Asianet News MalayalamAsianet News Malayalam

'മറ്റാരുടെയെങ്കിലും കാലടിപ്പാടുകൾക്ക് പിന്നാലെ നടന്നാല്‍ നിങ്ങളൊരിക്കലും സത്യത്തിലേക്കെത്തില്ല'

അന്ന് ലെഡ് ബീറ്ററിന്റെ കണ്ണിൽപ്പെട്ടതോടെ ജിദ്ദുവും അനുജൻ നിത്യാനന്ദനും തിയോസഫിക്കൽ സൊസൈറ്റിക്കുള്ളിൽ സവിശേഷ ശ്രദ്ധ കിട്ടാൻ തുടങ്ങി. മദ്രാസ് കാമ്പസിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അവരെ യൂറോപ്പിൽ ഉപരിപഠനത്തിനയച്ചു സൊസൈറ്റി. ഇക്കാലത്താണ് ജിദ്ദു ആനി ബസന്റുമായി അടുക്കുന്നത്. തനിക്കു ചെറുപ്പത്തിൽ നഷ്ടമായ അമ്മയെ തിരിച്ചു കിട്ടിയ പോലെ തോന്നി ജിദ്ദുവിന് ആനി ബസന്റിലൂടെ. ഈ അടുപ്പത്തിൽ അസ്വസ്ഥനാവുന്ന ജിദ്ദുവിന്റെ അച്ഛൻ ആനിബസന്റുമായി നിയമ പോരാട്ടത്തിൽ വരെ ഏർപ്പെടുന്നുണ്ട് അക്കാലത്ത്. 

jiddu krishnamurti 33 rd death anniversary
Author
Thiruvananthapuram, First Published Feb 17, 2019, 12:11 PM IST

ആത്മീയതയുടെ ലോകം കാപട്യത്തിന്റെയും ബഫൂണറിയുടെയും കൂടി ലോകമാണ്. ഇല്ലാത്ത ബോധോദയങ്ങളുടെ അവകാശവാദങ്ങളുന്നയിച്ച്  ലോകൈകരക്ഷകരായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ആൾദൈവങ്ങൾ ഒന്നൊന്നുമല്ല ഇന്നാട്ടിലുള്ളത്. ആത്മീയത കച്ചവടമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ജിദ്ദു കൃഷ്ണമൂർത്തിയും അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രവും വേറിട്ട് തന്നെ നിലകൊള്ളുന്നു. ജിദ്ദുവിന്റെ ചരമദിനത്തിൽ അദ്ദേഹത്തെയോർക്കുമ്പോൾ..

1895 മെയ് 12 -ന് അന്നത്തെ മദ്രാസ് പ്രസിഡൻസിയിലെ മദനപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ജിദ്ദു നാരായണയ്യ ബ്രിട്ടീഷ് കൊളോണിയൽ ഭരണസംവിധാനത്തിലെ ഒരു ഗുമസ്തനായിരുന്നു. തന്റെ പത്താം വയസ്സിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടിരുന്നു ജിദ്ദുവിന്. സദാ ചിന്തയിൽ ആണ്ടിരിക്കുന്ന ഒരു പ്രകൃതമായിരുന്നു ബാല്യം തൊട്ടേ ജിദ്ദുവിന്റെത്. കണ്ടാൽ മന്ദബുദ്ധി എന്നുപോലും തെറ്റിദ്ധരിച്ചുപോവുമാണ് ചേഷ്ടകളും പ്രകൃതവും. സ്‌കൂളിൽ ടീച്ചർമാരുടെ കയ്യിൽ നിന്നും വീട്ടിൽ അച്ഛന്റെ കയ്യിൽ നിന്നും അടി വാങ്ങാൻ തന്നെയേ അക്കാലത്ത് ജിദ്ദുവിന് നേരമുണ്ടായിരുന്നുള്ളൂ. സദാ പകൽക്കിനാവും കണ്ടിരിപ്പാണ് പണി. അക്കാലത്ത് പിടികൂടിയ മലേറിയ പിന്നീട് ഇടയ്ക്കിടെ വീണ്ടും വീണ്ടും ജിദ്ദുവിനെ ആവേശിച്ചിരുന്നു. പനി മൂത്ത് ജിദ്ദുവിന് പലപ്പോഴും സൈക്കിക് ഹാലൂസിനേഷൻസ് വരുമായിരുന്നു. മരിച്ചുപോയ തന്റെ ചേച്ചിയെയും അമ്മയെയും മറ്റും കണ്ടതായും അവരോടു മിണ്ടിയതായും ഒക്കെ ജിദ്ദു അവകാശപ്പെട്ടിരുന്നു. ഇങ്ങനെ തന്നിലേക്ക് ചുരുങ്ങി സ്വപ്നം കണ്ടുനടന്ന ചെറുപ്പത്തിലാണ് ജിദ്ദു പ്രകൃതിയെ ഹൃദയത്തിൽ ആവേശിക്കുന്നത്.

1907 -ൽ പെൻഷൻ പറ്റിയ ശേഷം ജിദ്ദുവിന്റെ അച്ഛൻ തിയോസഫിക്കൽ സൊസൈറ്റിയിൽ ഒരു ഗുമസ്തനായി ചേരുന്നു. അഡയാറിലായിരുന്നു അക്കാലത്ത് ജോലിയും താമസവും ഒക്കെ. അവിടെ വെച്ചാണ് ജിദ്ദുവിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാവുന്നത്. അദ്ദേഹം 1909 -ൽ അടയാർ ബീച്ചിനു സമീപത്തുവെച്ചാണ്  തിയോസഫിക്കൽ സൊസൈറ്റിയുടെ ചാൾസ് വെബ്സ്റ്റർ ലെഡ് ബീറ്റർ കടലിലേക്കും നോക്കി ദിവാസ്വപ്നം കണ്ടിരിക്കുന്ന ജിദ്ദുവിനെ കാണുന്നത്. അതീന്ദ്രിയ ജ്ഞാനിയെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ലെഡ് ബീറ്ററിന് ആ ബാലനിൽ എന്തോ ഒരു സവിശേഷ 'ഓറ' ദർശിക്കാൻ കഴിഞ്ഞു. ഭാവിയിൽ ലക്ഷക്കണക്കിന് ആളുകളെ തന്റെ ചിന്തകൾ കൊണ്ട് ആകർഷിക്കാൻ പോവുന്ന ദാർശനികനാണ് അവനെന്ന് പ്രഥമദർശനത്തിൽ തന്നെ അദ്ദേഹം ഉറപ്പിച്ചു. 

അന്ന് ലെഡ് ബീറ്ററിന്റെ കണ്ണിൽപ്പെട്ടതോടെ ജിദ്ദുവും അനുജൻ നിത്യാനന്ദനും തിയോസഫിക്കൽ സൊസൈറ്റിക്കുള്ളിൽ സവിശേഷ ശ്രദ്ധ കിട്ടാൻ തുടങ്ങി. മദ്രാസ് കാമ്പസിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അവരെ യൂറോപ്പിൽ ഉപരിപഠനത്തിനയച്ചു സൊസൈറ്റി. ഇക്കാലത്താണ് ജിദ്ദു ആനി ബസന്റുമായി അടുക്കുന്നത്. തനിക്കു ചെറുപ്പത്തിൽ നഷ്ടമായ അമ്മയെ തിരിച്ചു കിട്ടിയ പോലെ തോന്നി ജിദ്ദുവിന് ആനി ബസന്റിലൂടെ. ഈ അടുപ്പത്തിൽ അസ്വസ്ഥനാവുന്ന ജിദ്ദുവിന്റെ അച്ഛൻ ആനിബസന്റുമായി നിയമ പോരാട്ടത്തിൽ വരെ ഏർപ്പെടുന്നുണ്ട് അക്കാലത്ത്. 

1911 -ൽ തിയോസഫിക്കൽ സൊസൈറ്റി ഒരു 'പ്രപഞ്ചാചാര്യ'ന്റെ  വരവിനായി ലോകത്തെ തയ്യാർ ചെയ്യുന്നതിലേക്കായി ' ഓർഡർ ഓഫ് ദി സ്റ്റാർ ഇൻ ദി ഈസ്റ്റ് ' എന്നൊരു കൾട്ട് തുടങ്ങുന്നു. ജിദ്ദുവായിരുന്നു പ്രപഞ്ചാചാര്യൻ.  'പ്രപഞ്ചാചാര്യ'ന്റെ  വരവെന്ന തിയറിയിൽ വിശ്വാസമുള്ള ആർക്കും കൾട്ടിൽ അംഗത്വമെടുക്കാം. ഓർഡറിന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും അതിനു കിട്ടിയ സാമ്പത്തിക സഹായങ്ങളും ദിനം പ്രതി ബലപ്പെട്ടുവന്നു.  സഹോദരൻ നിത്യയ്ക്ക് ക്ഷയരോഗം ബാധിച്ചതോടെ കുറേക്കൂടി നല്ല കാലാവസ്ഥയുളള കാലിഫോർണിയയിലെ ഓജയ് വാലിയിലേക്ക് ജിദ്ദു തന്റെ പ്രവർത്തനങ്ങൾ പറിച്ചു നടുന്നു. അവിടെ വെച്ചാണ് ജിദ്ദുവിന് പല ജ്ഞാനോദയങ്ങളും അനുഭവപ്പെടുന്നത്. കഴുത്തിൽ ഒരു വേദനയായി തുടങ്ങിയ ആ അനുഭവം ജിദ്ദുവിന് ആത്‌മീയമായ ഒരുപാട് വെളിപാടുകൾ നൽകി എന്ന വാർത്തകൾ പരന്നതോടെ ജിദ്ദുവിന്റെ മിസ്റ്റിക് ഇമേജിന് പ്രസിദ്ധിയേറി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തവും ഏറി. പുസ്തകങ്ങൾക്ക് വായനക്കാർ ഏറി. ' Liberation From The Known ' എന്ന അദ്ദേഹത്തിന്റെ ആശയത്തിൽ പലരും ആകൃഷ്ടരായി. തന്റെ തത്വപ്രഘോഷങ്ങളെത്തന്നെ സ്വന്തം പേരിൽ നിന്നും അകറ്റി മാത്രമാണ് ജിദ്ദു പരാമർശിച്ചിരുന്നത്. 'മൈ ടീച്ചിങ്ങ്സ്' എന്നല്ല, 'ദി ടീച്ചിങ്‌സ്' എന്നായിരുന്നു ജിദ്ദു പറഞ്ഞുപോന്നിരുന്നത്.  " സത്യത്തിന്റെ ഭൂമിയിൽ നടവഴികളില്ല.. മറ്റാരുടെയെങ്കിലും കാലടിപ്പാടുകൾക്ക് പിന്നാലെ വെച്ചുപിടിച്ചാൽ നിങ്ങളൊരിക്കലും അതിലേക്കെത്തില്ല.. " ജിദ്ദു പറഞ്ഞു.

പക്ഷേ, 1929 -ൽ നെതർലാൻഡ്‌സിലെ ഒമ്മനിൽ വെച്ച് നടന്ന സമ്മേളനത്തിൽ വെച്ച് ജിദ്ദു  'ഓർഡറി'നെ പിരിച്ചു വിടുന്നു. സംഘടിത മതം, ആത്മീയാചാര്യൻ തുടങ്ങി അന്ന് പ്രചാരത്തിൽ വരാൻ തുടങ്ങിയിരുന്ന എല്ലാറ്റിനെയും ജിദ്ദു തമസ്കരിക്കുന്നു. പ്രപഞ്ചാചാര്യസങ്കല്പത്തെ തന്നെ ജിദ്ദു തള്ളിപ്പറയുന്നു. പതുക്കെ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ നിന്നുപോലും ജിദ്ദു വേർപിരിയുന്നു. പിന്നീടുള്ള കാലം ജിദ്ദു പ്രഭാഷണങ്ങൾക്കും എഴുത്തിനും മറ്റുമായി നീക്കിവെക്കുന്നു.  

പിൽക്കാലത്ത് ആൽഡസ് ഹക്ക്സലി, ജവഹർലാൽ  നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയ പലരും അദ്ദേഹത്തിന്റെ തത്വചിന്തയിൽ ആകൃഷ്ടരാവുന്നുണ്ട്. എന്നാൽ പലപ്പോഴും അദ്ദേഹത്തിന്റെ ചിന്താ പദ്ധതികൾ ഓഷോയെപ്പോലെയോ ഗുരുവിനെപ്പോലെയോ അല്ലെങ്കിൽ യതിയെപ്പോലെയോ ഒന്നും സാധാരണക്കാരിലേക്ക് പകർന്നു കൊടുക്കാൻ പറ്റും വിധം ലഘൂകരിക്കപ്പെട്ടിരുന്നില്ല. അദ്ദേഹം ജീവിച്ചതും പ്രവർത്തിച്ചതുമൊക്കെ പാശ്ചാത്യ അമേരിക്കൻ ഭൂമികകളിലും. അതുകൊണ്ടുതന്നെ പലപ്പോഴും ഒരു എലീറ്റ് പ്രിവിലേജ്ഡ് തത്വചിന്തകനായി മുദ്രകുത്തപ്പെട്ടു, ഒരു പക്ഷേ ശ്രീനാരായണ ഗുരുവിനുശേഷം ഇന്ത്യകണ്ട ഏറ്റവും മൗലികമായ തത്വചിന്താപദ്ധതികളുടെ പ്രയോക്താവായിരുന്ന ജിദ്ദു കൃഷ്ണമൂർത്തി. അദ്ദേഹം പറഞ്ഞ ഒരൊറ്റ വാക്യത്തിൽ നമുക്ക് എല്ലാം ഉപസംഹരിക്കാം, " This is my secret, I don't mind what happens.." 

Follow Us:
Download App:
  • android
  • ios