Asianet News MalayalamAsianet News Malayalam

കേരളത്തിനും വേണ്ടേ ഒരു മുലപ്പാൽ ബാങ്ക് ..?

ഒരു കുഞ്ഞിനെ പത്തുമാസം വയറ്റിൽ ചുമന്ന് നടക്കുന്ന ഒരമ്മയുടെ നെഞ്ചിലൂറുന്ന മുലപ്പാലിനു പകരം വെക്കാൻ  പശുവിൻ പാലിനോ, ലാക്ടോജൻ പോലുള്ള കൃത്രിമ പൊടികൾക്കോ  ഒന്നുമാവില്ല. മാസം തികയാതെ ഈ ഭൂമിയിലേക്ക് പിറന്നു വീണ് ആയുസ്സിനായി മല്ലടിക്കുന്ന നമ്മുടെ പിഞ്ചു കുഞ്ഞുങ്ങൾക്ക് മറ്റൊരമ്മയുടെ മുലപ്പാൽ  അതിജീവനത്തിനുള്ള കരുത്തു പകരുമെങ്കിൽ അതിനു മുന്നിൽ നമ്മുടെ ഏത് വിശ്വാസങ്ങളെയാണ് നമ്മൾ തടവെക്കേണ്ടത്..?   

Kerala Also should get a Breast Milk Bank right ?
Author
Kozhikode, First Published Feb 19, 2019, 2:41 PM IST

ഇന്ത്യയിൽ ഒരു വർഷം  35 ലക്ഷം കുഞ്ഞുങ്ങളാണ് മാസം തികയാതെ( pre-term) പിറന്നു വീഴുന്നത്. ഇന്ത്യയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ 13 ശതമാനം വരുമത്. ജനിക്കുന്ന കുഞ്ഞുങ്ങളിൽ 28 ശതമാനത്തിനും വേണ്ടത്ര ഭാരമുണ്ടാവാറില്ല. അങ്ങനെ മിനിമം ഭാരമില്ലാതെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളർന്നുവരണമെങ്കിൽ അത്യാവശ്യമുള്ള ഒന്നുണ്ട്. അമ്മയുടെ മുലപ്പാൽ. എന്നാൽ കഷ്ടകാലമെന്നു തന്നെ പറയട്ടെ, നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പലപ്പോഴും വേണ്ടത്ര പാലൂറി വരില്ല അവരുടെ മുലകളിൽ.

മാത്രമല്ല, പ്രായം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മമാരുടെ മുലകളിൽ നിന്നും പാൽ വലിച്ചു കുടിക്കാനുള്ള ശേഷിയും കുറഞ്ഞിരിക്കും. അങ്ങനെ വളരെ മോശമായ അവസ്ഥയിൽ നിയോനേറ്റൽ ഐസിയുവിലും മറ്റും കിടക്കുന്ന കുഞ്ഞുങ്ങൾക്ക് പലപ്പോഴും അമ്മയുടെ പാൽ ആവശ്യത്തിന് കിട്ടാറില്ല. ഇന്ത്യയുടെ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ് (IMR) അഥവാ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലെ മരണ നിരക്ക് വളരെ  കൂടുതലാണ്. അവരുടെ ജീവനെടുക്കുന്നത് പലപ്പോഴും വയറിളക്കം പോലുള്ള നിർജ്ജലീകരണമുണ്ടാക്കുന്ന അസുഖങ്ങളാണ്. ഇവയ്ക്കുള്ള മുഖ്യ കാരണമോ, അമ്മയുടെ മുലപ്പാൽ തികയാതെ വരുമ്പോൾ ആശുപത്രിയിൽ നിന്നും പകരം നൽകുന്ന പശുവിൻ പാലും മറ്റു കലക്കുപൊടികളും.. 

Kerala Also should get a Breast Milk Bank right ?

ഒരു കുഞ്ഞ് പിറന്നുവീണ് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തുടങ്ങുന്ന മുലയൂട്ടലാണ് കുഞ്ഞിന് വേണ്ടുന്ന പോഷണങ്ങളെല്ലാം അതിനു കിട്ടുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗം. ഇങ്ങനെ സ്വന്തം അമ്മയിൽ നിന്നും കിട്ടുന്ന പോഷണങ്ങളാണ് കുഞ്ഞിന്റെ രോഗപ്രതിരോധശേഷിയുടെ ആദ്യഘട്ടം. അമ്മയുടെ മുലപ്പാൽ കുടിച്ചു വളരുന്ന 'പ്രീ-ടേം' കുഞ്ഞുങ്ങൾ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. 

അമ്മയ്ക്ക് എന്തെങ്കിലും കാരണത്താൽ കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കുന്നില്ലെങ്കിൽ അടുത്ത വഴി 'മുലപ്പാൽ ബാങ്കി'ൽ നിന്നും കടമെടുത്ത് കൊടുക്കലാണ്.  മുലപ്പാൽ ബാങ്കോ..? അതെന്താണ്..? നമ്മൾ ആകെ കേട്ടിട്ടുള്ളത് ബ്ലഡ് ബാങ്ക് എന്ന് മാത്രമാണ്. പരമാവധി പോയാൽ 'സ്പേം ബാങ്ക്' അല്ലെങ്കിൽ 'സ്റ്റെം സെൽ' ബാങ്ക് എന്നുകൂടി കേട്ടു കാണും പരിഷ്‌കൃതനായ മലയാളി. കാരണം, കേരളത്തിൽ ഇന്ന് ഒരൊറ്റ മുലപ്പാൽ ബാങ്കു പോലുമില്ല. എന്നാൽ ഇന്ത്യയിലെ  മറ്റിടങ്ങളിൽ അങ്ങനെയല്ല അവസ്ഥ. പ്രീ-ടേം കുഞ്ഞുങ്ങളിലെ മരണനിരക്കിന് അവരുടെ ഫീഡിങ്ങുമായുള്ള ബന്ധം തിരിച്ചറിഞ്ഞ് അവിടത്തെ ആശുപത്രികളുമായി ബന്ധിപ്പിച്ച് അവർ മുലപ്പാൽ ബാങ്കുകൾ സ്ഥാപിച്ചിട്ട് ദശാബ്ദങ്ങളായി. മുംബൈയിൽ മാത്രം ഇന്ന്  പത്ത് മുലപ്പാൽ ബാങ്കുകളുണ്ട്. കേരളത്തിൽ ഇതുവരെ പൂർണ്ണമായും പ്രവർത്തനസജ്ജമായ മുലപ്പാൽ ബാങ്ക് പ്രവർത്തനമാരംഭിച്ചിട്ടില്ല. 

Kerala Also should get a Breast Milk Bank right ?


ഇത്രയൊക്കെ മെനക്കെടേണ്ട വല്ല ആവശ്യവുമുണ്ടോ..? അമ്മയ്ക്ക് അങ്ങ് മുല കൊടുത്താൽ പോരേ തന്റെ കുഞ്ഞിന്..? പിറന്നുവീണ അതേ ചൂടോടെ കിടക്കുന്ന തന്റെ കുഞ്ഞിന് മുലകൊടുക്കാൻ ഏതമ്മയ്ക്കാണ് തോന്നാതിരിക്കുക. അപ്പോൾ മുലകൊടുക്കാനുള്ള മടിയല്ല വിഷയം. അമ്മമാരിൽ നിന്നും   കുഞ്ഞുങ്ങൾക്ക്  മുലപ്പാൽ കിട്ടാതിരിക്കാനുള്ള കാരണങ്ങൾ താഴെപ്പറയുന്നവയാവാം. 

1. പാൽ ഊറി വരാതിരിക്കുന്നുണ്ടെങ്കിൽ : ശാരീരികമായ പലകാരണങ്ങളാലും ചില അമ്മമാർക്ക് പ്രസവാനന്തരം മുലകളിൽ പാൽ ഊറിവരാതെയും ഇരിക്കാം. 
2. കാൻസർ പോലുള്ള അസുഖങ്ങൾ ബാധിച്ച് രണ്ടു മുലകളും നീക്കം ചെയ്തിട്ടുള്ള അമ്മമാരാണെങ്കിൽ. 
3. ഒഴിവാക്കാനാവാത്ത ചികിത്സയുടെ ഭാഗമായി കഴിക്കേണ്ടി വരുന്ന മരുന്നുകൾ മുലപ്പാലിന്റെ ഗുണത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ 
4. മുലയൂട്ടലിലൂടെ കുഞ്ഞിലേക്കും പകരാവുന്ന വല്ല അസുഖങ്ങളും നിങ്ങൾക്കുണ്ടെങ്കിൽ 
5. കുഞ്ഞിന്റെ യഥാർത്ഥ അമ്മ പ്രസവത്തിന്റെ മറ്റോ മരിച്ചുപോയി നിങ്ങൾ കുഞ്ഞിനെ ദത്തെടുത്തു വളർത്തുകയാണെങ്കിൽ. 


ആർക്കൊക്കെ ദാനം ചെയ്യാം മുലപ്പാൽ..? 

HIV, VDRL എന്നിവ നെഗറ്റീവ് ആയിട്ടുള്ള, പാലിന്റെ ഗുണത്തെ ബാധിക്കുന്ന വീര്യമുള്ള മരുന്നുകൾ കഴിക്കാത്ത, ഹെപ്പറ്റൈറ്റിസ് ബാധയില്ലാത്ത ആരോഗ്യവതികളായ ഏതൊരമ്മമാർക്കും തങ്ങളുടെ കുഞ്ഞുങ്ങളെ ഊട്ടിയ ശേഷം മിച്ചം വരുന്ന മുലപ്പാൽ  ആശുപത്രികളുമായി ബന്ധപ്പെടുത്തി സജ്ജീകരിക്കുന്ന മുലപ്പാൽ ബാങ്കുകളിലേക്ക് ദാനം ചെയ്യാം. എന്നിട്ട് അതേ ആശുപത്രികളിലെയോ അല്ലെങ്കിൽ അടുത്തുള്ള മറ്റ് ആശുപത്രികളിലെയോ നിയോനേറ്റൽ ഐസിയുകളിൽ കഴിയുന്ന അമ്മയുടെ മുലപ്പാലിനായി ദാഹിക്കുന്ന കുഞ്ഞുങ്ങൾക്ക്  അത് നൽകാം.

അമ്മമാരിൽ നിന്നും നഴ്‌സുമാർ വഴി തികച്ചും സുരക്ഷിതമായി ശേഖരിക്കുന്ന മുലപ്പാൽ മിൽക്ക് ബാങ്കുകളിൽ സജ്ജീകരിച്ചിരിക്കുന്ന പാസ്ചറൈസിങ്ങ് യൂണിറ്റുകളിൽ ആദ്യം പാസ്ചറൈസ് ചെയ്ത് അണുവിമുക്തമാക്കി ശീതീകരിച്ചു വേണം സൂക്ഷിക്കാൻ. ഇങ്ങനെ സൂക്ഷിക്കുന്ന പാൽ ഏകദേശം ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാനാവും. ചെറുതായൊന്നു ചൂടാക്കി ഉപയോഗിക്കാനും. 

പ്രസവത്തിനായി അമ്മമാർ ആശുപത്രിയില്‍ അഡ്മിറ്റാവുന്ന വേളയിൽ തുടങ്ങുന്ന ഈ പ്രക്രിയ അവരുടെ സൗകര്യമനുസരിച്ച് വേണമെങ്കിൽ അവർക്കിഷ്ടമുള്ളത്ര കാലം തുടരാനുള്ള സംവിധാനങ്ങളും ഒരുക്കാവുന്നതാണ്. ദിവസത്തിൽ ഒരു നേരം ആശുപത്രി സന്ദർശിച്ചുകൊണ്ട് തങ്ങളുടെ മുലപ്പാൽ ദാനം ചെയ്യാനുള്ള സൗകര്യം അമ്മമാർക്ക് ഒരുക്കിക്കൊടുക്കാവുന്നതാണ്. അവരുടെ ആരോഗ്യവും നേരത്തെ പറഞ്ഞ സാഹചര്യങ്ങളും പാൽ ദാനം ചെയ്യുന്നത്രയും കാലം പരിശോധിച്ചുറപ്പിക്കണം എന്നുമാത്രം. 


ഇന്ത്യയിൽ ഇപ്പോൾ വളരെ പ്രൊഫഷണലായ  രീതിയിൽ പ്രവർത്തിച്ചു പോരുന്ന  മുലപ്പാൽ ബാങ്കുകൾ ചുവടെ കൊടുത്തിരിക്കുന്നു.  

1. Divya Mother Milk Bank, Udaipur, Rajasthan
2. Amara Milk Bank (In collaboration with Fortis la Femme), Greater Kailash, New Delhi
3. Lokamanya Tilak Hospital (Sion Hospital), Sion, Mumbai
4. Vijaya Hospital, Chennai
5. KEM Hospital, Parel, Mumbai
6. Deena Nath Mangeshkar Hospital and Research Centre, Pune
7. Institute of Child Health, Egmore, Chennai
8. Sir JJ Group of Hospitals, Byculla, Mumbai
9. SSKM Hospital, Kolkata
10. Cama Hospital, Fort, Mumbai

ദക്ഷിണേന്ത്യയിലെ ആദ്യത്തെ സർക്കാർ മുലപ്പാൽ ബാങ്ക് 

ഇന്ത്യയിൽ ആദ്യമായി ഒരു മുലപ്പാൽ ബാങ്ക് തുടങ്ങിയിട്ട് ഏകദേശം മൂന്നു ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും, സർക്കാർ നിയന്ത്രണത്തിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ബെംഗളൂരുവിലെ വാണിവിലാസ് 'അമ്മയും കുഞ്ഞും ആശുപത്രിയിൽ' പ്രവർത്തനമാരംഭിച്ചത് ഈ ജനുവരിയിലാണ്. ഏകദേശം ഒരു കോടി രൂപയാണ് ഇത്തരത്തിലുള്ള ഒരു യൂണിറ്റ് തുടങ്ങാനുള്ള അടിസ്ഥാന ചെലവ്. ആശുപത്രിയിൽ ഒരു മാസം പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽ 150 പേർക്കെങ്കിലും ഇത്തരത്തിൽ മുലപ്പാൽ കൊടുക്കേണ്ട ആവശ്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ്  ഇവർ ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിട്ടത്.

പ്രസവിക്കാൻ വരുന്ന അമ്മമാരിൽ നിന്നും അധികം വരുന്ന പാൽ ശേഖരിച്ച് അവിടെത്തന്നെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ ആവശ്യത്തിനുപയോഗിക്കാനാണ് ഇപ്പോഴത്തെ പ്ലാനെങ്കിലും, കൂടുതൽ ദാതാക്കൾ വരുന്ന മുറയ്ക്ക് സേവനങ്ങൾ അടുത്തുള്ള മറ്റ് ആശുപത്രികൾക്കും ലഭ്യമാക്കും എന്ന്  വാണി വിലാസ് ആസ്പത്രിക്കാർ പറയുന്നു. കർണാടകയിലെ പൊതുമേഖലയിൽ സാക്ഷാത്കരിക്കാൻ കഴിഞ്ഞ ഒരു പദ്ധതി നമുക്കും വളരെ എളുപ്പത്തിൽ നടപ്പിലാക്കാവുന്നതേയുള്ളൂ.. 

കേരളത്തിലോ..?

കേരളത്തിൽ ഒരു മുലപ്പാൽ ബാങ്ക് ഇല്ലെന്നത് മാത്രമല്ല നമ്മുടെ അടിസ്ഥാന പ്രശ്നം. ശിശു പരിചരണത്തിലും  ഗർഭ-പ്രസവകാല ചികിത്സകളിലും ലോകത്തിനു തന്നെ മാതൃകയായിട്ടുള്ള വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു പോരുന്ന നമ്മുടെ ആരോഗ്യസംവിധാനത്തിനും, അതിനെ നിയന്ത്രിക്കുന്ന നമ്മുടെ ആരോഗ്യവകുപ്പിനും ഇനിയും മെച്ചപ്പെടുത്താവുന്ന  നമ്മുടെ നവജാത ശിശുമരണ നിരക്കുകളുടെ കണക്കുകൾ സാക്ഷ്യം പറഞ്ഞിട്ടും അങ്ങനെ ഒന്നിന്റെ ആവശ്യമുണ്ട് എന്ന കാര്യം ബോധ്യപ്പെട്ടിട്ടില്ല. ഇന്നുവരെ മാറിമാറി വന്ന ഗവണ്മെന്റുകളൊന്നും തന്നെ അങ്ങനെ ഒരു പ്രോജക്ട് പ്രവർത്തന സജ്ജമാക്കിയിട്ടില്ല ഇന്നോളം. സ്വകാര്യരംഗത്തു പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പോലും തങ്ങളുടെ CSR പദ്ധതികളിൽ ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചിട്ടില്ല. 


ഒട്ടു വൈകിയാണെങ്കിലും, കേരളത്തിൽ ഈ ദിശയിൽ ഒരു ചിന്ത ഉടലെടുത്തിട്ടുണ്ട് എന്നതും അതിന്റെ  പ്രാരംഭ ഘട്ടം എന്നുള്ള നിലയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് വിഭാഗത്തിൽ ഇതിനുവേണ്ട ചില പ്രാഥമിക ഉപകരണങ്ങളും മറ്റും വാങ്ങിയിട്ടുണ്ട് എന്നതും ആശാവഹമാണ്. എന്നാൽ അതുകൊണ്ടായില്ല. ഇത്തരത്തിൽ വിപ്ലവാത്മകമായ ഒരു പദ്ധതിയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന ചില സാമൂഹികവും വിശ്വാസപരവുമായ ഘടകങ്ങളുണ്ട് എന്നും കോഴിക്കോട്  മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് വിഭാഗം പ്രൊഫസർ  ഡോ. മോഹൻ ദാസ് നായർ പറഞ്ഞു.

അതിൽ പ്രധാനപ്പെട്ട ഒന്ന്, ചില മതങ്ങളിൽ മുലയൂട്ടലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില വിശ്വാസങ്ങളാണ്. അതിലൊന്ന് തന്റെ പാൽ മറ്റൊരു കുഞ്ഞിനെ ഊട്ടിയാൽ ആ കുഞ്ഞിന്, ഇപ്പോഴുള്ള കുഞ്ഞിന്റെ സഹോദര സ്ഥാനം കൈവരും എന്നുള്ളതാണ് അതിൽ ഏറ്റവും പ്രശ്നമായി നിൽക്കുന്ന ഒരു വിശ്വാസം. അത് ഭാവിയിൽ കുഞ്ഞിന്റെ വിവാഹാവസരങ്ങളെ പരിമിതപ്പെടുത്തിയാലോ എന്നുള്ള ഭീതി കാരണം അമ്മമാർ പൊതുവേ ഇതിനു മടിക്കുമത്രേ.

ഇത് നിലവിലുള്ള ഒരു യാഥാർഥ്യമാണ്. അതിനെ അവഗണിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോവാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ ആശുപത്രിയിലും മുലപ്പാൽ അമ്മമാരിൽ നിന്നും ശേഖരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് സമാന്തരമായി, അമ്മമാരിൽ മുലപ്പാൽ ദാനം ചെയ്യുന്നതിനും, അങ്ങനെ കിട്ടുന്ന മുലപ്പാൽ 'പ്രീ-ടേം' ആയി പിറന്നുവീണ് ജീവൻ അപകടത്തിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മടികൂടാതെ കൊടുക്കുന്നതിനും വേണ്ട അവബോധം ഊട്ടിയുറപ്പിക്കാനുളള പ്രചാരണങ്ങളും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും  ഉണ്ടാവണം.

ഇന്ത്യയിൽ ജനിച്ചു വീഴുന്ന ആയിരം കുഞ്ഞുങ്ങളിൽ 28  പേരും ജനനത്തിൽ മരിക്കുകയാണ്. ആയിരത്തിൽ 40  പേരും ആദ്യത്തെ ആറുമാസം പിന്നിടുന്നില്ല. ഇത് നമ്മുടെ അയല്‍രാജ്യങ്ങളുടേതിനേക്കാൾ കൂടുതലാണ്. സ്വന്തം മുലപ്പാൽ മറ്റുള്ള കുഞ്ഞുങ്ങൾക്ക് ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുകിടക്കുന്ന  അന്ധവിശ്വാസങ്ങളും മറ്റുള്ളവരുടെ പാൽ നമ്മുടെ കുഞ്ഞിന് വിശ്വസിച്ചു കൊടുക്കാനുള്ള അമ്മമാരുടെ മടികളും  മറ്റുമാണ് ഇതിനെ ദിനം പ്രതി വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുലപ്പാൽ കിട്ടാത്തതുകൊണ്ടുമാത്രം മരണത്തിനു കീഴടങ്ങാൻ വിധിക്കപ്പെടുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ വളരെ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ സജ്ജീകരിക്കപ്പെടുന്ന 'മുലപ്പാൽ ബാങ്കു'കളിലൂടെ വളരെ സ്വാഭാവികമായി, നമ്മൾ ഇത്തരത്തിൽ മുലപ്പാൽ ലഭ്യമാക്കിയാൽ നമുക്ക് ഈ മരണനിരക്കുകൾ പരമാവധി കുറയ്ക്കാനാവും. നവജാത ശിശുമരണ നിരക്ക് കുറച്ചു കൊണ്ടുവരിക എന്നത് തന്നെയാണല്ലോ നമ്മുടെ ദേശീയ ആരോഗ്യ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ആദ്യത്തേതും..!

ഒരുകാര്യം മാത്രമോർത്താൽ നന്ന്, ഒരു കുഞ്ഞിനെ പത്തുമാസം വയറ്റിൽ ചുമന്ന് നടക്കുന്ന ഒരമ്മയുടെ നെഞ്ചിലൂറുന്ന മുലപ്പാലിനു പകരം വെക്കാൻ  പശുവിൻ പാലിനോ, ലാക്ടോജൻ പോലുള്ള കൃത്രിമ പൊടികൾക്കോ  ഒന്നുമാവില്ല. മാസം തികയാതെ ഈ ഭൂമിയിലേക്ക് പിറന്നു വീണ് ആയുസ്സിനായി മല്ലടിക്കുന്ന നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുൾക്ക് മറ്റൊരമ്മയുടെ മുലപ്പാൽ  അതിജീവനത്തിനുള്ള കരുത്തു പകരുമെങ്കിൽ അതിനു മുന്നിൽ നമ്മുടെ ഏത് വിശ്വാസങ്ങളെയാണ് നമ്മൾ തടവെക്കേണ്ടത്..?   
 

Follow Us:
Download App:
  • android
  • ios