Asianet News MalayalamAsianet News Malayalam

'ബന്ധുക്കളും നാട്ടുകാരും എന്തു വിചാരിക്കും' എന്ന ചിന്തകളില്‍ തട്ടി തകരുന്നവ!

ദിയ തുടർന്നു "സുരേഷ് എനിക്ക്, നാടുമായുള്ള ബന്ധം അമ്മൂമ്മ മാത്രമാണ്". അന്ന് നാടിനെക്കുറിച്ചും, നാടൻ ഭക്ഷണങ്ങളെ കുറിച്ചും ഒക്കെ ഞങ്ങൾ മൂന്നു പേരും സംസാരിച്ചു. 

love marriage and arranged marriage article by suresh c pillai
Author
Thiruvananthapuram, First Published Nov 2, 2018, 6:41 PM IST

നമുക്കു പറ്റിയ ചതികൾ, പരാജയങ്ങൾ ഇവയൊക്കെ പറഞ്ഞു കൊടുക്കണം. യഥാർത്ഥ സ്നേഹം എങ്ങനെയാണ് കണ്ടെത്തുന്നത് എന്നൊക്കെ നമ്മുടെ അനുഭവത്തിൽ നിന്നും പറഞ്ഞു കൊടുക്കുക. സ്നേഹം കണ്ടാൽ കുട്ടികളുടെ കൂടെ നിൽക്കുക. എന്തുണ്ടെങ്കിലും വന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ടാവണം.

love marriage and arranged marriage article by suresh c pillai

"പാട്രിക്, ഇന്ന് ദിയക്കു സാധാരണ പോലുള്ള ചിരി ഉണ്ടായില്ലല്ലോ, ഇടയ്ക്കു കരയുന്നതും കണ്ടു. എന്തുപറ്റി ?" ഞാൻ ചോദിച്ചു. "അത് അവളുടെ കല്യാണം ആണ്, എന്നോട് യാത്ര പറയാൻ വന്നതാണ്". പാട്രിക് പറഞ്ഞു. പാട്രിക്ക് ഞാൻ റിസർച്ച് ചെയ്തു കൊണ്ടിരുന്ന ലാബിന്‍റെ (ട്രിനിറ്റി കോളേജിൽ) തൊട്ടടുത്ത ലാബിൽ ഗവേഷണം ചെയ്തു കൊണ്ടിരുന്ന ഐറിഷുകാരൻ സുഹൃത്തായിരുന്നു. രസികൻ, ഗവേഷണത്തിൽ അതിസമർത്ഥൻ, നല്ല ഫുട്ബോൾ കളിക്കാരൻ ഇങ്ങനെ ഒക്കെ പാട്രിക്കിനെ വിശേഷിപ്പിക്കാം. പാട്രിക്കാണ് ഒരു ദിവസം ദിയയെ (യഥാർത്ഥ പേരല്ല) പരിചയപ്പെടുത്തിയത്. ഗുജറാത്തിയാണ്, കുടുംബത്തോടെ വർഷങ്ങളായി ഡബ്ലിനിൽ താമസിക്കുന്നു.

1999 -ന്‍റെ മദ്ധ്യത്തിൽ ഒരു ദിവസം എന്നോടു പറഞ്ഞു. "സുരേഷ്, നിന്‍റെ നാട്ടുകാരി ഒരാൾ എനിക്ക് സുഹൃത്തായുണ്ട്, ഞാൻ പരിചയപ്പെടുത്താം". അന്നൊക്കെ വളരെ കുറച്ചു ഇന്ത്യക്കാരെ ഡബ്ലിനിൽ ഉള്ളൂ. അതുകൊണ്ട്, എവിടെ ഇന്ത്യക്കാർ ഉണ്ടെങ്കിലും പരിചയപ്പെടുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു ദിയ പാട്രിക്കിനെ കാണാൻ വന്നപ്പോൾ, പാട്രിക്ക് പരിചയപ്പെടുത്തി.

ദിയ പറഞ്ഞു "ഞാൻ ഇവിടെ തന്നെ ജനിച്ചു വളർന്നതാണ്. അച്ഛനും അമ്മയും വർഷങ്ങൾക്കു മുൻപേ അയർലണ്ടിലേക്ക് കുടിയേറി. എനിക്ക്, ഒരു ചേട്ടനും, അനുജത്തിയും ഉണ്ട്. ചേട്ടൻ മാത്രമേ ഇന്ത്യയിൽ ജനിച്ചുള്ളൂ".

ഈ തിരക്കുകൾക്കിടയിൽ ദിയ കാണാൻ വരുന്നത് ഒരു ആശ്വാസമാണ്

ദിയ തുടർന്നു "സുരേഷ് എനിക്ക്, നാടുമായുള്ള ബന്ധം അമ്മൂമ്മ മാത്രമാണ്". അന്ന് നാടിനെക്കുറിച്ചും, നാടൻ ഭക്ഷണങ്ങളെ കുറിച്ചും ഒക്കെ ഞങ്ങൾ മൂന്നുപേരും സംസാരിച്ചു. പോകാൻ നേരം ഒരു ദിവസം വീട്ടിലേക്ക് വരണം എന്ന് ക്ഷണിച്ചതിനു ശേഷമാണ് ദിയ പോയത്. ദിയ പോയതിനു ശേഷം പാട്രിക് പറഞ്ഞു "ഈ തിരക്കുകൾക്കിടയിൽ ദിയ കാണാൻ വരുന്നത് ഒരു ആശ്വാസമാണ്. ഇന്ത്യക്കാരെല്ലാം ഇതുപോലെ സ്നേഹമുള്ളവരാണോ?". ഞാൻ പറഞ്ഞു "കൂടുതൽ ആൾക്കാരും നല്ലവരാണ്, സ്നേഹമുള്ളവർ ആണ്, അതിരിക്കട്ടെ നീ ദിയയെ സ്നേഹിക്കുന്നുണ്ടോ? നിങ്ങൾ ഇത്ര സ്നേഹത്തോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ചോദിച്ചു എന്നെ ഉള്ളൂ. ചോദിച്ചതു കൊണ്ട് മുഷിച്ചിൽ ഒന്നും തോന്നല്ലേ."

"അത് സുരേഷേ, ദിയ എന്‍റെ ചേട്ടൻ ജോണിന്‍റെ പ്രേമഭാജനമാണ്, അവർ കല്യാണം ഒക്കെ കഴിക്കാൻ തീരുമാനിച്ചിരിക്കുക ആണ്." പാട്രിക്ക് തുടർന്നു "ഞാൻ ഇപ്പോളെ അവളെ ജ്യേഷ്ഠത്തി (sister-in-law) ആക്കി." “നല്ല തീരുമാനം ആണല്ലോ. നിന്‍റെ ചേട്ടന് ഒരിക്കലും വിഷമിക്കേണ്ടി വരില്ല, കണ്ടിട്ട് അത്ര നല്ല കുട്ടിയാണ് ദിയ.”

ഇത്രയും പറഞ്ഞിട്ട് ഞാൻ ചോദിച്ചു "ദിയയുടെ വീട്ടിൽ അറിയാമോ?". "ഇല്ല, ഒരു ദിവസം രണ്ടു പേരും കൂടി പോയി ചോദിയ്ക്കാൻ ഇരിക്കുക ആണ്". അങ്ങനെ ഏകദേശം ഒരു മാസം കൂടി പോയിക്കാണും, അപ്പോളാണ് ഒരു ദിവസം ദിയ കരയുന്നതു കണ്ടതും, ദിയയുടെ കല്യാണം ഉറപ്പിച്ച കാര്യം പാട്രിക്ക് പറയുന്നതും. ഞാൻ ചോദിച്ചു "എന്താ, പറ്റിയത് എന്തിനാണ് ദിയ ഇങ്ങനെ ഒരു തീരുമാനം എടുത്തത്? എന്തായാലും വലിയ ചതി ആയിപ്പോയി."

ഈ കല്യാണം നടന്നാൽ അമ്മൂമ്മ 'ആത്മഹത്യ' ചെയ്യും എന്ന് പറഞ്ഞുവത്രേ

പാട്രിക്ക് പറഞ്ഞു, "ഇതറിഞ്ഞ ശേഷം, ചേട്ടൻ ഹൃദയം തകർന്നിരിക്കുകയാണ്, വിഷാദരോഗത്തിന്‍റെ പിടിയിലാണെന്നു തോന്നുന്നു." ഞങ്ങളുടെ സംഭാഷണം കേട്ടുകൊണ്ടാണ് ദിയയുടെയും പാട്രിക്കിന്‍റെയും സുഹൃത്തായ, പട്രീഷ്യ കടന്നു വരുന്നത്. പട്രീഷ്യ പറഞ്ഞു "ദിയയുടെ അമ്മൂമ്മ, കാരണമാണത്രെ, കല്യാണം മുടങ്ങാൻ കാരണം". "ങേ, അമ്മൂമ്മയോ?" ഞാൻ ചോദിച്ചു. "അതെ, ഈ കല്യാണം നടന്നാൽ അമ്മൂമ്മ 'ആത്മഹത്യ' ചെയ്യും എന്ന് പറഞ്ഞുവത്രേ. അമ്മൂമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ അമ്മയും ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞുവത്രേ. എന്തൊരു ക്രൂരത ആണ് അവർ കാണിച്ചത്." പട്രീഷ്യ പറഞ്ഞു.

ഞാൻ പറഞ്ഞു, "ഞങ്ങൾ ഇതിനു 'ക്രൂരത' എന്നല്ല, മറിച്ച് 'വാത്സല്യം, 'സ്നേഹം' എന്നൊക്കെയാണ് പറയുന്നത്". ഏതായാലും, അമ്മൂമ്മയുടെ 'ആത്മഹത്യ' പേടിച്ച് ദിയ മാഞ്ചസ്റ്ററിലുള്ള ഒരു ഗുജറാത്തി യുവാവുമായി കല്യാണം കഴിച്ചു പോയി. പിന്നെ, ഒരിക്കലും ഞാന്‍ ദിയയെ പറ്റി കേട്ടിട്ടില്ല.

ഡബ്ലിൻ, മാഞ്ചസ്റ്റർ, ഗുജറാത്ത് ഇതൊക്കെ ഒന്ന് മാറ്റിപ്പിടിച്ചു നമ്മുടെ ചുറ്റുപാടും ഒന്ന് നോക്കിക്കേ? ഈ കഥ പരിചിതമല്ലേ? നേരത്തെ പറഞ്ഞ അമ്മൂമ്മയ്ക്കു പകരം വില്ലൻ ആകുന്നത് ചിലപ്പോൾ 'അച്ഛന്‍റെ ഹൃദ്രോഗവും' അല്ലെങ്കിൽ അമ്മയുടെ 'കരൾ രോഗവും' അല്ലെങ്കിൽ ഇവരിൽ ഒരാളുടെ 'ആത്മഹത്യാ ഭീഷണിയും' ഒക്കെ ആവും ആത്മാർത്ഥമായ രണ്ടു പ്രണയങ്ങളെ പിരിക്കുന്നത്. ചില അവസരങ്ങളിൽ, മക്കൾ കാണാത്ത ചില പ്രശ്നങ്ങൾ, മാതാപിതാക്കൾ അനുഭവജ്ഞാനം കൊണ്ട് പറഞ്ഞു പിന്തിരിപ്പിക്കുന്നതാകാം. അതിൽ തെറ്റു പറയാനില്ല.

ഒരു സിനിമയിൽ കണ്ടാൽ നമ്മൾ ഒരിക്കലും അംഗീകരിക്കില്ല

ഈ കുറിപ്പു ഞാനെഴുതിയത് മാതാപിതാക്കൾക്കു വേണ്ടിയാണ്. ബലം പ്രയോഗിച്ചു കല്യാണം നടത്തുന്ന രാജ്യങ്ങളുടെ മുൻപന്തിയിലാണ് ഇന്ത്യ. അങ്ങേയറ്റം അപരിഷ്കൃതവും, കിരാതവും, ക്രൂരവും ആണ് 'മക്കളുടെ നന്മയ്ക്ക്' എന്നു നമ്മൾ ഓമനപ്പേരിട്ടു വിളിച്ചു പോരുന്ന ഈ രീതി. സ്നേഹിക്കുന്നവരെ പിരിക്കുന്നിടത്തോളം ദ്രോഹം വേറെ ഒന്നുമില്ല, എന്ന് നമുക്കറിയാം, എങ്കിലും സ്വന്തം കുട്ടികളുടെ കാര്യം വരുമ്പോൾ പലരും സ്വാർഥരാകും. ബന്ധുക്കൾ, അല്ലെങ്കിൽ നാട്ടുകാർ എന്തു വിചാരിക്കും എന്നു മാത്രം ആയിരിക്കും അപ്പോൾ മനസ്സിലെ ചിന്ത.

കൊളംബിയൻ നോവലിസ്റ്റായ Gabriel Márquez (ഗബ്രിയേൽ ഗർസിയ മാർക്വേസ്), അദ്ദേഹത്തിന്റെ പുസ്തകമായ 'Love in the Time of Cholera'(കോളറാകാലത്തെ പ്രണയം) എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്  'അറേഞ്ച്ഡ് മാര്യേജ്' എന്നാൽ, “It was against all scientific reason for two people who hardly knew each other, with no ties at all between them, with different characters, different upbringings, and even different genders, to suddenly find themselves committed to living together, to sleeping in the same bed, to sharing two destinies that perhaps were fated to go in opposite directions.”

നമ്മളൊക്കെ ജീവിച്ച കാലഘട്ടത്തിലല്ല, പുതിയ തലമുറയിലെ കുട്ടികൾ. അവർക്ക് ലോകത്തെക്കുറിച്ച് കൂടുതൽ അറിവുണ്ട്, തനിക്കു ചേരുന്നു എന്ന് തോന്നുന്ന ഇണയെ കണ്ടെത്താനുള്ള സാഹചര്യങ്ങളും അവസരങ്ങളും ഉണ്ട്. ആത്മാർത്ഥമായ രണ്ടു പ്രണയങ്ങളെ പിരിച്ച്, അവരെ ഒരിക്കലും 'അറേഞ്ച്ഡ് മാര്യേജ്' എന്ന കെണിയിൽ കൊണ്ടു തളച്ചു ജീവിതകാലം മുഴുവൻ വിഷമിച്ചു ജീവിക്കാൻ കാരണം ആകരുത്.

ഇപ്പോഴത്തെ പൊതുവായ ഒരു ട്രെൻഡ്, ഒരാളെ സ്നേഹിക്കുക, അച്ഛന്‍റെയും അമ്മയുടെയും നിർബന്ധത്താൽ വേറൊരാളെ വിവാഹം കഴിക്കുക. ഒന്നാലോചിച്ചു നോക്കൂ, എത്ര വിചിത്രമാണിത്. ഒരു സിനിമയിൽ കണ്ടാൽ നമ്മൾ ഒരിക്കലും അംഗീകരിക്കില്ല, എന്നാൽ സ്വന്തം കുട്ടികളുടെ കാര്യം വരുമ്പോഴോ? അവരെ നിർബന്ധിച്ചു, പ്രലോഭിപ്പിച്ചു ഒരിക്കലും ചേരാത്ത ഒരു ബന്ധത്തിൽ കൊണ്ടു തളച്ചിടും.

ചതികൾ എവിടെയൊക്കെ ആണ് എന്ന് തുറന്നു പറയുക

അതോടെ, മാതാപിതാക്കളുടെ ജോലി കഴിഞ്ഞു. പിന്നെ അഗ്നിപർവ്വതം പോലെ ജീവിക്കേണ്ടത് നമ്മളുടെ കുട്ടികൾ തന്നെ. അവർ അനുഭവിക്കുന്ന വീർപ്പുമുട്ടൽ നമ്മൾ ഒരിക്കലും അറിയില്ല. ഇപ്പോൾ മനസ്സിൽ വിചാരിക്കുന്നത് ഇതാവും അല്ലെ? "സുരേഷേ, നമ്മുടെ നാട്ടിൽ ഒത്തിരി ചതിക്കുഴികൾ ഉണ്ട്, ഇതൊന്നും ഇവിടെ നടക്കില്ല." എങ്ങനെ ആണ് കുട്ടികളെ ഈ പറയുന്ന 'ചതിക്കുഴികളിൽ' നിന്നും രക്ഷിക്കുക? അവരോടു തുറന്നു സംസാരിക്കുക തന്നെ! മക്കളെ കൂട്ടുകാരെ പോലെ കാണുക. അവർക്കു വേണ്ട ഉപദേശങ്ങൾ സ്നേഹപൂർവ്വം പറഞ്ഞു കൊടുക്കുക. നല്ല ഒരു പങ്കാളിയെ എങ്ങനെ കണ്ടെത്താം എന്ന് പറഞ്ഞു കൊടുക്കുക. ചതികൾ എവിടെയൊക്കെ ആണ് എന്ന് തുറന്നു പറയുക.

നമുക്കു പറ്റിയ ചതികൾ, പരാജയങ്ങൾ ഇവയൊക്കെ പറഞ്ഞു കൊടുക്കണം. യഥാർത്ഥ സ്നേഹം എങ്ങനെയാണ് കണ്ടെത്തുന്നത് എന്നൊക്കെ നമ്മുടെ അനുഭവത്തിൽ നിന്നും പറഞ്ഞു കൊടുക്കുക. സ്നേഹം കണ്ടാൽ കുട്ടികളുടെ കൂടെ നിൽക്കുക. എന്തുണ്ടെങ്കിലും വന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ടാവണം.

കഴിഞ്ഞ തലമുറയിലുള്ള 'ആലോചിച്ചുറപ്പിച്ച കല്യാണവും', തുടർന്നുള്ള ജീവിതത്തെ അളവുകോലാക്കി പുതുതലമുറയെ ഒരിക്കലും വിലയിരുത്തരുത്. മാറിച്ചിന്തിക്കാൻ സമയമായി.

Follow Us:
Download App:
  • android
  • ios