ലോകത്തെവിടെ പോയാലും ഒരു ഇന്ത്യക്കാരനെ കാണാം എന്ന് നമ്മൾ തമാശയായി പറയാറുണ്ട്. എന്നാൽ, അത് ശരിയാണ് എന്ന് വേണം പറയാൻ. ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യക്കാരാണ് എന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു യുഎൻ റിപ്പോർട്ട് പറയുന്നു. ലോകത്തിലെ ഏറ്റവും വലുതും ഊർജ്ജസ്വലവുമായ പ്രവാസി സമൂഹം നമ്മുടെ രാജ്യത്തു നിന്നുള്ളവരാണ്. 2020 -ലെ കണക്കനുസരിച്ച് 1.8 കോടി ആളുകളാണ് ജന്മനാടിന് പുറത്ത് താമസിക്കുന്നതെന്ന് യുഎൻ അറിയിച്ചു. 

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്. "ലോകത്തിലെ ഏറ്റവും വലിയ അന്തർദേശീയ ജനസംഖ്യ ഇന്ത്യയിലാണ്. വിദേശത്ത് ഏറ്റവും കൂടുതൽ കുടിയേറുന്നവർ അവരാണ്. 18 ദശലക്ഷം എന്നത് ഒരു വലിയ സംഖ്യയാണ്. ഇന്ത്യൻ കുടിയേറ്റ ജനസംഖ്യയുടെ മറ്റൊരു പ്രത്യേകത, അവർ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്നതാണ്” യുഎന്നിലെ പോപ്പുലേഷൻ ഡിവിഷനിലെ പോപ്പുലേഷൻ അഫയേഴ്‌സ് ഓഫീസർ ക്ലെയർ മെനോസി ഒരു അഭിമുഖത്തിൽ പറഞ്ഞു.

യുഎൻ ഡെസയുടെ പോപ്പുലേഷൻ ഡിവിഷൻ പുറത്തിറക്കിയ ‘ഇന്റർനാഷണൽ മൈഗ്രേഷൻ ഹൈലൈറ്റ്സ് 2020’ റിപ്പോർട്ടിലാണ് ഇത് പറയുന്നത്. യു‌എഇയിൽ 3.5 ദശലക്ഷവും,  യുഎസിൽ 2.7 ദശലക്ഷവും, സൗദി അറേബ്യയിൽ 2.5 ദശലക്ഷം ഇന്ത്യക്കാരുണ്ട്. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുകെ തുടങ്ങിയ രാജ്യങ്ങളിലും വൻതോതിൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നു. 2000 -ത്തിനും 2020 -നും ഇടയിൽ, വിദേശത്തുള്ള കുടിയേറ്റ ജനസംഖ്യയിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സിറിയ, വെനസ്വേല, ചൈന, ഫിലിപ്പീൻസ് എന്നിവയാണ് ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യങ്ങൾ. 

തൊഴിൽ, കുടുംബപരമായ കാരണങ്ങളാലാണ് കൂടുതലായും ഇന്ത്യക്കാർ വിദേശങ്ങളിലേക്ക് ചേക്കേറുന്നതെന്ന് യുഎൻ ഡെസയിലെ പോപ്പുലേഷൻ ഡിവിഷൻ ഡയറക്ടർ ജോൺ വിൽമോത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ പ്രവാസികളിൽ കൂടുതലും ജോലിചെയ്യുന്ന വ്യക്തികളാണ്. അതോടൊപ്പം വിദ്യാർത്ഥികളും, കുടുംബത്തിനൊപ്പം താമസിക്കാൻ പോകുന്നവരുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ കൂടുതലാണ്. അവർ രാജ്യങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യൻ പ്രവാസികളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഡോക്ടർമാർ എന്നിവരും ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ ആളുകൾ കുടിയേറിയിരിക്കുന്നത് അമേരിക്കയിലാണ്. 2020 -ൽ 51 ദശലക്ഷം കുടിയേറ്റക്കാരുള്ള അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ഏറ്റവും വലിയ രാജ്യമായി യുഎസ് നിലകൊള്ളുന്നു. ഇത് ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ 18 ശതമാനത്തിന് തുല്യമാണ്. ലോകമെമ്പാടുമുള്ള രണ്ടാമത്തെ വലിയ കുടിയേറ്റക്കാരുള്ള രാജ്യം ജർമ്മനിയാണ്. 16 ദശലക്ഷം കുടിയേറ്റക്കാരാണ് അവിടെയുള്ളത്. തൊട്ടുപിന്നിൽ സൗദി അറേബ്യ (13 ദശലക്ഷം), റഷ്യ (12 ദശലക്ഷം), യുകെ (9 ദശലക്ഷം) തുടങ്ങിയ രാജ്യങ്ങളുമുണ്ട്.