സാധാരണക്കാരുടെ ഭാഷയില്‍ പ്രസംഗിക്കുകയെന്നാല്‍ തരംതാണ പണിയാണെന്ന് കരുതിയിരുന്നവര്‍ക്ക് കിട്ടിയ കനത്ത ആഘാതമായിരുന്നു ഉഴവൂരിന്റെ പ്രസംഗങ്ങള്‍. സമകാലിക സംഭവങ്ങളെ തമാശയില്‍ പൊതിഞ്ഞ് ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയെന്നതാണ് ആ ശൈലി- കെ വി മധു എഴുതുന്നു
രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങള്‍ കണക്കില്ലാതെ കേട്ടവരായിരിക്കും ഓരോ മലയാളിയും. പൊതുവേ രണ്ട് തരത്തിലാണ് രാഷ്‍ട്രീയപ്രസംഗങ്ങള്‍. ഒന്ന് ബോറടിപ്പിക്കുന്ന ഉള്ളടക്കമില്ലാത്തവ. രണ്ട്, വിവരങ്ങള്‍ കുത്തിനിറച്ച രസികന്‍ പ്രസംഗങ്ങള്‍. ബോറടിക്കാതിരിക്കാന്‍ രണ്ടുകൂട്ടരും തമാശകള്‍ അല്‍പ്പാല്‍പ്പം കലര്‍ത്തുകയും ചെയ്യും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, മുഴുവന്‍ സമയ ആക്ഷേപഹാസ്യ പരിപാടി കാണുന്നതുപോലെ ഏതൊരു ശരാശരി മലയാളിയെയും പിടിച്ചിരുത്തുന്ന പ്രസംഗത്തിലുടെ ഒരു പ്രസംഗതാരമായി മാറിയ രാഷ്‍ട്രീയ നേതാവാണ് ഉഴവൂര്‍ വിജയന്‍. മലയാളികളുടെ അഭിമാനമായ രാഷ്‍ട്രപതി കെ ആര്‍ നാരായണന്റെ ജന്മനാട്ടില്‍ നിന്ന് അദ്ദേഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തനായ സാധാരണക്കാരുടെ ഈ ആക്ഷേപഹാസ്യപ്രാസംഗികന്‍ വളര്‍ന്നുവന്നു. ഒരു പ്രമുഖ ദേശീയ പാര്‍ട്ടിയുടെ കേരളത്തിലെ ഒന്നാമത്തെ നേതാവായി ഉയരാന്‍ അദ്ദേഹത്തെ സഹായിച്ചത് പ്രധാനമായും ആ പ്രസംഗശൈലിയാണ്.
സാധാരണക്കാരുടെ ഭാഷയില്‍ പ്രസംഗിക്കുകയെന്നാല്‍ തരംതാണ പണിയാണെന്ന് കരുതിയിരുന്നവര്‍ക്ക് കിട്ടിയ കനത്ത ആഘാതമായിരുന്നു ഉഴവൂരിന്റെ പ്രസംഗങ്ങള്‍. സമകാലിക സംഭവങ്ങളെ തമാശയില്‍ പൊതിഞ്ഞ് ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയെന്നതാണ് ആ ശൈലി. ഇത്തരം തമാശകള്‍ പറഞ്ഞാല്‍ ജനം വിലനല്‍കുമോ എന്ന് ചോദിക്കുന്നവരോട് ഇന്ത്യയുടെ രാഷ്ട്രപതിയാകണ്ട എന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് തിരിച്ചടിക്കുന്ന ആളാണ് ഉഴവൂര്‍.
ചാനലുകളിലെ സറ്റയര്‍ പ്രോഗ്രാമുകള്‍ ആവോളം ആഘോഷിച്ച പ്രസംഗങ്ങളായിരുന്നു ഉഴവൂരിന്റേത്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ മലയാളത്തിലെ ആദ്യപ്രതിദിന ആക്ഷേപഹാസ്യപരിപാടിയായി ഡെമോക്രെയ്‌സി ആരംഭിച്ചപ്പോള്‍ ഇടവിട്ടുള്ള മിക്ക ദിവസങ്ങളിലും കാര്യമായ വിഭവങ്ങള്‍ ഉഴവൂര്‍ നല്‍കിയിരുന്നു. പിന്നീടിപ്പോ ചിത്രം വിചിത്രത്തിലും മുഖ്യതാരമായി ഉഴവൂര്‍ വാഴുകയായിരുന്നു. ഏറ്റവും ഒടുവില്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് സംസ്ഥാനത്തെ ചില നേതാക്കള്‍ ശരത് പവാറിനെ സമീപിച്ചപ്പോള്‍ മുംബൈയിലിരുന്ന് തമാശരൂപേണ പറഞ്ഞ ആ വാക്കുകളും ഓര്‍ത്തുപോവുകയാണ്.
രണ്ട് രീതിയിലാണ് ഉഴവൂരിന്റെ തമാശകള്‍ വികസിക്കുക. ഒന്ന് കഥകളായി പറയുക. രണ്ട് ചെറുവാക്യങ്ങളിലൂടെ അമ്പുപോലെ എതിരാളികള്‍ക്ക് മേല്‍ തറപ്പിക്കുക. വ്യക്തിപരമായി ബന്ധപ്പെടുത്തി കഥകളുണ്ടാക്കുകയും അങ്ങനെ എതിരാളികളെ ആക്രമിക്കുകയും ചെയ്യുക എന്നതാണ് എന്നും ശീലമായിരുന്നു. കെഎം മാണിക്കെതിരെ കോഴയാരോപണം വന്നപ്പോള്‍ ഉഴവൂര്‍ സ്ഥിരമായി പറയാറുള്ള കഥ. ഉഴവൂരിനടുത്ത കോഴ എന്ന ഗ്രാമത്തെ ബന്ധിപ്പിച്ചുകൊണ്ടാണ്.

ആ കഥയുടെ ചുരുക്കം ഇങ്ങനെ-
''കോഴ കോഴ എന്ന് ആളുകള്‍ പറയുന്നത് കേട്ട് കേരള കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ കോഴ വഴി പാലായ്ക്ക് പോകുന്ന ബസിലേ കയറാറില്ല. കഴിഞ്ഞ ദിവസം ഞാന്‍ പാലായ്ക്കു പോകുമ്പോള്‍ കോഴ സ്‌റ്റോപ്പില്‍ ബസെത്തി. കോഴ കോഴയെന്ന് കണ്ടക്ടര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചിലര്‍ വന്ന് കളിയാക്കുന്നോടാ എന്നും പറഞ്ഞ് കണ്ടക്ടറുടെ കോളറയ്ക്ക് കയറിപ്പിടിച്ചു. സംഗതി ചോദിച്ചപ്പോഴാണ് മനസ്സിലായത്. ക്ഷുഭിതരായവര്‍ കേരള കോണ്‍ഗ്രസ്സുകാരായിരുന്നു. മാണി സാറിനെ കോഴയെന്ന് കളിയാക്കാന്‍ കണ്ടക്ടര്‍ അവരുടെ മുഖത്തുനോക്കി പറഞ്ഞതായി അവര്‍ക്ക് തോന്നി. അപ്പോഴാണത്രെ കണ്ടക്ടറെ കൈകാര്യം ചെയ്യാനിറങ്ങിയത്. ''
കഥകള്‍ ഈ മട്ടിലണ് പോകുക. 2011ലെ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്കെതിരെ പാലായില്‍ മല്‍സരിച്ച് പരാജയപ്പെട്ട ഒരു സംഭവം ഉഴവൂര്‍ വിജയന്റെ രാഷ്‍ട്രീയജീവിതത്തിലുണ്ട്. ബാര്‍കോഴ ഉയര്‍ന്നുവന്നപ്പോള്‍ കെ എം മാണിയെ കടുപ്പത്തില്‍ ആക്രമിക്കാന്‍ നിരവധി കഥകള്‍ ഉഴവൂര്‍ അവതരിപ്പിച്ചു. പാലായിലെ വികസനമില്ലായ്മയെ കുറിച്ച് പറഞ്ഞ ഒരുകഥ ഏറെ രസകരമായിരുന്നു. അതിങ്ങനെ:
''എനിക്ക് മാണിസാറിന്റെ മുഖത്ത് നോക്കാന്‍ തന്നെ മടിയാണ്. പത്തമ്പത് വര്‍ഷമായി ജനസേവനം നടത്തുന്ന ഈ മനുഷ്യന് ഈ ഗതി വന്നല്ലോ എന്ന് മണ്ഡലത്തില്‍ പോയപ്പോള്‍ തന്നെ ഉള്ളില്‍ തോന്നി. പ്രചാരണത്തിനിടെ പാലായില്‍ വച്ച് കണ്ണുകാണാന്‍ വയ്യാത്ത ഒരാളെ കണ്ടു. പത്തമ്പതുകൊല്ലമായി അദ്ദേഹം ഭിക്ഷയെടുത്ത് നടക്കുകയാണ്. അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു.
'' ഇത്തവണ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത്''
'' എന്റെ പൊന്നുസാറേ, ഞാന്‍ വളരെ കാലമായി കെ എം മാണിക്കാണ് വോട്ട് ചെയ്യുന്നത്. ''
'' അതെന്താ''
'' അത് വേറൊന്നുമല്ല, എനിക്ക് കണ്ണുകാണാന്‍ മേലാതെ ഈ വടിയുമായി ധര്‍മമെടുക്കാന്‍ പോകുമ്പോ എങ്ങും ഞാന്‍ തട്ടിവീഴാറില്ല. അമ്പതുകൊല്ലമായി വഴിയൊക്കെ ഇങ്ങനെ കിടക്കുകയാണ്. ഇനി ആളുമാറി റോഡും തോടുമൊക്കെ വികസിപ്പിച്ച് എന്റെ വഴിമുടക്കരുത് എന്നതാണ് എന്റെ അഭ്യര്‍ത്ഥന. അതിനാണ് ഞാന്‍ മാണിക്ക് വോട്ട് ചെയ്യുന്നത്''
പാലായില്‍ മാണിക്ക് വോട്ടുചെയ്യാന്‍ നടക്കുന്നതായി ഈയൊരാളെ മാത്രമേ ഞാന്‍ കണ്ടുളളൂ. അങ്ങനെയുള്ള മറ്റൊരാളെ കാണാന്‍ നടന്ന നടത്തവും വെറുതെയായതോടെ മണ്ഡലപര്യടനം നിര്‍ത്തി പാലായില്‍ നിന്ന മടങ്ങി''
ഇങ്ങനെ നിരവധി തമാശകള്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോളാര്‍ മുതല്‍ ബാര്‍കോഴ വരെ സര്‍ക്കാരിനെ ആട്ടിയുലച്ച ഗുരുതരമായ ആരോപണപ്പെരുമഴയുണ്ടായപ്പോഴും ഉഴവൂര്‍ തന്റെ ശൈലി കൈവിട്ടില്ല. അവയില്‍ പ്രധാനപ്പെട്ട ചില തമാശകള്‍ നോക്കുക.
മാന്ത്രികക്കല്ല്
(സോളാര്‍ പ്രതിഷേധത്തിനിടെ ഉമ്മന്‍ചാണ്ടിക്ക് കല്ലേറേറ്റ സംഭവത്തെ കുറിച്ചുള്ള പ്രസംഗം. പലരെ മറികടന്ന് ഉമ്മന്‍ചാണ്ടിയുടെ ശരീരത്തില്‍ തന്നെ കൊണ്ട ആ കല്ലിനെ കുറിച്ചുള്ള കോണ്‍ഗ്രസ്സുകാരുടെ വ്യാഖ്യാനങ്ങളെ കളിയാക്കുന്ന ഉഴവൂര്‍ വിജയന്റെ വര്‍ണന-പഴയ പ്രസംഗത്തില്‍ നിന്ന്)
ആ കല്ല് ഒരു മാന്ത്രിക ശക്തിയുള്ള കല്ലായിരുന്നു. മാണിക്യക്കല്ലായിരുന്നു. മിക്കവാറും ആ കല്ലുമായി അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ ഒരു യാത്ര നടത്താന്‍ സാധ്യതയുണ്ട്. കല്ലിന് സ്വീകരണം, മാലയിടല്‍, മുദ്രാവാക്യം വിളിക്കല്‍ ഒച്ചയും ബഹളവും ഒക്കെയായിരിക്കും. കല്ലെന്നു പറഞ്ഞാല്‍ നമുക്കറിയാം. ബസ്സിന്റെ ചില്ലിനിട്ടൊരേറ് കൊണ്ടാല്‍ ഗ്ലാസ് പൊളിഞ്ഞുപോകത്തേയുള്ളൂ. എന്നിട്ട് കല്ലവിടെ തന്നെ വീണുപോകും. ഗ്ലാസിനകത്തേക്ക് ചെലപ്പോ പോയേക്കും. എന്നാലും പോകാന്‍ സാധ്യതയില്ല. പക്ഷേ ഈ കല്ല് അങ്ങനെയല്ല.
ഇടതുവശത്തെ ചില്ലിനിടയിലൂടെ കടന്നുവന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മൂക്കാണ് ആദ്യം കല്ലിന് ദൃശ്യമായത്. വലിയ മൂക്കാണല്ലോ അദ്ദേഹത്തിന്റേത്. മൂക്കില്‍ തട്ടാതെ ആ കല്ല് നേരെ അപ്പുറത്തെ ചില്ലിനിട്ട് തട്ടി. അപ്പോള്‍ ആ ചില്ലിന്റെ ഒരു കഷ്ണം വന്ന് അദ്ദേഹത്തിന്റെ നെറ്റിയിലേക്ക് വീണു. എന്നാല്‍ കല്ലവിടെയൊന്നും നിന്നില്ല. 'അതുകൊണ്ടരിശം തീരാഞ്ഞിട്ടാ കാറിനകത്ത് മണ്ടി നടന്ന് ആ കല്ല് നേരെ കാറിലുണ്ടായിരുന്ന കെ സി ജോസഫിന്റെ അടുത്ത് ചെന്നു. കെ സി ജോസഫിനെ കണ്ടപ്പം കല്ലിന് സിമ്പതി തോന്നി. പാവമാണെന്നുതോന്നുന്നു. ഇയാക്കിട്ട് ഞാന്‍ കൊടുക്കുന്നില്ല, കെ സിയെ വെറുതെ വിട്ടു. സോറി, പിന്നെ കാണാം എന്ന് പറഞ്ഞിട്ട് അവിടന്ന് പോയി.
പിന്നെ കാറില്‍ മുന്നിലിരിക്കുന്ന സിദ്ദിഖെന്നുപറഞ്ഞ ഒരു ഗണ്‍മാനെയാണ് കണ്ടത്(!) കെപിസിസി സെക്രട്ടറിയാണ്. സെക്രട്ടറിമാര്‍ക്ക് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ചിലപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനാകും. ആ പുള്ളിയുടെ കൈയുടെ ഇടത്തുഭാഗത്തൂടെ ചെന്ന് കല്ലിങ്ങനെ ഇക്കിളികൂട്ടി, ഇക്കിളി കൂട്ടി മെല്ലെ പോയെന്നാണ് പറഞ്ഞത്.
അവിടം കൊണ്ടും നിന്നില്ല. ത്രിഡി സിനിമകളിലെ പോലെ അപ്പുറത്തെ ചില്ലിലൂടെ ആ കല്ല് പുറത്തേക്ക് എടുത്തുചാടിയെന്നാണ് കഥ. അങ്ങനെ കല്ല് കണ്ണൂരില്‍ നിന്ന് വയനാട് വഴി തമിഴ്‌നാട്ടിലോട്ട് പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊലീസിപ്പോ ആകല്ല് തേടിപ്പോയിരിക്കുകയാണ്. അവര്‍ പറയുന്നത് അതൊരു ചുവന്നകല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ അത് മാര്‍ക്‌സിസ്റ്റുകാര്‍ എറിഞ്ഞതാണെന്നുമാണ്.

വിരലിന് എന്നാ പറ്റി?
ഉമ്മന്‍ചാണ്ടി കണ്ട കൊള്ളക്കാര്‍ക്കും കൊളളിവെപ്പുകാര്‍ക്കുമെല്ലാം ഭൂമി പതിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കളക്ടര്‍മാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഇരിക്കപ്പൊറുതിയില്ല. എന്റെ നാട്ടിലെ കളക്ടറെ ഞാന്‍ ഈയിടെ കണ്ടു. കൈയേലൊരു തുണിചുറ്റിയിട്ടിരിക്കുന്നു. വിരലിന് വല്ല അസുഖവുമായിരിക്കും എന്നുകരുതി ഞാന്‍ ചോദിച്ചു
'' എന്നാ പറ്റി''
അപ്പോഴാണ് പറഞ്ഞത്. അസുഖമൊന്നുമല്ലാന്ന്. നാലുദിവസമായി രാത്രിയില്‍ കിടന്നൊപ്പിട്ടോണ്ടിരിക്കുകയാണത്രെ. ഒപ്പിട്ടിട്ടിട്ട് വിരലങ്ങനെയായിപ്പോയി. സകല ഭൂമിയും പതിച്ചുകൊടുക്കുകയാണ്. ഭൂമി മാത്രമല്ല കായലും കൂടി പതിച്ചുകൊടുത്തോണ്ടിരിക്കുകയാണ്. മെത്രാന്‍ കായലൊക്കെ ഒരുദാഹരണം മാത്രം. കടല് മാത്രമാണ് പതിച്ചുകൊടുക്കാത്തത്. ബാക്കി മൊത്തം പതിച്ചുകൊടുക്കുന്ന സ്ഥിതിയാണ്.
ക്യാബിനറ്റ് പദവി
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ക്യാബിനറ്റ് പദവികൊണ്ട് ഒരുരക്ഷയുമില്ല. ഭരണം നിലനിര്‍ത്താന്‍ വഴിയേ പോകുന്നവര്‍ക്കെല്ലാം ക്യാബിനറ്റ് പദവി കൊടുക്കുകയാണ്. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമൊക്കെ കൊടുക്കുന്നുണ്ട്. ഞാനിപ്പോ ഉമ്മന്‍ചാണ്ടിയുടെ അടുത്തൂടെ തന്നെ പോകാറില്ല. ചുമ്മാ ഒരു സ്‌നേഹം വച്ച് ഒരുക്യാബിനറ്റ് കൊണ്ടുപോകാന്‍ പറഞ്ഞാല്‍ നമ്മള് ബുദ്ധിമുട്ടിലാകും. ഒരു വല്യമ്മ വികലാംഗപെന്‍ഷന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ അടുത്തുചെന്നുവത്രെ. കാര്യം പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു, പെന്‍ഷന്‍ ഇപ്പോ അനുവദിക്കാന്‍ ബുദ്ധിമുട്ടാണ്. വേണേലൊരു ക്യാബനറ്റ് പദവി തരാം എന്ന്. രണ്ടുകാലുമില്ലാത്ത വല്യമ്മയ്ക്ക് ക്യാബിനറ്റ് കിട്ടീട്ടെന്നാകാര്യം. അങ്ങനെ ക്യാബിനറ്റ് പദവി കൊടുത്തോണ്ടിരിക്ക്യാ. ഇനി അടുത്ത അഞ്ചുകൊല്ലത്തേക്കുള്ള ക്യാബനറ്റ് റാങ്കുകാരെ പ്രഖ്യാപിക്കുമോ എന്നാണ് എന്റെ പേടി. സന്തോഷ് മാധവന് ക്യാബിനറ്റ് പദവി കൊടുക്കാന്‍ പോവുകയാണ്. ആട് ആന്റണിപോലും ക്യാബനറ്റ് പദവിയില്‍ വന്നാല്‍ അല്‍ഭുതപ്പെടാനില്ല.
മാണിക്കൊരുമ്മ
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആരും ഉമ്മവച്ചുപോകുമല്ലോ. അതുമാത്രമല്ല മധുരമുള്ള ഉമ്മയാണ് നല്‍കിയത്. ലഡു കഴിച്ചതിന് ശേഷമുള്ള ആ ഉമ്മാന്ന് പറഞ്ഞാലുണ്ടല്ലോ, അതാണ് ഉമ്മ. ഒരുമ്മ തന്നെ ഒരുപത്തുമ്മയുടെ ഫലം ചെയ്യും. അമ്മാതിരി മധുരമുള്ള ഉമ്മയാണ്. എന്റെ സംശയം അതൊന്നുമല്ല, ആ ഉമ്മ കിട്ടാന്‍ വേണ്ടി ലീഗുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും മാണി കോഴ കൊടുത്തിട്ടുണ്ടോ എന്നാണ്.
കോഴയിലെ ഐക്യം
എനിക്ക് യുഡിഎഫിനോട് ഒരു ബഹുമാനമുള്ളത്. സമുദായ ഐക്യം പാലിച്ചു എന്നതുകൊണ്ടാണ്. മാണി സാര്‍, അതുപോലെ ഇബ്രാഹിംകുഞ്ഞ് അവര്‍ക്കും അര്‍ഹമായ പ്രാധാന്യം കൊടുത്തു. കെ ബാബു, കെ എം മാണി, ഇബ്രാഹിംകുഞ്ഞ്.

പരീക്ഷപാസ്സാകാത്ത പ്രോസിക്യൂട്ടര്‍മാര്‍
(സര്‍ക്കാര്‍ നിരന്തരം കേസുകളില്‍ തോല്‍ക്കുകയും ഒത്തുകളിയാരോപണം ഉയരുകയും ചെയ്തപ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കെതിരായ പ്രസ്താവന)
സര്‍ക്കാര്‍ വക്കീലന്മാരുടെയൊക്കെ കാര്യം കഷ്ടമാണ്. എല്‍എല്‍ബി പോലും എല്ലാവര്‍ക്കും ഉണ്ടോ എന്ന് ഉറപ്പു പറയാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ കണ്ടു 30 ശതമാനം പ്രോസിക്യൂട്ടര്‍മാര്‍ക്കും ഒറിജിനല്‍ എല്‍എല്‍ബി ഇല്ല, ഒരാളെ ഞാന്‍ കണ്ടു, അയാള്‍ അന്യസംസ്ഥാനത്തുനിന്ന് തട്ടിക്കൂട്ടിയെടുത്ത എല്‍എല്‍ബിയാണ്. പ്രത്യേകിച്ച്, അബ്ദുറബ്ബാണല്ലോ വിദ്യാഭ്യാസമന്ത്രി, എസ്എസ്എല്‍സിയുടെ മാത്രമല്ല, ഏത് കോഴ്‌സിന്റെയും സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പ്രയാസമില്ല. കുറച്ച് എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ നമ്മുടെ അബ്‍ദുറബ്ബ് തന്നെ തരപ്പെടുത്തിക്കൊടുക്കും. പരീക്ഷ എഴുതിച്ച് ബുദ്ധിമുട്ടിക്കുകയേ ഇല്ല, എഴുതാത്തവര്‍ക്കും കൊടുക്കും.
മാണി സാറാണ് നിയമമന്ത്രി. അദ്ദേഹം പാലായിലെ തെരഞ്ഞെടുപ്പുകാലത്തൊക്കെ ആരെങ്കിലും അടുത്തേക്ക് വന്നാല്‍ പറയും.
'' നിന്നെ ഞാന്‍ പ്രോസിക്യൂട്ടറാക്കും.''
അപ്പോ അയാള്‍ചോദിക്കും
'' സാറെ, ഞാന്‍ പരീക്ഷ എഴുതിയില്ല.'
'' സാരല്ലടാ, അതൊക്കെ പിന്നെ എഴുതിയാ പോരേ, അതിന് മുമ്പ് ഞാന്‍ പ്രോസിക്യൂട്ടറാക്കാം.''
അപ്പോ പിന്നെ പ്രോസിക്യൂട്ടര്‍മാരെ പറഞ്ഞിട്ടെന്തുകാര്യം.
കോഴ വാങ്ങാന്‍ ഒരുശൈലി
ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്. ഉദാഹരണത്തിന് കൈക്കൂലി വാങ്ങിക്കുന്ന കാര്യമെടുക്കുക. ബിജെപിക്കാര്‍ കൈക്കൂലി മേടിക്കുകയാണെങ്കില്‍, അവര്‍ ചെല്ലുമ്പോഴേ പറയും
''നമസ്‌തേ''
ഉടനെ പറയും
'' ദക്ഷിണ വയ്ക്കൂ''
ഇനി കാശ് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ പറയും
''വന്ദേമാതരം'' എന്ന്. അപ്പോ കൈക്കൂലി കൊടുത്ത ആള്‍ക്ക് കാര്യം നടക്കുമെന്നും പ്രതീക്ഷിച്ച് തിരിച്ചുപോകാം. നടക്കുവോ ഇല്ലയോന്ന് പറയേണ്ടല്ലോ.
കോണ്‍ഗ്രസ്സാണെങ്കിലോ, ഗുഡ്‌മോണിംഗ് എന്നുപറയുമ്പോള്‍ കാശെടുത്തുകൊടുക്കുക, പണം കൈയില്‍ കിട്ടിയാല്‍ ഉടന്‍ ജയ്ഹിന്ദ്. എന്നുപറയും. അതിന്റെ അര്‍ത്ഥം. നിങ്ങള് വിട്ടോ, കാര്യം ഞാന്‍ നടത്തിത്തരാം എന്നാണ്. കൈക്കൂലിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റുപലതിലും രാഷ്‍ട്രീയമായ ശൈലിയുണ്ട്. ബിജെപിക്കാരാണെങ്കില്‍ "ക്ക' ഉള്ളതൊന്നും ഉപയോഗിക്കില്ല. ഇക്ക എന്നുവരുമല്ലോ, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക ഒന്നും അവരുപയോഗിക്കില്ല. അറബിക്കടലില്‍ അറബി ഉള്ളതുകൊണ്ട് കാവിക്കടല്‍ എന്നുപറയാനാണ് അവര്‍ നിര്‍ബന്ധിക്കുക.
ലീഗുകാരുടെ സ്ഥിതിയും അങ്ങനെ തന്നെ. അവരോട് കാച്ചിയ മോര് കഴിക്കുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല, പച്ചമോര് മാത്രമേ നമ്മള്‍ കളിക്കാറുള്ളൂ എന്ന് അവര്‍ പറയും. നമ്മള്‍ ജനഗണമന പാടിയാല്‍ അവര്‍ പച്ചമാങ്ങാ, പച്ചമാങ്ങാ എന്ന പാട്ടാണ് പാടുക. ഇത്തിരിപൂവേ ചുവന്ന പൂവേ എന്ന് പാടേണ്ടി വരുമ്പോള്‍ ഇത്തിരി പൂവേ പച്ചപ്പൂവേ എന്നാക്കിപ്പാടും. അങ്ങനെയാണ് അവരുടെ ഓരോശൈലികളും.

തലയ്ക്ക് വട്ടം വരയ്ക്കുന്നവര്‍
ഉമ്മന്‍ചാണ്ടിയുടെ കൂടെ നടക്കുന്ന ആരുടെ തലയ്ക്കാണ് ഈ ടിവി ചാനലുകള്‍ വട്ടംവരയ്ക്കാതെയുള്ളത്. ചാനലുകളിലൊക്കെ ഇപ്പോള്‍ വട്ടം വരച്ചോണ്ടിരിക്കുകയാണ്. ചുവന്ന വട്ടം വരയ്ക്കാന്‍ വരക്കാരെ ആവശ്യമുണ്ട് എന്നതാണ് അവസ്ഥ. മുഖ്യമന്ത്രിയുടെ പിറകിലും ഇടത്തും വലത്തുമെല്ലാം നടക്കുന്നവരെ വട്ടം വരച്ചുകാണിക്കേണ്ടി വരികയാണ്. ഓരോ കേസു വരുമ്പോഴും ഓരോരുത്തരും പ്രതികളാകുന്നു. അങ്ങനെ മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളവരോരോരുത്തരായി കുടുങ്ങുന്നു. ഇവരെ കാണിക്കാന്‍ ടിവി ചാനലുകാര്‍ മുഖ്യമന്ത്രിക്കൊപ്പം നടക്കുന്ന പ്രിയപ്പെട്ടവരുടെ വിഷ്വല്‍ വട്ടം വരച്ചുകാണിച്ചോണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിക്കൊപ്പം നടക്കുന്നവരില്‍ വട്ടം വരയ്ക്കാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടാണീ വട്ടായി വട്ടായി എന്ന പാട്ടുതന്നെ ഉണ്ടായത്. !
വിഡ്ഢിമഹാന്‍
എസ്എസ്എല്‍സി പരീക്ഷാഫലത്തിന്റെ അവസ്ഥയെന്താ. ആദ്യമൊന്ന് പ്രസിദ്ധീകരിക്കും. തൊട്ടടുത്ത ദിവസം മുതല്‍ മാറ്റങ്ങളാണ്. ചുരുക്കത്തില്‍ കരട് രൂപമാണ് ഇപ്പോള്‍ പ്രഖ്യാപിക്കുക. വോട്ടര്‍പട്ടികയൊക്കെ പ്രസിദ്ധീകരിക്കുമ്പോലെ, പിന്നീട് കരടില്‍ തെറ്റുണ്ടെങ്കില്‍ അതൊക്കെ തിരുത്തി പുനപ്രസിദ്ധീകരിക്കും. അതുതന്നെയാണ് അബ്‍ദുറബ്ബിന്റെ കാലത്തെ എസ്എസ്എല്‍സി പരീക്ഷയുടെയും അവസ്ഥ. എപ്രില്‍ മാസത്തിലാണല്ലോ ഫലം പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് യുഡിഎഫാണ് ഭരിക്കുന്നതെങ്കില്‍, അബ്‍ദുറബ്ബാണ് വിദ്യാഭ്യാസമന്ത്രിയെങ്കില്‍, ആ കാലങ്ങളില്‍ ഏപ്രില്‍ ഫൂളിന്റെ ദിവസം വേണം എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കാന്‍. അല്ലെങ്കില്‍ പിന്നെയൊരു വഴിയേ ഉള്ളൂ. ഏപ്രില്‍ ഫൂള്‍ മാറ്റാന്‍ കഴിയുമോ എന്നെനിക്കറിയില്ല, കഴിയുമെങ്കില്‍ ഇവരീപ്രഖ്യാപിക്കുന്ന ദിവസം ഏപ്രില്‍ഫൂളായി പ്രഖ്യാപിക്കണം. ഞാനാണ് അതിനൊക്കെ അധികാരമുള്ളയാണെങ്കില്‍ ഏപ്രില്‍ ഫൂള്‍ ഇവരുടെ ഫലപ്രഖ്യാപനദിവസത്തേക്ക് മാറ്റിക്കൊടുക്കുമായിരുന്നു. അതുകൊണ്ട് എസ് എസ്എല്‍സി റിസള്‍ട്ടും ഏപ്രില്‍ഫൂളും ഫൂളത്തരങ്ങളും പരിഗണിച്ച് നമ്മുടെ വിദ്യാഭ്യാസമന്ത്രി അബ്‍ദുറബ്ബിന് വിഡ്ഢിമഹാന്‍ എന്നൊരവാര്‍ഡ് ഞാന്‍ പ്രഖ്യാപിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയാണല്ലോ ഏറ്റവും മഹത്തായ പരീക്ഷയായി നമ്മളൊക്കെ കരുതുന്നത്. അതിനെ ഈ പരുവത്തിലാക്കിയ അബ്‍ദുറബ്ബിനെ പിന്നെ എന്താണ് വിളിക്കേണ്ടത്.
കോഴമണ്ഡലം കമ്മറ്റി
എന്റെ വീട് പാലായ്ക്കടുത്താണ്. മാണിസാറിന്റെ വീടിന്റടുത്തായിട്ട് വരും. അവിടെ കോഴ എന്ന പേരില്‍ ഒരു സ്ഥലമുണ്ട്. ഈയിടെ അവിടെ മാണി കോണ്‍ഗ്രസ്സിന്റെ ഒരുപരിപാടി നടന്നപ്പോള്‍ കേരള കോണ്‍ഗ്രസ് കോഴ മണ്ഡലം കമ്മറ്റി എന്ന പേരില്‍ ഒരു പോസ്റ്റര്‍ അടിച്ചു. ഇതറിഞ്ഞ മാണി സാര്‍ അപ്പോ തന്നെ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റുചെയ്തു.
'' നീ കോഴ മണ്ഡലം കണ്‍വെഷന്‍ എന്നും പറഞ്ഞ് പോസ്റ്റര്‍ അടിക്ക്വോടാ'' എന്നും ചോദിച്ച്. അതുകൊണ്ട് കോഴക്കാരാകെ കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്.
പാലായില്‍ നിന്ന് കോഴ വഴി പോകുന്ന ബസുകളുണ്ട്. ആ ബസുകളിപ്പോ മാണിസാറിന്റെ വീടിന് മുന്നിലെത്തുമ്പോള്‍ ക്ലീനര്‍ ബെല്ലടിക്കുകയാണ്. പാവത്തിന് സ്ഥലം മാറിപ്പോകുന്നതാണ്. കോഴ ഇറങ്ങാനുണ്ടോ, കോഴ ഇറങ്ങാനുണ്ടോന്നൊരു ചോദ്യവും. യാത്രക്കാരന്‍ പറഞ്ഞു എട്ടുകിലോമീറ്റര്‍ കൂടിയുണ്ട്, എന്നു പറഞ്ഞാലും, അതുമാത്രമല്ലല്ലോ ഇതും കോഴയല്ലേ എന്ന് തിരിച്ചുചോദിക്കുന്ന അവസ്ഥയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സകല ആരോപണങ്ങളും നീന്തിക്കടന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടു. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫും വന്‍പരാജയം നേരിട്ടുവെങ്കിലും പ്രചാരണകാലം ആഘോഷമാക്കി മാറ്റിയ പ്രാസംഗികനായിരുന്നു ഉഴവൂര്‍ വിജയന്‍. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ചില തമാശകള്‍ ആരെയും പൊട്ടിച്ചിരിപ്പിക്കുന്നവയാണ്. മണ്ഡലപര്യടനകാലത്തെ ചില അമ്പുകള്‍ നോക്കുക.
തരൂരില്‍ എ കെ ബാലന്‍ മിണ്ടാതിരുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാന്‍ ആദ്യം ഉദ്ഘാടനം ചെയ്യാന്‍ പോയത് എ കെ ബാലന്റെ മണ്ഡലത്തിലാണ്. തരൂര്. ഞാനവിടെ ചെന്നപ്പോള്‍ വലിയ ഗമയിലൊക്കെ ഇരുന്ന് ഒരൊറ്റ ചോദ്യമാണ് ഞാന്‍ സ്ഥാനാര്‍ത്ഥിയോട്.
''ഇവിടത്തെ എതിര്‍സ്ഥാനാര്‍ത്ഥിയാരാണ്. ''
ബാലന്‍ മിണ്ടുന്നില്ല. അതെന്നാ ബാലന്‍ മിണ്ടാത്തത്. കേക്കാത്തോണ്ടാണോ. ഒന്നൂടെ ചോദിച്ചു.
''എന്താ ബാലാ എതിര്‍സ്ഥാനാര്‍ത്ഥിയുടെ കാര്യം ചോദിച്ചിട്ട് മിണ്ടാത്തത്. ?''
''സ്ഥാനാര്‍ഥിയൊന്നൂല്ല''
കാര്യം, അവിടെ സ്ഥാനാര്‍ത്ഥിയില്ല, ഞാനവിടെ ചെല്ലുന്ന സമയത്ത്. ഇപ്പോ ആരാണ്ട് വന്നിട്ടുണ്ടെന്നും ഇല്ലെന്നും പറഞ്ഞുകേള്‍ക്കുന്നു. അതുകഴിഞ്ഞപ്പോ ഞാന്‍ ചോദിച്ചു,
''ഏത് പാര്‍ട്ടിക്കാണ ആ സീറ്റ്.? ''
ആ പാര്‍ട്ടി ഇന്നലെ രാത്രി പിളര്‍ന്നുപോയി. ജോണി നെല്ലൂരിന്റെ പാര്‍ട്ടിക്കാരുന്നു. അവര്‍ക്ക് രണ്ടാമതൊരു സീറ്റ് കൊടുത്തത് ഈ തരൂരാ. അതില്‍ ഭേദം തമിഴ്‌നാട്ടില്‍ കൊടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഇനി ആളില്ലാത്ത ഘടകക്ഷിപാര്‍ട്ടികള്‍ക്ക് സീറ്റുകൊടുക്കുമ്പോ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആളുണ്ടോന്ന് കൂടി നോക്കണം.
കോണ്‍ഗ്രസ്സുകാരുടെ ബുദ്ധി
വി എസ്സിന്റെ മണ്ഡലത്തില്‍ ബഹുകൗതുകമാണ്. അവിടെ ചെന്നപ്പോ സങ്കടായിപ്പോയി. ഒരു പയ്യനെ കൊണ്ട് നിര്‍ത്തിയിട്ടുണ്ട്. വി എസ് ജോയ്. ഞാന്‍ ചോദിച്ചു
'' ഈ കൊച്ചിനെ എന്തിനാ ഇവിടെ നിര്‍ത്തിയത്? വി എസ്സിനെ പോലെ ഒരാളോട് മല്‍സരിച്ചുകഴിഞ്ഞാല്‍ പന്ത്രണ്ട് പത്ത് ലോറിയുടെ അടിയില്‍ തവളപോകുന്നതുപോലെ ഇരിക്കുകേലെ. ബാലന്മാരെ ഇങ്ങനെ ഉപദ്രവിച്ചാല്‍ കേസ് വേറെയാണ്. ഈ കൊച്ചിനോട് ഈ കടുങ്കൈ ചെയ്യാവോ?
അപ്പോ പറഞ്ഞു.
''ഉഴവൂരിന് അറിയാന്‍ മേലാഞ്ഞിട്ടാ. ഉഴവൂരിന്റെതുപോലെയല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്സുകാരുടെ ബുദ്ധി''
ഞാന്‍ ചോദിച്ചു
''എന്താ ബുദ്ധി?
''വി എസ് എന്ന ഇനീഷ്യലാണ് എന്നുള്ളതുകൊണ്ട് അപരന്റെ വോട്ട് ഇവന് കിട്ടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഈ ചെറുക്കനെ ഇവിടെ നിര്‍ത്തിയത്. പിന്നെ അവന് സ്‌കൂളില്‍ പഠിക്കുമ്പോ മലമ്പുഴയിലൊക്കെ ഒന്ന് പോണമെന്നുണ്ടായിരുന്നു. അവിടം കാണണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. അതൊന്നും അന്ന് നടന്നില്ല. അതുകൊണ്ടിപ്പോ ഡാമൊക്കെ കണ്ട്, ഊഞ്ഞാലേലൊക്കെ ഇരുന്നാടി, മീറ്റിങ്ങിലൊക്കെ പങ്കെടുത്തൊന്ന് പോരാന്‍ വേണ്ടിയാണ് പയ്യന്‍ പോയത്. ''
അപ്പോ പിന്നെ കുഴപ്പമില്ല. കോണ്‍ഗ്രസ്സുകാരുടെ ആഗ്രഹം പോലെ നടക്കട്ടെയെന്ന ഞാനും കരുതി.

ഒറ്റപ്പാലത്ത് നിന്ന തോട്ടില്‍ വീഴാന്‍
ഒറ്റപ്പാലത്ത് നിന്നപ്പോഴാണ് എനിക്ക് സങ്കടമായത്. അമ്പലപ്പുഴയില്‍ മല്‍സരിക്കാനിരുന്ന ഷാനിമോള്‍ ഉസ്മാനെ പറഞ്ഞയച്ചിരിക്കുകയാണ് ഒറ്റപ്പാലത്തേയ്‍ക്ക്. ആണുങ്ങള്‍ ഒറ്റപ്പാലത്ത് നിന്നാല്‍ പോലും തോട്ടില്‍ പോകും. അപ്പോഴാണ് ഉമ്മന്‍ചാണ്ടി പാവം ഷാനിമോള്‍ ഉസ്മാനോട് ഒറ്റപ്പാലത്തേക്ക് വിട്ടോളാന്‍ പറഞ്ഞത്. ആ കൊച്ചിനോട് അങ്ങനെ വേണാരുന്നോ. പാവം കൊച്ചാ. എനിക്ക് പണ്ടേ അറിയാവുന്നതാണ്. വനിതകളെ സ്‌നേഹിക്കാന്‍ വേണ്ടി ചെയ്ത ഒരു ചെയ്‌ത്തേ.
ഫുള്‍ഫോമുകള്‍ ചാര്‍ത്തി നല്‍കുന്ന തമാശക്കാരന്‍
സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി പേരുകള്‍ മാറ്റിപ്പറയുക. അര്‍ത്ഥം വിശദീകരിച്ച് എതിരാളികള്‍ക്കെതിരായ ആരോപണങ്ങളെ വിശദീകരിക്കുക. ഇതൊക്കെയാണ് ഉഴവൂരിന്റെ മറ്റൊരു രീതി. ആളുകളുടെ പേരുകള്‍ കൂടാതെ സംഘടനകളുടെ പേരുകള്‍ക്കും ഉഴവൂര്‍ പുതിയ അര്‍ത്ഥം കൊടുക്കാറുണ്ട്. രാഷ്‍ട്രീയ പാര്‍ട്ടികളുടെ ഷോര്‍ട്ട് ഫോമുകള്‍ക്ക് പുതിയ വിശദീകരണം നല്‍കി അവതരിപ്പിച്ച നിരവധി പ്രസംഗങ്ങളുണ്ട്. അത്തരത്തില്‍ ചിലവ:
1 ഐയുഎംഎല്‍- ഇന്ത്യന്‍ യൂണിയന്‍ മുതലാളി ലീഗ്
2 ബിഡിജെഎസ് -ബ്രാണ്ടി ദു:ഖമാണുണ്ണീ ജിന്നല്ലോ സുഖപ്രദം
3 എന്‍സിപി- നേരായ കോണ്‍ഗ്രസ് പാര്‍ട്ടി
ശ്രദ്ധിച്ചിരുന്നാല്‍ മാത്രം കാണുന്ന ശ്രദ്ധേയനായ നടന്‍
നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടന്‍ കൂടിയാണ് ഉഴവൂര്‍ വിജയന്‍. എല്ലാസിനിമയിലും സൂപ്രധാനവേഷമാണ് എന്നും സൂക്ഷിച്ചുനോക്കിയാലേ കാണൂ എന്നും അദ്ദേഹം തന്നെ പറയാറുണ്ട്. നടന്‍ ജഗദീഷിനൊപ്പം ആലിബാബയും ആറര കള്ളന്മാരും എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ കോട്ടയത്ത് ജഗദീഷ് കൂടി പങ്കെടുത്ത ഒരു ചടങ്ങില്‍വച്ച് ഉഴവൂര്‍ ആ അഭിനയാനുഭവത്തെ കുറിച്ച് പറയുകയുണ്ടായി.
''എനിക്ക് ജഗദീഷിനെ വലിയ ഇഷ്‍ടമാണ്. ജഗദീഷിനൊപ്പം ഇരിക്കുമ്പോള്‍ എനിക്കൊരു അഹങ്കാരമൊക്കെയുണ്ട്. കാരണം, ഞാനും ജഗദീഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അദ്ദേഹം മറന്നുപോയിക്കാണും. കാരണം അദ്ദേഹത്തേക്കാള്‍ ശ്രദ്ധേയമായ റോളാണ്. കാരണം, വളരെയധികം ശ്രദ്ധിച്ചിരുന്നാല്‍ മാത്രമേ കാണൂ.! ആലിബാബയും ആറര കള്ളന്മാരും എന്നാണ് ആ സിനിമയുടെ പേര്. ആ സിനിമയില്‍ എന്റെ പെട്ടി ഞാന്‍ ജഗദീഷിനെ കൊണ്ട് എടുപ്പിച്ചിട്ടുള്ളതാണ്. ഞാന്‍ പ്രതിപക്ഷനേതാവായിരുന്നു, ജഗദീഷായിരുന്നു നായകന്‍. നായകന്മാര്‍ പിന്നെ പെട്ടിചുമന്നാലും വെള്ളത്തില്‍ ചാടിയാലും വലിയ കാര്യമാണല്ലോ. അന്ന് ആ സിനിമാക്കാലത്ത് തുടങ്ങിയ ബന്ധമാണ്. ജഗദീഷിനോട് എനിക്ക് വല്ലാത്തൊരു സ്‌നേഹം എപ്പോഴുമുണ്ട്. ''
അനശ്വരനായ ഉഴവൂര്‍
എന്തുകൊണ്ടാണ് ഉഴവൂര്‍ വിജയന്‍ ഈ പ്രസംഗശൈലി രൂപപ്പെടുത്തിയത് എന്ന് ഇപ്പോള്‍ തന്നെ പിടികിട്ടിയിട്ടുണ്ടാകും. സാധാരണ ജനങ്ങളുടെ ഇടയില്‍ ഇത്രയധികം സ്വാധീനമുള്ള മറ്റൊരു ശൈലിയില്ല. ഇതിനെ കുറിച്ച് ഉഴവൂര്‍ പറഞ്ഞതിങ്ങനെയാണ്.
'ജീവിതത്തില്‍ പിരിമുറുക്കം എന്തിനാണെന്ന്. ഇപ്പോ ഗൗരവപ്പെട്ട് സംസാരിച്ചിട്ടെന്തിനാന്ന്.
എനിക്ക് വേണമെങ്കില്‍ ദേശീയത, ഭദ്രത, അഖണ്ഡത എന്നെല്ലാം പറഞ്ഞ് വാര്‍ത്താസമ്മേളനത്തിലും പ്രസംഗത്തിലും തട്ടിവിടാം. കുഞ്ഞുവാര്‍ത്തയായിരിക്കും. പിറ്റേ ദിവസവും രാവിലെ അതുതന്നെ പറയും. നിങ്ങളത് കുറിച്ചെടുക്കും. അതല്ല വേണ്ടത്. നമ്മളങ്ങോട്ടിമിങ്ങോട്ടും ചിരിച്ചുകളിച്ച് കാര്യം പറയുക. ഇപ്പോ തന്നെ ഈ വാര്‍ത്താസമ്മേളനം കഴിഞ്ഞ് നാളെ വാര്‍ത്തയൊന്നും വന്നില്ലെങ്കിലും ഞാനാരോടും പരിഭവം കാട്ടില്ല. ചിലര് വിചാരിക്കാറുണ്ട്. നമ്മുടെ വാര്‍ത്തയൊന്നും കൊടുക്കാതിരിക്കുമ്പോ പത്രക്കാരെ നോക്കി ശെടാ ഇവനെ ഞാന്‍ ഒന്ന് കളിപ്പിച്ചേക്കാം എന്ന്. ഒരുകളിപ്പിക്കലുമില്ല, ഇത്രേം ഓഡിയന്‍സിനെ കൈയില്‍ കിട്ടുക എന്നുപറഞ്ഞാല്‍ തന്നെ വലിയ കാര്യമല്ലേ. അതുകൊണ്ട് നിങ്ങള്‍ എന്നെ കളിപ്പിക്കാമെന്ന് പറഞ്ഞ് ആരും വാര്‍ത്ത കൊടുക്കാതിരിക്കണ്ട.
നിങ്ങള്‍ എന്നൈ പോലുള്ളവരെയാണ് പ്രോല്‍സാഹിപ്പിക്കേണ്ടത്. അല്ലാതെ കട്ടിയുള്ള വാക്കുകള്‍ പറയുകയും കഠിനഹൃദയം സൂക്ഷിക്കുകയും ചെയ്യുന്നവരെയല്ല. ചിരി എന്നുപറയുന്നത് ഒരു മരുന്നാണ്. ഇതിന് നിയമസഭയോ പാര്‍ലമെന്റോ എന്നൊന്നുമില്ല. എത്രകാലം ഇങ്ങനെ ജീവിക്കാന്‍ കഴിയും. ഞാന്‍ ചെല്ലുന്നിടത്തെല്ലാം ജനം പറയുന്നത് ചേട്ടന്‍ ഈ ശൈലി തുടര്‍ന്നാല്‍ മതി എന്നാണ്. എന്റെ പ്രസംഗം കേള്‍ക്കുന്നത് അബ്ദുള്‍ കലാം ആസാദോ എംടി വാസുദേവന്‍ നായരോ അല്ല. സാധാരണ തൊഴിലാളികളാണ്. അല്ലെങ്കില്‍ രണ്ടെണ്ണം അടിച്ചിട്ട് മതിലേല്‍ കയറി നില്‍ക്കുന്ന സാധാരണക്കാരനാണ്. ഇതിന്റെ പേരില്‍ ഇനി എന്തെങ്കിലും കിട്ടാതിരിക്കുമോ എന്നുവിചാരിക്കുകയും വേണ്ട. കാരണം എനിക്ക് ഇന്ത്യന്‍ പ്രസിഡന്റാകാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പാര്‍ട്ടിയെയും മുന്നണിയെയും അറിയിച്ചിട്ടുണ്ട്. '
ലോകത്ത് ഏറ്റവും മഹത്തായ പ്രവൃത്തി അന്യനെ ആഹ്ലാദിപ്പിക്കുകയെന്നതാണ്. ആഹ്ലാദമുണ്ടാകുന്നത് രസിപ്പിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോഴാണ്. ആള്‍ക്കൂട്ടത്തെ അളവറ്റ് രസിപ്പിക്കുന്ന പ്രസംഗങ്ങള്‍ അങ്ങോളമിങ്ങോളം നടത്തിയ ഉഴവൂര്‍ വിജയന്‍ ഏതൊരു മലയാളിയുടെ മനസ്സിലും പ്രസന്നമായ ഒരുമുഖമാണ്. അതുകൊണ്ട് തന്നെ കേരള രാഷ്‍ട്രീയത്തില്‍ അനശ്വരമായ ചിരിപ്രസംഗകന്റെ ഒരു കസേരയിട്ട് ഉഴവൂരിന്റെ ഓര്‍മകള്‍ക്ക് അവിടെയിരിക്കാം.
