21 പേരുമായി ആകാശത്ത് കൂടി പറന്ന് പോകവെ പെട്ടെന്ന് തീ പടര്‍ന്ന് പിടിച്ച് ഹോട്ട് ബലൂണ്‍ കത്തി. പിന്നാലെ അത് താഴേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം.

ബ്രസീലിലെ തെക്കൻ മേഖലയായ സാന്താ കാതറീനയിൽ ശനിയാഴ്ചയുണ്ടായ ഒരു ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ട് എട്ട് പേർ മരിച്ചതായി പ്രാദേശിക ഗവർണർ ജോർജിഞ്ഞോ മെല്ലോ എക്സില്‍ അറിയിച്ചു. 21 പേർ ഹോട്ട് ബലൂണില്‍ ഉണ്ടായിരുന്നതായും അതില്‍ 13 പേർ രക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകാശത്ത് വച്ച് തീപിടിച്ച ഹോട്ട് ബലൂണ്‍ കാത്തിയതിന് പിന്നാലെ വേഗത്തില്‍ താഴേക്ക് നിലംപതിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

'മുകളിൽ നിന്ന് രണ്ടുപേർ താഴേക്ക് വീഴുന്നത് ഞങ്ങൾ കണ്ടു, തൊട്ടുപിന്നാലെ കൊട്ട പൊട്ടി ബലൂൺ താഴെ വീണു,' ഒരു ദൃക്‌സാക്ഷി പ്രാദേശിക മാധ്യമമായ ജോർണൽ റാസാവോയോട് പറഞ്ഞു. കത്തിയമർന്ന് താഴെ വീണ ബലൂണ്‍ കാണാനായി ഓടിയെത്തിയവരാണ് രക്ഷപ്പെട്ടവരെ ആദ്യം കണ്ടത്. ഒപ്പം രണ്ട് മൃതദേഹങ്ങളും അവര്‍ കണ്ടെത്തി.

Scroll to load tweet…

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹോട്ട് ബലൂണ്‍ സഞ്ചാരികളുമായി പറന്നുയര്‍ന്നത്. ഏറെ ദൂരം പിന്നീട്ട ശേഷം ബലൂണിന് അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. പിന്നാലെ ബലൂണ്‍ കത്തുകയും ആളുകൾ താഴെക്ക് വീഴുകയുമായിരുന്നെന്ന് സംസ്ഥാന അഗ്നിശമന വകുപ്പ് അറിയിച്ചു. പ്രിയ ഗ്രാൻഡെ നഗരത്തിന് സമീപത്തെ ചതുപ്പിലാണ് ഹോട്ട് ബലൂണ്‍ തകര്‍ന്ന് വീണത്. ചതുപ്പില്‍ വീണതിനാല്‍ കൂടുതല്‍ വലിയൊരു അപകടം ഒഴിവായി. രക്ഷപ്പെട്ട 13 പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്ചയ്ക്കുള്ളില്‍ ബ്രസീലിൽ നടക്കുന്ന മൂന്നാമത്തെ ഹോട്ട് ബലൂണ്‍ അപകടമാണിതെന്ന് സിഎന്‍എൻ ബ്രസീൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ച മുമ്പ് 35 പേരുമായി പറന്ന ഒരു ഹോട്ട് ബലൂണ്‍, സാവോ പോളോയിൽ തക‍ർന്ന് വീണ് ഒരാൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.