തലേദിവസം മദ്യപിച്ചിരുന്നതിനാൽ തന്നെ അന പിറ്റേന്ന് സർജറി നടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു എങ്കിലും അത് കുഴപ്പമില്ല എന്ന് ഡോക്ടർ ഉറപ്പ് നൽകുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തുർക്കിയിൽ കോസ്മെറ്റിക് സർജറി കഴിഞ്ഞതിന് പിന്നാലെ ഗായികയും ഇൻഫ്ലുവൻസറുമായ 31 -കാരി മരിച്ചത്. ​അന ബാർബറ ബുഹർ ബുൾഡ്രിനിയാണ് സൗന്ദര്യ വർധക ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. സർജറിക്ക് തലേദിവസം ഡോക്ടറും അനയും ഭർത്താവും മദ്യപിച്ചിരുന്നതായും മദ്യപിച്ചതിന്റെ പിറ്റേന്നാണ് ശസ്ത്രക്രിയക്കിടെ അന മരിച്ചത് എന്നുമാണ് അനയുടെ ഭർത്താവ് പറയുന്നത്.

ബ്രെസ്റ്റ് ഓ​ഗ്മന്റേഷൻ, ലിപ്പോസക്ഷൻ, നോസ് ജോബ് എന്നിവ ചെയ്യാനായിട്ടാണ് അനയും ഭർത്താവ് എൽഗർ മൈൽസും വെള്ളിയാഴ്ച മൊസാംബിക്കിൽ നിന്നും ഇസ്താംബുൾ വരെ വന്നത്. സൗജന്യമായിട്ടാണ് ആശുപത്രി അനയുടെ ശസ്ത്രക്രിയകൾ നടത്താമെന്നേറ്റത്. പകരമായി അന ആശുപത്രിയെ പ്രൊമോട്ട് ചെയ്യുമെന്നും ഏറ്റിരുന്നു എന്നും ഭർത്താവ് പറയുന്നു.

സൗന്ദര്യം വർധിപ്പിക്കുന്നതിനായി അവൾ ഈ സർജറികൾ ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു എന്ന് അനയുടെ ഭർത്താവ് പറയുന്നു. സർജറി നടന്നതിന്റെ തലേദിവസം രാത്രി അനയും ഭർത്താവും ഡോക്ടറിനൊപ്പം മദ്യപിച്ചിരുന്നു. നേരത്തെ ബുധനാഴ്ചയായിരുന്നു സർജറി നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച അന സർജറി നടക്കുന്ന സ്ഥലവും മറ്റും കാണാനായിട്ടാണ് ആശുപത്രിയിലെത്തിയത്. അവൾ സർജറിക്ക് തയ്യാറായിരുന്നില്ല. എന്നാൽ, ഡോക്ടർ അന്ന് തന്നെ സർജറി നടത്തുകയായിരുന്നു എന്നാണ് അനയുടെ ഭർത്താവ് ആരോപിക്കുന്നത്.

View post on Instagram

തലേദിവസം മദ്യപിച്ചിരുന്നതിനാൽ തന്നെ അന പിറ്റേന്ന് സർജറി നടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു എങ്കിലും അത് കുഴപ്പമില്ല എന്ന് ഡോക്ടർ ഉറപ്പ് നൽകുകയായിരുന്നു. ടുസ ആശുപത്രിയിൽ വച്ച് മൂന്ന് ശസ്ത്രക്രിയകളും നടത്തി. ഞായറാഴ്ച രാത്രി 11 മണിയോടെ ശസ്ത്രക്രിയ കഴിഞ്ഞു. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവന്നതിനു പിന്നാലെ അവളുടെ ഹൃദയമിടിപ്പ് മന്ദ​ഗതിയിലാവാൻ തുടങ്ങുകയായിരുന്നു.

തന്നെ അവളെ കാണാൻ അനുവദിച്ചിരുന്നില്ല. ഒരു മണിക്കൂറും 15 മിനിറ്റും കഴിഞ്ഞപ്പോഴാണ് അവളെ കാണാൻ തന്നെ അനുവദിച്ചത്. അവിടെ വച്ച് ചിലർ അവളുടെ ഹൃദയമിടിപ്പ് മന്ദ​ഗതിയിലാണ് എന്ന് പറഞ്ഞു. മറ്റ് ചിലർ പറഞ്ഞത് അവൾ മരിച്ചു കഴിഞ്ഞു എന്നാണ് എന്നും അനയുടെ ഭർത്താവ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്, എല്ലാ രേഖകളിലും ഒപ്പിട്ട ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് പിന്നാലെ ഹൃദയാഘാതമുണ്ടായിട്ടാണ് അന മരിച്ചത് എന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം