യൂറോപ്യൻ രാജ്യമായ സെർബിയയിൽ വിനോദയാത്രയ്ക്കെത്തിയ ഇന്ത്യൻ ദമ്പതികൾക്ക് നേരെ അതിക്രമം. മൂന്ന് യുവാക്കൾ തങ്ങളെ പിന്തുടർന്ന് ശല്യം ചെയ്യുകയും വസ്ത്രം വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തെന്ന് ദമ്പതികൾ വീഡിയോയിലൂടെ വെളിപ്പെടുത്തി. ഈ സംഭവം വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വംശജരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

യൂറോപ്യൻ രാജ്യമായ സെർബിയയിലേക്കുള്ള ഒരു വിനോദയാത്ര അങ്ങേയറ്റം ഭയം നിറഞ്ഞതായി മാറിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ദമ്പതികൾ. യാത്രയ്ക്കിടെ മൂന്ന് യുവാക്കൾ തങ്ങളെ ശല്യം ചെയ്തെന്നും വസ്ത്രം വലിച്ചൂരാൻ ശ്രമിച്ചെന്നും ബാഗിൽ പിടിച്ചെന്നും പരാതിപ്പെട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചു. വിനോദയാത്രയ്ക്കിടെ ദമ്പതിമാർ നേരിട്ട അനുഭവം വിവരിച്ചപ്പോൾ അത് കണ്ടത് ലക്ഷക്കണക്കിന് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ വംശജർക്കെതിരെ വളർന്ന് വരുന്ന സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചയായി ഉയ‍ർന്നു.

'ബാഗിൽ കൈവച്ചു, വസ്ത്രത്തിൽ പിടിച്ച് വലിച്ചു...'

ദമ്പതികൾ പറയുന്നതനുസരിച്ച്, സെർബിയയിലെ ഒരു പൊതുസ്ഥലത്ത് വച്ച് ഒരു വ്ലോഗ് റെക്കോർഡ് ചെയ്യുന്നതിനിടെ മൂന്ന് യുവാക്കൾ ഇവരെ പിന്തുടർന്ന് ശല്യപ്പെടുത്താൻ തുടങ്ങിയത്. ആദ്യം അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ അടുത്തെത്തിയ സംഘം പിന്നീട് അതിരുവിട്ട പെരുമാറ്റമാണ് കാട്ടിയെന്നും ദമ്പതികൾ പറയുന്നു. യുവാക്കളിൽ ഒരാൾ തന്‍റെ ബാഗിൽ കൈവെച്ചെന്നും ഈ സമയം മറ്റൊരാൾ വസ്ത്രത്തിൽ പിടിച്ച് വലിച്ചതായും യുവതി വീഡിയോയിൽ പറയുന്നു. സംഭവത്തിൽ തങ്ങൾ അസ്വസ്ഥരായിരുന്നെങ്കിലും യുവാക്കൾ പിന്മാറാൻ തയ്യാറായില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനിടെ ദമ്പതികൾ വീഡിയോ ചിത്രീകരിക്കാൻ ആരംഭിച്ചു. തങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് മനസിലായ യുവാക്കൾ ദമ്പതിമാരെ അസഭ്യം പറഞ്ഞു കൊണ്ട് അവിടെ നിന്നും പോവുകയായിരുന്നു. പിന്നാലെ എത്രയും വേഗം അവിടെ നിന്നും പോകാനാണ് തങ്ങൾ ശ്രമിച്ചതെന്നും ഇരുവരും പറ‌‍ഞ്ഞു. ശരീരിക പരിക്കുകളില്ലെങ്കിലും സംഭവം മാനസീകമായി വലിയൊരു പരിക്കാണ് സൃഷ്ടിച്ചതെന്നും അവർ വ്യക്തമാക്കി.

'സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക'

ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും, അപരിചിതരുമായി അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും പലരും നിർദ്ദേശിച്ചു. ചിലർ ഇത്തരം സംഭവങ്ങൾ ഏത് രാജ്യത്തും സംഭവിക്കാമെന്നും, അതിന്‍റെ പേരിൽ ഒരു രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്താൻ പറ്റില്ലെന്നും എഴുതി. അതേസമയം, മറ്റുചിലർ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിരവധി പേരാണ് ദമ്പതികൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.