Asianet News MalayalamAsianet News Malayalam

''വർഷങ്ങളെടുത്തു ആ സങ്കടത്തിൽ നിന്ന് കര കയറാൻ...''

''ഞാനല്ലല്ലോ തെറ്റുകാരി? അയാളല്ലേ? നേരിട്ടല്ലെങ്കിലും അയാളുടെ തെറ്റിന് എന്റെ അച്ഛനും അമ്മയും ഇരകളല്ലേ?'' അവൾ ചോദിക്കുന്നു.

me too allegation against poet a ayyappan
Author
Thiruvananthapuram, First Published Oct 23, 2018, 3:49 PM IST

കവി എ. അയ്യപ്പനെതിരെയും മീ ടൂ ആരോപണം. തനിക്ക് പത്ത് വയസ്സുള്ളപ്പോൾ എ. അയ്യപ്പനിൽ നിന്ന് ലൈം​ഗിക അതിക്രമം നേരിടേണ്ടി വന്നു എന്നാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. എട്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു എ. അയ്യപ്പന്റെ മരണം. വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ ഒരാൾക്ക് നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണം എന്നതാണ് ഈ വെളിപ്പെടുത്തലിനെ വ്യത്യസ്തമാക്കുന്നത്. തനിക്ക് നേരിട്ട അപമാനം തുറന്നു പറയാൻ പെൺകുട്ടി തയ്യാറാകുമ്പോൾ കുറ്റപ്പെടുത്തിയും പിന്തുണ നൽകിയും നിരവധി പേരാണ് രം​ഗത്ത് വരുന്നത്. 

''അന്നെന്ത് കൊണ്ടാണ് അത് പറയാത്തതെന്ന് ചോദിച്ചാൽ, എന്താണ് പറയേണ്ടതെന്നും അതെങ്ങനെയാണ് പറയേണ്ടതെന്നും അറിയില്ലായിരുന്നു. മനസ്സിൽ സങ്കടവും പേടിയും വേദനയും നിസ്സഹായാവസ്ഥയുമായിരുന്നു. ആരോടും പറഞ്ഞില്ല. വർഷങ്ങളെടുത്തു ആ ഓർമ്മയിൽ നിന്ന്, സങ്കടത്തിൽ നിന്ന് കര കയറാൻ. ഇതെഴുതിയ നിമിഷവും അന്നനുഭവിച്ച അതേ സങ്കടവും പൊള്ളലും ഇപ്പോഴുമുണ്ട്.'' കവിയുടെ ലൈം​ഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. 

പിന്നീടൊരിക്കലും അയ്യപ്പനെ നേരിട്ട് കണ്ടിട്ടില്ലെന്ന് അവൾ പറയുന്നു

''കവിയായ അച്ഛന്റെ ധാരാളം കൂട്ടുകാരിൽ ഒരാളായിരുന്നു അയാൾ. അങ്ങനെയാണ് അയ്യപ്പൻ അന്ന് വീട്ടിലെത്തുന്നത്. ‌എന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അച്ഛനറിയുന്നത്. അമ്മയോട് പോസ്റ്റിടുന്നതിന് തലേന്ന് പറഞ്ഞു. എല്ലാവർക്കും സങ്കടമാകുമെന്ന് എനിക്കറിയാം. അമ്മയോട് ആദ്യം പറഞ്ഞത് ഷോക്കാകണ്ട എന്ന് കരുതിയാണ്. ഞാനല്ലല്ലോ തെറ്റുകാരി? അയാളല്ലേ? നേരിട്ടല്ലെങ്കിലും അയാളുടെ തെറ്റിന് എന്റെ അച്ഛനും അമ്മയും ഇരകളല്ലേ?'' അവൾ ചോദിക്കുന്നു.

''കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാൻ ഉറക്കം ഉണരുമ്പോൾ അയ്യപ്പൻ മാമന്റെ അടുത്താണ്. മാമൻ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്. വിരലുകൾ കൊണ്ട് അമർത്തുന്നുണ്ട്. എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാൻ നോക്കിയപ്പോൾ "ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ " എന്ന് വാത്സല്യത്തോടെ പറഞ്ഞു.'' പെൺകുട്ടിയുടെ ഫേസ്ബുക്കിലെ വരികളാണിത്. പിന്നീടൊരിക്കലും അയ്യപ്പനെ നേരിട്ട് കണ്ടിട്ടില്ലെന്ന് അവൾ പറയുന്നു. അയാളുടെ കവിതകൾ വായിച്ചിട്ടില്ല. ചർച്ചകളിലും സംവാദങ്ങളിലും അയാളുടെ പേരും കവിതയും കാണുമ്പോൾ അസ്വസ്ഥത തോന്നിയിട്ടുണ്ട്. പിന്നെയും വർഷങ്ങളെടുത്തു ആ അസ്വസ്ഥത മനസ്സിൽ നിന്ന് വിട്ടു പോകാൻ. 

ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിന്റെ അനന്തര ഫലം എന്തായിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കൾ ധൈര്യം നൽകി. തുറന്നു പറച്ചിൽ അത്യാവശ്യമാണെന്ന് പറഞ്ഞത് അവരാണ്. എന്റെ വീട്ടുകാർ, കൂട്ടുകാർ, ബന്ധുക്കൾ എല്ലാവർക്കും സങ്കടമായി എന്നത് നേരാണ്. പക്ഷേ എല്ലാവരും എന്നോട് വിഷമിക്കണ്ട എന്ന് പറഞ്ഞു. വ്യക്തിപരമായി സംസാരിച്ചു. അവർ വിഷമിക്കുമോ എന്നായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം. അവർക്കെന്നെ മനസ്സിലായി.  

ഇതേപോലെ ഒരുപാട് പേർക്ക് പറയാനുണ്ടാകും

എന്റെ പോസ്റ്റിൽ പലരും പ്രതികരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നുണ്ട്. കാരണം ബുദ്ധിജീവിയെന്നും കവിയെന്നും എല്ലാവരും വാഴ്ത്തുന്ന ഒരാളെക്കുറിച്ചാണ് ഞാൻ പറഞ്ഞിരിക്കുന്നത്. എനിക്ക് നേരിട്ട അതേ അപമാനത്തിന് സമാനമായ രീതിയിൽ ഒരു വെളിപ്പെടുത്തൽ കൂടി എത്തിയിട്ടില്ലേ? ഇതേപോലെ ഒരുപാട് പേർക്ക് പറയാനുണ്ടാകും. ഞങ്ങളുടെ അതേ അനുഭവമുള്ളവർ. ഒരേ സങ്കടങ്ങളിലൂെടെ കടന്നു പോയവർ. അത് വായിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നി. 

''കുട്ടികളെ ലൈം​ഗിക ദുരുപയോ​ഗം നടത്തുന്നവർ ചിലപ്പോൾ അയൽവാസികളോ ബന്ധുക്കളോ കുടുംബ സുഹൃത്തോ ഒക്കെയായിരിക്കും. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ലല്ലോ. അതുപോലെ കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ അതേപടി തുറന്ന് പറയാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. ഇത്തരം അതിക്രമങ്ങൾക്കിരയായവർ ചിലപ്പോൾ ആ വ്യക്തികളെ പിന്നെയും കണ്ടുമുട്ടേണ്ടിയും ഇടപഴകേണ്ടിയും വന്നേക്കാം. എന്നെ സംബന്ധിച്ച് പിന്നീട് അയാളെ കണ്ടിട്ടേയില്ല. കണ്ടിരുന്നെങ്കിൽ എങ്ങനെയാണ് ഞാൻ‌ പെരുമാറുക എന്നും എനിക്കറിയില്ല.'' പെൺകുട്ടി പറഞ്ഞു  നിർത്തുന്നു. 

മലയാളസിനിമയിലെ മുൻനിര താരങ്ങളായ മുകേഷിനും അലൻസിയറിനും എതിരെ മീടൂ ആരോപണങ്ങളുമായി യുവതികൾ രം​ഗത്ത് വന്നിരുന്നു. ചിത്രകാരനായ റിയാസ് കോമുവിന്റെ പേരും മീടൂ വിവാദത്തിലുൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു കവിയ്ക്കെതിരെ ആദ്യമായിട്ടാണ് മീടൂവില്‍ ലൈം​ഗികാരോപണം ഉയരുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു അയ്യപ്പന്റെ എട്ടാം ചരമവാർഷികം. 

Follow Us:
Download App:
  • android
  • ios