പ്രേതകഥകള്‍ എന്നും ആവേശമുള്ളത് തന്നെ. അത്തരത്തില്‍ അമേരിക്കയിലെ കെന്‍റിക്കിയില്‍ നിന്നുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. അപകടത്തില്‍ പെട്ട് മരിച്ച മോട്ടോർസൈക്കിൾ യാത്രക്കാരന്‍റെ മൃതദേഹം രക്ഷപ്രവര്‍ത്തകര്‍ മാറ്റുന്നതിനിടയില്‍ ആത്മാവിന്‍റെ സാന്നിധ്യം ഈ ഫോട്ടോയില്‍ കാണാം എന്നാണ് ഉയരുന്ന അവകാശവാദം.

സോൾ വാസ്ക്യുസ് എന്നൊരാളാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. അപക‌ടത്തിൽ മരണമടഞ്ഞയാളുടെ ആത്മാവാണ് കാണുന്നതെന്നാണ് സോളിന്‍റെ വാദം. മരിച്ചയാളുടെ ശരീരത്തിനു മുകളിലായി മനുഷ്യ ശരീരത്തിനു സമാനമായൊരു വെള്ള രൂപം വായുവിൽ നിൽക്കുന്നതു ചിത്രത്തിൽ വ്യക്തമായി കാണുന്നുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചയാണ് നടക്കുന്നത്.

സംഭവ സ്ഥലത്തുകൂടി പോകുമ്പോൾ താന്‍ വാഹനത്തിലിരുന്നാണ് ഈ ഫോട്ടോ എടുത്തത് എന്നാണ് സോള്‍ പറയുന്നത്. ചിത്രം സൂം ചെയ്ത് ശ്രദ്ധയോടെ നോക്കൂ വായുവിൽ നിൽക്കുന്ന മനുഷ്യരൂപത്തെ കാണാം എന്ന ക്യാപ്ഷനോടെയാണ് സോൾ ചിത്രം പങ്കുവച്ചത്. എന്നാല്‍ ഇത് ഫോട്ടോ ട്രിക്ക് ആയിരിക്കാം എന്നാണ് വലിയൊരു വിഭാഗത്തിന്‍റെ പക്ഷം. സിഎന്‍എന്‍ പോലുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ പ്രധാന്യമാണ് ചിത്രത്തിന് നല്‍കുന്നത്.