Asianet News MalayalamAsianet News Malayalam

'പൊട്ടിച്ചിരിയും ചിലങ്കയുടെ ശബ്ദവും;' ഒരു കഥയും എന്നെ ഭയപ്പെടുത്തിയില്ല

ആലിന്‍റെ പരിസര പ്രദേശങ്ങൾ പേര് അറിയാവുന്നതും അറിയാത്തതുമായ ധാരാളം മരങ്ങളും കുറ്റിച്ചെടികളുംകൊണ്ട് ചെറിയ ഒരു കാടു തന്നെ രൂപപ്പെട്ടിരുന്നു. രാത്രിയാകുന്നതോടെ നോക്കാൻ തന്നെ ഭയക്കുന്നത്ര കനം വെച്ച ഇരുട്ട്. രാത്രിയുടെ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് വവ്വാലുകളുടെ ഒച്ചയും മൂങ്ങയുടെ നീട്ടിയുള്ള മൂളലുകളും വല്ലാത്തൊരു അസ്വസ്ഥത പോലെ ഉയർന്നു കേൾക്കാം.

memory of a banyan tree
Author
Thiruvananthapuram, First Published Dec 19, 2018, 12:28 PM IST

പൂജാ ആവശ്യത്തിനായി ആലിന്‍റെ മൊട്ട് ചോദിച്ച് ഏതോ ക്ഷേത്രത്തിൽ നിന്ന് ഒരുദിനം രണ്ടു പേരെത്തി. ആലിന് പൂക്കളുണ്ടാകുമോ എന്ന് അതിശയിച്ച എന്നോട് അവർ പറഞ്ഞു, ഇലയായ് വിരിയുന്നതിനു മുമ്പ് ഓരോ മുളയിൽ നിന്നും കൂമ്പി വരുന്ന നാമ്പിനെയാണത്രെ മൊട്ട് എന്നുദ്ദേശിക്കുന്നത്. കൃത്യമായ് ഓരോ മാസങ്ങളിലും അവരെത്തി മഹാവിഷ്ണുവിന് അർച്ചിക്കാൻ മൊട്ടുകൾ ഇറുത്തെടുത്തു.

memory of a banyan tree

പേരുകേട്ട തറവാട്ടിലേയ്ക്ക് വധുവായ് എത്തിയ എനിക്ക് കേട്ടിരിക്കാൻ ഒരുപാട് വീരകഥകളും ഐതീഹ്യങ്ങളും മിത്തുകളും ഉണ്ടായിരുന്നു. 'കണ്ടൻമൂപ്പൻ' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന നാട്ടുപ്രമാണിയുടെ കുടുബ പെരുമ പലരും വാഴ്ത്തിപ്പാടി. ആജ്ഞാശക്തിയുടെ ഉടമ ആയിരുന്നവർ. തർക്കങ്ങളുടെ അവസാന വാക്കായിരുന്നവർ. കാഴ്ചദ്രവ്യങ്ങളുമായി തല കുമ്പിട്ട് നിന്ന പ്രജകൾ. ഏക്കറുകണക്കിന് വസ്തുവകകൾ കേസ്സും വാശിയുമായ് വ്യവഹരിച്ചവർ.

പരിവാരങ്ങളും വിരുന്നുകാരുമായ് എന്നും ശബ്ദമുഖരിതമായ നാലുകെട്ട്. വെപ്പും വിളമ്പുമായി എന്നും സദ്യവട്ടങ്ങളൊരുക്കി ദിനങ്ങളിൽ ആഘോഷ പെരുമ കയറിയവർ. ഒടുവിൽ പ്രതാപം അസ്തമിച്ചതോടെ അസ്ഥിവാരം വരെ ഇളകി തുടങ്ങിയവർ. അലസമായ പുതുതലമുറയുടെ കയ്യിൽ എത്തിയതോടെ ആഢ്യതയുടെ അവസാന കല്ലും ഇളകി. മിച്ചമായ പറമ്പുകളും സമ്പാദ്യങ്ങളും, എന്തിനധികം കിണ്ണവും തളികയും കോളാമ്പിയും ഓട്ടുരുളികൾ പോലും വിറ്റുതുലയ്ക്കപ്പെട്ടു. പൊളിച്ചുനീക്കിയ നാലുകെട്ടിന്‍റെ കനത്ത തൂണിന്‍റെ വട്ടക്കല്ലുകൾ മാത്രം ചിതറിത്തെറിച്ച ഓർമ്മകൾ പോലെ പൊടിപിടിച്ച് അവിടവിടെ കിടന്നിരുന്നു.

ക്ഷയിക്കപ്പെട്ട സാമ്രാജ്യത്തിന്‍റെ തിരുശേഷിപ്പു പോലെ, തറകൾ ഇളകി അടർന്ന ഒരു പടുകൂറ്റൻ ആൽമരം പറമ്പിന്‍റെ തെക്കുഭാഗത്തായ് നിലകൊണ്ടു. ഒരിക്കൽ കുലദേവതയുടെ ആവാസഭൂമി ആയി കണ്ടിരുന്നയിടം. പൂജാവിധികളാലും മന്ത്രോച്ചാരണങ്ങളാലും മുഖരിതമായിരുന്ന ആൽത്തറയും കാവും ആർക്കും വേണ്ടാതെ കാടുപിടിച്ച് കിടന്നിരുന്നു... എങ്കിലും, ആരെയോ ആകർഷിക്കാൻ എന്ന പോലെ കോളാമ്പിപ്പൂവിന്‍റെ കരുത്തൻ വള്ളികൾ അരയാലിന്‍റെ തായ് വേരുകളിലൂടെ ചുറ്റിപ്പിണഞ്ഞ് മുകളിലേയ്ക്ക് കയറി തലയെടുപ്പോടെ വലിയ മഞ്ഞപ്പൂക്കളും നീണ്ടുരുണ്ട മൊട്ടുകളുമായി അങ്ങനെ സ്വതന്ത്ര സാമ്രാജ്യം തീർത്തു.

വളർന്ന് പടർന്ന് തൊട്ടടുത്ത പറമ്പിൽ വരെ ആധിപത്യം തീർത്ത പടുകൂറ്റൻ പേരാൽ, തായ് വേരുകളിൽ താങ്ങി നിർത്തപ്പെട്ട തടിച്ചു നീണ്ട ശിഖരങ്ങളിൽ അടുങ്ങി നിൽക്കുന്ന ഇലകളാൽ പറമ്പിന് തണൽ വിരിയിട്ടു. ഒരു കാലത്ത് ചെത്തി ഒരുക്കിയ വലിയ ചെങ്കല്ലുകളാൽ വിസ്തൃതിയിൽ കെട്ടി ഒരുക്കിയ ആൽത്തറ ഇന്ന്, അനുസരണയില്ലാത്ത കുട്ടികളെ പോലെ നിരതെറ്റിച്ച് വേറിട്ടുനിന്നു. കുലദേവതയ്ക്ക് ആരാധന നടത്തിയിരുന്നയിടം. സ്ത്രീകൾ ഭയഭക്തിയോടെ എന്നും ദൂരെ മാത്രം നിന്നിരുന്നയിടം. ആർത്തവനാളുകളിൽ തറവാട്ടിലെ സ്ത്രീകൾ തീണ്ടാരിപ്പുരയുടെ അകത്തളങ്ങളിൽ ചുരുണ്ടുകൂടി. നിശ്വാസ വായുവിനെ പോലും ആ ഇരുട്ടുമുറിക്കുള്ളിൽ അവർ തളച്ചിട്ടു. തങ്ങളിലൂടെ കടന്നുപോകുന്ന കാറ്റേറ്റ് പോലും പരദേവത അശുദ്ധപ്പെടുമെന്ന് ഭയപ്പെട്ടിരുന്നവർ. ആൽമരത്തിന്‍റെ ദിശയിലേയ്ക്ക് വരുന്ന ചെറു ജനൽ പോലും ഒരാഴ്ചക്കാലം പരിപൂർണ്ണമായും അടഞ്ഞുകിടന്നു. പക്ഷെ, ഇതെല്ലാം കണ്ടു ചിരിച്ച് ആൽമരത്തിന്‍റെ ഇളകിയാടുന്ന ചില്ലകളിൽ നിന്നൂർന്നു വീഴുന്ന ഇലകൾ കാറ്റടിച്ച് പറന്ന് തീണ്ടാരിപ്പുരയുടെ വാതിലും കടന്ന് എങ്ങോട്ടൊക്കയോ പോയി. 

എല്ലാ ജീവിത ചക്രങ്ങളും ആൽമരവും അനുഷ്ഠിച്ചു. കൃത്യമായ നാളുകളിൽ അവൾ ഇലകൾ പൂർണ്ണമായും പൊഴിച്ച് വെറും കമ്പുകൾ മാത്രമായ് നിന്നു. സൂര്യപ്രകാശം ഇങ്ങു വേരുകൾ വരെ വന്നു പതിച്ചു. പിന്നീട്, പുതുമുളകൾ പൊട്ടുന്നതിനൊപ്പം തന്നെ, തായ്തടി ഒഴിച്ച് എല്ലാ ഭാഗങ്ങളും ആലിൻകായ്കൾ കൊണ്ട് നിറഞ്ഞു. കുലകളായ് പിടിക്കുന്ന പച്ച നിറത്തിലുള്ള കായ്കൾ കുറച്ചു ദിവസങ്ങൾക്കു ശേഷം ചുവന്നു തുടുക്കും. അതോടെ ആൽമരം ശബ്ദമുഖരിതമാകും. വർഷങ്ങളായി പതിവു തെറ്റാതെ എത്തുന്ന പക്ഷിക്കൂട്ടങ്ങളാൽ ആൽമരം ഏറ്റവും മനോഹരമായ ഒരു കാഴ്ചയായി മാറും.

കൂട്ടത്തോടെ എത്തുന്ന വവ്വാലുകൾ പകൽസമയങ്ങളിൽ മറ്റുള്ളവർക്ക് ശല്യമാകാതെ ചില്ലകളിൽ തൂങ്ങിക്കിടക്കും. രാത്രിയിൽ പക്ഷിക്കൂട്ടങ്ങൾ ചേക്കേറുന്നതോടെ വവ്വാലുകൾ സമാധിയിൽ നിന്നുണരും. ആലിൻകായുടെ കാലം കഴിയുന്നതുവരെ കൂടുകെട്ടി കുടുംബസമേതം ഇവിടെ പാർക്കുന്നവരും ധാരാളം. മനുഷ്യനു മാത്രം മനസ്സിലാകാത്ത, പരസ്പരബന്ധത്തിന്‍റെ കൊടുക്കൽ വാങ്ങലുകളുടെ ഒരു സമതുലിതാവസ്ഥ എന്നും അവിടെ നടന്നു വന്നു. കടലിലേയ്ക്ക് ഇറങ്ങും മുൻപ് സായന്തന സൂര്യൻ യാത്ര ചോദിക്കാൻ എന്ന പോലെ ആൽമരച്ചില്ലയിൽ തങ്ങിനിൽക്കുന്നതു കാണാം. തളിരിലകൾക്കെല്ലാം ഓറഞ്ചു കലർന്ന തുടിപ്പ്. ശാഖാഗ്രം മുതൽ ഇളകി അടർന്ന തറയുടെ വരിതെറ്റിയ കല്ലിൽ നിന്നു കൂടി സൂര്യരശ്മി പിൻവാങ്ങുന്നതോടെ വീടിന്‍റെ തെക്കുഭാഗം പതിവിൽ കൂടുതൽ ഇരുണ്ടു കനക്കും.

ആലിന്‍റെ പരിസര പ്രദേശങ്ങൾ പേര് അറിയാവുന്നതും അറിയാത്തതുമായ ധാരാളം മരങ്ങളും കുറ്റിച്ചെടികളുംകൊണ്ട് ചെറിയ ഒരു കാടു തന്നെ രൂപപ്പെട്ടിരുന്നു. രാത്രിയാകുന്നതോടെ നോക്കാൻ തന്നെ ഭയക്കുന്നത്ര കനം വെച്ച ഇരുട്ട്. രാത്രിയുടെ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് വവ്വാലുകളുടെ ഒച്ചയും മൂങ്ങയുടെ നീട്ടിയുള്ള മൂളലുകളും വല്ലാത്തൊരു അസ്വസ്ഥത പോലെ ഉയർന്നു കേൾക്കാം.

മറ്റുള്ളവരുടെ ഉച്ചമയക്കത്തിന്‍റെ ഇടവേളകളിൽ എല്ലാ അരുതുകളെയും മറികടന്ന് ഞാൻ ആൽമരത്തിനടുത്തേക്ക് എത്തിത്തുടങ്ങി. ചുറ്റിപ്പിണഞ്ഞ ശതാവരി വള്ളികളെ വകഞ്ഞു മാറ്റി ഉള്ളിലേയ്ക്ക് കടക്കാൻ ഒരു ചെറുവഴി ഞാൻ രൂപപ്പെടുത്തി. സ്നേഹത്തോടെ ചേർത്തു പിടിച്ച പച്ചപ്പിനുള്ളിലേയ്ക്ക് എല്ലാ ഉച്ചനേരങ്ങളിലും ഞാനെത്തി. ആഢ്യതയുടെ ആക്രോശങ്ങളിൽ നിന്നും അവഹേളനങ്ങളിൽ നിന്നും സാന്ത്വനം തേടി ഞാൻ എന്നും എത്തിയത് ഈ ചെറിയ കാടിനുള്ളിലേയ്ക്കായിരുന്നു. തിരിച്ചിറങ്ങുമ്പോൾ എന്നെ ഞാൻ അവരുടെ കൈകളിൽ ഏൽപ്പിച്ച് വെറും പാവയായി അകത്തളങ്ങളിൽ ആടി.

തായ്തടി മൂത്ത് തലയെടുപ്പോടെ നിന്ന മരങ്ങളെ വെട്ടിയെടുക്കാൻ ആരൊക്കയോ വന്നതോടെ ഞാൻ ഭയന്നു. ഓരോ മരങ്ങളും വെട്ടിമാറ്റിയതോടെ ഞാൻ തന്നെയാണ് ഇല്ലാതെ ആയതെന്ന് തോന്നി. ആശ്രയം നഷ്ടപ്പെട്ടവരെ പോലെ, പ്രിയപ്പെട്ടവരെ വലിച്ചടർത്തി കൊണ്ടുപോയവരെ പോലെ മുല്ലയും ശതാവരിയും മേച്ചിൽ വള്ളികളും തളർന്നുവീണ് നിലംപൊത്തിക്കരഞ്ഞു. കുറ്റം ചെയ്യുന്നവരെ കയ്യും കാലും ചേർത്തു കെട്ടി രാത്രി മുഴുവൻ ബന്ധിച്ചിട്ടിരുന്ന നാലഞ്ചു മാവുകൾ മാത്രം ഓർമ്മപ്പെടുത്തലുകൾ പോലെ ശേഷിച്ചു. എല്ലാത്തിനും സാക്ഷ്യം വഹിച്ച്. എല്ലാ സങ്കടങ്ങൾക്കും മീതെ തണൽ വിരിച്ച് ആൽമരം എല്ലാ ജീവിത ചക്രവും അനുഷ്ഠിച്ച് നിലകൊണ്ടു.

എന്‍റെ ഉച്ചനേരങ്ങളും വിരസങ്ങളായി. ആൽത്തറയ്ക്കുള്ളിൽ വലിയപൊത്തുകളിൽ പാമ്പുകൾ അധിവസിക്കുന്നെന്ന് വിശ്വസിച്ചിരുന്നതിനാൽ ആരും ആൽത്തറയുടെ പരിസരത്തേയ്ക്ക് വരാറേയില്ല. വെട്ടി അടർത്തിയ പച്ചപ്പുകൾ ഓരോന്നും എന്‍റെ മാത്രം നഷ്ടങ്ങളായി. ഓരോ ജീവിത ചക്രത്തിലും കൊഴിച്ചിട്ട ഇലകൾ ഉണങ്ങിക്കരിഞ്ഞ് ആലിന്‍റെ പരിസരം മുഴുവൻ ഒരു കരിയില മെത്ത തന്നെ രൂപം കൊണ്ടിരുന്നു. മെത്തയ്ക്കു മുകളിൽ അഴിച്ചിട്ട പുതപ്പു പോലെ പാമ്പിൽ പടങ്ങൾ അങ്ങിങ്ങ് കാണപ്പെട്ടു. പുതുമ മാറാത്ത ആ പുതപ്പിനുള്ളിൽ ഉണ്ടായിരുന്നവർ ഒരു നേരിയ അനക്കം പോലും ഉണ്ടാക്കാതെ എപ്പോഴും മാറിനിന്നു.

ആലിനെ ചുറ്റിപ്പറ്റി കേട്ട കഥകളും അത്ര സുഖമുള്ളതായിരുന്നില്ല. അർദ്ധരാത്രി കഴിയുമ്പോൾ വെള്ള വസ്ത്രമുടുത്ത ഒരു രൂപം ആലിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ടെന്ന് ചിലർ. വല്ലാത്തൊരു പ്രകാശത്തോടെ നീളൻ മുടി ആലിന്‍റെ ശിഖരങ്ങളിൽ കാറ്റിൽ പറക്കുന്നത് കണ്ടിട്ടുണ്ടെന്ന് മറ്റുചിലർ. പൊട്ടിച്ചിരികളും ചിലങ്കയുടെ ശബ്ദവും കേൾക്കാറുണ്ടെന്നും പകൽ സമയത്തു പോലും ആരൊക്കെയോ തമ്മിൽ സംസാരിക്കുന്നത് കേൾക്കാമെന്നും, കഥകൾക്ക് നിറവും ചന്തവും ഏറെ ആയിരുന്നു. പക്ഷെ, ഞാൻ കണ്ടതു മുഴുവൻ ആലിന്‍റെ പച്ചപ്പും അവൾ പരത്തിയ ശീതളിമയും കൃത്യമായ് കായ്ക്കുന്ന ചുവന്നു തുടുത്ത ചെറു പഴങ്ങളും, ഓരോ ശിഖരങ്ങളും സ്വന്തമെന്ന അഹങ്കാരത്തോടെ പറന്നിറങ്ങുന്ന വർണ്ണപ്പറവകളെയും മാത്രമായിരുന്നു. 

എന്‍റെ ഒഴിവു നേരങ്ങൾ ആലിന്‍റെ പരിസരം വൃത്തിയാക്കുന്നതിനായി ഞാൻ മാറ്റിവെച്ചു. ഓരോ ഭാഗങ്ങളും തൂത്ത്കൂട്ടി കരിയിലകൾക്ക് തീയിട്ടു. മാവിലേയ്ക്ക് ചുറ്റിക്കിടന്ന കാട്ടുവള്ളികളെ മുറിച്ചുമാറ്റി. ദിവസങ്ങളോളമുള്ള ശ്രമഫലമായി ഏതൊരാൾക്കും കടന്നു വരാവുന്ന രീതിയിലേയ്ക്ക് ആൽമരത്തിന്‍റെ ഭാഗങ്ങൾ ഒരുങ്ങി. ആൽത്തറയ്ക്കുള്ളിലെ അനാവശ്യ പുല്ലുകളും വള്ളികളും പറിച്ചു നീക്കി. കോളാമ്പിവള്ളികളെ വെട്ടി ഒരുക്കിയതോടെ കൂടുതൽ ഉന്മേഷവതിയായി വലിയ മഞ്ഞപ്പൂക്കളാൽ നിറഞ്ഞു ചിരിച്ചു. പത്രപാരായണവും ട്യൂഷൻ പഠിപ്പിക്കലുമൊക്കെ ഞാൻ അങ്ങോട്ടേയ്ക്ക് മാറ്റി. ചെറിയ തായ് വേരുകൾ കൂട്ടിക്കെട്ടി നല്ലൊരു ഊഞ്ഞാലും കുട്ടികൾ ഒരുക്കിയെടുത്തു. കിളികളുടെ മാത്രമല്ല കുട്ടികളുടെ കളിചിരികളും കുസൃതികളും അവിടെ മുഴങ്ങിത്തുടങ്ങി.

പൂജാ ആവശ്യത്തിനായി ആലിന്‍റെ മൊട്ട് ചോദിച്ച് ഏതോ ക്ഷേത്രത്തിൽ നിന്ന് ഒരുദിനം രണ്ടു പേരെത്തി. ആലിന് പൂക്കളുണ്ടാകുമോ എന്ന് അതിശയിച്ച എന്നോട് അവർ പറഞ്ഞു, ഇലയായ് വിരിയുന്നതിനു മുമ്പ് ഓരോ മുളയിൽ നിന്നും കൂമ്പി വരുന്ന നാമ്പിനെയാണത്രെ മൊട്ട് എന്നുദ്ദേശിക്കുന്നത്. കൃത്യമായ് ഓരോ മാസങ്ങളിലും അവരെത്തി മഹാവിഷ്ണുവിന് അർച്ചിക്കാൻ മൊട്ടുകൾ ഇറുത്തെടുത്തു.

എന്‍റെ സങ്കടങ്ങളും ഒറ്റപ്പെടലുകളും ആൽമരത്തിന്‍റെ ഇളകിയ കല്ലുകളിലിരുന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളുടെ സങ്കട സാന്ത്വനങ്ങൾക്കിടയിൽ ഒരിക്കൽ പോലും പരദേവതയും യക്ഷിയും സർപ്പങ്ങളും ശല്ല്യക്കാരായി വന്നില്ല. ശുദ്ധിയും അശുദ്ധിയും ആർത്തവ കാലങ്ങളും ഞങ്ങൾ പരസ്പരം മറന്നു പോയിരുന്നു. എന്‍റെ സമ്പാദ്യങ്ങൾക്ക് വിലയിട്ട് വാശിതീർക്കും പോലെ തെക്കെ അറ്റം ഓഹരിച്ചു കിട്ടിയപ്പോൾ അമ്പരപ്പു മാത്രമായിരുന്നു മനസ്സിൽ. ഒരു വീടു വെയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരം! ചിറകു പോലും മുളയ്ക്കാത്ത രണ്ടു കുഞ്ഞുങ്ങളുമായ് അന്തി ഉറങ്ങാൻ ഇടമൊരുക്കേണ്ട ഗൃഹനാഥന്‍റെ വേവലാതി. എന്തു ചെയ്യണമെന്നറിയാതെ ആലിനോട് ചേർന്ന് നിർമ്മിച്ച പലക തറച്ച ഒറ്റമുറി വീട്ടിനുള്ളിലെ വർഷങ്ങൾ നീണ്ട ജീവിതം.
കൊഴിഞ്ഞു വീഴുന്ന ആലിൻകായ്കൾക്കും ചെറുകമ്പുകൾക്കും കരിയിലകൾക്കു പോലും പ്രത്യേകമായ ഒരു ജീവതാളമുണ്ടെന്ന് ഞാനറിഞ്ഞത് ഓലഷീറ്റ് മേഞ്ഞ ആ ഒറ്റമുറി വീട്ടിനുള്ളിലിരുന്നാണ്.

ആലിനെ മുറിച്ചുനീക്കേണ്ട ആലോചന ശക്തിപ്പെട്ടതോടെ കനപ്പെട്ട ഒറ്റപ്പെടലിനുള്ളിൽ എന്‍റെ മൗനവും തളയ്ക്കപ്പെട്ടു. മുറിച്ചു മാറ്റാൻ കഴിയാത്ത വിധം ആൽമരം എന്‍റെ ജീവിതത്തിന്‍റെ ഭാഗം തന്നെ ആയി മാറിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള ദിനങ്ങൾ ആലിന്‍റെ തണലും തണുപ്പും എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്താൻ തുടങ്ങി. വലിച്ചെറിയാനാവാതെ കൊണ്ടു നടക്കുന്ന ഉടക്കി വലിക്കുന്നൊരു നോവായി ഓരോ സുഷുപ്തിയിലും ആൽമരം എന്നെ തട്ടിയുണർത്തി. ഒരാളുടെ ഹൃദയത്തിൽ നിന്നും മറ്റൊരാളുടെ ഹൃദയത്തിലേയ്ക്കു മാത്രം നീളുന്ന നേർ രേഖയാണോ ഇഷ്ടം! ഇളകിയാടുന്ന ദലമർമ്മരങ്ങളിൽ പോലും ഹൃദയത്തെ കൊളുത്തിയിടുന്ന പ്രകൃതിയുടെ ഏറ്റവും വലിയ ഇന്ദ്രജാലമായിരുന്നു ഞാനും ആൽമരവും തമ്മിൽ ഉണ്ടായിരുന്നത്. ഒടുവിൽ പരിഹാരവുമായി സഹോദരനെത്തി. അതിൽ നിന്നൊരു തൈമുളപ്പിച്ച് ചെടിച്ചട്ടിയിൽ വളർത്തുക.

ഓമനിച്ചു വളർത്തിയ ഒരു കുഞ്ഞിനെ കൈമാറുന്ന സങ്കടത്തോടെ ആ ഇളം തൈ കുടുംബക്ഷേത്രമായ 'ആലിശ്ശേരി ഭഗവതി ക്ഷേത്രത്തിന്' കൈമാറി. പ്രിയപ്പെട്ട ആൽമരം, നീ ശാഖകൾ വിട്ട് ഉയിരറ്റ് നിലംപതിച്ചപ്പോൾ എല്ലാരെയും പോലെ സന്തോഷമല്ല, തപിച്ചു കത്തിയ സൂര്യകോപത്തിനു താഴെ ഞാൻ ഞാൻ മാത്രം എരിഞ്ഞുകത്തി. ഇതുവരെ നീ പകർന്ന ശീതളിമ എന്‍റെ മാത്രം നഷ്ടമാകുന്നു. നീ ഇറുത്തിട്ട ആ ചുവന്നുരുണ്ട ചെറുകായ്കളും എന്നത്തേയും എന്‍റെ നഷ്ടങ്ങളായി...

ഇന്ന് ആ ക്ഷേത്ര തിരുമുറ്റത്ത് യൗവ്വനാവസ്ഥയിൽ നിൽക്കുന്ന നിന്നെ കാണുമ്പോൾ മനസ്സുനിറയും. മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത സ്നേഹത്തിന്‍റെ ഒരു ഭാഷ ഞങ്ങൾക്കിടയിൽ ഒഴുകും. സങ്കടങ്ങളുടെ, അതിജീവനത്തിന്‍റെ പരസ്പരം പകർന്നു നൽകിയ ഉയിരിന്‍റെ വേറിട്ട ഭാഷ കൈമാറിയാണ് ഓരോ പ്രദക്ഷിണവും ഞാൻ പൂർത്തിയാക്കുന്നത്. 

Follow Us:
Download App:
  • android
  • ios