ആര്‍ക്കും വേണ്ടാത്ത കടല്‍, കടല്‍ ദിനാചരണവും ഓഖി നല്‍കുന്ന പാഠങ്ങള്‍

ഇന്ന് ലോക സമുദ്ര ദിനം. അധികമാരും ശ്രദ്ധിക്കാത്ത, ഓര്‍ക്കാത്ത ഒരു ദിനം. ഒരര്‍ത്ഥത്തില്‍ കടലിന്റെയും കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെയും കൂടി ഗതികേടാണത്. എന്നാല്‍, ഈ നിരന്തര അവഗണനക്കിടയിലും, വലിയ ദുരന്തങ്ങളുടെ മുനമ്പിലാണ് നമ്മുടെ സമുദ്രങ്ങള്‍. ഓഖി അടക്കമുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, നമ്മുടെ കടലിന്റെ ഞെട്ടിക്കുന്ന അവസ്ഥകള്‍ പരിശോധിക്കുന്നു.

'അതെ, ഈ ചിത്രം വ്യാജമാണ്. പക്ഷേ മലിനീകരണം കടലിനെ കൊല്ലുന്നുവെന്നത് യാഥാര്‍ത്ഥ്യവും'.

മലിനീകരണം കടലിനോട് ചെയ്യുന്നത് എന്തെന്ന് വിളിച്ചുപറഞ്ഞ് ലോകത്തെ ഏറ്റവുമധികം ചിന്തിപ്പിച്ച ചിത്രത്തിന്റെ അടിക്കുറിപ്പായിരുന്നു ഇത്. ഫിലിപ്പൈന്‍ സമുദ്രതീരത്ത് വന്നടിഞ്ഞ ഭീമാകാരനായ ഒരു തിമിംഗലത്തിന്റെ ചിത്രം. അന്നത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സമുദ്രമലിനീകരണത്തിനെതിരായ പ്രതിഷേധമെന്നോണം നിര്‍മ്മിച്ചതായിരുന്നു ആ ചിത്രം. എത്ര ഗുരുതരമായ ഭീഷണിയുടെ മുനമ്പിലാണ് കടലും കടലിന്റെ ആവാസവ്യവസ്ഥയുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ആ ചിത്രത്തിനായി.

40 വര്‍ഷമായി കടലാഴങ്ങളില്‍ വലയെറിയുന്ന പുതിയതുറ സ്വദേശി ക്ലീറ്റസ് പറയുന്നു: 'ഇപ്പോള്‍ കടലില്‍ പോകുമ്പോള്‍ വലയില്‍ മീനിനേക്കാള്‍ കൂടുതല്‍ കുടുങ്ങുന്നത് പ്ലാസ്റ്റിക്കാണ്. തീരക്കടലിലൊന്നും ഒട്ടും മീനില്ലാതായിരിക്കുന്നു. കടല്‍ പഴയത് പോലെയേ അല്ല. ഒരുപാട് മാറിപ്പോയി...' 

ഇപ്പോള്‍ കടലില്‍ പോകുമ്പോള്‍ വലയില്‍ മീനിനേക്കാള്‍ കൂടുതല്‍ കുടുങ്ങുന്നത് പ്ലാസ്റ്റിക്കാണ്.

ആര്‍ക്കും വേണ്ടാത്ത കടല്‍,
കടല്‍ ദിനാചരണവും

ജൂണ്‍ അഞ്ചിന് ലോകപരിസ്ഥിതി ദിനമായിരുന്നു. അത് കഴിഞ്ഞ് വെറും മൂന്നേ മൂന്നു ദിവസങ്ങള്‍ക്കിപ്പുറം ജൂണ്‍ എട്ട് വന്നു. ലോക സമുദ്ര ദിനം. ആരും തിരിഞ്ഞു നോക്കാനില്ലാത്ത കടലിന്റെ അതേ ഗതി ഈ ദിനത്തിനും. അതിവേഗം ഇല്ലാതാവുന്ന മല്‍സ്യസമ്പത്തുകളെക്കുറിച്ചും സമുദ്ര ആവാസ വ്യവസ്ഥയെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ ഒരുപാട് വരുമ്പോഴും അധികമാര്‍ക്കും കടലിനെ കുറിച്ച് ഉല്‍ക്കണ്ഠയേയില്ല. കാടും മലയും കുന്നുമെല്ലാം സംരക്ഷിക്കേണ്ട ആവശ്യകത പാഠപുസ്തങ്ങളില്‍ സമൃദ്ധമാവുമ്പോഴും കടലിനെക്കുറിച്ചോ കടല്‍ നേരിടുന്ന പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചോ പൊതുസമൂഹം ഇപ്പോഴും ബോധവാന്മാരല്ല. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വികസനം എന്ന ആശയം കടല്‍ക്കാര്യങ്ങളില്‍ ഇതുവരെ പ്രവര്‍ത്തികമായിട്ടുമില്ല. കടലില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ മുന്‍പന്തിയിലാണ്. 'എല്ലാത്തരം മാലിന്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി കടലിനുണ്ട്' എന്ന തെറ്റിദ്ധാരണ കൊണ്ടാവാം നമുക്ക് കടലെന്നാല്‍ ചവറ്റുകൊട്ടയാണ്. അതാവണം, നഗര മാലിന്യങ്ങള്‍ കൊണ്ടുതള്ളാനുള്ള ഇടമായി അധികാരികള്‍ പോലും കടലിനെ കാണുന്നത്. അറവുശാലകളിലെ മാലിന്യങ്ങള്‍, മല്‍സ്യ സംസ്‌കരണ ശാലകളിലെ മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, വ്യവസായ ശാലകളിലെ മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം നേരെ കടലിലേക്ക് പോവുന്നു. കായലുകളില്‍ തള്ളപ്പെടുന്ന മാലിന്യങ്ങളും വേലിയിറക്ക സമയത്ത് കടലിലേക്ക് ഒഴുകി എത്തുന്നു. 

കടല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചോ അവയ്ക്കുള്ള പ്രതിവിധികളെക്കുറിച്ചോ കാര്യമായ ചര്‍ച്ചകളോ നടപടികളോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കേരളതീരങ്ങള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികളുടെ കണക്ക് പരിശോധിച്ചാല്‍ പ്രശ്‌നത്തിന്റെ അതീവഗുരുതരാവസ്ഥ ബോധ്യമാവും. കേരളത്തിന്റെ പല വികസന നയങ്ങളും കടലിന്റെ സ്വാഭാവികതയെ ഇല്ലാതാക്കുന്നവയാണ്.

തീരക്കടലിലൊന്നും ഒട്ടും മീനില്ലാതായിരിക്കുന്നു. കടല്‍ പഴയത് പോലെയേ അല്ല. ഒരുപാട് മാറിപ്പോയി...'

ദുരന്തങ്ങള്‍ വെറുതെ ഉണ്ടാവുന്നതല്ല
പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ അധീനതയിലല്ല എന്നാണ് പൊതുധാരണ. എന്നാല്‍ വേരുകള്‍ വിസ്മരിച്ചുകൊണ്ടുള്ള മനുഷ്യന്റെ കടുംവെട്ടുകളാണ് പല പ്രകൃതിദുരന്തങ്ങള്‍ക്കും ഇടയാക്കുന്നത് എന്നതാണ് വാസ്തവം. വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ അമിത ഉപഭോഗവും ഏതു രീതിയിലാണ് പരിസ്ഥിതിയെ ബാധിച്ചതെന്ന് പറയാതെ തന്നെ അറിവുള്ളതാണ്. സമാനമാണ് കടലിന്റെ അനുഭവവും. ഏറ്റവുമൊടുവില്‍ കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ഉണ്ടായതില്‍ മനുഷ്യന്റെ പങ്ക് ചെറുതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. സമുദ്രമലിനീകരണങ്ങളുടെയും അശാസ്ത്രീയമായ വികസന പദ്ധതികളുടെയും ഫലമായിരുന്നു ഓഖി എന്നാണ് വലിയതുറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിന്റെ റിസേര്‍ച്ച് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ ജാമെന്റ് പറയുന്നത്. 'കടല്‍ എന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു ആവാസവ്യവസ്ഥയാണ്. ഏത് തരത്തിലാണോ പരിസ്ഥിതി നശിക്കുന്നത് അപ്രകാരം മലിനീകരണം കടലിന്റെ സ്വാഭാവികതയെയും തകര്‍ക്കുന്നു ഓഖി അത്തരം സമുദ്രമലിനീകരണങ്ങളുടെയും അശാസ്ത്രീയമായ വികസന പദ്ധതികളുടെയും ഫലമായിരുന്നു'-ജോണ്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

കടലില്‍ ശക്തി കുറഞ്ഞ ഭൂചലനങ്ങളും ചെറിയ ചുഴലിക്കാറ്റും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഓഖി ഇത്രയധികം വിനാശകാരിയായി മാറിയതിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് 'ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്'പറയുന്നത്. കടലിന്റെ ചൂട് കൂടുന്നതാണ് ഇത്തരത്തില്‍ ചുഴലിയുടെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം. 'വാം ഓഷ്യന്‍' എന്നാണ് കടലില്‍ ചൂട് കൂടുന്ന ഈ പ്രതിഭാസത്തിന്റെ പേര്. ചുഴലിക്കാറ്റ് രൂപപ്പെടാന്‍ പല ഘടകങ്ങള്‍ ഒത്തു ചേരേണ്ടതുണ്ട്. കാറ്റും മര്‍ദ്ദവും താപവും എല്ലാം. ഇത്തരത്തില്‍ പല ഘടകങ്ങള്‍ ഒത്തുചേര്‍ന്ന് ചുഴലിക്കാറ്റിനു വേണ്ട അനുകൂലാവസ്ഥ രൂപപ്പെടുത്തിയതിനു പിന്നില്‍ മനുഷ്യന്റെ ഇടപെടലുകള്‍ തന്നെയാണ്. കടലിന്റെ ചൂട് കൂടുന്നുണ്ടെന്നു മല്‍സ്യത്തൊഴിലാളികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആസ്ട്രേലിയയില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റിനെക്കുറിച്ച് പഠിച്ച സംഘം അഭിപ്രായപ്പെട്ടത് കടലിലെ താപവും അന്തരീക്ഷ താപവും കൂടിചേര്‍ന്നാണ് ചുഴലി രൂപപ്പെടുന്നത് എന്നാണ്. ഇത്തരത്തില്‍ സമുദ്രത്തിന്റെ താപം ക്രമാതീതമായി വര്‍ധിച്ചത് ഓഖി ഉണ്ടാകാനുള്ള ഒരു മുഖ്യ കാരണമാണെന്നാണ് വിദഗ്ദരുടെ നിഗമനം.

ഓഖി ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട, അടിമലത്തുറയിലെ ജോണ്‍പോള്‍. ഓഖി അനുഭവത്തെ തുടര്‍ന്ന് കടലില്‍പോവുന്നതേ ഭയമാണ് ഈ മല്‍സ്യത്തൊഴിലാളിക്ക്

ഓഖി നല്‍കുന്ന പാഠങ്ങള്‍
ഓഖി സംഭവിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് കടലില്‍ 'വാട്ടര്‍ സ്പൗട്ട്' എന്ന പ്രതിഭാസം ഉണ്ടായിരുന്നു. ശംഖുമുഖം കടല്‍ത്തീരത്തെത്തിയ വിദേശികളടക്കം ഈ കാഴ്ച കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോയും പ്രചരിച്ചു. ഇതിനാല്‍, ഈ മേഖലയില്‍, രണ്ടു ദിവസം ആരും കടലില്‍ പോയിരുന്നില്ല. കടലില്‍ അസാധാരണമായെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് അന്നുതന്നെ മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഓഖി ഉണ്ടായത്. 

പ്രകൃതി ദുരന്തമുണ്ടായാല്‍ അതിനെക്കുറിച്ചു പഠിക്കാനും സമാന ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുമുള്ള മുന്‍കരുതല്‍ എടുക്കുക എല്ലാ സമൂഹങ്ങളിലും പതിവാണ്. ഇന്ത്യയിലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പഠന സമിതികളെ ചുമതലപ്പെടുത്താറുണ്ട്. എന്നാല്‍ സുനാമിയെക്കാള്‍ ഭീകരമായ ദുരന്തം ഓഖി കേരളത്തിന് സമ്മാനിച്ചിട്ടും ഇതുവരെ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പഠന സമിതിയെ പോലും ചുമതലപ്പെടുത്തിയിട്ടില്ല. കടലിനെയും അതുമായി ബന്ധപ്പെട്ട ജീവിതങ്ങളെയും സര്‍ക്കാര്‍ എത്ര പരിഗണിക്കുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ഈ വസ്തുത. 

വിഴിഞ്ഞത്തിന്റെ തെക്കു വശത്ത് അടിമലത്തുറ മുതല്‍ പൂവാര്‍ വരെ തീരം കൂടുകയാണ് ചെയ്യുന്നത്.

പ്ലാസ്റ്റിക് കടല്‍!
നിലവില്‍ നമ്മളുപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വെറും 10% മാത്രമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. ബാക്കി മുഴുവന്‍ മാലിന്യമായി മാറുകയാണ്. കടലിലേക്ക് തള്ളപ്പെടുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയാണ് കടലിലെ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപങ്ങളെന്ന് ഓര്‍മ്മിപ്പിക്കുന്നത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ ഡേവിഡ് ഫ്രഡറിക്ക് ആറ്റന്‍ബെറോയാണ്. ഓഖിക്ക് ശേഷം കേരളതീരങ്ങളില്‍ വന്നടിഞ്ഞത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളായിരുന്നുവെന്നത് ഇതോടൊപ്പം കൂട്ടിവായിക്കാം. ജെല്ലി ഫിഷാണെന്നു കരുതി പ്ലാസ്റ്റിക്ക് കവറുകള്‍ ഭക്ഷിച്ച് മരണത്തോട് മല്ലടിച്ച 'കെയ്' എന്ന കടലാമ വലിയ വാര്‍ത്തയായിരുന്നു. 

2015 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ 'സയന്‍സ് ജേര്‍ണലി'ലെ കണക്കുകള്‍ പ്രകാരം 2010 ല്‍ മാത്രം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി കടലില്‍ തള്ളിയത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഏതാണ്ട് എട്ടു ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിവര്‍ഷം ഇന്ത്യ ഇപ്പോള്‍ കടലില്‍ തള്ളുന്നത്. പുറം കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ വലയില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം കുടുങ്ങുന്ന അവസ്ഥ ഇപ്പോള്‍ത്തന്നെ കൂടുതലാണ്. ഇങ്ങനെ തുടര്‍ന്നാല്‍ 2025 ആകുമ്പോഴേക്ക് ഓരോ മൂന്നു ടണ്‍ മല്‍സ്യത്തിനുമൊപ്പം ഒരു ടണ്‍ പ്ലാസ്റ്റിക് വലയില്‍ കുടുങ്ങുന്ന അവസ്ഥ സംജാതമാകും എന്നാണ് ഓഷ്യന്‍ കണ്‍സെര്‍വന്‍സി പഠനങ്ങള്‍ പറയുന്നത്. നോര്‍ത്ത് പസഫിക്ക് പ്രദേശത്തെ മല്‍സ്യങ്ങള്‍ പ്രതിവര്‍ഷം കഴിക്കുന്നത് 24,000 ടണ്‍ പ്ലാസ്റ്റിക്കാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 2050 ആകുമ്പോഴേക്കും സമുദ്രത്തില്‍ മല്‍സ്യസമ്പത്തിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ആയിരിക്കും ഉണ്ടാവുക. 

ഓഖിയില്‍ പെട്ട് തകര്‍ന്ന മിക്ക ബോട്ടുകളും 40 മുതല്‍ 60 നോട്ടിക്കല്‍ മൈല്‍ദൂരത്തു നിന്നാണ് കണ്ടെത്തിയത്.

മീനില്ലാത്ത കടല്‍ 
നിരന്തരമായ മാലിന്യ നിക്ഷേപം കടലിലെ മല്‍സ്യസമ്പത്തിനേയും സാരമായി ബാധിച്ചിട്ടുണ്ട്. പല ഇനം മത്സ്യങ്ങളും മറ്റു കടല്‍ വിഭവങ്ങളും വലിയ തോതിലാണ് കുറയുന്നത്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയാകെ ബാധിക്കുകയാണ്. പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് കൂടുകയും അത് ആഗിരണം ചെയ്യാനുള്ള ജൈവ സമ്പത്ത് കുറയുകയും ചെയ്യുമ്പോള്‍ എപ്രകാരമാണോ അന്തരീക്ഷത്തിനു മാറ്റമുണ്ടാകുന്നത്, അങ്ങനെ തന്നെയാണ് സമുദ്രത്തിലും സംഭവിക്കുന്നത്. കരയിലെ സസ്യങ്ങളെക്കാള്‍ 30% കൂടുതല്‍ ഓക്‌സിജന്‍ പുറത്തു വിടാന്‍ കടല്‍ സസ്യങ്ങള്‍ക്ക് കഴിയും എന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനാല്‍, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സമുദ്രത്തിനുള്ള പങ്കും വലുതാണ്. എന്നാല്‍ മലിനീകരണം കടലിന്റെ ആവാസവ്യവസ്ഥയെ തന്നെ താറുമാറാക്കുന്നു. കടല്‍ ജലത്തിന്റെ പിഎച്ച് മൂല്യം വര്‍ദ്ധിക്കുന്നു. പല കടല്‍ സസ്യങ്ങളും ജീവജാലങ്ങളും ഇല്ലാതാകാന്‍ ഇതു കാരണമാവുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടി കടല്‍ തുരന്നു ഡ്രഡ്ജിംഗ് നടത്തിയതിന്റെ ഫലമായി 30 ഇനത്തോളം കടല്‍ ജീവികളെ തീരത്തു നിന്നും കാണാതായതായി 2015 ല്‍ നടന്ന പഠനങ്ങള്‍ പറയുന്നു.

മല്‍സ്യബന്ധനമല്ലാതെ മറ്റ് തൊഴിലുകള്‍ അറിയുന്നവരല്ല ഇവരില്‍ അധികവും. ഓഖിയില്‍ പെട്ട് തകര്‍ന്ന മിക്ക ബോട്ടുകളും 40 മുതല്‍ 60 നോട്ടിക്കല്‍ മൈല്‍ദൂരത്തു നിന്നാണ് കണ്ടെത്തിയത്. കേരളത്തിന്റെ സമുദ്ര അതിര്‍ത്തിയാകട്ടെ വെറും 12 നോട്ടിക്കല്‍ മൈലും. ഈ പരിധിക്കുള്ളില്‍ നിന്നും മല്‍സ്യം ലഭിക്കാത്തതു കൊണ്ടാണ് തൊഴിലാളികള്‍ക്ക് ആഴക്കടലിലേക്ക് പോകേണ്ടി വരുന്നത്. ഓഖിയില്‍ നിന്ന് രക്ഷപെട്ട പലരും വന്നത് പല സംസ്ഥാനങ്ങളില്‍ നിന്നുമായിരുന്നു.സംസ്ഥാന കടല്‍ അതിര്‍ത്തിയും രാജ്യാന്തര കടല്‍ അതിര്‍ത്തിയും വരെ കടന്നാണ് തൊഴിലാളികള്‍ ഇപ്പോള്‍ മീന്‍ പിടിക്കാന്‍ പോകുന്നത്. 

ഈ ദൂരയാത്ര ഓഖി ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്തിരുന്നു. ഇനി ഒരു കടല്‍ക്ഷോഭമുണ്ടാകുമ്പോഴും വളരെ പെട്ടന്ന് രക്ഷപ്പെടുത്താവുന്ന ദൂരത്തിലാകില്ല മല്‍സ്യത്തൊഴിലാളികളുണ്ടാകുക. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി ആശ്രയിക്കുന്നത് രണ്ട് കിലോമീറ്റര്‍ വരെയുള്ള തീരക്കടലിലെ പാരുകളെയാണ്. കടലിലെ ജൈവ ആവാസയിടങ്ങളാണ് പാരുകള്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ ഈ പാരുകളില്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടിയിരിക്കുന്നു എന്നും ഇത് കാരണം മല്‍സ്യബന്ധനം സാധ്യമാകുന്നില്ല എന്നുമാണ് അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികള്‍ സൂചിപ്പിക്കുന്നത്. 

ഈ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വൈകാതെ കേരളത്തിലെ പല തീരങ്ങളും പൂര്‍ണ്ണമായും ഇല്ലാതെയാകും

തീരങ്ങള്‍ ഇല്ലാതാവുന്ന വിധം
പ്രധാനമായും തെക്കന്‍ കേരളത്തിന്റെ കടല്‍ത്തീരങ്ങളാണ് ഇവയുടെ പരിണിത ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. തിരുവനന്തപുരത്തെ പല കടലോരപ്രദേശങ്ങളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. നാള്‍ക്കുനാള്‍ ഇല്ലാതാവുന്ന കടല്‍ തീരങ്ങള്‍ ഇതിന്റെ തെളിവാണ്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ പുലിമുട്ടുകളുടെ ഫലമായി തെക്കന്‍ സമുദ്രതീരങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല. വിഴിഞ്ഞത്തിന്റെ വടക്കു ഭാഗത്തുള്ള പൂന്തുറ, വലിയതുറ, ശംഖുമുഖം തുടങ്ങിയ ഇടങ്ങളില്‍ തീരം ഗണ്യമായ രീതിയില്‍ ഇല്ലാതാവുകയാണ്. എന്നാല്‍, വിഴിഞ്ഞത്തിന്റെ തെക്കു വശത്ത് അടിമലത്തുറ മുതല്‍ പൂവാര്‍ വരെ തീരം കൂടുകയാണ് ചെയ്യുന്നത്. ഇതുപോലെത്തന്നെ മുതലപ്പൊഴിയില്‍ പുലിമുട്ട് കെട്ടിയതിന്റെ ഫലമായി വടക്കു വശത്തുള്ള മാമ്പള്ളി, താഴമ്പള്ളി, അഞ്ചു തെങ്ങ് തുടങ്ങിയ തീരപ്രദേശങ്ങള്‍ കടലെടുക്കുകയും തെക്കുവശത്തുള്ള പെരുമാതുറ മുതല്‍ തുമ്പ വരെയുള്ള പ്രദേശങ്ങളില്‍ തീരം വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു തീരത്തു നിന്നും കടലെടുക്കുന്ന മണല്‍ മറു വശത്തുള്ള തീരത്തേക്ക് നിക്ഷേപിക്കപ്പെടുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. ഈ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വൈകാതെ കേരളത്തിലെ പല തീരങ്ങളും പൂര്‍ണ്ണമായും ഇല്ലാതെയാകും. ഈ തീരങ്ങളില്‍ അധിവസിക്കുന്ന ജനത പലായനം ചെയ്യേണ്ടി വരും. 

നമ്മുടെ കടലുകളില്‍ തിരമാലയുടെ ശക്തി താരതമ്യേന കൂടുതലാണ്. അപ്പോള്‍ കടലില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തിരയടിയുടെ ശക്തി കുറയ്ക്കണം. അതിനു വേണ്ടി ലോറിയില്‍ കല്ലുകള്‍ കൊണ്ടുവന്ന് കടലില്‍ നീളത്തിന് അടുക്കിയിടും. ഇങ്ങനെയാണ് കടല്‍ വെള്ളത്തിന്റെ ശക്തി കുറയ്ക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായിട്ടൊക്കെ ഇത് ചെയ്തിട്ടുണ്ട്. മണലൊഴുക്ക് എപ്പോഴും വടക്കു നിന്നും തെക്കോട്ടാണ്. ജൂണ്‍-ജൂലൈ-ആഗസ്റ്റ് സമയത്താണ് സാധാരണയായി കരയെടുക്കല്‍ പ്രക്രിയ അഥവാ 'സീ ഇറോഷന്‍' നടക്കുന്നത്. ആ സമയത്ത് ഒരു വശത്തു നിന്നും കടലെടുക്കുന്ന മണ്ണ് മറുവശത്ത് നിക്ഷേപിക്കപ്പെടുന്നു. മണ്‍സൂണ്‍ കാലം കഴിയുമ്പോള്‍ കടല്‍ ഇങ്ങനെയെടുക്കുന്ന മണ്ണ് മുഴുവന്‍ തിരിച്ച് കൊണ്ടിടുകയും ചെയ്യും. എന്നാല്‍ ഈ നിര്‍മ്മാണങ്ങളുടെ ഫലമായി എടുക്കുന്ന മണ്ണ് തിരിച്ച് കൊണ്ടിടപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് കടല്‍ കരയിലേക്ക് കയറുന്നത്. കടല്‍ ഭിത്തികള്‍ പോലെയുള്ള ഇത്തരം നിര്‍മ്മിതിയുടെ ഒരു വശത്ത് തീരം കൂടുന്നതും മറു വശത്ത് തീരം നഷ്ടപ്പെടുന്നതും ഇങ്ങനെയാണ്. മുതലപ്പൊഴിയില്‍ ഇങ്ങനെ കെട്ടിയിരിക്കുന്ന പുലിമുട്ട് കാരണം അഞ്ചുതെങ്ങ് തീരം ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. 400 മീറ്ററോളം നീളത്തിലാണ് ഈ പുലിമുട്ട്. വിശാലമായ കടല്‍ത്തീരമുണ്ടായിരുന്ന ഇടമാണ് അഞ്ചുതെങ്ങ്. പക്ഷേ ഇപ്പോള്‍ അത് മുഴുവന്‍ ഏതാണ്ട് കടലെടുത്ത അവസ്ഥയാണ്. 

തീരങ്ങളില്‍ അധിവസിക്കുന്ന ജനത പലായനം ചെയ്യേണ്ടി വരും. 

നിയമങ്ങള്‍ കടലിനോട് ചെയ്യുന്നത്,
ഗവേഷകര്‍ മല്‍സ്യതൊഴിലാളികളോട് ചെയ്യുന്നത് 

തീരദേശ പരിപാലന നിയന്ത്രണ ചട്ടം അഥവാ സി ആര്‍ ഇസെഡ് നിയമപ്രകാരം കായലുമായി 50 മീറ്റര്‍, കടലുമായി 200 മീറ്റര്‍, പുഴയുമായി 100 മീറ്റര്‍ എന്നിങ്ങനെ കൃത്യമായ അകലത്തിലേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. പക്ഷേ ഇപ്പോള്‍ അഞ്ചുതെങ്ങ് ഇരിക്കുന്നത് ഈ പരിധികള്‍ക്ക് പുറത്താണ്. അതായത്, നിയമപ്രകാരം നോക്കുമ്പോള്‍ അഞ്ചുതെങ്ങ് ഗ്രാമത്തിലെ റോഡ് മാത്രമാണ് ബാക്കി വരിക. സി ആര്‍ ഇസഡ് തയ്യാറാക്കിക്കൊടുത്ത തീരദേശപ്രദേശങ്ങളുടെ മാപ്പില്‍ അഞ്ചുതെങ്ങ് എന്നൊരു ഗ്രാമമില്ല. ഒരിക്കല്‍ അത്രമാത്രം തീരമുണ്ടായിരുന്ന, ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള, കേരള സംസ്‌ക്കാരവും പൈതൃകവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരിടമാണ് ഇത് എന്നോര്‍ക്കണം. 

'ഇവിടെയാരും വികസനങ്ങള്‍ക്കെതിരല്ല. ഇത്തരം നിര്‍മ്മാണങ്ങള്‍ കടലിന് കോട്ടം വരാത്ത രീതിയില്‍ ചെയ്യാന്‍ മത്സ്യത്തൊഴിലാളികളുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇവിടെയാണ് കോസ്റ്റല്‍ എന്‍ജിനീയറിങ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ അടിയന്തിര ആവശ്യകത വരുന്നത്. കാറ്റിന്റെ ഗതി, മണലൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, തിരമാലയുടെ സ്വഭാവം, അടിയൊഴുക്ക് ഇതൊക്കെ കൈകാര്യം ചെയ്യാന്‍ എന്നാലേ കഴിയൂ. കരയിലിരുന്നു കടലിനെ പഠിക്കുന്നവരേക്കാള്‍ കൂടുതല്‍ ധാരണ കടലിലിറങ്ങി അതിനെ അറിയുന്നവര്‍ക്കല്ലേ ഉണ്ടാവുക?'- കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്ററും പുതിയതുറ സ്വദേശിയുമായ വിപിന്‍ ദാസ് ചോദിക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിനെക്കുറിച്ചുള്ള അറിവിനെ വേണ്ട വിധത്തില്‍ പ്രയോഗിച്ചാല്‍ത്തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ വലിയ അളവില്‍ പ്രതിരോധിക്കാനാവും. കടലിനെയും കടലിന്റെ മാറ്റങ്ങളെയും കുറിച്ച് കൃത്യമായി ധാരണയുള്ളവര്‍ക്കു മാത്രമാണ് മല്‍സ്യബന്ധനം നടത്താനാവുക. കടലില്‍ നടക്കുന്ന ഡൈനാമിക്ക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവര്‍ക്കുള്ള തദ്ദേശീയമായ ധാരണയും അറിവുകളും ഫലപ്രദമായി ഉപയോഗിക്കാന്‍ സമുദ്ര ഗവേഷണ രംഗം തയ്യാറല്ല. കടല്‍ വായിച്ചു പഠിക്കേണ്ട ഒന്നല്ല, കണ്ടും അനുഭവിച്ചും മനസ്സിലാക്കേണ്ടതാണ്. സമുദ്രത്തെക്കുറിച്ചും അത് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഗൗരവതരമായ ചര്‍ച്ചകള്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ സമുദ്രദിനം കേരളത്തോട് ഓര്‍മ്മിപ്പിക്കുന്നത് ഇതു തന്നെയാണ്.