
കഷായത്തില്‍ വിഷം ഉണ്ടെന്ന് അറിയാതെ, അതുകഴിച്ച ഡോക്ടര്‍ പി എ ബൈജു. 9 വര്‍ഷത്തെ യാതനകള്‍ക്ക് ശേഷം അദ്ദേഹം മരിച്ചത് എല്ലാ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു.
കഷായത്തിലെന്തോ കുഴപ്പമുണ്ടെന്ന രോഗിയുടെ സംശയം മാറ്റാനാണ് ഡോക്ടര്‍ അത് കുടിച്ചുകാണിച്ചത്. വാര്‍ത്തകള്‍ അനുസരിച്ച് രോഗിയെ കൊല്ലാന്‍ ഭര്‍ത്താവ് കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു.
എന്നിട്ട് വിഷം കലര്‍ത്തിയ ആള്‍ക്ക് എന്തുപറ്റി? അതേക്കുറിച്ച് പല മാധ്യമങ്ങളും മിണ്ടിയില്ല. ആള്‍ നാട്ടില്‍ തന്നെ ഉണ്ട്. കേസ് കോടതിയിലാണ്. വിചാരണ പൂര്‍ത്തിയായതേ ഉള്ളു. വിധി പ്രസ്താവം നടക്കാനിരിക്കുന്നു!
അപ്പോള്‍ ഇദ്ദേഹമാണ് വിഷം കലര്‍ത്തിയതെന്ന് പറഞ്ഞത്? അത് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. എങ്കില്‍ അങ്ങനെ അല്ലെ പറയേണ്ടത്? വിഷം കലര്‍ത്തിയത് രോഗിയുടെ ഭര്‍ത്താവാണെന്ന് പോലീസ് പറയുന്നു എന്ന് പറഞ്ഞാല്‍ എന്താണ് കുഴപ്പം?
പോലീസ് പ്രതിയെ പിടിച്ചാല്‍ എപ്പോഴും ഇങ്ങനെ തന്നെ അല്ലേ വാര്‍ത്ത വരുന്നത് എന്ന് മറുചോദ്യം ഉന്നയിക്കാം. ശരിയാണ്. പക്ഷെ അത് ശരിയാണോ? നിങ്ങളോ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരോ പ്രതിസ്ഥാനത്ത് വരുന്നത് വരെ മാത്രമേ ആ വാദം നിലനില്‍ക്കൂ.
അപ്പോള്‍ കഥയുടെ രസം പോയില്ലേ... മറ്റേതാകുമ്പോള്‍ ഒരു പെര്‍ഫെക്ട് കഥയാണ്. വില്ലന്‍, നായകന്‍, സസ്‌പെന്‍സ്, ട്രാജഡി എല്ലാം ഉണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണെങ്കില്‍ റിപ്പോര്‍ട്ടര്‍മാരുടെ ഭാവന ചിറകുവിരിച്ച് ആടി. ചില ചാനല്‍ ക്രൈം ബുളളറ്റിനുകളുടെ കാര്യവും അങ്ങനെ തന്നെ.
സത്യത്തില്‍ പോലീസ് പറയുന്നതുപോലെ തന്നെയാണോ സംഭവം? ആയിരിക്കാം. അല്ലായിരിക്കാം. പക്ഷെ ഭര്‍ത്താവാണ് വിഷം കലര്‍ത്തിയതെന്ന് (പല) മാധ്യമങ്ങള്‍ തീര്‍ച്ചപ്പെടുത്തുകയും അത് വായിച്ചും കണ്ടും ജനങ്ങളുടെ ധാര്‍മ്മിക രോഷം ഉണരുകയും ചെയ്തുകഴിഞ്ഞതുകൊണ്ട് ഇനി രക്ഷയില്ല. കോടതിയില്‍ നിന്ന് വരുന്ന വിധിയുടെ കാര്യത്തില്‍ മിക്കവാറും ഒരു തീരുമാനമായിട്ടുണ്ടാകും.
പോലീസ് പ്രതിയെ പിടിച്ചാല്‍ എപ്പോഴും ഇങ്ങനെ തന്നെ അല്ലേ വാര്‍ത്ത വരുന്നത് എന്ന് മറുചോദ്യം ഉന്നയിക്കാം. ശരിയാണ്. പക്ഷെ അത് ശരിയാണോ? നിങ്ങളോ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരോ പ്രതിസ്ഥാനത്ത് വരുന്നത് വരെ മാത്രമേ ആ വാദം നിലനില്‍ക്കൂ. വില്ലനും നായകനും മാത്രമുള്ള കഥയ്ക്ക് അപ്പുറമുള്ള വിശദാംശങ്ങള്‍ ആരും കേള്‍ക്കില്ലെന്ന് അപ്പോഴേ തിരിച്ചറിയൂ. അന്ന് നിങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരും ഇതേ ചോദ്യം ചോദിക്കും.
കഥ അഥവാ വാര്‍ത്ത കൊഴുക്കാന്‍ കുറ്റാരോപിതന്‍ പോരാ. കുറ്റവാളി തന്നെ വേണം. അതിന് കോടതിവിധി വരെ കാത്തിരിക്കാന്‍ പറ്റില്ല.
അതുകൊണ്ടാണ് കോടതി വിധിക്കുന്നത് വരെ ഒരാള്‍ പ്രതി അഥവാ കുറ്റാരോപിതന്‍ മാത്രമേ ആകുന്നുള്ളു എന്ന് പറയുന്നത്. പക്ഷെ പ്രതി എന്ന വാക്ക് ഇപ്പോള്‍ ഏതാണ്ട് കുറ്റവാളി എന്ന മട്ടിലാണ് ഉപയോഗിക്കുന്നത്. സംഗതി നേരത്തെ പറഞ്ഞതുതന്നെ. കഥ അഥവാ വാര്‍ത്ത കൊഴുക്കാന്‍ കുറ്റാരോപിതന്‍ പോരാ. കുറ്റവാളി തന്നെ വേണം. അതിന് കോടതിവിധി വരെ കാത്തിരിക്കാന്‍ പറ്റില്ല.
കുറേ നാള്‍ മുന്‍പ് ഷൈന്‍ ടോം ചാക്കോ എന്ന യുവനടന്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായി. വാര്‍ത്തകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. അതില്‍ കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനും, പെണ്‍വാണിഭ സംഘത്തലവനും ഒക്കെയായി ഈ നടന്‍ . അവസാനം ഷൈന്‍ നിരപരാധിയാണെന്ന് കോടതി വിധിച്ചു. അതുവരെ പറഞ്ഞതില്‍ ഒരു ഖേദവുമില്ലാതെ മാധ്യമങ്ങള്‍ അതും റിപ്പോര്‍ട്ട് ചെയ്ത് അടുത്ത ഉല്‍സവത്തിലേക്ക് നീങ്ങി.
എന്തുകൊണ്ടാണ് ഇവരാരും മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്? ഇനിയും കോടതി കയറാനോ എന്നായിരിക്കും അവരുടെ മറുചോദ്യം. മാധ്യമങ്ങളെ പിണക്കാനോ എന്നും ചോദിച്ചേക്കാം. കുറ്റം പറയാന്‍ പറ്റില്ല.
പക്ഷെ അതിന് ആരെങ്കിലുമൊക്കെ മെനക്കെടേണ്ട സമയം ആയില്ലേ? അങ്ങനെ ഉണ്ടാകുന്ന ഒരു കോടതിവിധി ചിലപ്പോള്‍ പലതും മാറ്റിമറിച്ചേക്കാം. മറ്റ് പത്രങ്ങളോ ചാനലുകളോ വെബ്‌സൈറ്റുകളോ എന്തും ചെയ്തുകളയും എന്ന പേടിയില്‍ അതിനും അപ്പുറത്തേക്ക് ലക്ഷ്യം വയ്ക്കുന്ന മാധ്യമ ലോകത്ത് ഒരു പെരുമാറ്റച്ചട്ടം വന്നാലോ? ചിലപ്പോള്‍ അതില്‍ ഏറ്റവും ആശ്വസിക്കുക ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ ആയിരിക്കും.
വാല്‍ക്കഷ്ണം: കേട്ടറിവാണ്. ശരിയാണോ എന്നോ എന്തുകൊണ്ടാണെന്നോ ആറിയില്ല. നമ്മുടെ കഥയിലെ ഭാര്യയും ഭര്‍ത്താവും ഇപ്പോഴും അതേ തസ്തികകളില്‍ തുടരുന്നു. ഒരുമിച്ചാണത്രേ താമസവും!!
