ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയില്‍ കഴിഞ്ഞയാഴ്ച തെരുവിലൂടെ നടക്കാനിറങ്ങിയ ജനക്കൂട്ടം ആ കാഴ്ച കണ്ട് ഞെട്ടി. തുറന്ന ജീപ്പില്‍ പുറത്തേക്ക് തലയിട്ട് കാഴ്ചകള്‍ കണ്ടുനീങ്ങുന്ന സിംഹം. സന്ധ്യയായതോടെ തന്‍റെ സിംഹവുമായി സവാരിക്കിറങ്ങിയതാണ് ഉടമ. ഇത് കണ്ട് ആദ്യം ഞെട്ടിയ ജനങ്ങള്‍ പിന്നീട് സംയമനം പാലിക്കുകയും ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. 

വീഡിയോ വൈറലായതോടെ ഉടമയുടെ കൈകളില്‍ വിലങ്ങ് വീണു. കറാച്ചിയിലെ കരീമാബാദില്‍ കഴിഞ്ഞയാഴ്ചയാണ് ഈ സംഭവം നടന്നത്. തലയും കൈകളും പുറത്തേക്ക് ഇട്ടാണ് സിംഹം കാഴ്ചകള്‍ കണ്ടുനീങ്ങിയത്. ഇടയ്ക്ക് അവന്‍ പുറത്തേക്ക് ചാടുമോ എന്നു പോലും ആളുകള്‍ ഭയന്നു. എന്നാല്‍ അനുസരയുള്ള കുട്ടിയെ പോലെ അവന്‍ പിക്കപ്പ് ജീപ്പിനുള്ളില്‍ അടങ്ങിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഒരു യുവതിയാണ് പകര്‍ത്തി യു ട്യൂബിലൂടെ പങ്കിട്ടത്. 

എന്നാല്‍ താന്‍ സിംഹത്തെ തിരക്കേറിയ റൂട്ടിലൂടെ കൊണ്ടുപോയതില്‍ അപാകതയില്ലെന്നാണ് ഉടമയുടെ നിലപാട്. തനിക്ക് ലൈസന്‍സ് അടക്കം എല്ലാ രേഖകളുമുണ്ട്. നാലു ദിവസം പഴയ വീഡിയോ ആണത്. എന്റെ സിംഹം രോഗിയായിരുന്നു. അവനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയതാണ്. തിരിച്ചുവീട്ടിലേക്ക് കൊണ്ടുവന്നുവെന്നും ഉടമ വ്യക്തമാക്കി. സിന്ധില്‍ സ്വകാര്യ മൃഗശാല ഉടമയാണ് കക്ഷി. ഇയാള്‍ക്ക് ലൈന്‍സ് ഉണ്ടായിരുന്നുവെന്നത് ശരിയാണെന്നും പക്ഷേ അത് 2016ല്‍ കാലാവധി കഴിഞ്ഞതാണെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.