ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!
രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!
മൂന്നാംഭാഗം: ആംബുലന്‍സിലെ മാലാഖമാര്‍
നാലാം ഭാഗം: അരികെ നില്‍ക്കുന്നത് മരണമാണോ?
അഞ്ചാം ഭാഗം: ഐസിയുവിലെത്തിയ ദൈവം!
എന്നെ ഐ.സി യുവില്‍ നിന്ന് വിടുതലാക്കാന്‍ തീരുമാനമായി.
പത്താം നിലയിലെ ഹൈ റിസ്‌ക് രോഗികളുടെ കൂട്ടത്തില്‍ ടീം എ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും പരിചരണത്തിലായി ഞാന്‍. എന്നെ ഭൂമിയിലെ ഒരു മുറിയില്‍ കൊണ്ട് വിടാന്‍ ഐ.സി യുവിലെ ഒരു മാലാഖ വന്നു.
പത്താം നിലയിലെ 'മനുഷ്യരോട്' അവരെന്റെ വിവരങ്ങള്‍ ധരിപ്പിച്ചു. രണ്ടു മൂന്നു ദിവസം ക്ഷേമം അന്വേഷിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ആളുകള്‍ വന്നു കൊണ്ടിരുന്നു. പിന്നെ അതു നിന്നു. ഇനിയെനിക്ക് ഭൂമിയില്‍ ഉറച്ചു നില്‍ക്കാമെന്നായി.
പത്താം നിലയില്‍ കൂടുതലും വയസ്സന്മാരും വയസ്സികളുമായിരുന്നു. അവര്‍ കുഞ്ഞുങ്ങളെ പോലെ വാശിപിടിച്ചു.
അതിലൊരാള്‍ നെല്ലി മുത്തശ്ശി. തനിച്ചു എഴുന്നേറ്റ് നില്‍ക്കണമെന്നും തനിച്ചു നടക്കണമെന്നുമൊക്കെ മോഹിച്ചു. നഴ്‌സുമാരുടെ കൈകള്‍ തട്ടി മാറ്റി. കണ്ണു തെറ്റിയാല്‍ മറിഞ്ഞു വീണു. മകള്‍ക്ക് നെല്ലി മുത്തശ്ശിയൊരു കൗതുകമായി. അപാരമായ ക്ഷമയോടെ നഴ്‌സുമാര്‍ അവരെ ഓരോരുത്തരേയും പരിചരിച്ചു. വരാന്തയിലൂടെ നടത്തിച്ചു. നേരാനേരങ്ങളില്‍ ഭക്ഷണം വായിലെത്തിച്ചു. അവധി ദിവസങ്ങളില്‍ മാത്രം വന്നെത്തുന്ന സന്ദര്‍ശകരെ കാത്തു കാത്തു അവരിരുന്നു.
കാന്തവും ഇരുമ്പും പോലെ ഒട്ടിപ്പിടിച്ച ഞങ്ങളുടെ കുഞ്ഞു കുടുംബം അവര്‍ക്ക് അത്ഭുതമായി. ഒരുപക്ഷെ നേര്‍ത്ത വേദനയായി. എങ്കിലും കരച്ചിലുകളുടെ പരാതികളുടെ ഇടയില്‍ ഓടിയോടി നടക്കുന്ന എന്റെ മകള്‍ ഒരു വേള അവരെ സന്തോഷിപ്പിച്ചു. നിസ്സംഗമായ ആ മുഖങ്ങളില്‍ നേര്‍ത്ത ചിരി വിടര്‍ത്തി.
ഇനിയെനിക്ക് ഭൂമിയില്‍ ഉറച്ചു നില്‍ക്കാമെന്നായി.
ടി.ടി.പി ക്കാരി ഒരു കൊച്ചു വി ഐ പി ആണെന്ന് അവിടെ കിടന്നു കൊണ്ട് ഞാന്‍ മനസ്സിലാക്കി. അപൂര്‍വ്വ രോഗിയെ കാണാന്‍ പ്രൊഫസറിന്റെ നേതൃത്വത്തില്‍ കുട്ടി ഡോക്ടര്‍മാര്‍ വന്നു. അക്കൂട്ടത്തില്‍ വന്ന ഡോ. ട്രേസിയ്ക്കായിരുന്നു ഡോ. ബാര്‍തിന് വേണ്ടി ദിവസവും എന്റെ കാര്യങ്ങള്‍ അന്വേഷിക്കേണ്ട ചുമതല.
ഡോ. ട്രേസി എന്നും മുറിയില്‍ വരും. മകളുടെ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സ്വയം നീക്കി ഞാനിവിടെ ഇരുന്നോട്ടെ എന്നവളോട് ചോദിക്കും. ഒരു കൂട്ടുകാരിയെ പോലെ അടുത്തിരിക്കും. വിശേഷങ്ങള്‍. ഓരോ ദിവസത്തേയും മാറ്റങ്ങള്‍, അസ്വാസ്ഥ്യങ്ങള്‍ ചോദിച്ചറിയും. കാലുകള്‍ ഉയര്‍ത്താന്‍ പറയും.കണ്ണുകള്‍ ചലിപ്പിക്കാന്‍ പറയും. കൈകള്‍ കൊണ്ട് ചില ആംഗ്യങ്ങള്‍ കാണിപ്പിക്കും. മകളെ ഇതൊക്കെ രസിപ്പിക്കും.
മൂത്രത്തിന്റെ കാതറ്റര്‍ അഴിച്ചതോടെ ആള്‍ സഹായത്തോടെയാണെങ്കിലും വാഷ് റൂമിലേക്ക് എഴുന്നേറ്റ് നടക്കാമെന്നായി. ഞാനൊരു മനുഷ്യനാണെന്ന് എനിക്ക് വീണ്ടും തോന്നിത്തുടങ്ങി.
ഒരാഴ്ചയാകുമ്പോള്‍ കഴുത്തില്‍ നിന്നും പ്രധാന നാഡിയിലേക്കിറക്കിയ വിനസ് സെന്‍ട്രല്‍ ലൈന്‍ അഴിച്ച് നെഞ്ചിലൂടെ ഇടാന്‍ തീരുമാനമായി. അതിനായി സര്‍ജറി മുറിയിലേക്ക് കൊണ്ട് പോയി. മെലിഞ്ഞ ചില്ലുമേശയില്‍ വേദന മുറുകെ പിടിച്ച് ഞാന്‍ കിടന്നു.

വീണ്ടും ടി ടി പി
ചികില്‍സ ഫലപ്രദമാകുന്നു. അപകടനില തരണം ചെയ്തിരിക്കുന്നു. ഇനി ആശുപത്രിയിലെ ഒരു മുറി എനിക്ക് നീക്കി വെയ്ക്കാന്‍ അധികൃതര്‍ക്കു താല്‍പര്യമില്ല. സൗജന്യചികിത്സയുടെ അനിവാര്യത.
തുടര്‍ന്നുള്ള പ്ലാസ്മഫെരസിസിനു വീട്ടില്‍ നിന്നു വന്നു കൂടെ എന്നു ചോദ്യമായി.
'ആരെങ്കിലുമുണ്ടോ നിങ്ങള്‍ക്ക് തുണക്ക് ? നിങ്ങളെ ചികിത്സക്കെത്തിക്കാനും കൊണ്ട് പോകാനും'.
സോഷ്യല്‍ സര്‍വീസുകാര്‍ തങ്ങളുടെ ജോലി മോടിയായ് പിടിപ്പിച്ച ചിരിയോടെ ചെയ്യുന്നു.
ഞാന്‍ അമ്പരന്നു. ഇങ്ങോട്ട് കയറി വരുമ്പോള്‍ എനിക്ക് എന്തെങ്കിലും ഗുരുതരമായ അസുഖമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല. നടന്നു കൊണ്ടാണ് ഞാന്‍ മിസ്സിസോഗയിലെ ആശുപത്രിയിലേക്ക് കയറി ചെന്നത്.
അപ്പോഴിവര്‍ പറഞ്ഞു.
'മായ..നിങ്ങളുടെ നില അതീവ ഗുരുതരമാണ്'.
അനങ്ങാന്‍ പാടില്ലാത്ത മട്ടില്‍ അവരെന്നെ പിടിച്ചു കിടക്കയോട് കെട്ടിയിട്ടു. ഏതാനും ദിവസങ്ങള്‍ കൊണ്ട് കല്ലിലടിച്ചു കുഴച്ച ചപ്പാത്തി മാവിന്റെ പരുവത്തിലായി ഞാന്‍. നീരു വറ്റി, വിളറി വെളുത്ത് വേദനകളുടെ പിടിയില്‍ ഞെരുങ്ങി വിറച്ചും തളര്‍ന്നു കുഴഞ്ഞും പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും മറ്റൊരാളെ ആശ്രയിക്കുന്നവളായി.
'മായ നിങ്ങളുടെ നില മെച്ചപ്പെട്ടിരിക്കുന്നു.നിങ്ങള്‍ക്കിനി വീട്ടിലേക്ക് പോകാമല്ലോ'
ഇപ്പോള്‍ അവര്‍ പറയുന്നു. 'മായ നിങ്ങളുടെ നില മെച്ചപ്പെട്ടിരിക്കുന്നു.നിങ്ങള്‍ക്കിനി വീട്ടിലേക്ക് പോകാമല്ലോ'
എങ്ങനെ പോകും? പോയിട്ടെന്ത്? ഒന്നുമെനിക്കറിയില്ല.
പക്ഷെ 'ഹോം' എന്ന നാലക്ഷരങ്ങള്‍ എത്ര മോഹിപ്പിക്കുന്നതാണ്. അതെന്നെ ആയിരം കൈകള്‍ കൊണ്ട് മാടി വിളിക്കുകയാണ്.
'എന്റെ ഭര്‍ത്താവ് എന്നെ കൊണ്ട് വരും..'. ഞാന്‍ തലകുലുക്കി.
നെഞ്ചിലേക്ക് ലൈനിട്ടതിന്റെ പിറ്റേന്ന് ഡിസ്ചാര്‍ജിനെഴുതി.
കഴിക്കേണ്ട മരുന്നുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിക്കാന്‍ ആളുകള്‍ എത്തി.
ഒരുപാട് വര്‍ഷങ്ങള്‍ ജയിലിലടയ്ക്കപ്പെട്ട ഒരുവളെ പോലെ ഞാന്‍ പുറം ലോകത്തേക്കിറങ്ങുകയാണ്.
കുറച്ചു ദിവസങ്ങളെ ഞാന്‍ ആശുപത്രിയില്‍ കിടന്നിരുന്നുള്ളൂ. അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായ അനേകം അനുഭവങ്ങള്‍ വന്നെന്നെ മൂടിയപ്പോള്‍ ഞാന്‍ കാലബോധമില്ലാത്തവളായി തീര്‍ന്നിരുന്നു.
ജയിലിലടയ്ക്കപ്പെട്ട ഒരുവളെ പോലെ ഞാന്‍ പുറം ലോകത്തേക്കിറങ്ങുകയാണ്.

ആ കുറച്ചു ദിവസങ്ങള്‍ പ്രകൃതിയും അതു തന്നെ ചെയ്തു. അമ്പരപ്പിക്കുന്നൊരു മാറ്റത്തിലേക്ക് അത് വഴുതി പോയി.
ആശുപത്രിയിലേക്ക് നടന്നു കയറുമ്പോള്‍ എനിക്ക് ചുറ്റും കുട നിവര്‍ത്തി നിന്നിരുന്ന ശിശിരമരങ്ങളൊക്കെ എവിടെക്കൊ പൊയ്മറഞ്ഞിരിക്കുന്നുവെന്നും പ്രകൃതി കുമ്മായം പൂശിയത് പോലെ മഞ്ഞില്‍ മൂടി കിടക്കുകയാണെന്നും കാറില്‍ നോവുന്ന നെഞ്ചുമായി ചാരി കിടക്കുമ്പോള്‍ ഞാനറിഞ്ഞു.
ആര്‍ത്തിയോടെ എന്റെ കണ്ണുകള്‍ വഴിയോരക്കാഴ്ചകളെ നക്കിയെടുത്തു. മകള്‍, പിന്നിലെ സീറ്റില്‍ സന്തോഷം കൊണ്ട് തിങ്ങി വിങ്ങുന്ന കുഞ്ഞു മനസ്സ് പൊട്ടിയൊഴുകുന്ന പോലെ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു
അവള്‍ ഡൗണ്‍ ടൗണിലെ കാഴ്ചകള്‍ ഓരോന്നിലേക്ക് വിരല്‍ ചൂണ്ടൂന്നു. 'അമ്മേ, ദാ ട്രെയിന്‍...അമ്മേ ദാ ട്രാം'
തല തിരിച്ച് നോക്കാന്‍ എനിക്ക് വയ്യ. വലതു വശത്തെ നെഞ്ചും കഴുത്തും വേദനയിലാണ്. നെഞ്ചിലെ മുറിവില്‍ നിന്നും തൂങ്ങിയാടുന്ന വീനസ് കാതറ്റര്‍ ലൈനിന്റെ ചെറിയ ഭാരം പോലും നോവായി വിങ്ങുന്നു. പക്ഷെ അതിനുമെത്രയോ മേലേക്ക് വീട് എന്ന ആനന്ദം വന്നു നിറയുന്നു. മൂന്നു മനസ്സുകളും തുളുമ്പുന്നു. വീട്ടിലെ സോഫയില്‍ മകളുടെ കൂടെയിരുന്നു കുറച്ചു 'ട്രീ ഹൗസ' കണ്ടു.
ഇത്ര സമാധാനത്തോടെ മുമ്പെപ്പോഴെങ്കിലും ഞാനുറങ്ങാന്‍ കിടന്നിട്ടുണ്ടോ?
അമ്മയെ തിരിച്ച് കിട്ടിയ സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ പ്രഭാതത്തിലെ പൂക്കള്‍ പോലെ വിടര്‍ന്നിരുന്നു. ക്ഷീണം കൊണ്ടെന്റെ കണ്ണുകള്‍ കൂമ്പി. .ഒന്നു കുളിക്കണം. കാല്‍ കുളി.അത്രയേ അനുവാദമുള്ളു എപ്പോഴും കുളിച്ച് അലക്കിയ വസ്ത്രങ്ങളണിഞ്ഞ് വൃത്തിയുടെ വലയത്തില്‍ നടക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍.അതു പോലും നടത്തിയിട്ട് ദിവസമെത്രയായി. നന്നായൊന്നുറങ്ങണം.
സ്റ്റൂളിലിരുന്ന് ആള്‍ സഹായത്തോടെ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ കടുത്ത ഷിവറിങ്ങ് വീണ്ടും എന്നെ പിടിച്ചുലച്ചു. കിടക്കയില്‍ എങ്ങനെയോ കൊണ്ട് കിടത്തി. ചൂടൂള്ള ബ്ലാങ്കറ്റുകള്‍ കൊണ്ട് മൂടിയും ഹീറ്റര്‍ വെച്ചും പതുക്കെ ഷിവറിങ്ങ് ഒതുങ്ങി.
ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒന്നിച്ച് ഉറങ്ങാന്‍ കിടന്നു.
ഇത്രയും സന്തോഷത്തോടെ സമാധാനത്തോടെ മുമ്പെപ്പോഴെങ്കിലും ഞാനുറങ്ങാന്‍ കിടന്നിട്ടുണ്ടോ? സംശയമാണ്. ഒരു രാത്രിക്ക് മാത്രമായി പരോളിനിറങ്ങിയ പ്രതിയാണ് ഞാനെന്ന് അറിയാതെ വീടിനെ പുല്‍കി പുല്‍കി ഞാനുറങ്ങി.
'മായ...ഒരു സാഡ് ന്യൂസുണ്ട്. ഇന്നലെ വരെ കണ്ട പുരോഗതി വെറുതെയായി'
പിറ്റേന്ന് രാവിലെ പുറപ്പെട്ടു. പ്ലാസ്മഫെരസിസിനായി ടൊറന്‍േറാ ജനറലിലെ എഫര്‍സിസ് യൂണിറ്റിലേക്ക്.
അന്നത്തെ പ്ലാസ്മഫെരസിസിന് ശേഷം ശരീരം വീണ്ടും റിയാക്റ്റ് ചെയ്തു. ഉയര്‍ന്ന ഡോസില്‍ ബനാഡ്രില്‍ തന്നിട്ട് പോലും.
ഡോക്ടര്‍ വന്നു. കാര്യങ്ങള്‍ പഠിച്ചു. ഇനി മുതല്‍ സേഫ് പ്‌ളാസ്മ തരാന്‍ തീരുമാനമായി . നോര്‍വേയില്‍ നിന്നും കൂടുതല്‍ ഫില്‍റ്ററേഷന്‍ കഴിഞ്ഞു വരുന്ന സേഫ് പ്ലാസ്മക്ക് ഇരട്ടി വിലയാണ്. ഓരോ പ്ലാസ്മഫെരസിസ് സെഷനും ഇരുപത്താറോളം ബാഗ് പ്ലാസ്മയാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പതുക്കെ അത് കുറച്ച് കൊണ്ട് വരും.മനുഷ്യ ജീവന് വലിയ വിലയുള്ള ഒരു നാടാണിത് എന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഗവണ്മെന്റ് സേഫ് പ്ലാസ്മയും സൗജന്യമായി തരും. സമാധാനം!
പക്ഷെ സമാധാനം പെട്ടെന്ന് അവസാനിച്ചു.
അന്നത്തെ ബ്‌ളഡ് വര്‍ക്കിന്റെ റിസല്‍ട്ട് വന്നു. ഡോക്ടറുടെ മുഖം മ്ലാനവും ചിന്താമഗ്‌നവുമായി. അദ്ദേഹം റിക്ലൈനിങ് ചാരി കിടന്ന് വിശ്രമിച്ചു കൊണ്ടിരുന്ന എന്റെയരികില്‍ ഇരുന്നു.
'മായ...ഒരു സാഡ് ന്യൂസുണ്ട്. ഇന്നലെ വരെ കണ്ട പുരോഗതി വെറുതെയായി. ഇന്നത്തെ റിസല്‍ട്ടില്‍ ആകപ്പാടെ വേരിയേഷന്‍സാണ്. നോക്കൂ, അദ്ദേഹം അക്കങ്ങള്‍ ഓരോന്നായി വിവരിച്ചു. 'ടി ടി പി ഇസ് റീലാപ്‌സിങ്'
അടുത്ത ഭാഗം നാളെ
ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!
രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!
മൂന്നാംഭാഗം: ആംബുലന്‍സിലെ മാലാഖമാര്‍
നാലാം ഭാഗം: അരികെ നില്‍ക്കുന്നത് മരണമാണോ?
അഞ്ചാം ഭാഗം: ഐസിയുവിലെത്തിയ ദൈവം!
(കടപ്പാട്: സംഘടിത)
