ആയക്കൊപ്പം തനിച്ചായിപ്പോയ ജയയെ തേടി ഇടയ്ക്ക് അമ്മ വന്നിരുന്നുവെന്ന് അഭിമുഖത്തില്‍ അവര്‍ ഓര്‍ക്കുന്നുണ്ട്. സിനിമയുടെ തിരക്കിലായിരുന്ന അമ്മയ്ക്ക് വീട്ടിലെത്തിയാലും കുഞ്ഞു മകള്‍ക്കൊപ്പം ഏറെ നേരം ചെലവഴിക്കാനും ഉണ്ടായിരുന്നില്ല. അമ്മയ്‌ക്കൊപ്പം കളിക്കാനും സംസാരിക്കാനും ആഗ്രഹിച്ച ആ കുഞ്ഞിനെ ആയക്കൊപ്പം നിര്‍ത്തി അവര്‍ക്ക് പോവേണ്ടി വരും.
അമ്മയെ ഒപ്പം കിടത്തി സാരിത്തുമ്പ് തന്റെ കൈത്തലത്തില്‍ കെട്ടിയിടുമായിരുന്നു അന്നു താനെന്ന് ജയ അഭിമുഖത്തില്‍ പറയുന്നുണ്ട്. താന്‍ ഉറങ്ങുമ്പോള്‍ അമ്മ പോവാതിരിക്കാനുള്ള ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ മുന്‍ കരുതല്‍. എങ്കിലും അമ്മ പോവും. താനുടുത്ത സാരിയുടെ മറ്റേത്തല അതേ പടി അഴിച്ച് ആയയെ ഉടുപ്പിച്ച് അവരെ കുഞ്ഞു ജയയുടെ അടുത്ത് കിടത്തി അമ്മ ഇറങ്ങിപ്പോവും.
അമ്മയുടെ സാരിത്തുമ്പ് പിടിച്ച് സ്വപ്നങ്ങളുടെ ആകാശങ്ങളിലേക്ക് നടന്ന ശേഷം ആ കുഞ്ഞ് എന്നും ആയയുടെ സാമീപ്യത്തിലേക്ക് ഉണരും. കരഞ്ഞു കരഞ്ഞ് പകല്‍ പിന്നിടും. ആ കുഞ്ഞ് വളര്‍ന്നു. അവള്‍ അമ്മയായില്ല. പിന്നെ ഒരു വളര്‍ത്തുമകന്‍ ഉണ്ടായെങ്കിലും. എങ്കിലും അവള്‍ ആ ദേശത്തിനു മൊത്തം അമ്മയായി. ഒരു പാട് കുഞ്ഞുങ്ങളുള്ള അമ്മമാര്‍ പോലും അമ്മ എന്നു വിളിക്കുന്ന വിധം ദൈവത്തോളം വലിപ്പമുള്ള ഒരമ്മ.

