തിരുവനന്തപുരം: സ്ത്രീകളെ തുറിച്ചു നോക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് നടത്തിയ അഭിപ്രായ പ്രകടനം ഇപ്പോഴും എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്ത്രീകളെ 14 സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചു നോക്കിയാല്‍ കേസ് എടുക്കാമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ഓണ്‍ലൈനില്‍ ട്രോള്‍ പ്രവാഹമായിരുന്നു. എന്നാല്‍, 14 സെക്കന്‍ഡ് എന്ന പ്രയോഗത്തിനപ്പുറം താന്‍ പറയാന്‍ ശ്രമിച്ചത്, സ്ത്രീയെ എത്ര സമയം നോക്കുന്നു എന്നതല്ല, എങ്ങനെ നോക്കുന്നു എന്നതിനെ കുറിച്ചാണെന്ന് സിംഗ് വിശദീകരിക്കുന്നു. ലൈംഗിക ചുവയോടെ സ്ത്രീയെ തുറിച്ചു നോക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാമെന്ന ജസ്റ്റിസ് വര്‍മ കമീഷന്‍ നിര്‍ദേശങ്ങളെ കുറിച്ചായിരുന്നു പസംഗമെന്നും അദ്ദേഹം മറുപടി നല്‍കുന്നു. 

കാര്യമെന്തായാലും, നമ്മുടെ സ്ത്രീകള്‍ തെരുവുകളിലും പൊതു സ്ഥലങ്ങളിലും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഋഷിരാജ് സിംഗിന്റെ പരാമര്‍ശം കാരണമായിട്ടുണ്ട്. തുറിച്ചു നോട്ടങ്ങള്‍ക്കും ലൈംഗിക ചുവയുള്ള കമന്റുകള്‍ക്കും ഇടയിലാണ് കേരളത്തിലെ സ്ത്രീകളുടെ ഇറങ്ങിനടപ്പ്. ഇക്കാര്യം ഒരു ഹ്രസ്വചിത്രത്തിലൂടെ വിശദീകരിക്കുകയാണ്, കിസ്മത് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി. കിസ്മത് ഇറങ്ങുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ് 'കണ്ണേറ്' എന്ന പേരില്‍ ഈ ചെറു സിനിമ പുറത്തിറങ്ങിയത്. 

പേരു സൂചിപ്പിക്കുന്നതുപോലെ, കണ്ണേറിന്റെ കഥയാണിത്. തെരുവുകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള നോട്ടങ്ങള്‍. അസഹ്യമായ നോട്ടങ്ങളുടെ രാഷ്ട്രീയം. 

കാണാം, ആ സിനിമ: