Asianet News MalayalamAsianet News Malayalam

ഇന്ന് പാകിസ്ഥാനിലേക്ക് വീണ്ടും തിരിച്ചു വരുന്നു, 'ജുനൂൻ'

ജുനൂൻ, അവരുടെ ഒരു പാട്ടിൽ  അവർ ഇന്ത്യയും പാകിസ്താനും നടത്തിയ ആണവപരീക്ഷണങ്ങളെ വിമർശിച്ചിരുന്നു. " ഇത്ര അടുത്ത് കിടക്കുന്ന നമ്മുടെ അയൽക്കാരെ നമ്മൾ ശത്രുക്കളായി കാണുന്നതെന്തിന്..? അവരെ വെല്ലാൻ ആയുധങ്ങൾ കോപ്പുകൂട്ടുന്നത് എന്തിന്.. ? " എന്ന് 'ജുനൂൻ' പാടിയപ്പോൾ അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ആ ബാൻഡിനെത്തന്നെ നിരോധിച്ചുകളഞ്ഞു. 

junoon soofi band
Author
Pakistan, First Published Dec 25, 2018, 5:50 PM IST

തൊണ്ണൂറുകളിൽ പാട്ടുകേട്ട് വളർന്നുവന്ന ഏതൊരു കുട്ടിയുടെയും ഇഷ്ട ബാൻഡുകളിൽ ഒന്നായിരുന്നു ജുനൂൻ എന്ന പാക് സൂഫി ബാൻഡ്. ഉർദുവിൽ ജുനൂൻ എന്നുവെച്ചാൽ 'അഭിനിവേശം'. 1990ൽ ലാഹോറിൽ പാട്ടെഴുത്തുകാരനും ബാൻഡിന്റെ ലീഡ് ഗിറ്റാറിസ്റ്റുമായിരുന്നു സൽമാൻ അഹമ്മദ്, കീബോർഡിസ്റ്റ് നുസ്രത്ത് ഹുസ്സൈൻ, വോക്കലിസ്റ്റ് അലി അസ്മത്ത് എന്നിവർ ചേർന്ന് ജുനൂൻ ബാൻഡിന് രൂപം നൽകിയപ്പോള്‍ 'സൂഫി റോക്ക് ' എന്ന സവിശേഷ സംഗീത ശാഖ ജന്മമെടുത്തു. ന്യൂയോർക്ക് ടൈംസ് മാസിക അവരെ  'പാക്കിസ്ഥാനിലെ U2' എന്ന് വിശേഷിപ്പിച്ചു. അവരുടെ 3  കോടിയിലധികം റെക്കോർഡുകൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. 

ലോകപ്രശസ്ത സംഗീത കമ്പനിയായ EMIയുമായി ചേർന്ന് അവർ പുറത്തിറക്കിയ 'ജുനൂൻ' എന്ന ആദ്യ ആൽബം വൻ ഹിറ്റായിരുന്നു. അധികം താമസിയാതെ നുസ്രത്ത് ഹുസ്സൈൻ ബാൻഡ് വിടുന്നു. തുടർന്ന് സൽമാൻ തന്റെ സഹപാഠിയായിരുന്ന ഡ്രമ്മർ ബ്രയാൻ ഓ കോണലൈൻ കൂടെക്കൂട്ടി അടുത്ത ആൽബം  'തലാശ്' പുറത്തിറക്കുന്നു. അവരുടെ മൂന്നാമത്തെ ആൽബമായ 'ഇൻക്വിലാബി'നു ശേഷമാണ് അവർ തബ്‌ല പോലുള്ള ദേസി ഉപകരണങ്ങൾ റോക്കുമായി കലർത്തി സൂഫി റോക്ക് എന്നുള്ള ശാഖ പാകിസ്താനിലും ലോകമെമ്പാടും ജനപ്രിയമാക്കുന്നതിലേക്ക് എത്തിച്ചേർന്നത്. 97-ൽ അവരുടെ ആദ്യത്തെ ഇന്റർനാഷണൽ ആല്ബമായ 'ആസാദി' വന്നു. ഇന്ത്യയിൽ റിലീസ് ചെയ്യപ്പെട്ട അവരുടെ ആദ്യ ആൽബവും അതുതന്നെയായിരുന്നു. അവരുടെ ആദ്യത്തെ സിംഗിൾ ആയ 'സയ്യോനീ..' പ്രശസ്ത സംവിധായകൻ അസിം റാസയാണ് സംവിധാനം ചെയ്തത്. 1999  മാർച്ച് മാസം ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി  ജുനൂൻ ബാൻഡിനെ അയൽരാജ്യങ്ങൾക്കിടയിലെ സൗഹൃദം വളർത്തുന്നതിന്റെ ഭാഗമായി ദില്ലിയിലേക്ക് ക്ഷണിക്കുകയുണ്ടായി. 

 ജുനൂൻ, അവരുടെ ഒരു പാട്ടിൽ  അവർ ഇന്ത്യയും പാകിസ്താനും നടത്തിയ ആണവപരീക്ഷണങ്ങളെ വിമർശിച്ചിരുന്നു. " ഇത്ര അടുത്ത് കിടക്കുന്ന നമ്മുടെ അയൽക്കാരെ നമ്മൾ ശത്രുക്കളായി കാണുന്നതെന്തിന്..? അവരെ വെല്ലാൻ ആയുധങ്ങൾ കോപ്പുകൂട്ടുന്നത് എന്തിന്.. ? " എന്ന് 'ജുനൂൻ' പാടിയപ്പോൾ അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ആ ബാൻഡിനെത്തന്നെ നിരോധിച്ചുകളഞ്ഞു.  1998-ലായിരുന്നു നിരോധനം. ബാൻഡ് അംഗങ്ങൾക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. അവരുടെ പാട്ടുകൾ റേഡിയോ, ടിവി അടക്കമുള്ള എല്ലാ മാധ്യമങ്ങളിലും എയർ ചെയ്യുന്നതിനുപോലും വിലക്ക് ബാധകമായിരുന്നു  
 
ഇരുപതു വർഷങ്ങൾക്കിപ്പുറം, ഇന്നുരാത്രി, ജുനൂൻ പാകിസ്താനിലേക്ക് അവരുടെ തിരിച്ചുവരവ് നടത്തുകയാണ് DHA സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിക്കപ്പെടുന്ന ഒരു ക്രിസ്മസ് കൺസർട്ടിലൂടെ. ഇന്ന് നവാസ് ഷെരീഫ് 10  വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണെന്നതും, പാകിസ്താൻ പാർലമെന്റിൽ നിന്നും എന്നെന്നേക്കുമായി വിലക്കപ്പെട്ടിരിക്കുകയാണെന്നതും ഒക്കെ  'കാവ്യനീതി'യാണ് എന്ന് തോന്നാം. കൺസർട്ടിന്റെ ടിക്കറ്റുകളെല്ലാം നാലിരട്ടി വിലവരെ നൽകി ജുനൂൻ ആരാധകർ സ്വന്തമാക്കിക്കഴിഞ്ഞു.   ആയിരക്കണക്കിന് ആരാധകർ ടിക്കറ്റു കിട്ടാതെ വിഷമിച്ചും ഇരിപ്പുണ്ടെന്നതാണ് സത്യം. 3000  മുതൽ 7000  രൂപ വരെ ആരാധകർ കൊടുത്താണ് ടിക്കറ്റുകൾ സംഘടിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios