Asianet News MalayalamAsianet News Malayalam

പ്രണയത്തിന് എത്ര വയസ്സുണ്ട്?

Love Debate Sony Dith
Author
Thiruvananthapuram, First Published Jun 21, 2017, 2:58 PM IST

Love Debate Sony Dith
                
ഉടലിന്റെ മിനുത്ത പാളികള്‍  കടന്ന്, നഗ്‌നമായ അതിന്റെ ആത്മാവുമായി  സംവദിച്ച് രണ്ടുപേര്‍ ചേര്‍ന്നിരിക്കുമ്പോള്‍ യഥാര്‍ത്ഥ  പ്രണയം സംഭവിക്കുന്നു .ഏതു വാളുകൊണ്ട്  രാകി  നോക്കിയാലും പോറലേല്‍ക്കാത്ത  വജ്രമാണത് . 

ഒരു ശിലയുടെ ഉള്ളിലെ സൗന്ദര്യം  നാം  ആസ്വദിക്കുക  അത്  ശില്‍പ്പമായി പുറത്തു  വരുമ്പോഴാണ് .ഓരോ  മനുഷ്യനും  അവനവനെത്തന്നെയും മറ്റുള്ളവയേയും  ഇഷ്ടത്തോടെ  കാണാന്‍  ശ്രമിക്കുന്നത്  പ്രണയം എന്ന  വികാരം  ഉള്ളില്‍  നിന്നും  കടഞ്ഞെടുക്കുമ്പോള്‍ ആണ്. ചുരുക്കത്തില്‍ പ്രണയമാണ് ഒരു  ജീവിതത്തിന്റെ  വസന്തകാലം എന്ന് പറയാം .

പ്രണയം കാല്‍പനികതയുടെ  സുന്ദരഭൂമി കൂടിയാണ്. എത്ര വെയിലിനെയും അവിടെ സൂര്യന്റെ  തൂവലുകള്‍ എന്നേ പ്രണയികള്‍ അനുഭവിക്കൂ. പ്രണയകാലം   അതിന്റെ  മാന്ത്രികത കൊണ്ട് പലരെയും അവരറിയാതെ  തന്നെ തനിക്കു  പോകാവുന്നതിലും അപ്പുറത്തേക്ക് കൊണ്ടുപോകുകയും  ചെയ്യും .

പ്രണയത്തില്‍  പങ്കുവയ്ക്കലുകളാണ് അധികവും. അവിടെ പരസ്പരം വാക്കുകള്‍ കൊണ്ടും നോക്കുകള്‍കൊണ്ടും ഊട്ടുന്നതില്‍ സംതൃപ്തി അനുഭവിക്കുന്നു. ആ ലോകത്തെ സുന്ദരവും സന്തോഷമുള്ളതും ആക്കി  കൂടെക്കൂടെ ചേര്‍ത്തുപിടിക്കുവാന്‍ രണ്ടുപേര്‍ മത്സരിച്ചു ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി സ്വയം  മറന്നു സഞ്ചരിക്കുന്ന വഴികള്‍ പിന്നീട് എത്ര അന്വേഷിച്ചാലും കണ്ടുകിട്ടി എന്നും വരില്ല  .

പ്രണയത്തില്‍ എന്ത് തടസ്സങ്ങളെയും ചാടിക്കടക്കാന്‍ നിഷ്പ്രയാസം അവര്‍ വഴികള്‍  കണ്ടെത്തും. എന്തിനും ഏതിനും ധൈര്യവും ആവേശങ്ങളും  വന്നുചേരുന്ന  സമയങ്ങള്‍. 'എതു പൂച്ചയെയും  കലമുടക്കാന്‍  പാകത്തിന്  ആക്കി  തീര്‍ക്കുന്ന മന്ത്രവാദിയാണ് പ്രണയം'. സ്വയം അത്  പലരെയും അത്ഭുതപ്പെടുത്തുകയും മറ്റുള്ളവരെക്കൊണ്ട് വാപൊളിപ്പിക്കുകയും മൂക്കത്ത് വിരല്‍  വെപ്പിക്കുകയും ചെയ്യും .ചിലപ്പോഴൊക്കെ ആവര്‍ത്തിച്ചു കൈ വേദനിപ്പിച്ചു നാം ആഞ്ഞു  വലിച്ചു  വിടുന്നൊരു റബ്ബര്‍ ബാന്റു പോലെയാണ് അത് .

'എതു പൂച്ചയെയും  കലമുടക്കാന്‍  പാകത്തിന്  ആക്കി  തീര്‍ക്കുന്ന മന്ത്രവാദിയാണ് പ്രണയം'.

എത്ര  മിണ്ടിയാലും  തീരാത്ത  അത്രയും വര്‍ത്തമാനവും ഇഷ്ടങ്ങളും  നനുത്ത വാക്കുകള്‍  കൊണ്ട്  അമ്മാനമാടി  രസിച്ചവര്‍ ജീവിതത്തിന്റെ മറ്റൊരു  വാതിലിലൂടെ  കൈകോര്‍ത്തു തൊട്ടുരുമ്മി വലതുകാല്‍ വച്ച് കയറുമ്പോള്‍ കുറച്ചു ദൂരം  അനായാസേന  ചിരിച്ചും കളിച്ചും ആസ്വദിച്ചും പറന്നു  നടക്കുന്നു .പിന്നീട് എപ്പോഴോ മറ്റുപലരുടെയും  ജീവിതം നോക്കി അമര്‍ത്തിക്കെട്ടിപ്പിടിച്ച് 'നമ്മള്‍  ഇതുപോലെയൊന്നും ആകില്ലെന്ന്' ആവര്‍ത്തിച്ചു  പറഞ്ഞെതെല്ലാം പൊട്ടിത്തൂളി പോകുന്നത്  നോക്കി  നില്‍ക്കേണ്ടി  വരികയും  ചെയ്യും. എന്നിട്ട് 'പറ', പിന്നെ 'വേറെന്താക്കെ' എന്നൊക്കെ  കൂട്ടിക്കൂട്ടി  ചോദിച്ച്, അവസാനിക്കാതെ മിണ്ടിയിരുന്ന പ്രണയത്തിന്റെ  ആകാശങ്ങള്‍ ഏതോ ദ്വീപെന്നപോലെ ചുരുങ്ങിപ്പോയതെപ്പോഴെന്ന് അറിയാതെ കണ്ണ് മിഴിച്ചും മൂക്ക്  ചുവപ്പിച്ചും ഒച്ച ഇടര്‍ന്നും നോക്കി  നില്ക്കും .
 
സ്വന്തമാകും വരെ ഒന്നിനോട് മനുഷ്യര്‍ കാണിക്കുന്ന  പ്രിയം ഇക്കാര്യത്തിലും വെറുതെ  ഇരിക്കുന്നില്ല. ഇവിടെയും പലയിടത്തും അത് തന്റെ വില്ലന്‍  വേഷം ഭംഗിയായി ചെയ്ത്, ഡപ്പാംകൂത്തും കളിച്ചു പടക്കം പൊട്ടിച്ചു ബഹളമുണ്ടാക്കി  വെപ്രാളപ്പെട്ട് ജീവിതത്തെ തിരിച്ചിടുകയും ചെയ്യും.

പുകഴ്ത്തിയതിനെ എല്ലാം  മാറ്റിപ്പറയുകയും അന്നത്തെത്  പോലെ ഇന്നില്ലല്ലോ എന്ന  ആവലാതികള്‍  കൊണ്ട്  പരസ്പരം  പുളിവാറല്‍ വീശുകയും  ചെയ്യുമ്പോള്‍ പ്രണയത്തിന്റെ  സുന്ദര രൂപത്തിന് പതിയെപ്പതിയെ മാറ്റം  വന്നു മറ്റൊന്നായി മാറുന്നു. ചിലത്  വീണ്ടും അതിന്റെ ഉന്മാദങ്ങളിലേയ്ക്ക് കാറ്റിനെതിരെ തുഴഞ്ഞു  കയറി   പണ്ടത്തെതിനേക്കാള്‍  ഉണര്‍വ്വോടെ ചിരിച്ചു  നില്‍ക്കും. 

ന്യൂ ജെന്‍ പ്രണയ കഥകളില്‍ മാറി മാറി ഇട്ടു നോക്കി ഊരി എറിയുന്ന ഉടുപ്പുകളെപ്പോലെയാണ് പ്രണയം.

ജീവിത  യാത്രയ്ക്കിടയില്‍ പ്രണയത്തെ കുടഞ്ഞു കളയുകയോ മറന്നു  വയ്ക്കുകയോ ചെയ്യുന്നതില്‍ പലപ്പോഴും  ഭീരുത്വമാണോ നിസ്സഹായതയാണോ  മുന്നിട്ടു  നില്‍ക്കുന്നത് എന്നത് പലപ്പോഴും നമുക്ക്  പിടിതരാത്ത മീനായി വഴുതിക്കൊണ്ടിരിക്കും .

കീശ കാലിയാകുമ്പോള്‍, വയറു  വിശക്കുമ്പോള്‍, അഴക്  അഴിഞ്ഞു  പോകുമ്പോള്‍ ഒക്കെയും പ്രണയം എന്നത് വലിയൊരു  തൂക്കുപാലത്തിലൂടെ  ആടിയുലഞ്ഞു പോകുന്ന ഒരു  നിഴല്‍രൂപം  മാത്രമാകുന്നത്  കണ്ടും  കടന്നും  പോയിട്ടുള്ളവരാണ് നമ്മില്‍ പലരും. ആവര്‍ത്തിച്ചു  സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചാലും പ്രണയത്തിലെ ആത്മാര്‍ഥത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും  ചെയ്യും .

വിശുദ്ധമായ പ്രണയവും  വികൃതമായ  പ്രണയവും  ഉണ്ട്. പലപ്പോഴും  കാമത്തിന്റെ വീര്യമാണ് ഇവ  രണ്ടിനെയും വേര്‍തിരിച്ചു നല്‍കുക. മഴ ഭൂമിയോട്  ചെയ്യുന്നതിലെ സ്വാഭാവികതയെ അതിന്റെ  വിശുദ്ധിയെ നാം സ്വാഗതം ചെയ്യുന്നു. ഒരു  മഴു മരങ്ങളോട്  ചെയ്യുന്നതിനെ അതേ ഭാവത്തോടെ  നാം  സ്വീകരിക്കുമോ? നെഞ്ചിനുള്ളിലെ ഇഷ്ടം ഇളനീര് പോലെയാണ്. ഉടലിനു  ഉടലിനോട്  തോന്നുന്നതു മൊട്ടു  വിടര്‍ന്നു കോഴിയും  നേരം വരെ മാത്രം  ജീവനുള്ള  ഒന്നായിരിക്കും .

കണ്ണും മൂക്കും  ഒന്നും  ഇല്ലാത്ത  പ്രണയങ്ങളില്‍  നിന്നും ഇന്ന്  കൃത്യമായി പ്ലാനോടെ പ്രണയിക്കുന്ന ജോഡികള്‍  വരെ എത്തി നില്‍ക്കുകയാണ്. ജാതിയും  മതവും ജോലിയും പണവും എല്ലാം  നോക്കി രണ്ടു കുടുംബത്തിന്റെയും പരാതികളോ കണ്ണുരുട്ടലുകളോ ഇല്ലാതെ വളരെ  സിമ്പിള്‍ ആയി അവര്‍ പ്രണയത്തെ  ജീവിതത്തിലേക്ക്  പറിച്ചു  നടുന്നു. വളരെ  പ്രാക്റ്റിക്കലായി പ്രണയത്തെ  നോക്കി കാണുന്നവര്‍ എന്ന  ലേബല്‍  അവര്‍ക്ക് പതിച്ചു  കിട്ടുകയും ചെയ്യും .

ന്യൂ ജെന്‍ പ്രണയ കഥകളില്‍ മാറി മാറി ഇട്ടു നോക്കി ഊരി എറിയുന്ന ഉടുപ്പുകളെപ്പോലെയാണ് പ്രണയം. എത്രയെത്ര പുതിയ  മാനങ്ങള്‍ ഇനിയും  പ്രണയത്തിന്റെ  നിഘണ്ടുവില്‍  എഴുതിച്ചേര്‍ക്കാനിരിക്കുന്നു . 

എങ്കിലും, എത്ര എഴുതിയാലും  പറഞ്ഞാലും തീരാത്ത  ഒന്നായി പിന്നെയും അത് കാലങ്ങള്‍ മാറി മാറി സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കും .കവികളുടെയും സിനിമകളുടെയും ക്യാമ്പസുകളുടെയും ഓമന സന്താനമായി പ്രണയം പിന്നെയും കൊഞ്ചി വഷളാകും  .

വൃദ്ധനെ പഴയ വികൃതിയാക്കുവാനും തളര്‍ന്നു കിടക്കുന്നവനെ ചിറകുകള്‍  ഉണ്ടെന്നു  തോന്നിപ്പിക്കുവാനും ഈ പ്രണയം എന്നതൊന്നു  മതി. ഒരേസമയം  പുതുക്കപ്പെടുകയും എന്നാല്‍ ഏറ്റവും പഴക്കമുള്ളതുമായ പ്രണയത്തിനു നമ്മുടെ ഭാഷകളോ വിവര്‍ത്തനങ്ങളോ പോരാതെ  വരുന്നു

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!​

Follow Us:
Download App:
  • android
  • ios