ലോഗന്‍ സിറ്റി: എങ്ങും കനത്ത മഞ്ഞുവീഴ്ച , ഒപ്പം വീശിയടിക്കുന്ന കാറ്റും. ആ കാറ്റിലും മഞ്ഞുവീഴ്ചയിലും തന്‍റെ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് രക്ഷിച്ച ഈ അമ്മയ്ക്ക് അഭിനന്ദനമര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

തെക്കു കിഴക്കന്‍ ക്യൂന്‍സ് ലാന്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ചയിലായിരുന്നു കാറ്റും മഞ്ഞുവീഴ്ചയും ബാധിച്ചത്. വൈകുന്നേരം മൂന്നു മണിക്ക് ശക്തമായ ചുഴലിക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാവുകയായിരുന്നു. ആ സമയത്ത് ഡ്രൈവ് ചെയ്തുപോവുകയായിരുന്നു ഫിയോണ. കാറില്‍ മുത്തശ്ശിയും മകളും കൂടി ഉണ്ടായിരുന്നു. പെട്ടെന്ന് കാറിന്‍റെ ജനല്‍ചില്ല് തകര്‍ത്ത് മഞ്ഞ് അകത്തേക്ക് പതിച്ചു തുടങ്ങി. അതോടെ മുന്നോട്ടുള്ള സഞ്ചാരവും തടസപ്പെട്ടു. 

കുഞ്ഞിലായി പിന്നെ ഫിയോണയുടെ ശ്രദ്ധയത്രയും. അവളെ മഞ്ഞുകട്ടയും, കാറ്റും ബാധിക്കാതിരിക്കാനായി പൊതിഞ്ഞു പിടിച്ചു. മകളെ അങ്ങനെ രക്ഷിക്കാനായി ഫിയോണക്ക്. പക്ഷെ, അത് ഫിയോണയുടെ ശരീരത്തിലേല്‍പിച്ച ചതവും മുറിവും അതിഗുരുതരമായിരുന്നു. അവള്‍ക്കും, മുത്തശ്ശിക്കും, കുഞ്ഞിനും ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ അദ്ഭുതമായിരുന്നു. കാറ്റില്‍, വീടുകളും കൃഷിയിടങ്ങളും തകര്‍ന്നിരുന്നു. മരങ്ങള്‍ കടപുഴകി വഴിയിലേക്കും വാഹനങ്ങളുടെ മുകളിലേക്കും വീണ് ഗതാഗതത്തിനും തടസം നേരിട്ടിരുന്നു. 

മുറിവേറ്റ ദേഹത്തോടെ മകളേയും മടിയിലിരുത്തിയുള്ള ഫിയോണയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഫിയോണ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചത്. കൂടെ അവള്‍ ഒരുകാര്യം കൂടി വ്യക്തമാക്കി, ശക്തമായ കാറ്റില്‍ മുന്നറിയിപ്പുകളെ അവഗണിച്ച് കാര്‍ ഡ്രൈവ് ചെയ്യരുത് എന്ന പാഠം താന്‍ പഠിച്ചുവെന്ന്.