തിരുവനന്തപുരം: 'എന്‍.ബി: നിങ്ങളുടെ ഒരു ദിവസത്തെ റേഷനരി എത്തിച്ചു തരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.'

ഇങ്ങനെ എഴുതിയ ഒരു വിവാഹ ക്ഷണക്കത്ത് കിട്ടിയാല്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുക. വിവാഹ ധൂര്‍ത്തുകളുടെയും ഭക്ഷണം പാഴാക്കലിന്റെയും ഇക്കാലത്ത് ഉറപ്പായും, ഇൗ കത്തിന്റെ ഉള്ളടക്കം മനസ്സിലാവുകയേ ഇല്ല. ഭ്രാന്താണെന്നോ വിചിത്രമായ കാര്യമാണെന്നോ മാത്രം തോന്നും. കത്തിന്റെ കോപ്പി എടുത്ത് ഫേസ്ബുക്കിലിട്ട് നാറ്റിക്കാനും സാദ്ധ്യതയുണ്ട്. 

എന്നാല്‍, 1940കളില്‍ അതൊരു ഭ്രാന്തന്‍ കാര്യമായിരുന്നില്ല. അത്തരമൊരു കത്ത് അസാധാരണവുമായിരുന്നില്ല. അതൊരു പൊള്ളുന്ന സത്യം തന്നെയായിരുന്നു. സംശയമുള്ളവര്‍ 1946ല്‍, സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടു മുമ്പത്തെ വര്‍ഷം കൊയിലാണ്ടി പെരുവട്ടൂരിലെ താഴെ തോട്ടാംകണ്ടി താമസിക്കും ഉള്ളൂര് കുട്ട്യേക്കന്‍ എന്നയാള്‍ തന്റെ മകന്‍ ഇമ്പിച്ചൂട്ടിയുടെയും മകള്‍ കല്യാണിയുടെയും വിവാഹങ്ങള്‍ക്ക് നല്‍കിയ ക്ഷണക്കത്ത് കാണുക. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ ക്ഷണക്കത്തില്‍, ആ കാലത്തെ മനുഷ്യര്‍ അനുഭവിച്ച പട്ടിണിയുടെ പൊള്ളലുണ്ട്. 

1946 മെയ് 12നായിരുന്നു ഇമ്പിച്ചൂട്ടിയുടെ വിവാഹം. എളാഞ്ചേരി രാമന്റെ മകള്‍ ചീരുക്കുട്ടി ആയിരുന്നു വധു. അന്നു തന്നെയായിരുന്നു കുട്ട്യേക്കന്റെ മകള്‍ കല്യാണിയുടെയും വിവാഹം. വരന്‍ പരേതനായ തറോല്‍ ചന്തുക്കുട്ടിയുടെ മകന്‍ ഉണ്ണിക്കുട്ടി. ഇരു വിവാഹങ്ങള്‍ക്കുമായി വൈകിട്ട് അഞ്ചു മണിക്ക് തന്റെ വീട്ടില്‍ വരണമെന്ന് ക്ഷണിക്കുന്നതാണ് ഈ കത്ത്.

ക്ഷണക്കത്തിന് അടിയിലാണ്, എന്‍.ബി എന്ന് എഴുതിയ ശേഷം റേഷനരി ആവശ്യപ്പെട്ടുള്ള വരി. ക്ഷണനപത്രം എന്നാണ് കത്തിന്റെ തലക്കെട്ട്. ക്ഷണക്കത്തിന് ആ നാളുകളില്‍ പ്രാേദശികമായി അങ്ങനെ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാലത്ത് ക്ഷണനം എന്നാരും ഉപയോഗിക്കാറില്ല. ക്ഷണനം എന്ന വാക്കിനര്‍ത്ഥം വധിക്കുക എന്നതാണെന്ന് പരക്കെ അറിയാവുന്നതിനാലാണ് ഇത്. 

കരിഞ്ചന്തയുടെ കാലമായിരുന്നു അത്. അരി അപൂര്‍വ്വമായ കാലം. വിവാഹത്തിനായാലും റേഷനരി തന്നെയായിരുന്നു ആശ്രയം. അതിനാലാണ്, കല്യാണ കത്തിനൊപ്പം അരി ചോദിച്ചുള്ള അഭ്യര്‍ത്ഥനയും പതിവായിരുന്നത്. അന്നത്തെ സാധാരണ കാര്യമായിരുന്നുവെങ്കിലും ഇതിപ്പോള്‍ വാര്‍ത്തയാണ്. ഇക്കാലയളവിനുള്ളില്‍ നമ്മുടെ ജീവിതവും സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളും അത്രയേറെ മാറിയതാണ് കാരണം. 

കല്യാണ കത്തുപോലും അടിക്കാന്‍ വകയില്ലാത്തവരായിരുന്നു അന്നേറെയും എന്നു കൂടി ആലോചിച്ചാല്‍ കാര്യം മനസ്സിലാവും. 

ഇതാ ആ കത്ത്: വായിക്കൂ...