Asianet News MalayalamAsianet News Malayalam

ലൈംഗിക പീഡന പരാതി 'ബാലിശ'മെന്ന് ജെ.എൻ.യു. ഇന്റേണൽ കംപ്ലൈന്റ്സ് സെൽ; പരാതിക്കാരിക്കെതിരെ നടപടിയെന്ന് ആരോപണം

 യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയുടെ തുടർ പഠനത്തിനായി യാതൊരു വിധത്തിലുള്ള സ്വഭാവസർട്ടിഫിക്കറ്റുകളോ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റുകളോ അനുവദിക്കരുത് എന്നും ഉത്തരവിലുണ്ടത്രെ.

JNU Takes Actions Against Complainant
Author
Delhi, First Published Dec 16, 2018, 6:13 PM IST

ജെ.എൻ.യു.വിലെ ഒരു ഗവേഷക വിദ്യാർത്ഥിനി   തന്റെ ഗൈഡിനെതിരെ കഴിഞ്ഞ ഏപ്രിലിൽ പൊലീസിന് നൽകിയ പരാതിയിന്മേൽ അന്വേഷണം തുടങ്ങി, ഏഴുമാസത്തോളം അതിന്മേൽ അടയിരുന്ന ICC, ഒടുവിൽ പ്രസ്തുത പരാതിയെ 'അടിസ്ഥാനരഹിത'മെന്ന് തള്ളിക്കൊണ്ട്, പീഡനത്തിനിരയായ വിദ്യാർത്ഥിനിയെ എന്നെന്നേക്കുമായി സർവ്വകലാശാലയിൽ നിന്നും ഡീബാർ ചെയ്തുകൊണ്ട് ഉത്തരവിട്ടിരുന്നു.  

ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിൽ നിന്നുപോലും  പരാതിക്കാരിയെ വിലക്കിയിട്ടുണ്ട്. എന്തെങ്കിലും ആവശ്യവുമായി ക്യാമ്പസിനകത്തേക്ക് പ്രവേശിക്കണമെന്നുണ്ടെങ്കിൽ വിദ്യാർത്ഥിനി ചീഫ് സെക്യൂരിറ്റി ഓഫീസറുടെ മുൻ‌കൂർ അനുവാദം വാങ്ങി, രണ്ടു വനിതാ സുരക്ഷാ ഓഫീസർമാരുടെ അകമ്പടിയോടെ മാത്രമേ ക്യാമ്പസിനകത്തു പ്രവേശിക്കാൻ പോലും പാടുള്ളൂ എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദ്യാർത്ഥിനി കാമ്പസിൽ പ്രവേശിക്കരുതെന്നും, മേലാൽ ഒരു കോഴ്‌സിനും വിദ്യാർത്ഥിനിയ്ക്ക് അഡ്മിഷൻ നൽകരുതെന്നും,  കംപ്ലൈന്റ്സ് സെല്ലിന്റെ പ്രിസൈഡിങ്ങ് ഓഫീസറായ വിഭാ ടണ്ഠൻ പറഞ്ഞതായി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയുടെ തുടർ പഠനത്തിനായി യാതൊരു വിധത്തിലുള്ള സ്വഭാവസർട്ടിഫിക്കറ്റുകളോ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റുകളോ അനുവദിക്കരുത് എന്നും ഉത്തരവിലുണ്ടത്രെ.

JNU Takes Actions Against Complainant

ജെ.എൻ.യു. യൂണിയന്റെ മുൻ സെക്രട്ടറിയായിരുന്ന കവിതാ കൃഷ്ണൻ ICCയുടെ അന്വേഷണപ്രഹസനത്തെയും തുടർന്നുള്ള കണ്ടെത്തലുകളെയും ശിക്ഷാ ഉത്തരവിനെയും നിശിതമായി വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ICCയെ ചരടിൽ ചലിക്കുന്ന കളിപ്പാവയെന്നാണ് കവിത വിശേഷിപ്പിച്ചത്. ഇത്തരത്തിൽ ഇരകളെത്തന്നെ വേട്ടയാടുന്ന നടപടി ICC ഇതാദ്യമായല്ല കൈക്കൊള്ളുന്നതെന്നും അവർ പറഞ്ഞു. തന്റെ ഗൈഡ് തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും, വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പരാതി. 

പരാതിയിന്മേൽ അന്തിമമായ ഒരു വിധി വരുന്നത് വരെ ഇരയുടെ ഡോക്ടറേറ്റ് തടഞ്ഞുവെക്കാനാണ് അക്കാദമിക് കൗൺസിൽ തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു.  "തുടക്കം മുതലേ വളരെ ശത്രുതാപരമായ ഒരു മനോഭാവമായിരുന്നു ICC യ്ക്ക് എന്നോടുണ്ടായിരുന്നത്. അന്വേഷണം തുടങ്ങിയ അന്നുമുതൽ അവരെന്നെ വിദേശത്തേക്ക് യാത്രചെയ്യുന്നതിൽ നിന്നും വിലക്കി. എന്റെ ഡോക്ടറേറ്റ് അനുവദിച്ചുകിട്ടാതെ ഇത്രയും കാലം അന്വേഷണം ഇഴയിച്ചതിനാൽ എനിക്ക് ഇക്കൊല്ലം പോസ്റ്റ് ഡോക്ടറൽ പഠനത്തിനുള്ള അവസരങ്ങളെല്ലാം നഷ്ടമായി. ഇപ്പോൾ എസ്കോർട്ടില്ലാതെ കാമ്പസിൽ പ്രവേശിക്കാൻ പോലും പാടില്ല എന്നവർ പറയുമ്പോൾ ഞാനൊരു ക്രിമിനലാണോ എന്നുപോലും എനിക്ക് തോന്നുന്നു."  പരാതിക്കാരി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. 

ഇതാദ്യമായല്ല ജെ.എൻ.യുവിലെ ICC ലൈംഗികപീഡന പരാതികളിൽ പ്രതികളെ സംരക്ഷിക്കാനും പരാതിക്കാരികൾക്കു നേരെ പ്രതികാര നടപടികളെടുക്കാനും ശ്രമിക്കുന്നത്. സർവകലാശാലയിൽ പ്രൊഫസറായിരുന്നു അതുൽ ജോരിയ്ക്ക് നേരെ എട്ടു വിദ്യാർത്ഥിനികൾ പരാതി നല്കിയപ്പോഴും, അതിനു മുമ്പ് പ്രൊഫസർമാരായ മഹേന്ദ്ര ലാമ, രാജേഷ് ഖാര എന്നിവർക്കെതിരെ വിദ്യാർത്ഥിനികൾ പരാതി നല്കിയപ്പോഴും, പ്രസ്തുത വിഷയം പൊതുജനമധ്യത്തിൽ ചർച്ചയാക്കിയതിന്  ICC ഇരകളെ നിശിതമായി ശാസിച്ചിരുന്നു. രണ്ടു കേസുകളിലും ICC ആരോപിതരായ പ്രൊഫസർമാരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios