Asianet News MalayalamAsianet News Malayalam

മെന്‍സ്ട്രല്‍ കപ്പ്: ആദ്യാനുഭവം!

menstrual cup first experience report by Anaswara korattiswaroopam
Author
Thiruvananthapuram, First Published Nov 23, 2017, 12:16 PM IST

കോരിച്ചൊരിയുന്ന മഴകൊണ്ടു. സ്റ്റേഡിയത്തില്‍ ആറു മണിക്കൂര്‍ ഒറ്റ ഇരുപ്പ് ഇരുന്നു കളികണ്ടു. അതിന്റെ ഇടയ്ക്കാണ് ഇന്ന് ആര്‍ത്തവം ആദ്യ ദിവസം ആണ് എന്നുള്ള ഓര്‍മ വന്നത്. കളിയൊക്കെ കഴിഞ്ഞു രാത്രി 11  മണിക്കാണ് ഒന്ന് ബാത്‌റൂമില്‍ പോകുന്നത്. അപ്പോഴേക്കും കപ്പു വച്ചിട്ട് 18  മണിക്കൂര്‍ ആയി. (അത് ഒട്ടും നല്ല  കാര്യം അല്ല  12  മണിക്കൂര്‍ ആണ് പരമാവധി സമയം. ഇതിന്  ക്രിക്കറ്റിന്റെ ആവേശം മാത്രം ന്യായീകരണമായി നല്‍കുന്നു). ചെറുതായിട്ട് ലീക്കുണ്ടോ എന്ന് സംശയം തോന്നി മഴ നനഞ്ഞത് കൊണ്ട് ആകെ അസ്വസ്ഥമായ ഒന്നായിരുന്നു. 

menstrual cup first experience report by Anaswara korattiswaroopam

പ്രിയപ്പെട്ട കൂട്ടുകാരീ, 

ഞാന്‍  മെന്‍സ്ട്രല്‍ കപ്പ് വാങ്ങിയ കഥ അറിഞ്ഞപ്പോള്‍ മുതല്‍ അതിന്റെ ഉപയോഗത്തെ കുറിച്ചും എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നുള്ള അന്വേഷണങ്ങള്‍ക്കും ഉള്ള മറുപടിയാണ് നിനക്കുള്ള ഈ കത്ത്. 

മെന്‍സ്ട്രല്‍ കപ്പ് എന്ന് പറഞ്ഞു കേട്ടപ്പോഴും ബിന്‍സി, ജല്‍ജിത് അരുണ്‍ എന്നിവരുടെ ടിപ്പണി ഡപ്പി പുറത്തിറക്കിയ വീഡിയോ കണ്ടപ്പോഴും ഇതൊന്നു ഉപയോഗിക്കണം എന്ന ആഗ്രഹം മനസിലേക്ക് വന്നതാണ്.

ഇതുവരെ പാഡുകള്‍  ഉപയോഗിച്ചുള്ള പരിചയമേ ഉള്ളു, പുതിയ ഒന്നിലേക്ക് ശീലങ്ങളെ പറിച്ചു നടാന്‍  ഉള്ള ആശങ്കകള്‍ മൂലം മടിച്ചു മടിച്ചു നിന്ന്. പിന്നെ ധൈര്യം സംഭരിച്ച് അത് ആമസോണില്‍ കയറി ഓര്‍ഡര്‍ ചെയ്തു. വില 499  രൂപ. രക്തം ഒഴുകുന്നതിന്റെ അളവ് അനുസരിച്ചാണ് കപ്പിന്റെ വലിപ്പം തീരുമാനിക്കേണ്ടത് എന്നതുകൊണ്ട് ഞാന്‍ small  ആണ് സെലക്ട് ചെയ്തത്. ഉപയോഗിക്കുമ്പോള്‍ അത് ചെറിയ അളവാണ് എന്ന് തോന്നിയാല്‍ ഒന്നുകില്‍ ഇടയ്ക്കിടെ മാറ്റാം എന്നാണ് കരുതിയത് അല്ലെങ്കില്‍ പുതിയത് ഒന്ന് വാങ്ങാം . എന്തായാലും ആദ്യ  പരീക്ഷണം അതില്‍ തന്നെ എന്ന് ഉറപ്പിച്ചു. പുതിയ ഉടുപ്പ് കിട്ടിയാല്‍ അടുത്ത ബുധനാഴ്ച ആകാന്‍ കാത്തിരിക്കുന്ന ഏഴ്  വയസ്സുകാരിയെ പോലെ അടുത്ത ആര്‍ത്തവത്തെ കാത്തിരുന്നു. ഒരു പക്ഷെ ആദ്യ ആര്‍ത്തവത്തിനും, ഗര്‍ഭിണിയാണോ എന്ന സംശയം ഉളവാക്കിയ ചില സമയങ്ങളും ഒഴിച്ചാല്‍ ഇത്രയേറെ ആഗ്രഹത്തോടെ ഞാന്‍ എന്റെ ആര്‍ത്തവത്തെ കാത്തിരുന്നിട്ടില്ല. 

അങ്ങനെ ആര്‍ത്തവമായി. ആര്‍ത്തവത്തിന് മുന്നേ ഉപയോഗിച്ച് നോക്കി ഒന്ന് പരിചയം ആകണം എന്നൊക്കെ ആഗ്രഹിച്ചെങ്കിലും, ചില കാര്യങ്ങളെ അവസാന നിമിഷം അഭിമുഖീകരിക്കുക എന്ന പതിവ് അരക്ഷിതാവസ്ഥ അവിടെയും വഴിമുടക്കി. ആര്‍ത്തവമായപ്പോള്‍, ടെന്‍ഷന്‍ കാരണം പാഡ് തന്നെ ഉപയോഗിച്ചാലോ എന്ന ചിന്ത വന്നെങ്കിലും ഒരേ ഒരു തവണ ഉപയോഗിക്കണം എന്ന തീരുമാനം ആണ് വിജയിച്ചത്. 

ഇത്രയേറെ ആഗ്രഹത്തോടെ ഞാന്‍ ആര്‍ത്തവത്തെ കാത്തിരുന്നിട്ടില്ല. 

വീഡിയോവില്‍ പറഞ്ഞ പോലെ കപ്പിനെ C  ഷേപ്പില്‍  മടക്കി, ആദ്യമായി ചെയ്യുന്നത് കൊണ്ട് നല്ല പേടിയുണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ ശ്രമിച്ചതിന് ശേഷം ആ കപ്പ് നല്ലപോലെ മടങ്ങി വന്നു. ആദ്യം കപ്പിനെ കുറിച്ച് പറയട്ടെ, വളരെ എളുപ്പത്തില്‍ വളയുന്ന മൃദുവായ ഒന്നാണ് ഈ കപ്പ് നമ്മുടെ ഉള്ളം കയ്യില്‍ ഒതുക്കി പിടിക്കാവുന്ന വലുപ്പം . യ്യോ ഇത് തീരെ ചെറുതല്ലേ മീഡിയം വാങ്ങാമായിരുന്നു എന്നാണ് ആദ്യം എനിക്ക് തോന്നിയത്. 

ശരി, കപ്പ് വന്നു, കണ്ടു, അതിനെ മടക്കി, ഇനി?

ഇനിയാണ് ഏറ്റവും ഭയപ്പെടുത്തുന്ന ഭാഗം. കപ്പ് യോനിയുടെ ഉള്ളിലേക്ക് വയ്ക്കാന്‍ ആദ്യം അവിടം wet ആക്കണം എന്നാണ് പറയുന്നത്. ആര്‍ത്തവം തുടങ്ങിയത് കൊണ്ട് അതിന്റെ ആവശ്യം തോന്നിയില്ല. C ഷേപ്പില്‍  മടക്കിയ കപ്പ് പതുക്കെ യോനിക്കുള്ളിലേക്ക് കയറ്റി വയ്ക്കുക. ചെറിയ വേദന തോന്നി. കപ്പ് ചെറിയ മര്‍ദ്ദം നല്‍കുമ്പോള്‍ തന്നെ ഉള്ളിലേക്ക് അനായാസം കയറിപ്പോയി. vaginal  cotnractions (യോനീമുഖ പേശികളുടെ ചലനം) കൊണ്ട് തന്നെ കപ്പ് ഉള്ളിലേക്ക് കയറുകയും തനിയെ തുറക്കുന്നതും നമുക്ക് മനസിലാകും. 

ശരി കപ്പ് ഉള്ളില്‍ എത്തി. ഇനി? അത് ശരിയായ വിധത്തില്‍ തുറന്നിരിക്കുമോ? രക്തം അതിലേക്കു വരുന്നുണ്ടാകുമോ? ഇതില്‍ ലീക്ക് ഉണ്ടാകുമോ? 

ആശങ്കകള്‍ പിന്നാലെ വന്നു തുടങ്ങി. നടക്കുമ്പോള്‍ എന്തോ പ്രശ്‌നം ഉണ്ടോ എന്ന് തോന്നി മുറിക്കുള്ളില്‍ നാലോ അഞ്ചോ തവണ  ആദ്യം പതുക്കെ, പിന്നെ വേഗം  നടന്നു നോക്കി. ഇല്ല, വേദനയില്ല.  ഉള്ളില്‍ എന്തോ ഇരിക്കുന്ന ഒരു അസ്വസ്ഥത ഇല്ല. ശരി എന്തായാലും ഒരു സുരക്ഷക്ക് ഒരു പാഡ് കൂടെ വച്ച് ഓഫിസിലേക്കു പോയി. 

ഓഫിസില്‍ ഇരിക്കുമ്പോള്‍ മനസില്‍ തോന്നിക്കൊണ്ടേ ഇരുന്നു, കസേരയില്‍ ഇരിക്കുമ്പോള്‍ ഇത് മടങ്ങി രക്തം തൂവി പോകുമോ എന്നൊക്കെ. ഇടയ്ക്ക് ഒന്ന് രണ്ടു തവണ എഴുന്നേറ്റ്  ബാത്‌റൂമില്‍ പോയി നോക്കി, ഇല്ല പാഡില്‍ ഒന്നും ആയിട്ടില്ല. സമാധാനം ആയി. സാധാരണ ആര്‍ത്തവ  സമയത്ത് രക്തം ഒഴുകി വരുന്ന ഒരു ഫീല്‍ ഉണ്ടാകും. ആ ഫീല്‍ തോന്നുന്നില്ല, ഇനി ഇത്തവണ ബ്ലീഡിങ് അത്ര കുറവാണോ? ഓഫീസ് ബാത്‌റൂമില്‍ നിന്ന് കപ്പ് ഊരി നോക്കാന്‍ ഉള്ള ധൈര്യം ഇല്ല . അത് കൊണ്ട് മിണ്ടാതെ ഇരുന്നു. 

അന്നായിരുന്നു ഇന്ത്യ - ന്യൂസിലാന്‍ഡ് 20- 20 മത്സരം. ആവേശകുഞ്ചിയായ എനിക്ക് ആര്‍ത്തവമാണ്, കപ്പാണ് ഉള്ളില്‍ എന്നൊക്കെ പറഞ്ഞിരിക്കാന്‍ പറ്റുമോ? 

പോയി. 

കോരിച്ചൊരിയുന്ന മഴകൊണ്ടു. സ്റ്റേഡിയത്തില്‍ ആറു മണിക്കൂര്‍ ഒറ്റ ഇരുപ്പ് ഇരുന്നു കളികണ്ടു. അതിന്റെ ഇടയ്ക്കാണ് ഇന്ന് ആര്‍ത്തവം ആദ്യ ദിവസം ആണ് എന്നുള്ള ഓര്‍മ വന്നത്. കളിയൊക്കെ കഴിഞ്ഞു രാത്രി 11  മണിക്കാണ് ഒന്ന് ബാത്‌റൂമില്‍ പോകുന്നത്. അപ്പോഴേക്കും കപ്പു വച്ചിട്ട് 18  മണിക്കൂര്‍ ആയി. (അത് ഒട്ടും നല്ല  കാര്യം അല്ല  12  മണിക്കൂര്‍ ആണ് പരമാവധി സമയം. ഇതിന്  ക്രിക്കറ്റിന്റെ ആവേശം മാത്രം ന്യായീകരണമായി നല്‍കുന്നു). ചെറുതായിട്ട് ലീക്കുണ്ടോ എന്ന് സംശയം തോന്നി. മഴ നനഞ്ഞത് കൊണ്ട് ആകെ അസ്വസ്ഥമായ ഒന്നായിരുന്നു. 

നാല് ദിവസവും യാതൊരു ബുദ്ധിമുട്ടും  ഇല്ലാതെ തന്നെ കപ്പ് ഉപയോഗിച്ചു . 

റൂമില്‍ തിരിച്ചെത്തി പതിയെ കപ്പു എടുത്തു. കപ്പ് എടുക്കുമ്പോള്‍ അതിന്റെ തള്ളി നില്‍ക്കുന്ന ഭാഗത്ത് പിടിച്ചു ചെറുതായി വലിക്കുമ്പോള്‍ തന്നെ അത് താഴേക്ക് വരും. പതിയെ vaginal കോണ്ട്രാക്ഷന്‍സ് കൊടുക്കുമ്പോള്‍ തന്നെ  കപ്പ് പുറത്തേക്കു വരും. ഭയാശങ്കകളെ അസ്ഥാനത്താക്കി ഒരു തുള്ളി പോലും താഴെ   വീഴാതെ (കപ്പ് പൂര്‍ണമായും നിറഞ്ഞ അവസ്ഥയിലും) അത് പുറത്തേക്കു വന്നു.  അങ്ങനെ ആദ്യ കടമ്പ കടന്നു. കപ്പ് വൃത്തിയാക്കി പഴയപോലെ സി ഷേപ്പില്‍ ആക്കി അകത്തേക്ക് വച്ചു. ആദ്യത്തെ പോലെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ അത് അകത്തേക്ക് പോയി. പിന്നീടുള്ള നാല് ദിവസവും യാതൊരു ബുദ്ധിമുട്ടും  ഇല്ലാതെ തന്നെ കപ്പ് ഉപയോഗിച്ചു . 

കപ്പു ചെറുതാണ് എന്ന തോന്നല്‍ പൂര്‍ണമായും തെറ്റായിരുന്നു. 8  മണിക്കൂറില്‍ മാറ്റാന്‍ സാധിച്ചാല്‍ കപ്പിന്റെ പകുതി മാത്രമാണ് രക്തം നിറയുന്നത്. സാധാരണ പാഡ് ഉപയോഗിക്കുമ്പോള്‍ ആദ്യ രണ്ടു ദിനം രണ്ടുപാഡുകള്‍ ഒരുമിച്ചു വയ്‌ക്കേണ്ടി വരുന്ന, ഒരു ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ പാഡുകള്‍  മാറ്റുന്ന വ്യക്തിയുടെ കണക്കാണ് പറയുന്നത്.

menstrual cup first experience report by Anaswara korattiswaroopam

ഇനി ഈ കപ്പിന്റെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങള്‍ നോക്കാം. 

പോസിറ്റീവ്   വശങ്ങള്‍: 
1. ആര്‍ത്തവ ദിനങ്ങളില്‍ സാധാരണ ഉണ്ടാകുന്ന  എപ്പോഴും  നനഞ്ഞിരിക്കുന്നു എന്ന തോന്നല്‍ ഒട്ടുമേ ഇല്ല. രക്തം ഒഴുകുന്ന പോലെ തോന്നുക പോലും ഇല്ല. അതുകൊണ്ടു തന്നെ ആര്‍ത്തവമാണ് എന്ന് പലപ്പോഴും മറന്നു  പോകും എന്നതാണ് കാര്യം. മഴ പെയ്തു നനഞു കുതിര്‍ന്നിട്ടും ഒരു പ്രശ്‌നവും  ഇല്ലാതെ ആദ്യ ദിനം കടന്നു പോയി. 

2. ആര്‍ത്തവത്തിന്റെ ഏറ്റവും പേടി സ്വപ്നം ആയ ലീക്ക് ഒട്ടുമേ ഇല്ല. സാധാരണ ആര്‍ത്തവ ദിനങ്ങളില്‍ കിടക്കവിരിയില്‍ രക്തം പടരുന്ന ആശങ്കളെ  പൂര്‍ണമായി ഒഴിവാക്കാം.  കിടക്കുമ്പോഴോ നടക്കുമ്പോഴോ ചാടുമ്പോഴോ ഒരു തുള്ളി പോലും, ലീക്ക് ചെയ്യില്ല. ഒരു അസ്വസ്ഥതയും  ഉണ്ടാവുകയും ഇല്ല. 

3. പാഡ് ഉപയോഗിക്കുമ്പോള്‍ സാധാരണ ഉണ്ടാകുന്ന ആര്‍ത്തവരക്തത്തിന്റെ  മനം പിരട്ടലുളവാക്കുന്ന മണം ഉണ്ടാകുന്നില്ല. കപ്പില്‍ 12 മണിക്കൂറില്‍ കൂടുതല്‍ ഇരുന്നിട്ടും യാതൊരു ദുര്‍ഗന്ധവും ആ രക്തത്തിനില്ല എന്നത് എടുത്തു പറയണം. 

4. പാഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, ഉരഞ്ഞു പൊട്ടല്‍ ഒന്നുമേ ഉണ്ടാകുന്നില്ല  

5. ഒരു കപ്പ് 10  വര്‍ഷത്തോളം ഉപയോഗിക്കാം. ഒരു സ്ത്രീ ആര്‍ത്തവ നാളുകളില്‍ 12, 14  പാഡുകള്‍ ആണ് ഉപയോഗിക്കുക. അതായത് ഒരു കൊല്ലം ഏകദേശം 150  പാഡുകള്‍. സാമ്പത്തികാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏകദേശം 1200 രൂപ.  ഒരു കപ്പിന് 400  രൂപയാണ്  അതും പത്തുവര്‍ഷത്തേക്ക്! ഇനി പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ആയാലും ഭൂമിയിലേക്ക് ചെല്ലുന്ന പ്ലാസ്റ്റിക്കിന്റെ അളവ് അത്രയേറെ കുറയ്ക്കാന്‍ സാധിക്കുന്നു എന്നത് ഒരു ചെറിയ കാര്യം അല്ല. 

6  ഇടയ്ക്കിടെ പാഡ് മാറ്റുക, യാത്രയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള പരിഹാരമാണ് ഈ കപ്പുകള്‍. 

7. ഓരോആര്‍ത്തവത്തിലും എത്ര ശ്രദ്ധിച്ചാലും അടിവസ്ത്രത്തിലും മറ്റുള്ള വസ്ത്രത്തിലും ഉണ്ടാകുന്ന രക്തക്കറകള്‍ ഒട്ടുമേ ഉണ്ടായില്ല. 


നെഗറ്റീവ് വശങ്ങള്‍: (കപ്പ് ഉപയോഗിക്കുമ്പോള്‍ തോന്നിയ ചില പ്രശ്‌നങ്ങള്‍)

1. കപ്പ് ആദ്യമായി ഉള്ളിലേക്ക് വയ്ക്കുമ്പോളും  തിരികെ എടുക്കുമ്പോഴും ചെറിയ വേദന തോന്നും പക്ഷെ ആദ്യത്തെ തവണ മാത്രമേ അത് തോന്നിയിട്ടുള്ളൂ. 

2. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍ക്ക് insertion  ഒരു ബുദ്ധിമുട്ടായി തോന്നാം

3. ആര്‍ത്തവ ശുചിത്വം നല്ലപോലെ ശ്രദ്ധിക്കണം. ഓരോ ആര്‍ത്തവചക്രത്തിനും ശേഷം കപ്പ് അണുവിമുക്തമാക്കണം.

4. ഏറ്റവും പ്രധാന പ്രശ്‌നം നിങ്ങള്‍ ആര്‍ത്തവത്തിലാണ് എന്ന കാര്യം അമ്പേ മറക്കുകയും 12  മണിക്കൂറില്‍ കൂടുതല്‍ കപ്പു ഉള്ളില്‍ വയ്ക്കുകയും ചെയ്യും എന്നതാണ്. 

ആര്‍ത്തവത്തെ ഒരു ശല്യമായി തോന്നുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കപ്പുകള്‍. 

അപ്പോള്‍ ഇനി മുതല്‍ ഹാപ്പി ബ്ലീഡിങ്! 

എന്ന് സ്വന്തം കൂട്ടുകാരി!

 

കൂടുതല്‍ സംശയങ്ങള്‍ക്ക് ഈ വീഡിയോകള്‍ കാണാം. 

 

Follow Us:
Download App:
  • android
  • ios