ഓർഡർ നൽകാനെത്തിയ ഡെലിവറി ജീവനക്കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ട് വീടിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലായി. അമ്മയുടെ സമയോചിതമായ ഇടപെടൽ മൂലം ഇയാളുടെ ശ്രമം പരാജയപ്പെട്ടു. ഈ സംഭവം ഓൺലൈൻ ഡെലിവറി സേവനങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളും ഫുഡ് ഡെലിവറി ആപ്പുകളും പുതിയ ശീലങ്ങളാണ് നമ്മടെ പഠിപ്പിക്കുന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ എന്ത് സാധനവും വീട്ടു പടിക്കൽ എത്തിക്കാൻ കഴിയുമെന്നത് വലിയ നേട്ടമായി പലരും ആഘോഷിച്ചു. എന്നാൽ, ഇത്തരം സേവനങ്ങൾ ചില അപായ സൂചനകളും ഉയർത്തുന്നുണ്ട്. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായി. ഒരു ഡെലിവറി ജീവനക്കാരൻ സാധനം വീട്ടുടമസ്ഥന് കൈമാറുന്നതിനിടെ വീടിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
പെൺകുട്ടിയെ കണ്ടതും വീട്ടിലേക്ക് കയറാൻ ശ്രമം
വീഡിയോയിൽ, വീട്ടിന്‍റെ പ്രധാന വാതിലിന് സമീപം ഓർഡർ സ്വീകരിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സാധനം കൈമാറുന്നതിനിടെയാണ് ഡെലിവറി ജീവനക്കാരൻ വീടിനകത്തേക്ക് കയറാൻ ശ്രമിച്ചത്. എന്നാൽ അകത്തുണ്ടായിരുന്ന അമ്മ ഉടൻ തന്നെ ഇടപെട്ട് അയാളെ തടയുകയും പുറത്തുനിന്ന് തന്നെ ഡെലിവറി പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ വീടിനുള്ളിലേക്ക് കടക്കാതെ മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം വിവാദമായതോടെ ഡെലിവറി പൂർത്തിയായതിന്‍റെ തെളിവായി പകർത്തേണ്ട ചിത്രം വ്യക്തമായി ലഭിക്കുന്നതിനായാണ് താൻ വീട്ടിനകത്തേക്ക് കടക്കാൻ ശ്രമിച്ചതെന്ന് ജീവനക്കാരൻ പ്രതികരിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
കൂടുതൽ ജാഗ്രത വേണം
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. വീട്ടിൽ കുട്ടികളോ സ്ത്രീകളോ മാത്രമുള്ള സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. പരിചയമില്ലാത്ത ആരെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഡെലിവറി നടപടികൾ കഴിയുന്നത്ര വീടിന്‍റെ വാതിൽപ്പടിയിൽ തന്നെ പൂർത്തിയാക്കണമെന്നും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. അതേസമയം, ചിലർ ഡെലിവറി ജീവനക്കാരുടെ ഭാഗവും ചൂണ്ടിക്കാട്ടി. പല പ്ലാറ്റ്ഫോമുകളിലും ഡെലിവറി സ്ഥിരീകരിക്കാൻ ഫോട്ടോ എടുക്കുകയോ ആപ്പിൽ നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കുകയോ വേണമെന്നും, ചിലപ്പോഴത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാമെന്നുമാണ് അവരുടെ വാദം. എങ്കിലും, ഉപഭോക്താവിന്‍റെ സ്വകാര്യതയും സുരക്ഷയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്ന കാര്യത്തിൽ ഭൂരിഭാഗം പേരും ഒരേ അഭിപ്രായമാണ് പങ്കുവെച്ചത്.


