സ്‌നേഹം കൊണ്ട് മിണ്ടാതിരിക്കുന്ന ദമ്പതികളും കുറവല്ല. ഇത്തരത്തിലൊരു ദമ്പതികള്‍ അങ്ങ് ജപ്പാനിലുണ്ട്. ഈ ദമ്പതികളില്‍ ഭര്‍ത്താവ് ഭാര്യയോട് മിണ്ടിയിട്ട് ഇരുപത് വര്‍ഷമായി. മിണ്ടാത്തതിന്‍റെ കാരണം പിണക്കമല്ല. മറിച്ച് അസൂയയാണ്. ഭാര്യ മക്കളോട് കുടുതല്‍ സ്‌നേഹം കാണിക്കുന്നതിന്‍റെ അസൂയയാണ് ഈ ഭര്‍ത്താവിന്. 

ദക്ഷിണ ജപ്പാനിലെ നാരയിലുള്ള ഒട്ടോവു യുമിയാണ് ഭാര്യ കതയാമയുമായി 20 വര്‍ഷമായി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. മക്കള്‍ക്കൊപ്പം യുമി ദീര്‍ഘനേരം ചെലവഴിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാല്‍ ഭാര്യയോട് തലയാട്ടലും ആംഗ്യം കാണിക്കലും മാത്രമാണ് യുമി ചെയ്യുന്നത്. ഭാര്യയ്‌ക്കോ മക്കള്‍ക്കോ ഇതിന്‍റെ കാരണം അറിയില്ലായിരുന്നു. ഒടുവില്‍ 18കാരനായ മകന്‍ യോഷികിയുടെ ഇടപെടലാണ് അച്ഛന്‍റെ വിചിത്രമായ പെരുമാറ്റത്തിന്റെ കാരണം വെളിച്ചത്ത് കൊണ്ടു വന്നത്. 

അച്ഛന്റെ പെരുമാറ്റത്തെക്കുറിച്ച് യോഷികി ഒരു ടെലിവിഷന്‍ ചാനലിന് കത്തയച്ചു. തുടര്‍ന്ന് ചാനല്‍ ഇരുവരെയും ഒരു പാര്‍ക്കില്‍ ഒരുമിച്ചിരുത്തി. ഇരുവരോടും മനസ് തുറന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഇരുവരും ആദ്യമായി കണ്ടുമുട്ടി പ്രണയം തുറന്ന് പറഞ്ഞ പാര്‍ക്കിലേക്കാണ് ചാനല്‍ ഇവരെ കൊണ്ടു പോയത്. 

ഭാര്യ മക്കളോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നതിന്റെ അസൂയ കാരണമാണ് താന്‍ അവരോട് മിണ്ടാത്തതെന്ന് യുമി വെളിപ്പെടുത്തി. ഭാര്യ തന്നേക്കാള്‍ കൂടുതല്‍ മക്കളെ ശ്രദ്ധിക്കുന്നത് തന്നെ അസൂയാലുവാക്കിയെന്ന് യുമി പറഞ്ഞു. എന്നാല്‍ അതിന്‍റെ പേരില്‍ വഴക്കിടാന്‍ താല്‍പ്പര്യമില്ലായിരുന്നു. അതാണ് താന്‍ മിണ്ടാതെ മൗനം പാലിച്ചതെന്ന് യുമി പറഞ്ഞു. പിണക്കത്തിന്‍റെ കാരണം ഞെട്ടിച്ചുവെങ്കിലും യുമി മൗനം വെടിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭാര്യയും മക്കളും.