28കാരനായ സോഫിയന്‍ ലോഹോ ഡാന്‍ഡല്‍ എന്ന യുവാവ് 82കാരിയായ മാര്‍ത്ത പൊട്ടുവുമായി പ്രണയത്തിലായി. ഡാന്‍ഡലിന്റെ ഫോണിലേക്ക് വന്ന ഒരു മിസ് കോളാണ് ഇരുവരുടെയും പ്രണയത്തിന് നാന്ദി കുറിച്ചത്. 

നമ്പര്‍ തെറ്റി വന്ന ആ കോളറുമായി ഡാന്‍ഡല്‍ ഏകദേശം ഒരു മണിക്കൂറോളം സംസാരിച്ചു. തുടര്‍ന്ന് സംസാരം പതിവാക്കി. ഇതിനിടെ ഡാന്‍ഡല്‍ മാര്‍ത്തയുമായി അക്ഷരാര്‍ത്ഥത്തില്‍ പ്രണയത്തിലായി. മാര്‍ത്ത തന്റെ നാലിരട്ടി പ്രായമുള്ള വ്യക്തിയാണെന്ന് ഡാന്‍ഡലിന് അറിയില്ലായിരുന്നു. ഒരു വര്‍ഷത്തെ സംസാരത്തിന് ശേഷം നേരില്‍ കണ്ടപ്പോഴാണ് തന്റെ പ്രണയിനിയുടെ പ്രായം അവന്‍ അറിയുന്നത്. 

ഈ തിരിച്ചറിവ് ഞെട്ടിച്ചുവെങ്കിലും പ്രണയത്തില്‍ നിന്നും പിന്‍മാറാന്‍ ഡാന്‍ഡല്‍ തയ്യാറായില്ല. ഒടുവില്‍ തന്നേക്കാള്‍ അമ്പത് വയസിലധികം മൂത്ത മാര്‍ത്തയെ വിവാഹം കഴിക്കാന്‍ ഡാന്‍ഡല്‍ തീരുമാനിക്കുകയായിരുന്നു. പത്ത് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തികച്ചും ഏകാന്ത ജീവിതം നയിച്ചു വരികയായിരുന്നു മാര്‍ത്ത. രണ്ട് മക്കളുള്ളത് വിദേശരാജ്യങ്ങളിലാണ്. 

മാര്‍ത്തയുടെ ഏകാന്ത ജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെ അവരെ തന്റെ ജീവിതത്തിലേക്ക് കൂട്ടാന്‍ ഡാന്‍ഡല്‍ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച ഇരുവരും വിവാഹമോതിരം മാറി ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചു.