ഇറ്റലിയില്‍ അതിര്‍ത്തിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് തിരികെ പോകാനായി കുടിയേറ്റക്കാരായ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് സമ്മതിച്ചുകൊടുക്കുകയാണ്. നാട്ടിലെത്തിയാല്‍ മതി, പ്രിയപ്പെട്ടവര്‍ക്കൊപ്പമെത്തിയാല്‍ മതി, അല്ലെങ്കില്‍ പട്ടിണി മാറുകയോ കിടക്കാനൊരിടം കിട്ടിയാലോ മതി. 

റോം: എന്നു തീരുമെന്നറിയാത്ത ദുരിതമാണ് കുടിയേറ്റക്കാരായ കുട്ടികളുടേത്. പട്ടിണിയും കിടക്കാനിടമില്ലാത്തതും രോഗങ്ങളും എല്ലാത്തരം ചൂഷണങ്ങളും അവരെ ചൂഴ്‌ന്നെടുത്തുകൊണ്ടേയിരിക്കും.

ഇറ്റലിയില്‍ അതിര്‍ത്തിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് തിരികെ പോകാനായി കുടിയേറ്റക്കാരായ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് സമ്മതിച്ചുകൊടുക്കുകയാണ്. നാട്ടിലെത്തിയാല്‍ മതി, പ്രിയപ്പെട്ടവര്‍ക്കൊപ്പമെത്തിയാല്‍ മതി, അല്ലെങ്കില്‍ പട്ടിണി മാറുകയോ കിടക്കാനൊരിടം കിട്ടിയാലോ മതി. 

കുടിയേറ്റക്കാരായ കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം വേശ്യാവൃത്തിയിലേക്ക് തിരിയുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത് ഒരു സന്നദ്ധ സംഘടനയാണ്. ഇറ്റാലിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് തിരികെ പോകുന്നതിനായാണ് കുട്ടികള്‍ ഈ ഗതികേട് തുടരുന്നതെന്ന് 'സേവ് ദ ചില്‍ഡ്രന്‍ ഇറ്റലി' എന്ന സന്നദ്ധ സംഘടന പറയുന്നു. പ്രധാനമായും സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുട്ടികളാണ് ഇത്തരത്തില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. അതിര്‍ത്തി കടക്കുന്നതിനായി 4000 മുതല്‍ 12000 വരെ രൂപയാണ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്.

ഭക്ഷണത്തിനും കയറിക്കിടക്കാന്‍ ഒരു വീടിനായും തങ്ങളെ തന്നെ വില്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുമുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് ഒരുപാട് ഉദാഹരണങ്ങളുണ്ടെന്നും, ഈ വര്‍ഷം ആദ്യത്തോടെയാണ് അത് വര്‍ധിച്ചതെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. 

സേവ് ദ ചില്‍ഡ്രന്‍ ഇറ്റലി-യൂറോപ്പ് പ്രോഗ്രാം ഡയറക്ടര്‍ റാഫേല മിലാനോ പറയുന്നു, ''ചെറിയ പെണ്‍കുട്ടികളാണ്, അതിന്‍റേതായ എല്ലാ അപകടങ്ങളും കുടിയേറ്റക്കാരായ കുട്ടികളനുഭവിക്കുന്നുണ്ട്. ആരുമില്ലാതെ കുടിയേറിപ്പാര്‍ക്കേണ്ടി വന്ന കുഞ്ഞുങ്ങളാണ്. അവര്‍ക്ക് അവരുടെ വീട്ടുകാരോടൊപ്പമെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ പരിചിതമായ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലെങ്കിലുമെത്തേണ്ടതുണ്ട്. അതിനായി അവര്‍ക്ക് നിയമപരമായും സുരക്ഷിതമായും സഞ്ചരിക്കാനുള്ള അവസരമൊരുക്കണം.''

1900 പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 160 പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് സേവ് ദ ചില്‍ഡ്രന്‍ കണക്കുകള്‍ പറയുന്നു. കുടിയേറ്റക്കാരായ പല കുട്ടികളും ഇവിടെ താമസിക്കുന്നത് ഒട്ടും സുരക്ഷിതമല്ലാത്തതും അപകടകരവുമായ സാഹചര്യങ്ങളിലാണ്. ഫ്രഞ്ച് ബോര്‍ഡര്‍ പോലീസ് പല കുട്ടികളെയും തിരികെ ഇറ്റലിയിലേക്ക് തന്നെ അയച്ചിട്ടുണ്ടെന്നും, പല കുട്ടികളെയും വെള്ളമോ ഭക്ഷണമോ നല്‍കാതെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും സംഘടന ആരോപിക്കുന്നു. കുട്ടികള്‍ യാത്ര ചെയ്യാതിരിക്കാനായി അവരുടെ ഷൂവിന്‍റെ സോളുകള്‍ മുറിച്ചുമാറ്റുകയും ഫോണില്‍ നിന്ന് സിംകാര്‍ഡുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ദുരിതത്തില്‍ നിന്നുള്ള മോചനത്തിനായി ശ്രമിക്കേണ്ടതുണ്ടെന്നും സംഘടന ആവശ്യപ്പെടുന്നു.