നയായി നിർത്തപ്പെട്ട ജൂതപ്പെൺകുട്ടി, "നിനക്കു നാണം തോന്നുന്നില്ലേ പെണ്ണേ "എന്ന് ചോദിച്ച പട്ടാളക്കാരനോട് പറഞ്ഞ അതേ മറുപടിയാണ്, "നാണം തോന്നുന്നുണ്ട്, പക്ഷേ അത് എന്‍റെ നഗ്നതയോർത്തിട്ടല്ല, ഒരിക്കലും ഉദ്ധരിക്കാത്ത നിന്‍റെയൊക്കെ ചീർത്ത ലിംഗത്തെ ഓർത്താണെന്ന്. 

Follow Us:
Download App:
  • android
  • ios