പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടെ കൊലപാതകക്കേസ് കൈകാര്യം ചെയ്യാൻ പോയ പാകിസ്താനി പോലീസ് ഉദ്യോഗസ്ഥ ഷെഹർബാനോ നഖ്‌വിക്ക് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ പരിഹാസം. ഒരു മണിക്കൂറിനുള്ളിൽ കേസ് പരിഹരിച്ചുവെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥയുടെ പെരുമാറ്റം ഒരു നാടകമെന്ന് ആരോപണം.
പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടെ കൊലപാതകക്കേസ് കൈകാര്യം ചെയ്യാൻ പാതിവഴിയിൽ എഴുന്നേറ്റ് പോയ പാകിസ്താനി പോലീസ് ഉദ്യോഗസ്ഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ട്രോളുകൾക്ക് ഇരയാകുകയാണ്. ലാഹോർ അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് (ASP) ഷെഹർബാനോ നഖ്‌വി ആണ് വീഡിയോയിലുള്ളതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു സിനിമയെ വെല്ലുന്ന രീതിയിലുള്ള ഉദ്യോഗസ്ഥയുടെ പെരുമാറ്റമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ പരിഹാസത്തിന് ഇടയാക്കിയത്.
'എന്ത്? എവിടെ? ദേ എത്തി'
പരിഷ്കൃത സമൂഹത്തിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇത് പോലെ ചെയ്യുന്നതെങ്കിൽ അയാൾ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുമായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഒരു എഫ്‌ഐആർ ഫയൽ ചെയ്യുന്നില്ല. അതേസമയം കൊലയാളിയെ പിടികൂടുകയും കൊലപാതകത്തിന്‍റെ കാരണവും മാധ്യമങ്ങളോട് പറയുകയും ചെയ്യുന്നു. അതും കോടതികൾ വർഷങ്ങൾ എടുക്കുന്ന ജോലി ഒരു മണിക്കൂറിനുള്ളിലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.ഒരു പോഡ്‌കാസ്റ്റിൽ സംസാരിച്ച് കൊണ്ടിരിക്കെ ഷെഹർബാനോയുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. "എനിക്കൊരു ഫോൺ കോൾ വരുന്നുണ്ട്, എസ്.എച്ച്.ഒയാണ് വിളിക്കുന്നത്," എന്ന് പറഞ്ഞ് അവർ ഫോൺ എടുക്കുകയും മറുതലയ്ക്കലുള്ള ആളോട് സംസാരിക്കുകയും ചെയ്യുന്നു.
"അതെ ഖുറം, എവിടെയാണ്? പ്രതിയെ പിടികൂടിയോ? വളരെ നല്ലത്. നിൽക്കൂ, ഞാൻ ഇപ്പോൾ വരാം," എന്ന് അവർ ഫോണിലൂടെ പറയുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് പോഡ്‌കാസ്റ്റ് അവതാരകനോടായി അവർ ഇങ്ങനെ പറയുന്നു: "ഒരു കൊലപാതകം നടന്നിട്ടുണ്ട്, ഞാൻ ഇപ്പോൾ അതൊന്ന് പോയി കൈകാര്യം ചെയ്തിട്ട് വരാം." തുടർന്ന് എഴുന്നേറ്റു പോയ അവർ കൃത്യം ഒരു മണിക്കൂറിന് ശേഷം തിരികെ വരികയും കേസ് പരിഹരിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്തായിരുന്നു അത്യാവശ്യമെന്ന അവതാരകന്‍റെ ചോദ്യത്തിന് " അതൊരു കൊലപാതകമായിരുന്നു" എന്ന് അവർ ലാഘവത്തോടെ സ്ഥിരീകരിക്കുന്നു. ഡിഫൻസ് ഫേസ് എ-യിലെ കെ ബ്ലോക്കിലാണ് സംഭവം നടന്നതെന്നും, സുഹൃത്തുക്കൾ തമ്മിലുള്ള പണമിടപാടിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അവർ വിശദീകരിച്ചു. പ്രതിയെ പിടികൂടിയതായും അവർ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ എന്ന നാടകം
വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ട്രോളുകളാണ് ഇവർക്കെതിരെ നിറയുന്നത്. മുകളിൽ നിന്ന് താഴേക്ക് വരെ വിലകുറഞ്ഞ നടന്മാരെ റിക്രൂട്ട് ചെയ്യുന്ന ഒരു വേദിയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്നും എല്ലാവരും അവരവരുടെ നാടകത്തിൽ മുഴുകിയിരിക്കുകയാണെന്നും ഒരു കാഴ്ചക്കാരൻ എഴുതി. മന്ത്രിയോ, ഉപദേഷ്ടാവോ, ജഡ്ജിയോ, മേധാവിയോ പോലും ഈ നാടകത്തിലെ അഭിനേതാക്കളാണാണെന്നും നാടകത്തിന്‍റെ പേര് പാകിസ്ഥാൻ എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പോഡ്കാസ്റ്റായാലെന്ത് അവർ നന്നായി അഭിനയിക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. പാകിസ്താനിലെ മുൻനിര ഉദ്യോഗസ്ഥയായ ഷെഹർബാനോ നഖ്‌വിയുടെ ഈ പ്രകടനം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്.


