Asianet News MalayalamAsianet News Malayalam

ഒന്നോ രണ്ടോ ആഴ്ച മാത്രമുളള ആ പ്രണയം!

കൊയ്ത്ത് കഴിഞ്ഞ പാടത്ത് നെല്‍കുറ്റികള്‍ ഉയര്‍ന്ന്  നില്‍പുണ്ടാകും. തുണിപ്പന്ത് കൊണ്ടോ, ഉത്സവങ്ങളില്‍ നിന്നും വാങ്ങിയ റബ്ബര്‍ പന്ത് കൊണ്ടോ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ഒരു കാല്‍ പന്ത് കളി. 

memories samad rahman
Author
Thiruvananthapuram, First Published Aug 10, 2018, 4:34 PM IST

സ്കൂളിന് മതില്‍ കെട്ടുകള്‍ ഉണ്ടായിരുന്നില്ല. വേലി കെട്ടി തിരിച്ചിരുന്നോ എന്ന് സംശയമാണ്. പക്ഷേ അരികിലെല്ലാം ശീമ കൊന്ന വളര്‍ന്ന് നിന്നിരുന്നു. ശീമ കൊന്ന പൂത്ത് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു. ഇളം റോസ് നിറമുളള ആ പൂക്കള്‍, സ്കൂളിന് ഒരു അലങ്കാരം തന്നെയായിരുന്നു. ചുറ്റു ഭാഗവും നെല്‍പാടങ്ങളാണ്. അവക്കിടയിലാണ് ഓലയും ഓടും മേഞ്ഞ സ്കൂള്‍ ഉളളത്. വലിയ ഒരു പൂള മരം, ഒന്ന് രണ്ട് മാവുകള്‍, വേലിക്ക് കുറ്റിയാക്കിയ ശീമ കൊന്ന മരം വളര്‍ന്ന് വലുതായി നില്‍പ്പുണ്ട്. എല്ലാം കൊണ്ടും ഗ്രാമീണ ഭംഗി നില നില്‍ക്കുന്ന ഒരു അക്ഷരക്കൂട്.

ദേശത്ത് ഒരു വിദ്യാലയമുണ്ട്. പാവപ്പെട്ടവന്‍റെയും പണക്കാരന്‍റെയും കറുത്തവന്‍റെയും വെളുത്തവന്‍റെയും, അവര്‍ണ്ണന്‍റെയും സവര്‍ണ്ണന്‍റെയും, മതമുളളവന്‍റെയും ഇല്ലാത്തവന്‍റെയുമൊക്കേ മക്കള്‍ തോളോട് തോളുരുമ്മി പഠനം നടത്തിയിരുന്ന ഒരു അക്ഷരക്കൂട്.

ആദ്യമായി ഹെഡ്മാസ്റ്റര്‍ കാദര്‍ മാഷിന്‍റെ മുന്‍പിലേക്ക്. കുട്ടികളേ ചേര്‍ക്കുന്നത് അദ്ദേഹമാണ്. ഉപ്പാന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി ഓഫീസ് റൂമിലേക്ക് ചെല്ലുമ്പോള്‍  കാദര്‍ മാഷിന്‍റെ ഘനഗംഭീരമായ സ്വാഗതം ഉപ്പാന്‍റെ പിറകിലേക്ക് മാറി നില്‍ക്കുവാന്‍ എന്നേ പ്രേരിപ്പിച്ചു. രമ ടീച്ചര്‍, അംബിക ടീച്ചര്‍, ശോഭന ടീച്ചര്‍, മോഹനന്‍ മാഷ്, സഫിയ ടീച്ചര്‍, നഫീസ ടീച്ചറ്, സുരേന്ദ്രന്‍ മാഷ്... തുടങ്ങിയ ഗുരുക്കന്‍മാരുടേ എല്ലാം ഗുരുത്വവും പൊരുത്തവും വാങ്ങി തങ്ങളുടേ ക്ലാസുകളിലേക്ക്. ക്ലാസിലേക്ക് കയറ്റി ഇരുത്തി ഉപ്പ പിരിഞ്ഞു പോകുമ്പോള്‍ കണ്ണിലൊരു കുടം വെള്ളം നിറഞ്ഞു തുടങ്ങിയിരുന്നു. തൊട്ടടുത്തിരിക്കുന്ന ഒരു കുട്ടി കരയുന്നുണ്ട്. ഗിരീഷാണത്. അവന്‍റെ കരച്ചില്‍ കണ്ടതോടേ തുണക്ക് ഒരാളും കൂടിയായല്ലോ എന്ന ഒരു ആശ്വാസം ഒപ്പം കൂടി. അന്ന് ഉച്ചക്ക് സ്കൂള് വിട്ടു. രണ്ട് മൂന്ന് ദിവസം സ്കൂളും ഞാനും തമ്മില്‍ പൊരുത്തക്കേടുകള്‍ കാണിച്ചു. പതിയേ അത് ശീലമായി.

വര്‍ഷം തിമര്‍ത്തു പെയ്യുമ്പോള്‍ കീറക്കുടയും ചൂടി നെഞ്ചിലടക്കി പിടിച്ച വക്ക് പൊട്ടിയ സ്ലേറ്റുമായി ഇട വഴിയും കടന്ന് പാടവരമ്പിലൂടേ ചെളിയും തെറിപ്പിച്ച് കൂട്ടുകാരുമൊത്ത് സ്കൂളിലേക്കൊരു നടത്തം. കുന്നിന് മുകളിലേക്ക് പോകുന്ന ഒരു റോഡുണ്ട് അതിന് അരികിലുളള ചെറിയ സ്ലാബിനടിയിലൂടേ മഴ പെയ്ത വെളളം പാടം നിറഞ്ഞു കവിഞ്ഞു പോകുന്നത് കാണാം. ഉച്ചക്കഞ്ഞി കുടിച്ച ശേഷം തൂക്കുപാത്രവും കയ്യില്‍ പിടിച്ച് ഓവ് പാലത്തിനടിയിലൊരു ചെറു മീന്‍പിടുത്തം. പിടിച്ചെടുത്ത കുഞ്ഞിപ്പരലുകളേ കഞ്ഞിപ്പാത്രത്തിലാക്കി ചേറ് വെള്ളം ഒഴിച്ച് അടച്ചു വെക്കും. വീട്ടിലെത്തി  ഒരു കുപ്പിയില്‍ വെള്ളമൊഴിച്ച് പരല്‍മീനുകള്‍ കുപ്പിയിലേക്ക് മാറ്റും. അതാണ് ഞങ്ങളുടേ ആദ്യത്തേ അക്വേറിയം. പലപ്പോഴും ചേറ് മണക്കുന്ന വസ്ത്രവുമായാണ് ഉച്ചക്ക് ശേഷം ക്ലാസിലുണ്ടാവുക. സ്കൂളിന്‍റെ കവാടത്തിന് അടുത്തായി വലിയ ഒരു പൂളമരം വേരുകള്‍ പരത്തി നിന്നിരുന്നു. ആ വേരിന് അരികിലാണ് ഗോലി (കോട്ടി) കളിക്കല്‍. അതല്ലെങ്കില്‍ സ്കൂൾ ചുമരിന്‍റെ അരികില്‍. അതുമല്ലെങ്കില്‍ ഉപ്പ് മണം നിറഞ്ഞ പച്ച  മൂത്രച്ചൂരുളള ചുമരിനരികില്‍ വെച്ച്. 

സ്കൂളിന് പിറകില്‍ പാടത്ത് ഒരു പൊട്ട കിണറുണ്ട്. മഴ പെയ്ത് കിണറ് നിറഞ്ഞ് കിടക്കുന്നുണ്ടാവും. മാങ്ങക്കും ചക്കക്കും കല്ലെറിഞ്ഞ് പലരുടേയും പരാതിയാല്‍ സ്കൂളിലെത്തിയവര്‍ തന്‍റെ സാഹസികത മറ്റുളളവര്‍ക്ക് കാണിച്ചു കൊടുത്തിരുന്നത് നിറഞ്ഞ് നില്‍കുന്ന  കിണറില്‍ ചാടിയോ മറ്റോ ആയിരുന്നു. ഒരിക്കല്‍ ഒരു കുട്ടി കിണറ്റില്‍ വീണ് മുങ്ങി മരിക്കാറായത് ഇന്നും ഓര്‍മ്മയിലുണ്ട്. ബോധം പോയ ആ ശരീരവും താങ്ങിയെടുത്ത് അധ്യാപകരടക്കമുളള സംഘം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് കണ്ടു നില്‍കേണ്ടി വന്ന ഞങ്ങള്‍ക്ക് അന്നൊരു കറുത്ത ദിനമായി തോന്നി. സ്കൂള്‍ മുഴുവനൊരു മൂകത. ഒരാഴ്ച്ച സ്കൂള്‍ ഒരു മരണ വീട് പോലെയായിരുന്നു. സഹപാഠിക്ക് നല്ലത് വരണേ "ദൈവമേ കേള്‍ക്കുമാറാകണം" എന്ന് പ്രാര്‍ത്ഥിപ്പിച്ചിരുന്ന അംബിക ടീച്ചറും സൈനബ ടീച്ചറും. ഓര്‍മ്മകളിലിങ്ങനെ മിന്നി മറയുന്നുണ്ട്. വേനല്‍ പിറന്നാല്‍, സൂര്യന്‍ വരണ്ടുണക്കിയ പാടത്ത് ചളി ഉണങ്ങി വിണ്ടു കിടപ്പുണ്ടാകും. ഉച്ചക്കഞ്ഞിക്ക് ശേഷം സംഘമായി ചേര്‍ന്ന് പാടത്തിരുന്ന് ചളിക്കട്ട വേര്‍തിരിച്ചെടുക്കും. കൂടുതല്‍ കട്ടകള്‍ വേര്‍തിരിക്കുന്നവര്‍ ആയിരുന്നു മിടുക്കന്‍മാര്‍. 

memories samad rahman

കൊയ്ത്ത് കഴിഞ്ഞ പാടത്ത് നെല്‍കുറ്റികള്‍ ഉയര്‍ന്ന്  നില്‍പുണ്ടാകും. തുണിപ്പന്ത് കൊണ്ടോ, ഉത്സവങ്ങളില്‍ നിന്നും വാങ്ങിയ റബ്ബര്‍ പന്ത് കൊണ്ടോ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ഒരു കാല്‍ പന്ത് കളി. നെല്‍കുറ്റിക്കുളളില്‍ തലേന്നാള്‍ രാത്രി വീണ മഞ്ഞ് നനഞ്ഞ് കിടപ്പുണ്ടാവും.  കാല് കൊണ്ടുളള തട്ടില്‍ വായിലേക്കോ ദേഹത്തേക്കോ അവ തെറിക്കും. കളിയുടേ ആവേശത്തില്‍ അതൊന്നും അറിയാറില്ല. ബെല്ലടിച്ചാലും തീരാത്ത ഈ ആവേശ കളി മോഹനന്‍ മാഷിന്‍റെ ഒച്ചയിടലില്‍ നിന്ന് പോകുമായിരുന്നു.

സ്കൂളിന് മതില്‍ കെട്ടുകള്‍ ഉണ്ടായിരുന്നില്ല. വേലി കെട്ടി തിരിച്ചിരുന്നോ എന്ന് സംശയമാണ്. പക്ഷേ അരികിലെല്ലാം ശീമ കൊന്ന വളര്‍ന്ന് നിന്നിരുന്നു. ശീമ കൊന്ന പൂത്ത് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു. ഇളം റോസ് നിറമുളള ആ പൂക്കള്‍, സ്കൂളിന് ഒരു അലങ്കാരം തന്നെയായിരുന്നു. ചുറ്റു ഭാഗവും നെല്‍പാടങ്ങളാണ്. അവക്കിടയിലാണ് ഓലയും ഓടും മേഞ്ഞ സ്കൂള്‍ ഉളളത്. വലിയ ഒരു പൂള മരം, ഒന്ന് രണ്ട് മാവുകള്‍, വേലിക്ക് കുറ്റിയാക്കിയ ശീമ കൊന്ന മരം വളര്‍ന്ന് വലുതായി നില്‍പ്പുണ്ട്. എല്ലാം കൊണ്ടും ഗ്രാമീണ ഭംഗി നില നില്‍ക്കുന്ന ഒരു അക്ഷരക്കൂട്. സ്കൂളിന്‍റെ പല ക്ലാസുകളും ചോര്‍ച്ചയുളളതായിരുന്നു. മഴ പെയ്താല്‍ വെളളം  മണ്‍തറയിലേക്ക് വീണ് കൊണ്ടിരിക്കും. ശീലക്കുടയ്ക്ക് ഉളളതിനേക്കാള്‍ ചോര്‍ച്ചയായിരുന്നു സ്കൂളിനകത്ത്. തറ സിമന്‍റിട്ടതായിരുന്നില്ല. അതിനാല്‍ തന്നെ മഴ പെയ്ത് തറ മുഴുവന്‍ കുഴിയായിരുന്നു.

ക്ലാസിലിരുന്നാല്‍ പാടവരമ്പിലൂടെ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ കാണാം. ഒരു തടിച്ച വരമ്പ് സ്കൂള്‍ മുതല്‍ റോഡ് വരേ നീണ്ടു കിടന്നിരുന്നു. സ്കൂള്‍ ചേരേണ്ട സമയം കഴിഞ്ഞു ടീച്ചേഴ്സ് അവരവരുടെ ക്ലാസുകളില്‍ എത്തിതുടങ്ങി. ശബ്ദകോലാഹലങ്ങള്‍ നിലച്ചു.  തൊട്ടടുത്ത ക്ലാസുകളില്‍ നിന്ന് ഹാജര്‍ വിളികള്‍ കേള്‍ക്കാന്‍ തുടങ്ങി. മാഷ് വന്നില്യേ... എന്താ ഈ മാഷ് വരാത്തേ. ഞങ്ങളില്‍ ചിലര്‍ പരിതപിക്കാന്‍ തുടങ്ങി. മറ്റു ചിലര്‍ മഴക്കുഴികളില്‍ ഗോലി കളിയുടെ തിരക്കിലാണ്. ഇന്നത്തെ പോലെ. റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടാറില്ല. മയില്‍ വാഹനം ബസ്സ് ആണെന്നു തോന്നുന്നു പോക്കര്‍ ഹാജിയുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയോ?

memories samad rahman

ജുബ്ബയും പാന്‍റും തോളില്‍ സഞ്ചിയും ധരിച്ച് നീണ്ടു മെലിഞ്ഞ  ഒരു മനുഷ്യനെ പാടവരമ്പില്‍ കാണാറായി. മാഷ് തന്നെയല്ലെ, അത് ഒന്നു കൂടി ഉറപ്പ് വരുത്തിയ ശേഷം അസീസ് പറഞ്ഞു 'മാഷ്.. ഞമ്മടെ സുരേന്ദ്രന്‍ മാഷ്'. കുട്ടികള്‍ ഒന്നടങ്കം ജനലിലൂടെയും വാതിലിലൂടെയും പുറത്തേക്ക് തലയിട്ടു. ബഹളം കേട്ടിട്ടാകണം. തൊട്ടടുത്ത ക്ലാസില്‍ നിന്നും മോഹനന്‍ മാഷിന്‍റെ ശബ്ദം മുഴങ്ങിയത്. അതോട് കൂടി എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് പിന്‍മാറി.

പലപ്പോഴും മഴ പെയ്താല്‍ ക്ലാസ് നടക്കാറില്ല. ഒരു കാരണം ചോര്‍ച്ച തന്നെ... കസേരയില്‍ കാലിന് മേല്‍കാല്‍ വെച്ച്.  ഇറയത്തു നിന്നും കുണുങ്ങി വീഴുന്ന മഴയെ നോക്കി പുഞ്ചിരി തൂകുന്ന സുരേന്ദ്രന്‍ മാഷിന്‍റെ ചിത്രം ഇന്നും മനസ്സില്‍ മായാതെ നില്‍കുന്നുണ്ട്. കുട്ടികളോട് അത്രമേല്‍ ഒട്ടി നിന്ന ഒരു മഹാ മനുഷ്യനായിരുന്നു ആ അധ്യാപകന്‍. അത് കൊണ്ടാവണം ഒരു ദിവസം കാണാതാവുമ്പോള്‍ കുഞ്ഞു മനസ്സുകള്‍ നോവ് കൊണ്ട് പിടഞ്ഞത്. അദ്ദേഹമിപ്പോള്‍ സാഹിത്യ രംഗത്ത് ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വത്തിന് ഉടമയായി.

സ്കൂള്‍ പിരിഞ്ഞ് റോഡരികിലൂടേ വീട്ടിലേക്ക് നടക്കുമ്പോള്‍ വഴിയരികിലേ മാവില്‍ ഒരു കണ്ണി മാങ്ങ പോലും നില്‍ക്കാന്‍ സമ്മതിച്ചിരുന്നില്ലാ. ടാറിട്ട റോഡ് പിരിഞ്ഞ് മണ്‍ പാതയിലൂടേ പോകുമ്പോഴും വഴിയിലേക്ക് തല വെച്ചു നില്‍കുന്ന കമ്യൂണിസ്റ്റപ്പയുടെ തല വെട്ടി കളിക്കാനായിരുന്നു ഇഷ്ടം. ഇടവഴിയിലെ പൂത്താങ്കീരികള്‍ ഒച്ചയുണ്ടാക്കുന്നിടത്ത് അല്‍പനേരം നില്‍ക്കാനും ഒരു രസമാണ്.

ബാല്യത്തിലൊരു പ്രണയം വിശദീകരിക്കുക സാധ്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നീടെപ്പോഴോ മുതിര്‍ന്ന ക്ലാസിലെത്തിയപ്പോള്‍ ഒരു പ്രണയം മൊട്ടിട്ടു. സാധാരണമാണ്. മനുഷ്യ പ്രകൃതിയിലുളളതാണ് പ്രണയം. എട്ടാം ക്ലാസിലാണെന്നാണ് ഓര്‍മ്മ. കൂട്ടുകാര്‍ ഒപ്പിച്ച ഒരു വേല. അത് പതിയേ മനസ്സിലങ്ങ് വളരാന്‍ തുടങ്ങി. സംസാരിക്കണമല്ലോ. നേരില്‍ സംസാരിക്കുവാന്‍ മടിയാണ്. അവള്‍ക്ക് മുന്‍പിലെത്തുമ്പോഴേ മുട്ട് കൂട്ടിയിടിക്കും. ഒരു പേടിത്തൊണ്ടന്‍. കൂട്ടുകാരുടെ ഈ കളിയാക്കല്‍ മടുത്ത് ഒരു ദിവസം രണ്ടും കല്‍പിച്ച് ഇറങ്ങി സുഹൃത്ത് മനാഫിന്‍റെയും മനോജിന്‍റെയും നിര്‍ദേശമനുസരിച്ച് ഒരു പുഷ്പത്തിനുളളില്‍ പേര് എഴുതി നല്‍കുക. ആഹാ, കൊളളാലോ നല്ല ആശയം. പേര് എഴുതിയ പൂവ് റെഡി. അത് നല്‍കുവാനായി അവളുടേ ക്ലാസിന് മുമ്പിലെത്തി. അവളേ കണ്ടതും മുട്ടുവിറ വീണ്ടും തുടങ്ങി. വിറച്ച് വിറച്ച് എങ്ങിനെയോ അത് താഴേ വീണു. ബെല്ലടിക്ക്യേം ചെയ്തു. ഞാന്‍ ക്ലാസിലേക്ക്  നടക്കുമ്പോ വെറുതേ ഒന്ന് തിരിഞ്ഞു നോക്കി. രാഘവന്‍ മാഷ് നിലത്ത് നിന്നൊരു പൂവെടുത്ത് മണത്ത് നോക്കുന്നു. ഓടുകയാണോ നടക്കുകയാണൊ എന്നൊന്നും എനിക്കിപ്പോഴുമറിയില്ല. ഒന്നോ രണ്ടോ ആഴ്ച മാത്രമുളള ആ പ്രണയം. അങ്ങിനേ അതോടേ അവസാനിച്ചു. 

 

Follow Us:
Download App:
  • android
  • ios