ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ഫെമിനിസ്റ്റും, എഴുത്തുകാരിയും, സൈദ്ധാന്തികയുമായിരുന്നു സിമോൺ ഡി ബ്യൂവെയർ. 1963 -ൽ എഴുതിയ “ഫോഴ്‌സ് ഓഫ് സർക്കംസ്റ്റൻസ്” എന്ന ഓർമ്മക്കുറിപ്പിൽ, അവർ താൻ ഉപേക്ഷിച്ച ഒരു രചനയെക്കുറിച്ച് ക്ഷണികവും രസകരവുമായ പരാമർശം നടത്തുകയുണ്ടായി. എലിസബത്ത് സാസ ലാക്കോ എന്ന ഒരു ചെറുപ്പക്കാരിയായി അവർക്ക് ഉണ്ടായിരുന്ന വികാരഭരിതവും ദാരുണവുമായ സൗഹൃദത്തിന്റെ കഥയായിരുന്നു അത്. എന്നാൽ സാസ 21 -ാം വയസ്സിൽ എൻസെഫലൈറ്റിസ് ബാധിച്ച് മരണപ്പെട്ടു. അവർ തമ്മിലുള്ള വികാരഭരിതമായ ബന്ധത്തിന്റെ കഥ പറയുന്ന "ലെസ് ഇൻസെപറബിൾസ്" (Les inseparables) പക്ഷെ പ്രസിദ്ധീകരിക്കാൻ അവർ മടിച്ചു. കാലത്തിന് മുന്നേ സഞ്ചരിച്ച ആ നോവൽ ഒരു യാഥാസ്ഥിക സമൂഹം എങ്ങനെ ഉൾക്കൊള്ളുമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ, വർഷങ്ങൾക്ക് ശേഷം അത് വീണ്ടും പ്രസിദ്ധീകരിക്കാൻ പോവുകയാണ്.  

സിമോണിന്റെ മകൾ സിൽവി ലെ ബോൺ അടുത്തിടെ അമ്മയുടെ കഥകളുടെ കൂട്ടത്തിൽ ഈ കൃതി കണ്ടെത്തുകയായിരുന്നു. ന്യൂയോർക്ക് ടൈംസിനോട് സംസാരിച്ച സിൽവി ലെ ബോൺ പറഞ്ഞത് ഇങ്ങനെയാണ്: “അമ്മ തനിക്ക് ഇഷ്ടപ്പെടാത്ത കൃതികൾ നശിപ്പിച്ചു കളയുമായിരുന്നു. എന്നാൽ ഇത് നശിപ്പിച്ചില്ല.” മകളാണ് ഈ നോവലിന് ആമുഖം എഴുതുന്നത്. 2021 -ന്റെ അവസാനത്തിൽ നോവൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസിദ്ധീകരണ കമ്പനിയായ വിന്റേജ് പറഞ്ഞു. ബ്യൂവോയിറിന്റെ ജീവിതത്തിൽ അധികം ആരും അറിയാത്ത കുറെ ഏടുകളാണ് ഈ നോവലിൽ നമുക്ക് കാണാൻ കഴിയുക. സ്ത്രീ അസമത്വത്തെയും ലൈംഗികതയെയും കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്ന ഒരു സുപ്രധാന ബന്ധത്തെ കുറിച്ചാണ് അവർ ഇതിൽ പറയുന്നത്. 

വികാരഭരിതമായ ഈ സൗഹൃദത്തെ കുറിച്ച് എഴുത്തുകാരി നോവലിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്, “ആകസ്മികമായാണ്, ആൻഡ്രിയയും (സാസ) സിൽവിയയും (സിമോൺ) ഒരു ക്ലാസിൽ ചേരുന്നത്. സിൽ‌വിയ തന്റെ പുതിയ സഹപാഠിയെ കണ്ടപ്പോൾ തന്നെ അവളിൽ ആകൃഷ്ടയായി. സിൽവിയ അവളെ അഭിനന്ദിക്കുന്നു, അവളെ വിലമതിക്കുന്നു, ആൻഡ്രിയ തന്നെ സ്നേഹിക്കാൻ വേണ്ടി അവൾ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നു. അധികം താമസിയാതെ അവർ ഇണപിരിയാത്ത സുഹൃത്തുക്കളായി. ഹൈസ്കൂളും ആൻഡ്രിയയുടെ ദാരുണമായ മരണവും വരെ അവ വേർപിരിയാത്തവരായി കഴിഞ്ഞു.”

മുതിർന്ന എഡിറ്റർ ഷാർലറ്റ് നൈറ്റ് ഇതിനെ “സ്ത്രീ സൗഹൃദത്തെക്കുറിച്ചും ലോകത്തിൽ സ്വന്തം വഴി കണ്ടെത്തുന്നതിനെക്കുറിച്ചും എഴുതിയിരിക്കുന്ന ത്രസിപ്പിക്കുന്ന നോവൽ” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാരീസിൽ ഒരു സ്ത്രീ എന്തായിരിക്കണമെന്നതിനെക്കുറിച്ചുള്ള പരമ്പരാഗത ആശയങ്ങൾക്ക് എതിരായി പോരാടുന്ന രണ്ട് യുവതികൾ തമ്മിലുള്ള സൗഹൃദമാണ് ഈ കഥയെന്ന് പ്രസാധകൻ പറഞ്ഞു. അച്ചടക്കവും, അനുസരണയും ശീലമാക്കേണ്ട അവർ സ്വന്തം താൽപ്പര്യങ്ങളും അഭിനിവേശങ്ങൾക്കും കീഴ്‌പ്പെടുന്നു എന്നത് അന്നത്തെ കാലത്ത് ഒരു വലിയ തെറ്റായി സമൂഹം കണ്ടേക്കാം. എന്നാൽ, ആ ബന്ധം ബ്യൂവെയറിനെ ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് സ്വാധീനിച്ചു. അവരുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും, സമൂഹത്തെ കുറിച്ചുള്ള ഉറച്ച നിലപാടുകളും രൂപപ്പെടുത്തുന്നത്തിന് അത് സഹായകമായി. ഈ നോവൽ പരമ്പരാഗത പ്രതീക്ഷകൾക്കെതിരായ എഴുത്തുകാരിയുടെ വ്യക്തിപരമായ പോരാട്ടത്തിന്റെ കഥയാണ്. അവരുടെ ബൗദ്ധികവും അസ്തിത്വപരവുമായ അഭിലാഷത്തെ തുറന്നുകാണിക്കുന്ന ഒന്നാണ് ഇത്.  

'ലെസ് ഇൻസെപറബിൾസ്' ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് ഡി എൽ ഹെർണ്ണറാണ്. വിന്റേജാണ് യുകെയിൽ ഇത് പ്രസിദ്ധീകരിക്കുന്നത്. വടക്കേ അമേരിക്കയിലെ എക്കോയും. പുസ്തകം ഒരു ഡസനിലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടും.