കൊച്ചി ബിനാലെയുടെ രണ്ടാം പതിപ്പിന് തുടക്കമായപ്പോൾ ഇതിൽ കൊണ്ടു മറിയാനുള്ളത്ര ' സ്റ്റോറി സബ്ജക്ടുകളുണ്ടെന്നാണ് അന്നത്തെ ബ്യൂറോചീഫ് ജിമ്മിച്ചേട്ടൻ (ജിമ്മി ജയിംസ്) പറഞ്ഞത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം നല്ല സോഫ്ട് സ്റ്റോറികൾ തേടി ആസ്പിൻ വാളിലും കബ്രാൾ ഹാളിലുമൊക്കെ നടന്നു. എണ്ണമറ്റ കലാകാരന്മാർ.. ഇൻസ്റ്റലേഷനുകൾ..ഇന്ത്യയ്ക്കകത്തും പുറത്തും നിന്നെത്തിയവരെക്കുറിച്ചൊക്കെ സ്റ്റോറികൾ.. ഈ കറക്കത്തിനിടയ്ക്കാണ് ചുവരുകളിൽ അപൂർവമായ ചില വരകൾ കണ്ടത്..പാശ്ചാത്യ കലാകാരന്മാരെയും മറ്റ് വ്യക്തിത്വങ്ങളെയും ഇന്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഈ ഗ്രാഫിറ്റികൾ ആദ്യ നാളിൽത്തന്നെ ശ്രദ്ധനേടി. വീണവായിക്കുന്ന മൈക്കൽ ജാക്സൺ മുതൽ മിസ്റ്റർ ബീൻ വരെ ഇവിടെയുണ്ട്.. ബിനാലെ വേദികൾക്ക് സമീപത്തെ ചുവരുകളിൽ കറുത്ത നിറത്തിലാണ് മിക്കവയും പ്രത്യക്ഷപ്പെട്ടത്..ബാലരമയിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കുട്ടൂസനെയും ഡാക്കിനിയേയും കലാകാരൻ എന്തു കൊണ്ടോ 'കളർഫുൾ' ആക്കി.

മുണ്ടുമടക്കിക്കുത്തി തട്ടുദോശ മറിച്ചിടുന്ന കെ എഫ് സി അപ്പൂപ്പനും തലയിൽ കലം വച്ച് നിൽക്കുന്ന മൊണാലിസയും വരയുടെ പുതിയ തലങ്ങളാണ് തുറന്നു കാട്ടിയത്. മായാവി കഥയിലെ വിക്രമന്റെയും മുത്തുവിന്റെയും ന്യൂജൻ രൂപങ്ങൾക്കൊപ്പം ജയിംസ്ബോണ്ട് സ്റ്റൈലിൽ നിൽക്കുന്ന പ്രേംനസീറും ആരാധകശ്രദ്ധ നേടി. മുനിമാരുടെ വേഷത്തിലുള്ള മാർക്സും ഏംഗൽസും ചിന്തയുടെ പുതിയ തലങ്ങൾ തുറന്നു. ബോബ് മാർലി മുതൽ മിസ്ര്റർ ബീൻ വരെ എല്ലാവരും ഇന്ത്യൻ പശ്ചാത്തലത്തിൽ..

ക്യാമറാമാൻ ബിജു ചെറുകുന്നത്തിനൊപ്പം ഏറെ നേരം പണിപ്പെട്ടാണ് ഈ ഗ്രാഫിറ്റികളെ തേടിപ്പിടിച്ചത്. കൂടുതൽ ഗ്രാഫിറ്റികൾ കണ്ടെത്താൻ ആവേശം കൂടിയതോടെ ബിനാലെ കാണാനെത്തിയവരോട് അന്വേഷണമായി..ഗ്രാഫിറ്റികൾ എന്ന് പറയുന്പോൾ കാര്യം മനസ്സിലാകാത്തവർക്കൊക്കെ GUESS WHO എന്ന വാക്ക് ക്ലിക്ക് ചെയ്തു. അങ്ങിനെ ഈ വിഭാഗത്തിൽപ്പെട്ട കുറേ ഗ്രാഫിറ്റികൾ കണ്ടെത്തി.

ദിവസങ്ങൾ കൊണ്ട് ഇവ പ്രശസ്തമായെങ്കിലും GUESS WHO കലാകാരൻ അജ്‍ഞാതനായി തുടർന്നു. ആരാണീ GUESS WHO എന്ന ചോദ്യം ബിനാലെ വേദികളിൽ സജീവമായി..ആളുകൾ വളരെ എത്തുന്ന സ്ഥലങ്ങളിൽപ്പോലും ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവ വരക്കുന്നതോ വരച്ച ആളെയോ ആർക്കും കാണാനായില്ല.. ബി ബി സി ഉൾപ്പടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ വാർത്ത വന്നു. എന്നിട്ടും കലാകാരൻ തിരശ്ശീലക്ക് പിന്നിൽത്തന്നെ നിലകൊണ്ടു.
ബിനാലെയുടെ അവസാന കാലത്ത് ഒരു മാധ്യമ പ്രവർത്തകൻ സോഷ്യൽ മീഡിയ വഴി ഈ കലാകാരനോട് സംവദിച്ചതായി ചില പത്ര റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്പോഴും പേര് മാത്രമാണ് ആ റിപ്പോർട്ടറും കണ്ടത്..മുഖമോ ചിത്രമോ ഇല്ല..

എന്തായാലും വീണ്ടുമൊരു മുസിരിസ് ബിനാലെ വന്നെത്തിയിരിക്കുന്നു. കൊച്ചിയിലെ ദുർഗന്ധം വമിക്കുന്ന തെരുവോരങ്ങൾ പോലും കലാപൂരിതമാകുന്ന ബിനാലെ കാലം...ഇത്തവണയും കാലത്തിനൊത്ത രൂപ ഭാവങ്ങളുമായി ചുവരുകളിൽ നിറയുമോ GUESS WHO ഗ്രാഫിറ്റികൾ??
കാത്തിരിക്കാം...

