തിരുവനന്തപുരം: 2018 -ല്‍ ലോകത്തെ സ്വാധീനിച്ചവരില്‍ ബിബിസി തിരഞ്ഞെടുത്ത 100 സ്ത്രീകള്‍. അവരില്‍ ഒരാള്‍ നമുക്ക് ഏറെ പരിചിതയാണ്. വിജി പെണ്‍കൂട്ട്. 20019-10 -ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപം കൊണ്ട 'പെണ്‍കൂട്ടി'ന്‍റെ അമരക്കാരില്‍ ഒരാള്‍. 'ബിബിസി'യിലെ വാര്‍ത്ത കണ്ട് അഭിനന്ദനങ്ങളുമായി വിളിക്കുന്നവരോട് കോഴിക്കോടുള്ള തന്‍റെ വീട്ടിലിരുന്ന് സ്വതസിദ്ധമായി ചിരിക്കുകയും, പോരാട്ടം അവസാനിക്കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുകയുമാണ് വിജി.  

വിജി, അസംഘടിത മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമരമുഖത്തേക്ക് ഇറങ്ങിച്ചെന്ന പെണ്ണ്. അസംഘടിത മേഖലയിലെ തൊഴിലാളി സംഘടന തുടങ്ങാന്‍ മുന്നില്‍ നിന്ന സ്ത്രീ. 'പെണ്‍കൂട്ടി'ന്‍റെ സാരഥികളിലൊരാള്‍. 'ബിബിസി തെരഞ്ഞെടുത്ത കരുത്തുറ്റ സ്ത്രീകളില്‍ ഒരാളായതില്‍ സന്തോഷമുണ്ട്. പക്ഷെ, അവിടെ തീര്‍ന്നില്ല. ഇനിയും അംഗീകാരം കിട്ടാനുണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക്. അതിനുവേണ്ടി പ്രവര്‍ത്തനങ്ങള്‍ തുടരും.' വിജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു.

അസംഘടിത മേഖലയിലെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമരവുമായി ഇറങ്ങിയത് വിജിയുടെ നേതൃത്വത്തിലുള്ള പെണ്‍പടയാണ്. 2005 മുതല്‍ മിഠായിത്തെരുവിലെ തയ്യല്‍കടകളിലൊന്നില്‍ ജോലി ചെയ്യുന്നുണ്ട് വിജി. അന്ന് ഒരു മൂത്രപ്പുര പോലുമില്ല. പുരുഷന്മാരുടെ ഒപ്പം തന്നെ ജോലി ചെയ്താലും കൂലി പുരുഷനൊപ്പം ഇല്ല. 

അച്ഛന്‍ പോലും അമ്മയെ ഒരു വ്യക്തിയായി പരിഗണിച്ചിരുന്നില്ല

സ്വന്തം ജീവിതത്തില്‍ നിന്നാണ്, ചെറുപ്പം മുതലുള്ള സ്വന്തം അനുഭവത്തില്‍ നിന്നാണ് സമരം ചെയ്യാനുള്ള കരുത്ത് താന്‍ ആര്‍ജ്ജിച്ചതെന്ന് വിജി പറയുന്നു. വീട്ടില്‍ അച്ഛനും അമ്മയും തൊഴിലാളികളായിരുന്നു. പക്ഷെ, എന്നാലും അമ്മയ്ക്ക് മാത്രം യാതൊരു അംഗീകാരവും ഇല്ല. മാത്രമല്ല, അച്ഛന്‍ പോലും അമ്മയെ ഒരു വ്യക്തിയായി പരിഗണിച്ചിരുന്നില്ല. അമ്മയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. എപ്പോഴും അങ്ങനെയാണ് വീട്ടിലെ ജോലികളും, എല്ലാം നോക്കുന്നതിനൊപ്പം പുറത്തും ജോലി ചെയ്യുന്നവരാണ് സ്ത്രീകള്‍. എന്നിട്ടും അംഗീകാരം മാത്രമില്ല. ഇതൊക്കെ എന്നില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അങ്ങനെയാണ് പയ്യെപയ്യെ സമരത്തിനിറങ്ങുന്നത്. 

പിന്നീട്, 2010 -ലാണ് വിജിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സമരം. പെണ്‍തൊഴിലാളികള്‍ക്കായി മൂത്രപ്പുര വേണമെന്ന ആവശ്യമുന്നയിച്ചായിരുന്നു അത്. അന്ന് സ്ത്രീകള്‍ രാവിലെ വന്നാല്‍ വൈകുന്നേരം വരെ മൂത്രമൊഴിക്കാതെ, ടോയ്ലെറ്റില്‍ പോകാതെ പിടിച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. അന്ന്, വിജിയുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി യൂണിയന്‍ നേതാവിന്‍റെ വീട്ടില്‍ പോയി നിരാഹാരമിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് കോഴിക്കോട് ഇ ടോയ്ലെറ്റുകള്‍ വരുന്നത്.

2013 -ല്‍ വീണ്ടും കോഴിക്കോട് കൂപ്പണ്‍മാള്‍ സമരം. കൂപ്പണ്‍മാള്‍ പൂട്ടുന്നതിനെതിരായി വിജിയും കൂട്ടരും സമരം ചെയ്തു. അന്ന് അവിടെ 18 സ്ത്രീകളും 12 പുരുഷന്മാരുമാണ് ജോലിക്കുണ്ടായിരുന്നത് എന്ന് വിജി പറയുന്നു. എന്നിട്ട് പോലും തങ്ങളുടെ അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചിരുന്നില്ല. 

''പിന്നീട്, കോര്‍പറേഷനു മുന്നില്‍ സമരം ചെയ്തു. അന്ന്, ഒരു കോര്‍പറേഷന്‍  തൊഴിലാളിക്ക് കിട്ടുന്നത് 1500 രൂപയാണ്. ഒരുദിവസം വെറും 50 രൂപ. അതുകൊണ്ട് എങ്ങനെ ജീവിക്കും. അവര്‍ക്ക് വേണ്ടി സമരം ചെയ്തു. പിന്നീട്, പലരേയും സ്ഥിരമാക്കി. വേതനം കൂടി.'' വിജി ആത്മവിശ്വാസത്തോടെ പറയുന്നു.

ഇനിയുമുണ്ട്, സ്ത്രീ തൊഴിലാളികള്‍ക്ക് ഒരുപാട് നേടാന്‍

എല്ലാത്തിനോടും പൊരുത്തപ്പെടേണ്ടവരാണ് സ്ത്രീകളെന്ന് അവരെ നേരത്തെ ആരോ പഠിപ്പിച്ചു വച്ചിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്തു പോകുന്നത്. യാതൊരു സമരത്തിനും സാധ്യതകളില്ലാതിരുന്ന അസംഘടിത മേഖലയിലേക്കാണ് വിജിയും വിജിയുടെ സംഘടനയും അവകാശപോരാട്ടവുമായി കടന്നു ചെല്ലുന്നത്. 

''ഇപ്പോള്‍ ഒരുപാട് സമരങ്ങളിലൂടെ തുണിക്കടകളിലെ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നേടിയിട്ടുണ്ട്. കോഴിക്കോട് കൃത്യമായി അത് നടപ്പിലാകുന്നുണ്ടോയെന്ന് തങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇനിയുമുണ്ട്, സ്ത്രീ തൊഴിലാളികള്‍ക്ക് ഒരുപാട് നേടാന്‍. മുഖ്യാധാരാ സംഘടനകളൊന്നും ഇനിയും ഇടപെട്ടിട്ടില്ലാത്ത അവരുടെ പ്രശ്നങ്ങളുണ്ട്. അതെല്ലാം പരിഹരിക്കപ്പെടണം. ഏത് തൊഴിലില്‍ ആയാലും സ്ത്രീകളുടെ ചിന്തയിലും കാഴ്ചപ്പാടിലും സ്ഥാനങ്ങളിലും വ്യത്യാസം വരണം. അവരുടെ എല്ലാ അവകാശങ്ങളും അംഗീകരിക്കപ്പെടണം. അതിനായി ഇനിയും സമരമുഖത്തുണ്ടാകും'' വിജി ഉറപ്പിച്ചു പറയുന്നു.