അറുപതുകളുടെ മധ്യത്തിലാണ് സെവന്നൂര്‍ രാമചന്ദ്ര ഭണ്ഡാരി മംഗളൂരുവില്‍ ഓംലെറ്റ് വില്‍പ്പന തുടങ്ങിയത്. അധികം വൈകാതെ തന്നെ നഗരത്തിലുള്ളവരുടെ പ്രിയപ്പെട്ട 'ഓംലെറ്റ് ഭണ്ഡാരി' എന്ന് അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. ഓംലെറ്റ് തേടി നിരവധിപേരുമെത്തി.

1966 -ലാണ് ഭണ്ഡാരി തനിക്ക് ലഭിച്ച ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബിരുദം മാറ്റിവെച്ച്, കുടുംബം നടത്തി വരുന്ന ഗ്രോസറി സ്റ്റോര്‍ ഏറ്റെടുത്ത് നടത്താനും തീരുമാനിക്കുന്നത്. ഓംലെറ്റ് തയ്യാറാക്കി വിറ്റുതുടങ്ങിയപ്പോഴാണ് അദ്ദേഹം 'ഓംലെറ്റ് ഭണ്ഡാരി' എന്ന് അറിയപ്പെട്ടു തുടങ്ങിയത്. 

ആ സമയത്ത് മംഗളൂരുവില്‍ രണ്ടേ രണ്ട് ഹോട്ടലുകളില്‍ മാത്രമാണ് വൈകുന്നേരം ഓംലെറ്റ് കിട്ടിയിരുന്നത്. അതുകൊണ്ടു തന്നെ ഓംലെറ്റ് വില്‍പ്പനയിലെ ബിസിനസ് സാധ്യതയെ കുറിച്ചും അദ്ദേഹത്തിന് പ്രതീക്ഷ ഉണ്ടായിരുന്നു. അഞ്ച് പൈസക്കാണ് അന്ന് പൗള്‍ട്രിഫാം നടത്തുന്ന അദ്ദേഹത്തിന്‍റെ സുഹൃത്ത് അദ്ദേഹത്തിന് കോഴിമുട്ട നല്‍കിയിരുന്നത്. 

അങ്ങനെ ഗ്രോസറി ഷോപ്പില്‍ വിറ്റു തുടങ്ങിയ മുട്ട ഓംലെറ്റ് നഗരത്തില്‍ അറിയപ്പെടുന്ന വിഭവം ആയി. പ്രായമായവരും ചെറുപ്പക്കാരും കുട്ടികളും കോളേജ് വിദ്യാര്‍ത്ഥികളുമെല്ലാം വൈകുന്നേരം ഓംലെറ്റ് കഴിക്കാനെത്തിത്തുടങ്ങി. മാത്രമല്ല നഗരത്തിലെ ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം നടക്കുന്ന പ്രധാന ഇടം കൂടിയായി ഈ കട. ഈ വര്‍ഷങ്ങളിലെല്ലാം അത് അങ്ങനെ തന്നെ തുടര്‍ന്നിരുന്നു. 

ഒരു സിംഗിള്‍ ഓംലെറ്റിന് 15 രൂപയും ഡബിള്‍ ഓംലെറ്റിന് 30 രൂപയുമാണ് സാധാരണ വാങ്ങിക്കുന്നത്. പ്രത്യേക റെസിപ്പി ഒന്നും തന്നെയില്ല. കോഴിമുട്ട, സവാള അരിഞ്ഞത്, പച്ച മുളക്, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവ തന്നെയാണ് ഉപയോഗിക്കുന്നത്. എങ്കിലും അതിലൊരു പ്രത്യേക രുചി ഉണ്ടായിരുന്നു.

ഇവിടെയെത്തുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്സിനെയെല്ലാം വേദനിപ്പിച്ചുകൊണ്ട് ഒടുക്കം ഭണ്ഡാരി വിരമിക്കുവാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇന്ന് അദ്ദേഹം കട പൂട്ടും. 52 വര്‍ഷത്തെ ഓംലെറ്റ് കച്ചവടവും അവസാനിപ്പിക്കും. ഇത് തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നുണ്ട്. പക്ഷെ, തനിക്ക് വിരമിക്കാന്‍ പ്രായമായി എന്നും അദ്ദേഹം പറയുന്നു.