വെര്‍ജീനിയ: സ്പ്രിങ്ങ്ഫീല്‍ഡിലെ സമ്മിറ്റ് ചര്‍ച്ചയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതായിരുന്നു ആനി പെറിഗോ എന്ന 42 കാരി. ഇടയ്ക്കു പള്ളിയില്‍ വച്ച് ഇവര്‍ക്കു കുഞ്ഞിനെ മുലയൂട്ടേണ്ടി വന്നു. എന്നാല്‍ പള്ളിയുടെ ഉള്ളിലിരുന്ന സ്ത്രീകള്‍ തന്നെ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. പള്ളിയില്‍ എത്തുന്ന പുരുഷന്മാര്‍ക്കും കൗമാരക്കാര്‍ക്കും മറ്റുവിശ്വാസികള്‍ക്കും ഇത് അവസ്വസ്ഥതയുണ്ടാക്കുമെന്ന് ഇവര്‍ അവകാശപ്പെട്ടു.
പുരോഹിതന്‍റെ പ്രഭാഷണത്തിന്റെ തത്സമയ സംപ്രേഷണം നടക്കുന്നുണ്ടെന്നും മുലയുട്ടാല്‍ അതില്‍ ആകുവാന്‍ സാധ്യതുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. ഒടുവില്‍ ആനിക്കു പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. എന്നാല്‍ അങ്ങനെ മിണ്ടാതിരിക്കാന്‍ ആനി ഒരുക്കമായിരുന്നില്ല. കുഞ്ഞിനെ മുലയൂട്ടുന്നതു ഫെസ്ബുക്ക് ലൈവ് ചെയ്താണ് ആനി ഈ സംഭവത്തോടു പ്രതികരിച്ചത്. മുലയൂട്ടുന്നത് വളരെ സ്വഭാവികമായ ഒരു പ്രവര്‍ത്തിയാണെന്നും എല്ലാവരും മൂലയൂട്ടലിനു വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും ഇവര്‍ ലോകത്തോടു പറഞ്ഞു.
42 കാരിയായ ആനി ഫിറ്റ്‌നസ് പരിശീലകയും ന്യൂട്രീഷന്‍ സ്‌പെഷിലിസ്റ്റുമാണ്. ഇതിനു മുമ്പ് ഒരിക്കല്‍ പോലും തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന ഇവര്‍ പറയുന്നു. സ്ത്രീകള്‍ പൊതുസ്ഥലത്തിരുന്നു മുലയൂട്ടുന്നതിനു നിയമസംരക്ഷണമുള്ള സ്ഥലമാണു വെര്‍ജീനിയ. അതിനാല്‍ പള്ളിയിലെ നയങ്ങള്‍ക്ക് ഉടന്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്തയച്ചിരിക്കുകയാണ് ആനി.
