റിച്ചാർഡിന്‍റെ ഫോണില്‍ നിറയെ ഓഫീസിലെ ബാത്ത്റൂമില്‍ ഒളിക്യാമറ വച്ചെടുത്ത വീഡിയോ ആയിരുന്നു റിച്ചാർഡിന്‍റെ സഹപ്രവർത്തകയടക്കം നിരവധി പേരുടെ ദൃശ്യങ്ങളാണ് മോളി ഫോണില്‍ കണ്ടത്

ഡബ്ലിന്‍: ഭര്‍ത്താവ് റിച്ചാർഡ് കൂപ്പറിന്‍റെ ഫോണ്‍ പരിശോധിച്ചതാണ് 21 വയസുകാരി മോളി ക്ലാർക്ക്. അതിലെ വീഡിയോ അവരെ ഞെട്ടിച്ചു കളഞ്ഞു. കെ.എഫ്.സിയില്‍ ജോലി ചെയ്യുന്ന റിച്ചാർഡിന്‍റെ ഫോണില്‍ നിറയെ ഓഫീസിലെ ബാത്ത്റൂമില്‍ ഒളിക്യാമറ വച്ചെടുത്ത വീഡിയോ ആയിരുന്നു. നോര്‍ത്തേണ്‍ അയലന്‍ഡിലാണ് സംഭവം.

അടുക്കളയില്‍ ഫോണ്‍ ചാർജ്ജ് ചെയ്യാന്‍ വച്ച് പുറത്തുപോയതാണ് റിച്ചാർഡ്. ഫോണില്‍ നോക്കരുതെന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ മോളി ഫോണ്‍ തുറക്കുകയായിരുന്നു. പാസ് വേഡ് ഇട്ട് ലോക്ക് ചെയ്ത ഫോണായിരുന്നുവെങ്കിലും തനിക്ക് പാസ് വേഡ് ഊഹിക്കാന്‍ കഴിഞ്ഞുവെന്നാണ് മോളി പറയുന്നത്.

ഭര്‍ത്താവിന്‍റെ ഫോണില്‍ ഏതെങ്കിലും സ്ത്രീ അയച്ച മെസ്സേജ് കാണുമെന്നാണ് മോളി കരുതിയത്. പക്ഷെ, റിച്ചാർഡിന്‍റെ സഹപ്രവർത്തകയടക്കം നിരവധി പേരുടെ ദൃശ്യങ്ങളാണ് മോളി ഫോണില്‍ കണ്ടത്. അതില്‍ ചെറിയ ഒരു പെണ്‍കുഞ്ഞ്, ഒരു കൌമാരക്കാരി, റിച്ചാര്‍ഡിന്‍റെ സഹപ്രവര്‍ത്തക, കുഞ്ഞിന്‍റെ നാപ്കിന്‍ മാറ്റാന്‍ കയറിയ ഒരമ്മ ഇവരുടെയെല്ലാം ദൃശ്യങ്ങളുണ്ടായിരുന്നു. 

കുഞ്ഞിന്‍റെ ദൃശ്യമാണ് മോളി ആദ്യം കണ്ടത്. ഞെട്ടലില്‍ തന്‍റെ കയ്യില്‍ നിന്നും ഫോണ്‍ താഴെ വീണു പോയെന്ന് മോളി പറയുന്നു. ആദ്യം റിച്ചാർഡിന്‍റെ അമ്മയെ ആണ് വിളിച്ചത്. പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്നാണവർ പറഞ്ഞത്. പിന്നീട്, സഹോദരിയുടെ വീട്ടില്‍ പോവുകയും അവിടെനിന്നും നേരെ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങളറിയിക്കുകയുമായിരുന്നു. റിച്ചാർഡിന് കോടതി അഞ്ച് വർഷത്തേക്ക് തടവ് വിധിച്ചു.

തന്‍റെ മനസില്‍ അയാള്‍ മരിച്ചുവെന്നും അങ്ങനെയൊരാളെ തനിക്കറിയില്ലെന്നുമാണ് മോളി പറയുന്നത്. കാന്‍സറിനെ അതിജീവിച്ചവളാണ് മോളി. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും അവള്‍ ഗർഭിണിയായി. രണ്ട് കുട്ടികളുണ്ടിവർക്ക്.