ഒരു സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞു, പെൺജീവിതം ഒന്ന്, രണ്ട്, മൂന്ന് ചാപ്റ്റർ ആയി എഴുതാൻ... കുറെ ചിന്തിച്ചു, പെൺജീവിതം, അങ്ങനെ ഒന്നുണ്ടായിരുന്നോ, ഏത് പ്രസക്തമായ ചോദ്യത്തിനും എനിക്ക് ഒറ്റ ഉത്തരമല്ല, ഇതിനും അങ്ങിനെ തന്നെ.ഉണ്ട്, ഇല്ല അങ്ങനെ രണ്ട് ഉത്തരങ്ങൾ.

അതില്‍, ഉണ്ട് എന്നുള്ളതാണ് ഞാൻ നിങ്ങളോട് പറയുന്നതെങ്കിൽ അതെന്‍റെ സഹന കാലങ്ങളോട് 100 ശതമാനം ആത്മാർത്ഥത പുലർത്തി ജീവിച്ചിരിക്കുന്ന ഒരുപാട് പേരെ വേദനിപ്പിക്കുന്ന മറുപടി ആയിരിക്കും.

ഇല്ല എന്നാണ് ഉത്തരം, അതായത് ഞാനെന്‍റെ സഹന കാലങ്ങളിൽ, ആരാണോ എനിക്കത് വെച്ചു നീട്ടുന്നത്, അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ച് കാര്യകാരണങ്ങൾ എന്നെ ബോധ്യപ്പെടുത്തി ഞാനായി ജീവിച്ചിട്ടേ ഉള്ളൂ.

നിർത്താതെ പെയ്യുന്ന ഒരു തിരുവാതിര ഞാറ്റുവേലക്കാലം

അപ്പോൾ എനിക്കുറപ്പിച്ച് പറയാം എനിക്കൊരു പെൺജീവിതം ഉണ്ടായിട്ടില്ല. തീർച്ചയായും ഞാൻ ജീവിച്ചത് കേവലം ഒരു മനുഷ്യ ജീവിതം മാത്രം...

എന്‍റെ ജീവിതം എപ്പോഴും തുടങ്ങുന്നത് എന്‍റെ അമ്മയുടെ ജീവിതത്തിൽ നിന്നുമാണ്. അമ്മ ഭൂതകാലത്തിന്‍റെ അങ്ങേ അറ്റത്ത് നിന്നും, ഞാനിങ്ങ് വർത്തമാനത്തിന്‍റെ ഇങ്ങേ അററത്ത് നിന്നും, എന്നിട്ടും ഞാൻ എന്നെ നോക്കിക്കാണുന്നത് അമ്മയിൽ കൂടി മാത്രമാണ്. കുട്ടിക്കാലത്ത് അരുതുകൾ കൊണ്ടെന്നെ അമ്മ വലച്ചിരുന്നു. മരം കയറരുത് എന്ന് പറഞ്ഞാൽ ഞാൻ മരം കയറി അടി വാങ്ങി, കുളം ചാടരുത് പറഞ്ഞാൽ കുളം ചാടി അടി വാങ്ങി, ഇത്ര മണിക്ക് തിരിച്ചു വരണം എന്ന് പറഞ്ഞാൽ രണ്ട് മണിക്കൂർ വൈകി വന്ന് തല്ല് വാങ്ങി.

എന്തൊക്കെ ചെയ്യരുതെന്ന് പറഞ്ഞോ അതൊന്നും ഞാൻ അനുസരിച്ചില്ല, പക്ഷേ അതിനിടയിലും അമ്മ പറയാത്ത അരുതുകൾ പോലും ഞാൻ സ്വയം ചെയ്യരുതെന്ന് പഠിച്ചു. പിൻകാല ജീവിതത്തിലേക്കുള്ള വലിയ പാഠങ്ങളായിരുന്നു എന്‍റെ അമ്മ പഠിപ്പിച്ച ഓരോന്നും. പിന്നെ, ഞാനെങ്ങനെ പെൺജീവിതം ജീവിച്ചെന്ന് പറയും?

ജീവിതം ചിലർക്ക് പൊള്ളുന്ന ഒരു വേനൽ മാത്രമായിരിക്കും. അത്തരം ഒരു വേനലിലൂടെ മാത്രം യാത്ര ചെയ്ത ഒരാളായിരുന്നു അമ്മ. മാതാപിതാക്കളുടെ സ്നേഹം പോലും കിട്ടാത്ത, ബാല്യം മുഴുവൻ സഹോദരങ്ങളുടെ ആശ്രയത്തിലും, പിന്നൊരു ഘട്ടത്തിൽ ഒരാശ്രയവും ഇല്ലാതെ മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രമായി ജീവിച്ച ഒരു സ്ത്രീ.

ആ ആകാശത്തിന് കീഴെ ഞങ്ങൾ അമ്മയും മക്കളും, ഞങ്ങളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളിൽ ഏറെ സംതൃപ്തിയോടെ ജീവിച്ചു. സ്വന്തമെന്ന സ്വാർത്ഥതയിൽ പെട്ട് പോയാൽ മറ്റാരേയും ഓർക്കാത്തൊരു കാലം എല്ലാവർക്കും ഉണ്ടാകും. അതാകും എന്‍റെ അമ്മയെ സഹോദരങ്ങളൊക്കെ മറന്നത്. ഇടിഞ്ഞ് പൊളിഞ്ഞ തറവാട്ടിലെ വീഴാൻ ബാക്കിയുള്ളൊരു തട്ടിട്ട മച്ചിൻ മുറിയിലാണ് അമ്മയെന്നെ പ്രസവിച്ചത്. അഞ്ച് വയസ്സുള്ള ചേച്ചിയും അയലത്തെ അമ്മമാരുമായിരുന്നു അമ്മയ്ക്ക് തുണ.

മരവും, ഓടും പൊളിച്ചടുക്കി അമ്മ ഒരു കുഞ്ഞു പുര വെയ്ക്കാൻ തുടങ്ങി

കുളിയ്ക്കാൻ സോപ്പില്ലാതെ പഴയ കടലാസ് തൂക്കി വിൽക്കാൻ മുറിയിലെ മൂലയിൽ കിടന്നിരുന്ന മേശ തുറന്നപ്പോൾ, പത്തി വിടർത്തിയ പാമ്പും അതിന്‍റെ മേൽ ചുറ്റിക്കിടന്നിരുന്ന കുഞ്ഞുങ്ങളെയുമാണ് കണ്ടത്. പേറ്റ് മുറിയിൽ മറ്റൊരു പേറ് കൂടി... തുറന്ന മേശ അടയ്ക്കാതെ, അമ്മ സോപ്പില്ലാതെ കുളിച്ചു.

മകരമാസത്തിലെ ചൂടിൽ, വരാൻ പോകുന്ന കാലവർഷത്തിൽ അവസാനത്തെ മച്ചും വീഴുമെന്നുറപ്പായിരുന്നു. അപ്പോള്‍, വീട്ടിലെ ശേഷിച്ച മരവും, ഓടും പൊളിച്ചടുക്കി അമ്മ ഒരു കുഞ്ഞു പുര വെയ്ക്കാൻ തുടങ്ങി.

കുഞ്ഞൻ പുലയനും, അമ്മയും എത്ര ശ്രമിച്ചിട്ടും വീടിന്‍റെ പാതി ചുവരേ മഴയ്ക്ക് മുന്നേ തീർന്നുള്ളൂ. ബാക്കി ഓലത്തട്ടിക തൂക്കി മറച്ച് ഞങ്ങൾ പുതിയ വീട്ടിൽ പൊറുതി തുടങ്ങി. രണ്ട് കൊച്ചു കുട്ടികളേയും കൊണ്ട് ഒരമ്മ തലയണക്കീഴിൽ ഒരു മടാളും, മനസ്സിൽ അതിലേറെ മൂർച്ചയുള്ള മറ്റൊന്നുമായി ജീവിതം തുടങ്ങി. പിന്നെ, ഞങ്ങൾ വളരുന്നതോടെ വീടും വലുതായി. മുഴുവൻ ചുമരായി അടുക്കള വന്നു, താഴ്വാരം വന്നു, അമ്മിത്തറ വന്നു, കോഴിക്കൂട് വന്നു, മുള്ളുവേലിയും, മുളം പടിയും വന്നു...

പാതി നിറഞ്ഞ വയറിന്, പാതി കഥകൾ കൊണ്ട് നിറച്ച് ഒരു പാട് കർക്കിടകം പെയ്തു തോർന്നു. ഓരോ മഴക്കാലത്തും അമ്മ ആ കഥ പറയുമായിരുന്നു:
ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറ്റിയ കൊല്ലം, നിർത്താതെ പെയ്യുന്ന ഒരു തിരുവാതിര ഞാറ്റുവേലക്കാലം. മഴ തന്നെ മഴ. മറ്റൊരു ശബ്ദവും കേൾക്കാനില്ലാതെ കാറ്റിൽ ഓലത്തട്ടി ഉയർന്ന് ഊത്താലടിച്ചും ഇടിമിന്നൽ കയറിയിറങ്ങിയും ഉറങ്ങാനാകാതെ കിടക്കുന്നൊരു രാത്രി... ചെറിയ കുട്ടികൾ ഉള്ളതുകൊണ്ടും ഇഴജന്തുക്കൾ കയറി വരുന്നത് കൊണ്ടും ഒരു മുട്ട വിളക്ക് കെടുത്താതെ കത്തിച്ച് വെയ്ക്കും.

അപ്പോഴാണ്, ഇടിമിന്നലിനേയും മഴയേയും, ഭേദിച്ച് ഒരു നിലവിളി കേട്ടത്, 'കൊല്ലുന്നേ ഓടി വരണേ...' തുടർന്ന് ആളുകൾ ഓടിക്കൂടുന്നതിന്‍റേയും ബഹളങ്ങൾ. അത്, ഞങ്ങളുടെ വീടിന് തൊട്ടു മുന്നിലുള്ള റോഡിൽ നിന്നുമാണ്.

പെട്ടെന്നൊരാൾ ഓലത്തട്ടി പൊക്കി വീടിനുള്ളിലേക്ക് കടന്ന് വന്നു. അമ്മ തലയിണക്ക് കീഴേയുള്ള വെട്ടുകത്തി വലിച്ചെടുത്തതും അയാൾ അമ്മയുടെ കാൽക്കൽ ഇരുന്നു, 'പൊന്നു സഹോദരി ഞാൻ ഒരുപദ്രവത്തിനും വന്നതല്ല. രക്ഷിക്കണം. എന്‍റെ പിറകെ ആളുകൾ ഉണ്ട്. അവരെന്നെ കണ്ടാൽ കൊല്ലും. ദയവായി കുറച്ചു സമയം ഞാനിവിടെ ഇരിയ്ക്കട്ടെ. നിങ്ങളെ ദൈവം രക്ഷിക്കും. ആ വിളക്ക് കെടുത്തൂ. അവർ ഇവിടെ വരും...'

മനുഷ്യന് മനുഷ്യനെ തിരിച്ചറിയുന്ന ചില സമയങ്ങൾ ഉണ്ട്. അമ്മ വിളക്ക് കെടുത്തി മിണ്ടാതെയിരുന്നു. ആളുകൾ ഞങ്ങളുടെ തൊടി മുഴുവൻ അയാളെ തിരഞ്ഞു. ഒടുവിൽ ബഹളം നിലച്ചപ്പോൾ അയാൾ മഴയിലേക്കിറങ്ങിപ്പോയി. അമ്മ ഈ കഥ പറയുമ്പോഴൊക്കെ ഞാൻ പറയും, 'അതമ്മ സ്വപ്നം കണ്ടതാകും എന്ന്.'

'അല്ല, പിറ്റേന്ന് രാവിലെ ഞങ്ങളുടെ വീടിനടുത്തുള്ള പോലീസുകാരൻ തല്ല് കൊണ്ട് ആസ്പത്രിയിലായിരുന്നു. അയാളുടെ നാല് പല്ലുകൾ റോഡരികിൽ കിടന്നിരുന്നത്രെ. ആരാണ് തല്ലിയതെന്നോ അയാൾ എങ്ങോട്ട് പോയതെന്നോ ഒരു നിശ്ചയവും ഇല്ല....' എന്ന് അമ്മ. 

വീണ്ടും കഥകളും, ജീവിതവും കൊണ്ട് കാലം കുറെ കടന്ന് പോയി. അന്നത്തെ ആ കൊച്ചു കുഞ്ഞ് വളർന്ന് ഞാനെന്ന കുരുത്തം കെട്ട മൂധേവിയായി അമ്മക്ക് തലവേദനയായി...

സന്ധ്യക്ക് പാടൂക്കാട് ഷാപ്പിൽ വന്നിരുന്ന് ഒരു കുപ്പി അടിക്കുന്ന ശീലമുണ്ടായിരുന്നു

വീണ്ടും 20 വർഷക്കാലത്തിന് ശേഷം... അതുപോലെ തോരാമഴ പെയ്യുന്നൊരു തിരുവാതിര ഞാറ്റുവേല സന്ധ്യയിൽ മുറ്റത്തെ മഴയിലേക്കൊരാൾ സംശയിച്ച്, സംശയിച്ച് കടന്ന് വന്നു. ആറടി പൊക്കത്തിൽ കറുത്ത് മെലിഞ്ഞ്, പ്രായമുള്ള, കാലൻ കുട ചൂടിയ ഒരാൾ.. ഞാൻ മൂത്ത മകനെ മടിയിൽ വെച്ച് മഴ കാണുകയാണ്. 'കുട്ടിയെ അകത്ത് കൊണ്ട് പോയി കിടത്ത്, ഊത്താലടിച്ച് കുഞ്ഞിന് ജലദോഷം വരുമല്ലോ, ഈ കുരുത്തം കെട്ടോളെക്കൊണ്ട് വലഞ്ഞല്ലോ' എന്ന അമ്മയുടെ ശകാരത്തിലേക്കാണ് അയാൾ കയറി വന്നത്.

'ഞാൻ ഉമ്മറത്തേക്ക് കയറിക്കോട്ടെ?' അയാൾ ചോദിച്ചു. അമ്മ ഒന്നും മിണ്ടാതെ നിന്നു. ഞാൻ പെട്ടെന്ന് പറഞ്ഞു, 'കയറിയിരിക്കൂ, മഴയത്ത് നിൽക്കാതെ.' അയാൾ കുട മടക്കി ഉമ്മറത്തെ ബഞ്ചിലിരുന്നു. തോളിലുള്ള സഞ്ചിയിൽ നിന്നും ടവ്വലെടുത്ത് മുഖവും തലയും തുടച്ചു... പിന്നെ പറഞ്ഞു, 'ഞാനൊരു സംശയം തീർക്കാൻ കയറിയതാണ്. ഏകദേശം 20 വർഷം മുന്നേ ഇതേ സ്ഥാനത്ത് പണി മുഴുമിപ്പിക്കാത്ത ഒരു വീടും ആ വീട്ടിൽ ഒരമ്മയും രണ്ട് പിഞ്ചു കുട്ടികളും ഉണ്ടായിരുന്നു. ഒരു മഴയുള്ള രാത്രിയിൽ എനിക്കവർ അഭയം തന്നു, എന്‍റെ ജീവൻ രക്ഷിച്ചു...'

പെട്ടെന്നമ്മ പറഞ്ഞു, 'അതെ ആ വീട് തന്നെയാണിത്. ആ ചെറിയ കുട്ടിയാണിവൾ.' അയാൾ എഴുന്നേറ്റ് എന്‍റെയടുത്തേക്ക് വന്നു. മോനെ കയ്യിൽ വാങ്ങി. നെറ്റിയിൽ ഉമ്മ വെച്ചു. എന്നെ ചേർത്ത് നിർത്തി. 'ദൈവം എത്ര കനിവുള്ളവനാണ്... എത്ര വർഷങ്ങളായി ഞാനീ നിമിഷത്തിനായി കാത്തിരിക്കുന്നു.' അമ്മ അകത്തേക്ക് പോയി, അയാൾ എന്നോട് സ്വന്തം മകളോടെന്ന പോലെ സംസാരിച്ചുകൊണ്ടിരുന്നു.. ഏതൊരു ബന്ധമാണ് ഞങ്ങൾക്കിടയിൽ, എന്നിട്ടും ഈ മനുഷ്യൻ എന്‍റെ സ്വന്തമായൊരാൾ എന്ന് തോന്നുന്നല്ലോ എന്ന് ഞാനതിശയിച്ചു.

അമ്മ, കട്ടനുമായി വന്നു. അത് ഊതിക്കുടിച്ച് അയാൾ അന്നത്തെ സംഭവം പറയാൻ തുടങ്ങി.. ''ഞാനന്ന് ആകാശവാണിയിൽ തബലിസ്റ്റായിരുന്നു. സന്ധ്യക്ക് പാടൂക്കാട് ഷാപ്പിൽ വന്നിരുന്ന് ഒരു കുപ്പി അടിക്കുന്ന ശീലമുണ്ടായിരുന്നു. അന്നവിടെ ഒരു പാട് പേരുണ്ടായിരുന്നു.. ആയിടെ പുറത്തിറങ്ങിയ പുതിയ ഒരു രണ്ട് രൂപാ നോട്ടിനെ കുറിച്ച് എതിർവശത്തെ ബഞ്ചിലിരുന്നവർ സംസാരിക്കാൻ തുടങ്ങി. ഞാനും എന്തോ അഭിപ്രായം പറഞ്ഞു. അവർക്കത് ഇഷ്ടമായില്ല. ഒന്നും രണ്ടും പറഞ്ഞ് ഉന്തും തള്ളുമായി, എന്നെയവർ തല്ലി.''

''പിന്നെ ഇറങ്ങി പോയി. ചെറുപ്പത്തിന്‍റെ ആവേശത്തിൽ തിരിച്ച് തല്ലാതെ എനിക്ക് സമാധാനം കിട്ടില്ല. ഞാനവർക്ക് പിന്നാലെ വന്നു. കൂടെയുള്ളവരൊക്കെ ഓരോ വഴി പോയി. എന്നെ തല്ലിയവൻ മാത്രമായി, ഈ വീടിന് മുന്നിലിട്ട് ഞാനവനെ തല്ലി. തല്ല് കൊണ്ട് നിലത്ത് വീണയാൾ ഉറക്കെ നിലവിളിച്ചു. ആളുകൾ ഓടിക്കൂടിയപ്പോഴാണ് ഞാൻ ജീവനും കൊണ്ട് നിങ്ങളുടെ വീടിനുള്ളിലേക്ക് കയറി വന്നത്..''

''സഹോദരീ, നിങ്ങൾ അന്ന് ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ... ഇന്ന് നിങ്ങൾക്ക് മുന്നിൽ ഞാനുണ്ടാവില്ല, അയാൾ ഒരു പോലീസുകാരനായിരുന്നു എന്നൊന്നും എനിക്കറിയില്ലായിരുന്നു. പിറ്റേന്ന് തന്നെ ഞാൻ നാട്ടിൽ പോയി. പിന്നെ തിരുവനന്തപുരത്തേക്ക് മാറ്റം വാങ്ങി. ഞാനെന്നുമോർക്കും മഴയുള്ള ആ രാത്രിയും ഈ അമ്മയേയും മക്കളേയും... ഇപ്പോഴാണ് നിങ്ങളെ കാണാൻ കഴിഞ്ഞത്. സന്തോഷമായി, ഇനിയും കാണാം. പോട്ടെ സഹോദരീ, നിങ്ങൾ വലിയവളാണ്.'' അയാൾ അമ്മയുടെ കാലിൽ തൊട്ടു. എന്നെ ചേർത്ത് നിർത്തി മോനെ, നെറുകയിൽ മുത്തി മഴയിലേക്കിറങ്ങിപ്പോയി...

അമ്മ തന്ന പുണ്യങ്ങളേ എനിക്കിന്നുമുള്ളൂ

ജീവിതം ഒരു പാട് ആകസ്മികതകൾ നിറഞ്ഞ ഒന്നാണ്. മുൻകൂട്ടി നിശ്ചയിക്കാത്ത തിരക്കഥയെഴുതാത്ത ഒരു ജീവിതനാടകം. എത്രയെഴുതിയാലും അതൊക്കെ പാടെ തെറ്റിക്കുന്ന ഒന്ന്.

കഥകൾ പറഞ്ഞ്, പറഞ്ഞ് കഥകൾ പറയാൻ പഠിപ്പിച്ച അമ്മ... അമ്മ പറഞ്ഞു തന്ന പുരാണങ്ങളേ എനിക്കിന്നുമറിയൂ. കൂടുതൽ വായിക്കാനും പഠിക്കാനും ശ്രമിച്ചില്ല. അമ്മ തന്ന പുണ്യങ്ങളേ എനിക്കിന്നുമുള്ളൂ. എന്‍റെ ഏട്ടൻ തന്ന നൻമകളേ എനിക്കിന്നുമുള്ളൂ. ഇന്ന്, എന്‍റെ മക്കളുടെ നന്മകൾ കൂടി ഞാൻ കടം കൊള്ളുന്നു. എനിക്കൊരു പെൺജീവിതം ഇല്ല. എന്‍റെ ചുറ്റുമുള്ളവർ തന്ന കനിവിന്‍റെ, നൻമയുടെ ഒരു മനുഷ്യ ജീവിതം, അത് മാത്രമെ ഉള്ളൂ, വെറും ഒരു മനുഷ്യനാണ് ഞാൻ.