'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

ഞാൻ അന്ന് വളരെ ചെറുത്. ട്രൗസറും ബനിയനും ഇട്ട് തേരാ പാര ഇങ്ങനെ ഓടി കളിക്കുന്ന പ്രായം. അങ്ങട്ടേലെ (അയൽവീട്ടിലെ) ബഷീർക്ക ബോംബെയിൽ നിന്ന് വന്നപ്പോൾ അവർ കൊണ്ടുവന്ന ടേപ്പ് റെക്കോർഡറിൽ വലിയ ഉച്ചത്തിൽ വെച്ച പാട്ട് കേട്ട് ഞാൻ ഏന്തി നോക്കി.

വീട് കുന്നിൻ ചെരുവിലായത് കൊണ്ട് നമ്മള് വെച്ചാലും നാട്ടുകാര് മൊത്തം കേൾക്കും

''ഉമ്മാ ബഷീർക്ക വന്നിട്ട് പാട്ടൊക്കെ വെച്ച് അവര് തിമിർക്കുന്നുണ്ടല്ലോ.... നമ്മളെ ലത്തീക്ക എപ്പോഴാണ് വരുന്നത്. ഇക്ക വരുമ്പോൾ നല്ല ഉച്ചത്തിൽ വെക്കാൻ പറ്റിയ ഒരു അടിപൊളി ടേപ്പ് കൊണ്ട് വരാൻ പറയണേ.''

ബഷീർക്ക വന്നപ്പോൾ അവർക്ക് കുശാലായി പാട്ടും കൂത്തും ബൈത്തും. പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. പക്ഷെ അങ്ങ് ദൂരെ ആയിപ്പോയില്ലേ. പുതിയ കാസറ്റൊക്കെ അവർ കൊണ്ട് വന്നിട്ടുണ്ട്. ഓരോ ദിവസവും പുതിയ പുതിയ പാട്ടുകളാണ് പാടുന്നത്. ദൂരെയാണ് കേൾക്കാൻ പറ്റും. പക്ഷെ പാട്ട് കേൾക്കുമ്പോൾ ഇങ്ങനെ അടുത്തിരുന്ന് സുഖത്തിൽ കേൾക്കണം. പക്ഷെ, അതിന് സാധിക്കുന്നില്ല. എന്റെ വീട് കുന്നിൻ ചെരുവിലായത് കൊണ്ട് നമ്മള് വെച്ചാലും നാട്ടുകാര് മൊത്തം കേൾക്കും. പക്ഷെ, എന്റെ വീട്ടിലുള്ളത് എപ്പോഴെങ്കിലും തട്ടിയാലോ മുട്ടിയാലോ മാത്രം വർക്കാവുന്ന റേഡിയോ. 

അവർ വെച്ചത് പോലെ ഉച്ചത്തിൽ വെക്കാൻ സോണിയുടെയോ പാനാസോണിക്കിന്റെയോ സ്റ്റീരിയോ ടേപ്പ് ഉണ്ടെങ്കിലല്ലേ വെക്കാൻ പറ്റുള്ളു. ആകെയുള്ളത് ആർക്കും വേണ്ടാത്ത തൊട്ടാൽ വാടി റേഡിയോ. അത് തന്നെ ആഴ്ച്ചയിൽ ഒരിക്കൽ വർക്കായാൽ ആയി. അതിൽ നല്ല പാട്ടുകളൊക്കെ വരാറുണ്ട്. പക്ഷെ, ക്ലിയറൊന്നും ചിലപ്പോൾ ഉണ്ടാകില്ല. ക്ലിയർ ആക്കാൻ വേണ്ടി റേഡിയോയുടെ ഏരിയൽ വലിച്ചു പിടിച്ചു സാധനം കൈയിൽ പൊന്നു. പിന്നെ ക്ലിയറിന്റെ കാര്യം പറയാനുണ്ടോ?

അങ്ങനെ പാട്ട് കേൾക്കാൻ ആകെക്കൂടി അവസരം കിട്ടുന്നത് ബസ്സിൽ എവിടെയെങ്കിലും യാത്ര ചെയ്യുമ്പോഴാണ്. ബസ്സിൽ നിന്ന് പാട്ട് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ചിലതൊന്നും മറക്കാൻ കഴിയാറില്ല. അങ്ങനെ ഒരിക്കൽ ഞാൻ കേട്ട ഈ  ഗാനമാണ് ഓർമ വെച്ച കാലത്ത് ആദ്യം ഇഷ്ടം തോന്നിയ പാട്ട്. 1976 -ൽ വനദേവത എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരിയുടെ വരികൾ കെ ജെ യേശുദാസ് ആലപിച്ചു.
    
    സ്വർഗ്ഗം താണിറങ്ങി വന്നതോ 
    സ്വപ്നം പീലി നിർത്തി നിന്നതോ 
    ഈശ്വരന്റെ സൃഷ്ട്ടിയിൽ 
    അഴകെഴുന്നത് അത്രയും 
    ഇവിടെ ഒന്ന് ചേർന്ന് അലിഞ്ഞതോ...

ഇത് എന്റെ കുഞ്ഞു മനസ്സിൽ വല്ലാതയങ് കയറി കൂടിയ പാട്ടായിരുന്നു. നിത്യ ഹരിത മനോഹരാമായ ഈ ഗാനം അന്ന് ഞാൻ ബസ്സിൽ നിന്ന് കേട്ടപ്പോൾ ഞാൻ പാട്ടിലൂടെ ഒഴികിയെത്തിയത് എവിടെയാണെന്നറിയില്ല. അല്‍പസമയത്തേക്ക് സ്വർഗ്ഗം താണിറങ്ങി വന്നതാവുമെന്ന് കരുതി. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ നല്ലൊരു അവസരം കിട്ടുന്നത് ഇതുപോലെ ബസ്സിൽ യാത്ര ചെയ്യുമ്പോളാണ്. കൂടെ ഇതുപോലെയുള്ള നല്ല ഗാനങ്ങളുമുണ്ടെങ്കിൽ ആ യാത്ര നല്ലൊരു അനുഭവം തന്നെയായിരിക്കും. 

ഇതും എന്റെ വിലപിടിച്ച കുട്ടിക്കാലത്തെ ഓർമകളിൽ ഒന്നാണ്

'സ്വർഗം താണിറങ്ങി വന്നതോ' എന്ന ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് ആ ബസ്സ് യാത്രയിൽ നിന്നുമാണ്. അത് ഇന്നും ഓർമകളിൽ മാഴാതെ കിടക്കുന്നു. ഓരോ പാട്ടുകളും ഓരോ ഓർമകളാണ് അതുപോലെ ഇതും എന്റെ വിലപിടിച്ച കുട്ടിക്കാലത്തെ ഓർമകളിൽ ഒന്നാണ്. ബസ്സിൽ നിന്നിറങ്ങി ഞാൻ വീട്ടിലെത്തിയിട്ടും ഞാൻ ഈ പാട്ട് മൂളി കൊണ്ടേയിരുന്നിട്ടുണ്ടാകാം അല്ലാതെ ഈ പാട്ടിനെ ഓർത്തെടുക്കാൻ സാധിക്കില്ല. 

സ്വർഗ്ഗവാസന നൽകിയ ഈ പാട്ട് പ്രകൃതിയെ സ്നേഹിക്കുവാനും പഠിപ്പിച്ചു. സ്വപ്നങ്ങൾക്ക് ചിറക് നൽകിയ ഈ പാട്ട് ഊണിലും ഉറക്കിലും ഞാൻ ഇന്നും അറിയാതെ മൂളിപ്പോകാറുണ്ട്. 

സ്വർഗം താണിറങ്ങി വന്നതോ 
സ്വപ്നം പീലി നിർത്തി നിന്നതോ...

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം