യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും നിറഞ്ഞ വർഷമായിരുന്നു 2025. ട്രംപിന്‍റെ രണ്ടാം വരവ് അമേരിക്കയെയും ലോകത്തെയും പിടിച്ചുകുലുക്കിയപ്പോൾ, ഗാസ, യുക്രൈൻ യുദ്ധങ്ങൾ തുടർന്നു. ആഗോളതാപനം രൂക്ഷമായതും, വിവിധ രാജ്യങ്ങളിലെ ഭരണമാറ്റങ്ങളും ഈ വർഷത്തെ സംഭവ ബഹുലമാക്കി.
യുദ്ധങ്ങളും രാഷ്ട്രീയ മാനുഷിക സംഘർഷങ്ങളും നിർവചിച്ച വർഷമായിരുന്നു 2025. അമേരിക്കൻ പ്രസിഡന്‍റ് എലൺ മസ്കും 'ഡോജ്' (Department of Government Efficiency -DOGE) എന്ന വെട്ടിച്ചുരുക്കൽ അഭ്യാസവും ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളും അമേരിക്കയെ ഇളക്കിമറിച്ചു. ട്രംപിന്‍റെ വ്യാപാര നയങ്ങളും ചുങ്കം ചുമത്തലും ലോകത്തെയും.
ട്രംപും മസ്കും പിന്നെ ഡോജും
അമേരിക്കയുടെ 47 -മത്തെ പ്രസിഡന്‍റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിന്‍റെ രണ്ടാമൂഴം ജനുവരിയിൽ തുടങ്ങി. മസ്കിന്‍റെ ഡോജ്, ചെയിൻസോയുമായി വേദിയിലെത്തിയത് മുന്നറിയിപ്പ് തന്നെയായിരുന്നു. മൂന്ന് മാസത്തിനകം മസ്ക് വെട്ടിയരിഞ്ഞത് 26,000 ഫെഡറൽ ജീവനക്കാരുടെ ജീവിതമാണ്. US-AID അപ്പാടെ നിർത്തലാക്കി. എല്ലാ വകുപ്പുകളിലും പ്രത്യേകിച്ച്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിൽ മസ്കിന്‍റെ വാക്കത്തി വീണു. പിന്നെ പ്രസിഡന്‍റ് ലക്ഷ്യമിട്ടത് കുടിയേറ്റക്കാരെ.
ICE
അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് പിടികൂടി നാടുകടത്തിയത് ഒബാമയുടെ ഭരണ കാലത്ത് താൽകാലിക താമസാനുമതി കിട്ടിയവരെയും കൂടിയാണ്. കയറ്റി അയച്ചത് കുറ്റവാളികളെ പോലെ. അതിൽ കൊളംബിയ പോലുള്ള രാജ്യങ്ങൾ പ്രതിഷേധിച്ചു. സ്വന്തം വിമാനമയച്ച് പൗരൻമാരെ കൊണ്ടുവന്നു. ICE ഏജന്‍റുമാർ ഓടിച്ചിട്ട് ആൾക്കാരെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പടർന്നു കത്തി. താൽകാലിക തടവ് കേന്ദ്രങ്ങൾ നിർമ്മിക്കപ്പെട്ടു.
ഡമോക്രാറ്റിക് സംസ്ഥാനങ്ങൾ എതിർത്തു. ഗവർണർമാരടക്കം ജനങ്ങൾക്കൊപ്പം നിന്നു. കാലിഫോർണിയ പ്രത്യേകിച്ച്. രാജ്യത്തുടനീളം ട്രംപ് ദേശീയ ഗാർഡുകളെ വിന്യസിച്ചു. പ്രത്യേകിച്ച് ഡമോക്രാറ്റിക് സംസ്ഥാനങ്ങളിൽ. അതിരുകടന്ന അക്രമവും കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതും അവസാനിപ്പിക്കാനെന്നായിരുന്നു വിശദീകരണം. പക്ഷേ, വാഷിംങ്ടൺ ഡിസിയിൽ രണ്ട് ദേശീയ ഗാർഡ് അംഗങ്ങളെ ഒരു അഫ്ഗാൻ പൗരൻ വെടിവച്ച് കൊന്നു. മിനസോട്ടയിലെ രണ്ട് ജനപ്രതിനിധികളും വെടിയേറ്റ് മരിച്ചു.

വ്യാപാര ചുങ്കം
അതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ലോകരാജ്യങ്ങൾക്ക് പുതിയ ചുങ്കം ചുമത്തിയത്. കാനഡ, മെക്സിക്കോ, ചൈന. കാനഡ അതേ നാണയത്തിൽ തിരിച്ചടിച്ചു. കോടതി ട്രംപിനെതിരെ വിധിച്ചു. സർക്കാർ അപ്പീൽ പോയി. ചുമത്തിയതൊക്കെ പ്രസിഡന്‍റ് തന്നെ മരവിപ്പിച്ചു. ചൈനയൊഴികെ. ഓഹരി വിപണി കുത്തനെയിടിഞ്ഞു. ചൈനയും ചുങ്കം കുത്തനെ കൂട്ടി. വ്യാപാര യുദ്ധത്തിന്‍റെ രണ്ടാംഘട്ടമായി അത്. ചൈന മറ്റ് വിപണികൾ തേടി. അമേരിക്ക ആ രാജ്യങ്ങളെയും ലക്ഷ്യമിട്ടു.
മസ്ക് - ട്രംപ്
മസ്ക് - ട്രംപ് സൗഹൃദം അധികനാൾ നീണ്ടു നിന്നില്ല. മസ്കിനോടുള്ള അരിശം ജനം തീർത്തത് ടെസ്ലയോടാണ്. ടെസ്ല കാറുകൾ റോഡുകളിലിട്ട് തകർത്തു. ഓഹരിവില ഇടിഞ്ഞു. ഒടുവിൽ മസ്ക് വിടവാങ്ങി. ഡോജ് പക്ഷേ, തുടർന്നു. പഴയ ഭീകരത നഷ്ടമായെന്ന് മാത്രം.
Big Beautiful Bill
ജൂലൈയിൽ അമേരിക്കൻ പ്രസിഡന്‍റ് 'Big Beautiful Bill'-ൽ ഒപ്പിട്ടു. ഡമോക്രാറ്റ് - റിപബ്ലിക്കൻ തർക്കം മുറുകി. ബജറ്റിനെച്ചൊല്ലി ഇടഞ്ഞു രണ്ടുകൂട്ടരും. അതോടെ ഒക്ടോബർ ആയപ്പോഴേക്ക് സർക്കാരിന് ഷട്ട് ഡൗൺ വേണ്ടിവന്നു. രാജ്യചരിത്രത്തിൽ ഏറ്റവും നീണ്ട ഷട്ട് ഡൗൺ . 7,30,000 പേർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ഭക്ഷ്യ സബ്സിഡികൾ നിർത്തലാക്കി.
സോഹ്റാൻ മമ്ദാനി
അതിനിടയിലാണ് ഇന്ത്യൻ വംശജനായ സോഹ്റാൻ മമ്ദാനി ന്യൂയോർക്ക് മേയറായത്. ട്രംപിനെ കഠിനമായി വിമർശിച്ചിരുന്ന മംദാനി ജയിച്ചത് ട്രംപ് പിന്തുണച്ച ആൻഡ്രൂ കുവോമോയെ തോൽപ്പിച്ച് കൊണ്ട്.
അസഹിഷ്ണുത രണ്ടുപക്ഷത്തും വളരുന്നുവെന്നതിന്‍റെ സൂചകമായി തീവ്രവലതുപക്ഷവാദിയായ ചാർലി കെർക്കിന്‍റെ കൊലപാതകം. രാഷ്ട്രീയ പരാമർശങ്ങളുടെയും പരിഹാസങ്ങളുടേയും പേരിൽ, കോർപ്പറേറ്റ് ഉടമകൾ ടെലിവിഷൻ ഷോകൾ നിർത്തിവച്ചു. ജിമ്മി കിമ്മൽ അടക്കം. പക്ഷേ, ഉടനെ തന്നെ തിരുത്താനും നിർബന്ധിതമായി.
ട്രംപും യുദ്ധങ്ങളും
താനായിരുന്നു പ്രസിഡന്‍റെങ്കിൽ ഗാസ, യുക്രൈയ്ൻ യുദ്ധങ്ങൾ നടക്കില്ലായിരുന്നുവെന്ന് അവകാശപ്പെട്ട ട്രംപിന് ഗാസ യുദ്ധം അവസാനിപ്പിക്കാനായി. പക്ഷേ, റഷ്യൻ പ്രസിഡന്‍റിന് മുന്നിൽ ട്രംപ് തോറ്റു. സെലൻസ്കി - ട്രംപ് ആദ്യ കൂടിക്കാഴ്ച മാധ്യമങ്ങളുടെ മുന്നിൽ അരങ്ങേറിയ നാടകമായി മാറി. രാജാവിനെക്കാൾ വലിയ രാജഭക്തനെന്ന ആരോപണം കേൾക്കുന്നത് പതിവായ വൈസ്പ്രസിഡന്‍റ് ജെ വാൻസ് തിരികൊളുത്തിവിട്ട പ്രകടനം സെലൻസ്കിയെ മുട്ടുകുത്തിക്കാനായിരുന്നു. പക്ഷേ, അത് തിരിച്ചടിക്കുകയാണ് ചെയ്തത്. വൈറ്റ് ഹൗസിനും അമേരിക്കൻ പ്രസിഡന്‍റെന്ന പദവിക്കുമേറ്റ ക്ഷതമായി അത്. റഷ്യ, ധാരണക്ക് തയ്യാറായിട്ടില്ല. ഡോൺബാസ് വിട്ടുകിട്ടാതെ ധാരണയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ അമേരിക്കൻ പ്രസിഡന്‍റും യുക്രൈയ്ന് മേൽ സമ്മർദ്ദം ചെലുത്തിത്തുടങ്ങി. തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് മുൻനിലപാടിൽ വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കയാണ് ഇപ്പോൾ സെലൻസ്കി. അപ്പോൾ ക്രെംലിൻ വീണ്ടും പിന്നോട്ട് പോയിരിക്കുന്നു. പുതിയ വ്യവസ്ഥകൾ എന്ന മുന്നറിയിപ്പുമായി.

ട്രംപ് - പുടിൻ കൂടിക്കാഴ്ച
അതേസമയം കൊട്ടിഘോഷിച്ച് നടന്ന ട്രംപ് പുടിൻ കൂടിക്കാഴ്ച വെറും കുമിളയായി. പുടിന് മുന്നിൽ തോറ്റു കൊടുത്ത അമേരിക്കൻ പ്രസിഡന്‍റിനെയാണ് അലാസ്കയിൽ കണ്ടത്. ഒരു സമാധാന പദ്ധതികൾക്കും പുടിൻ വഴങ്ങില്ല എന്നാണ് വർഷാവസാനവും തെളിയുന്നത്. യുക്രൈയ്ൻ നൽകിയ പദ്ധതിയിൽ തീരുമാനം പറയാതെ, പുടിന്‍റെ വസതി ആക്രമിച്ചു. അതുകൊണ്ട് വ്യവസ്ഥകൾ ഇനിയും മാറുമെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. പക്ഷേ, യുക്രൈയ്ൻ റഷ്യയ്ക്ക് ചില അപ്രതീക്ഷിത തിരിച്ചടികൾ നൽകി. ഡ്രോണുകൾ ലോറികളിൽ കെട്ടിവച്ച് റഷ്യയിലെത്തിച്ച് യുദ്ധവിമാനങ്ങളടക്കം തകർത്ത ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ് (Operation Spiderweb) അതിലൊന്നു മാത്രം. റഷ്യയുടെ ബോംബർ വിമാനങ്ങളുടെ മൂന്നിലൊന്ന് കത്തിച്ചാമ്പലായെന്നാണ് റിപ്പോർട്ട്
അഴിമതിയും യുക്രൈയ്നും
അതേസമയം അഴിമതിയാരോപണങ്ങൾ യുക്രൈയ്നെ ശ്വാസം മുട്ടിച്ചു. സെലൻസ്കി പല വകുപ്പു മേധാവിമാരെ മാറ്റി. യുക്രൈയ്ൻ യുദ്ധം യൂറോപ്യൻ യൂണിയന്‍റെ കൂടി ശക്തിയും ഐക്യവും തെളിയിക്കലായി. ഭിന്നതകൾ കൂടുതൽ പ്രകടമായി, ഐക്യം കൂടുതൽ ശക്തവും. ഭരണകൂടങ്ങൾ മാറിയിട്ടും രാജ്യങ്ങൾ യുക്രൈയ്ന് പിന്നിൽ ഒറ്റക്കെട്ടായി. ചില റഷ്യ അനുകൂലസ്വരങ്ങൾ ഉണ്ടെങ്കിലും. പോളണ്ട്, നോർവേ എന്നിവയുടെ അതിർത്തി കടന്ന് റഷ്യൻ ഡ്രോണുകളെത്തി, നേറ്റൊ അതിൽ ചിലത് വെടിവച്ചിട്ടു. ഇതിലെല്ലാം കടുത്ത ആശങ്കയാണ് യൂറോപ്പിന്. യുക്രൈയ്ൻ കഴിഞ്ഞാൽ പുടിൻ യൂറോപ്പിലേക്ക് തിരിയും എന്നുതന്നെയാണ് നിഗമനം. എന്തിനും ഏതിനും അമേരിക്കയുണ്ടാവുമെന്ന ധാരണയും തിരുത്തേണ്ടിവന്നു, ട്രംപിന്‍റെ വരവോടെ. പ്രതിരോധ ബജറ്റുകൾ കൂട്ടിക്കഴിഞ്ഞു യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെല്ലാം. റഷ്യ അനുകൂലികളായ ഹംഗറി, സ്ലൊവാക്യ എന്നിവരൊഴികെ. ഹംഗറി ഐസിസിയിൽ നിന്നും പിൻമാറി. അത് പക്ഷേ, നെതന്യാഹുവിന് വേണ്ടിയാണ്.
സൗദി - ഇറാൻ
പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇതുവരെയില്ലാത്ത ചില സഖ്യങ്ങളും ധാരണകളും രൂപപ്പെട്ട വർഷമാണ് 2025. ഗാസ യുദ്ധമാണ് അതിന്‍റെ മൂലകാരണമെന്ന് പറയേണ്ടിവരും. ഒരുമിച്ച് നിൽക്കുമെന്ന് കരുതാത്ത ചിലരൊക്കെ ഒരുമിച്ചു. ഇറാനെ സ്വീകരിച്ചു സൗദി അറേബ്യ. ഇറാന്‍റെ നേതൃത്വത്തിലെ 'പ്രതിരേധത്തിന്‍റെ അച്ചുതണ്ട്' (Axis of Resistance) പ്രസക്തമല്ലാതായി. ഇറാനിൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്, നാണ്യപ്പെരുപ്പമാണ് കാരണം. പ്രതിഷേധം കൂടിയതോടെ സെൻട്രൽ ബാങ്ക് ഗവർണറെ മാറ്റി.
തുർക്കിയുടെ ശബ്ദത്തിനും സ്വാധീനം കൂടി. സുന്നി സ്വാധീനം ശക്തമായി. സൗദി അറേബ്യ അതിന്‍റെ നേതൃസ്ഥാനത്തുമെത്തി. സൗദി കിരീടാവകാശി മൂഹമ്മദ് ബിൻ സൽമാന് അമേരിക്കയിൽ കിട്ടിയ സ്വീകരണം ഗംഭീരം. കുടുംബത്തിന്‍റെ ബിസിനസ് ബന്ധങ്ങൾ ഡോണൾഡ് ട്രംപിനോടും ഖഷോഗിയുടെ കൊലപാതകം മൂഹമ്മദ് ബിൻ സൽമാനോടും ചോദിച്ച മാധ്യമപ്രവർത്തകയുടെ വായടപ്പിച്ചു അമേരിക്കൻ പ്രസിഡന്‍റ്.
സിറിയ
സിറിയയിലെ അഹ്മദ് അൽ ഷരായുടെ മുന്നേറ്റം സുന്നി രാജ്യങ്ങളുടെ പിന്തുണയോടെ തന്നെയായിരുന്നു. അമേരിക്കയുമായുള്ള സഖ്യത്തിന് ഷരാ സർക്കാരിന് വഴിതുറന്നതും സൗദിയുടെ പ്രേരണ കാരണമാണ്. അൽ ഖയിദ സഖ്യ സംഘടനാ നേതാവായിരുന്നു ഷരാ എന്നുമോർക്കണം. പക്ഷേ, അസദ് സർക്കാരിന്‍റെ പീഡനമുറകളും തടവറകളും ഇന്നും സിറിയയിൽ തുടരുന്നു എന്നാണ് റിപ്പോർട്ട്. ന്യൂനപക്ഷങ്ങളും അസദിന്‍റെ ഉദ്യോഗസ്ഥരുമാണ് ഇരയാകുന്നതെന്ന് മാത്രം
ഗാസ യുദ്ധവും ഇറാൻറെ നഷ്ടവും
ഗാസ യുദ്ധത്തിന്‍റെ പല മാനങ്ങളിലൊന്നായിരുന്നു ഇതും. ഹമാസ് നേതാക്കളെ ഒന്നൊന്നായി ഇല്ലാതാക്കിയ ഇസ്രയേൽ, ഹമാസിന്‍റെ സുഹൃത്തായ ഇറാനെയും ലക്ഷ്യമിട്ടു. ആക്രമിച്ചു. രണ്ട് സൈനിക മേധാവികളും ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാൻ തിരിച്ചുമാക്രമിച്ചു. പിന്നെ അമേരിക്കയും ഇസ്രയേലും ചേർന്ന് ലക്ഷ്യമിട്ടത് ഇറാന്‍റെ ആണവ കേന്ദ്രങ്ങളാണ്. ഓപ്പറേഷൻ റൈസിംഗ് ലയൺ (Operation Rising Lion ) എന്ന് പേരിട്ട ആക്രമണ പരമ്പരയിൽ പ്രധാന കേന്ദ്രങ്ങൾക്ക് കാര്യമായ പരിക്ക് പറ്റി. അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബുകളാണ് നിർണായകമായത്. തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഇറാൻ ആക്രമിച്ചത് ഖത്തറിലെ വ്യോമാസ്ഥാനം. പക്ഷേ, നേരത്തെ വിവരം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. കാരണം, അമേരിക്കയുടെ യുദ്ധ വിമാനങ്ങളെല്ലാം അതിനകം അവിടെ നിന്ന് മാറ്റിയിരുന്നു. ഇറാൻ സ്വപ്നം കണ്ട സ്വാധീനം പോയിട്ട്, ഉണ്ടായിരുന്ന സ്വാധീനം പോലും ഇടിയുന്നതാണ് കഴിഞ്ഞ വർഷം കണ്ടത്.

ഇസ്രയേലിന്‍റെ കടന്നു കയറ്റങ്ങൾ
സിറിയയിലെ ഭരണമാറ്റം നടന്നതോടെ, ഇസ്രയേൽ അതിർത്തി കടന്ന് അവിടെയുമെത്തി. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ആക്രമിക്കുന്നുവെന്നാണ് നൽകിയ വിശദീകരണം. അതിർത്തിക്കപ്പുറത്ത് ഐഎസ് വേരുറപ്പിക്കുന്നതിലെ ആശങ്കയെന്ന് വ്യക്തം. യെമനെയും ഇസ്രയേൽ ആക്രമിച്ചു. ഹൂതികളുടെ പ്രധാനമന്ത്രി അഹ്മദ് എൽ റഹാവി കൊല്ലപ്പെട്ടു. ശക്തിയും കുറഞ്ഞു. ലബനണിലെ ഹിസ്ബുള്ളയെ പേജർ സ്ഫോടനങ്ങളിലൂടെ നേരത്തെ തന്നെ ഇസ്രയേൽ അശക്തരാക്കിയിരുന്നു. ഇസ്രയേൽ പക്ഷേ, അപ്രതീക്ഷിതമായ ഒരാക്രമണം നടത്തി. ഖത്തറിലെ ദോഹയിൽ ബോംബുകൾ വീണു. ഖത്തർ അഭയം നൽകിയിരുന്ന ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടത്. ചിലർ കൊല്ലപ്പെട്ടു, കണക്കുകൂട്ടൽ തെറ്റി നെതന്യാഹുവിന്. സമാധാന ധാരണ അംഗീകരിക്കാൻ അമേരിക്ക ഇത് സമ്മർദ്ദതന്ത്രമാക്കിയെന്നാണ് വിലയിരുത്തൽ. ഖത്തറി പ്രധാനമന്ത്രിയോട് മാപ്പും ചോദിക്കേണ്ടി വന്നു ഇസ്രയേൽ പ്രധാനമന്ത്രിക്ക്.
പലസ്തീൻ രാജ്യം
അതേസമയം പലസ്തീൻ അനുകൂല പ്രതിഷേധങ്ങളും ജൂതവിരുദ്ധതയും അമേരിക്കൻ യൂണിവേഴ്സിറ്റികളെ രണ്ടുതട്ടിലാക്കി. കൊളംബിയ യൂണിവേഴ്സിറ്റിയിൽ അറസ്റ്റുകൾ നടന്നു. ചില വിദ്യാർത്ഥികളെ പുറത്താക്കി, ബിരുദങ്ങൾ തിരികെ വാങ്ങി. ഇസ്രയേൽ ഫണ്ടുകളിലും ഏറ്റുമുട്ടൽ നടന്നു. പക്ഷേ, കൂടുതൽ രാജ്യങ്ങൾ പലസ്തീൻ രാജ്യത്തിനായി പിന്തുണ പ്രഖ്യാപിച്ചു.
ഗാസയിലെന്തായാലും വെടിനിർത്തൽ നിലനിൽക്കുന്നുണ്ട്, സഹായവും എത്തുന്നു. ജീവനുണ്ടായിരുന്ന ബന്ദികളെയും മൃതദേഹങ്ങളും ഹമാസ് തിരിച്ചു കൊടുത്തു. ധാരണ അനുസരിച്ചുള്ള പലസ്തീൻ തടവുകാരെ ഇസ്രയേലും. ഇനി പുനർനിർമ്മാണമാണ് ശേഷിക്കുന്നത്. അതിലിപ്പോഴും ധാരണയായിട്ടില്ല. ഹമാസിന്‍റെ നിരായുധീകരണമാണ് ഒരു വ്യവസ്ഥ. ഗാസിയിലിപ്പോഴും ഹമാസ് തന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്നാണ് റിപ്പോർട്ട്. ക്രമസമാധാന പാലനം അവരെയേൽപ്പിച്ചുവെന്ന മട്ടിലാണ് അമേരിക്കൻ പ്രസിഡന്‍റും പ്രതികരിച്ചത്. അത് മറ്റൊരു വൈരുദ്ധ്യം.
കുടിയേറ്റവിരുദ്ധ വികാരം
ഭരണമാറ്റങ്ങളും രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ചായിരുന്നു. കുടിയേറ്റ വിരുദ്ധ വികാരം തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു. ജർമ്മനിയിലെ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയ്ക്ക് ( Alternative for Germany) 20.8 ശതമാനം വോട്ട് കിട്ടിയത് ഉദാഹരണം. ഫ്രെഡറിക് മെർസിന്‍റെ മധ്യവലതാണ് ജയിച്ചതെങ്കിലും.
ഫ്രാൻസിൽ ഡിസംബറിന് ശേഷം മൂന്ന് പ്രധാനമന്ത്രിമാരാണ് രാജിവച്ചൊഴിഞ്ഞത്. രണ്ട് വർഷത്തിനിടെ അഞ്ചാമത്തെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ട സ്ഥിതിയിലെത്തി പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ.
കാനഡയിൽ ജസ്റ്റിൻ ട്രൂഡോ അധികാരമൊഴിയാൻ നിർബന്ധിതനായി, മാർക്ക് കാർണി പ്രധാനമന്ത്രിയായി. ഓസ്ട്രേലിയയിൽ ലേബർ സർക്കാർ അധികാരം നിലനിർത്തി, ആന്‍റണി അൽബനീസ് വീണ്ടും പ്രധാനമന്ത്രിയായി.

പോളണ്ടിൽ വലതുപക്ഷത്തിനായിരുന്നു ജയം. കരോൾ നവോക്കി പ്രസിഡന്‍റായി.
ജപ്പാന് ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുണ്ടായി, സനേ തകൈച്ചി. പക്ഷേ, ട്രംപിന്‍റെ ആരാധികയാണ്, വലതുപക്ഷ ചായ്‍വും ചെറുതുമല്ല.
ടാൻസാനിയയ്ക്കും വനിതാ പ്രസിഡന്‍റായി. ആക്ടിംഗ് പ്രസിഡന്‍റായിട്ട് കുറച്ചായെങ്കിലും സാമിയ സുലുഹു ഹസ്സൻ തെരഞ്ഞെടുക്കപ്പെടുന്നത് ഇപ്പോഴാണ്. പക്ഷേ, അക്രമങ്ങളും പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റും അതിന്‍റെ പിന്നാൻപുറക്കഥയായി.
അയർലൻഡിനും കിട്ടി വനിതാ പ്രസിഡന്‍റിനെ. കാതറിൻ കൊണോലി.
തെക്കൻ കൊറിയയിലും പ്രസിഡന്‍റ് മാറി, ലീ ജെയ് മ്യുങ് ആണ് പുതിയ പ്രസിഡന്‍റ്. പക്ഷേ, പഴയ പ്രസിഡന്‍റ് യൂൻ സുക് യോൾ അറസ്റ്റിലായി, അതും ഒരാഴ്ച നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷം. വീട്ടിൽ ഒളിച്ചിരുന്ന പ്രസിഡന്‍റിനെ മതിൽ ചാടിക്കടന്നാണ് അറസ്റ്റ് ചെയ്തത്.
യുറോപ്പും ബ്രിട്ടനും
ഒരു ചെറിയ വാൽക്കഷ്ണം, ബ്രിട്ടനും യൂറോപ്പുമായുള്ള കരാറാണ്. 2038 വരെ ബ്രിട്ടിഷ് സമുദ്രത്തിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയിരിക്കയാണ് യൂറോപ്പിന്. ബ്രിട്ടനിൽ നിന്നുള്ള ഭക്ഷണക്കയറ്റുമതിക്ക് പരിശോധനകൾ കുറയ്ക്കാമെന്ന് യൂറോപ്യൻ യൂണിയനും സമ്മതിച്ചു. ബ്രെക്സിറ്റിന് മുമ്പ് സൗജന്യമായി കിട്ടിയിരുന്നത് ഇപ്പോൾ വില കൊടുത്തു വാങ്ങുന്നു ബ്രിട്ടൻ, എന്നാണ് ഒരു നിരീക്ഷണം.
സുഡാനിൽ മരിച്ച് വീഴുന്ന സാധാരണക്കാർ
രാഷ്ട്രീയരംഗം കലങ്ങിമറിഞ്ഞു ചിലയിടത്ത്, ചിലർ യുദ്ധത്തിന്‍റെ വക്കുവരെയെത്തി. ചിലയിടത്ത് ഭീഷണി ഇപ്പോഴുമൊഴിഞ്ഞിട്ടില്ല. സംഘർഷം തുടർക്കഥയായ സുഡാൻ പോലുള്ള രാജ്യങ്ങളിൽ സമാധാനം ഇപ്പോഴും അകലെയാണ്. ഗാസയിലെ കൂട്ടക്കൊലയിലുയർന്ന മുറവിളികളൊന്നും സുഡാന് വേണ്ടി ഉയരുന്നുമില്ല. അവിടെയും മരിച്ചു വീഴുന്നതും ബലാത്സംഗം ചെയ്യുന്നതും കൂട്ടത്തോടെ അരിഞ്ഞുതള്ളുന്നതും മനുഷ്യരെ തന്നെയാണ്. പക്ഷേ, അതിലാർക്കും വലിയ ആശങ്ക കാണുന്നില്ല. നവംബറായതോടെ സുഡാനിലെ സംഘർഷം ഏറ്റവും വലിയ വേഗമേറിയ പലായനമായി രേഖപ്പെടുത്തപ്പെട്ടു. എസ്എഎഫ്, ആർഎസ്എഫ് എന്ന രണ്ട് സംഘങ്ങൾ, അവർക്ക് പിന്നിൽ വേറെ പല കളിക്കാർ. ഈയലുകൾ പോലെ മരിച്ചുവീഴുകയാണ് സാധാരണക്കാർ.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്
ഇന്ത്യയ്ക്കും പാകിസ്ഥാനും ബംഗ്ലാദേശിനും സംഭവ ബഹുലമായ വർഷമായിരുന്നു, 2025. ഇന്ത്യയിൽ ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണം മേഖലയെ മാറ്റിവരച്ചു. ഓപ്പറേഷൻ സിന്ദൂറും സമ്പൂർണ യുദ്ധത്തിന്‍റെ വക്കുവരെയെത്തിയ ആക്രമണ പ്രത്യാക്രമണവും ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി. രണ്ട് ആണവ രാജ്യങ്ങൾ തമ്മിൽ നേർക്കുനേർ വരുന്നതിലെ ആശങ്ക. യുദ്ധമവസാനിച്ചത് തന്‍റെ ഇടപെടൽ മൂലമാണെന്ന ട്രംപിന്‍റെ അവകാശവാദവും വന്നു. ഇന്ത്യ അത് നിഷേധിച്ചിട്ടും അവകാശവാദം അവസാനിച്ചില്ല.
പാക് സൈനിക മേധാവി അസിം മുനീറിന് സർവ സൈന്യാധിപ പദം കിട്ടി. ട്രംപ്, അസിം മുനീറിനെ വൈറ്റ്ഹൗസിൽ സ്വീകരിച്ചു. ഇതിനിടെ അഫ്ഗാൻ താലിബാനുമായിട്ടും പാകിസ്ഥാൻ ഒന്ന് കൊമ്പുകോർത്തു. ആണവ ശക്തിയായ പാകിസ്ഥാൻ. എന്തിനും പോന്ന പോരാളികളല്ലാതെ മറ്റൊന്നുമില്ലാത്ത താലിബാൻ. ഈ രണ്ടുകൂട്ടരും തമ്മിലെ യുദ്ധത്തിൽ പക്ഷേ, പാകിസ്ഥാനാണ് ആദ്യം പിൻവാങ്ങിയതെന്നാണ് ചില റിപ്പോർട്ടുകൾ.
ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യമായ ബംഗ്ലാദേശിലും സമാധാനം എത്തിയിട്ടില്ല. സംവരണത്തിലെ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിന്ന് ഷേഖ് ഹസീനയ്ക്ക് പലായനം ചെയ്യേണ്ടി വന്നു. ഇന്ത്യയിലാണ് അഭയം തേടിയത്. അതോടെ ബീഗം ഖാലിദ സിയ ജയിൽ മോചിതയായി. സിയയുടെ മകൻ ലണ്ടനിൽ നിന്ന് തിരിച്ചെത്തി. ഖാലിദ സിയ പക്ഷേ, വിടവാങ്ങി. തെരഞ്ഞെടുപ്പാണ് സിയയുടെ പാർട്ടിയുടെയും മകന്‍റെയും ലക്ഷ്യം. ഷേഖ് ഹസീനയ്ക്ക് അഭയം നൽകിയത് ഇന്ത്യയെ കുരുക്കിലാക്കി.

നേപ്പാൾ
ഇന്ത്യയുടെ മറ്റൊരു അയൽവാസിയായ നേപ്പാളും കുലുങ്ങി. ജെൻസി (GEN Z) തെരുവിലിറങ്ങിയത്. രാഷ്ട്രീയക്കാരുടെ അഴിമതിക്കും പുത്രസ്നേഹത്തിനും സോഷ്യൽ മീഡിയ നിരോധനത്തിനും എതിരെയാണ്. കെ പി ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി. രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയും.
തായ്‍ലൻഡ് - കംബോഡിയ
തായ്‍ലൻഡ് കംബോഡിയ സംഘർഷവും രൂക്ഷമായി. ഏറ്റുമുട്ടലിൽ രണ്ടുപക്ഷത്തും സൈനികർ മരിച്ചു. കംബോഡിയയുടെ കുപ്രസിദ്ധ തട്ടിപ്പ് കേന്ദ്രങ്ങളും തായ്‍ലൻഡ് ആക്രമിച്ചു. തൽകാലം സമാധാനം നിലവിൽ വന്നിട്ടുണ്ടെന്ന് മാത്രം.
എപ്സ്റ്റീൻ വിവാദം
അമേരിക്കയെയും ബ്രിട്ടനെയും പിടിച്ചുകുലുക്കിയത് എപ്സ്റ്റീൻ വിവാദമാണ്. എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2019 -ലാണ്. സഹായി ഗിസ്ലൈൻ മാക്സ്വെൽ ജയിലിലും. പക്ഷേ, വിവാദം ആകാശം മുട്ടെ വളർന്നു, പലരെയും വിഴുങ്ങി, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരന് പദവി പോയി, വരുമാനവും പോയി. ട്രംപ് ഇപ്പോഴും പിടിച്ചു നിൽക്കുകയാണ്. ബിൽ ക്ലിന്‍റനെപ്പോലെ പല പ്രമുഖരുടെയും എപ്സ്റ്റീനൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫയലുകൾ പുറത്തുവരുന്നതേയുള്ളൂ. എല്ലാം കൂടിയായപ്പോൾ ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്ത അനുയായിയെന്ന് പേരുകേട്ടിരുന്ന മാർജോറി ഗ്രീൻ രാജി പ്രഖ്യാപിച്ചു.

യുഎസ് - വെനിസ്വേല
ഇതിനെല്ലാമിടെ ഡോണൾഡ് ട്രംപ് വെനിസ്വേലയെ ലക്ഷ്യമിട്ടു. ഓപ്പറേഷൻ സതേൺ സ്പിയർ (Operation Southern Spear). അമേരിക്കയിലെത്തുന്ന മയക്കുമരുന്നിന്‍റെയും ഫെന്‍റാനിലിന്‍റെയും ഉറവിടം എന്നാരോപിച്ചായിരുന്നു നടപടി. ശരിയായ കാരണം വെനിസ്വേലയുടെ സഖ്യങ്ങളാണെന്നാണ് നിഗമനം, ക്യൂബ, നിക്കരാഗ്വ, ചൈന, റഷ്യ ഈ സഖ്യം തീരെ പഥ്യമല്ല അമേരിക്കയ്ക്ക്. കരീബിയൻ കടലിൽ നിറയെ അമേരിക്കൻ യുദ്ധക്കപ്പലുകളാണ്. മയക്കുമരുന്ന് കടത്ത് എന്നാരോപിച്ച് ബോട്ടുകൾ ആക്രമിച്ചതും പത്തിലേറെ പേർ കൊല്ലപ്പെട്ടതും വിവാദവുമായി. അതിനിടെ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോക്ക് സമാധാന നൊബേൽ കിട്ടി. തന്‍റെ നിരാശ ട്രംപ് വ്യക്തമാക്കി.
നൈജീരിയ
നൈജിരിയിലെ ഇസ്ലാമിക് സ്റ്റേറ്റിനെയും യുഎസ് ലക്ഷ്യമിട്ടു. നൈജീരിയൻ സർക്കാരിന്‍റെ സഹായത്തോടെ. പക്ഷേ, പ്രശ്നത്തിന്‍റെ വേരുകൾ അത്ര പെട്ടെന്ന് ഇല്ലാതാകില്ലെന്നാണ് നിരീക്ഷണം.
തടവിലായ ഭരണാധികാരികൾ
ബ്രസീലിൽ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്ക്ക് നല്ല വർഷമായിരുന്നില്ല. അട്ടിമറിക്ക് അറസ്റ്റിലായി 27 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഫ്രാൻസിൽ അതേസമയം മുൻ പ്രസിഡന്‍റ് നിക്കോളാസ് സർക്കോസിക്കും ക്രിമിനൽ ഗൂഢാലോചനയ്ക്ക് ശിക്ഷിക്കപ്പെട്ടു. ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയെന്ന് മാത്രം.
ഫിലിപ്പീൻസിൽ മുൻ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെ അറസ്റ്റിലായി. മയക്കുമരുന്ന് ശൃംഖലക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്നായിരുന്നു ആരോപണം. ഫിലിപ്പീൻസ് ഇപ്പോൾ ഭരിക്കുന്നത് പഴയ ഏകാധിപതി മാർക്കോസിന്‍റെ കുടുംബമാണെന്നത് മറ്റൊരു വൈരുദ്ധ്യം. അവർ അധികാരം പിടിച്ചത് ഡ്യൂട്ടെർട്ടിന്‍റെ സഹായത്തോടെയും.
പെറുവിലെ പ്രസിഡന്‍റ് ദിന ബൊലുവാർട്ടെയെ ഇംപീച്ച് ചെയ്ത് പുറത്താക്കി. കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തതിലായിരുന്നു നടപടി. മഡഗാസ്കറിൽ സൈനിക അട്ടിമറിയാണുണ്ടായത്. പ്രസിഡന്‍റ് ആൻഡ്രി റജോലെലിനയെ ഇംപീച്ച് ചെയ്ത് പുറത്താക്കിയ ശേഷം.
സഹായം തേടി ആച്ചേ
ഇന്തോനേഷ്യയിലെ ആച്ചേയിൽ പ്രതിഷേധത്തിന്‍റെ സഹായാഭ്യർത്ഥനയുടെ വെള്ളക്കൊടികൾ പാറിത്തുടങ്ങിയിട്ടുണ്ട്. നവംബറിലെ ചുഴലിക്കാറ്റ് തകർത്ത ആച്ചേയിൽ സഹായം ഇതുവരെ എത്തിയിട്ടില്ല. വിദേശ സഹായം സർക്കാർ സമ്മതിക്കുന്നുമില്ല.
ട്രംപ്
അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഉത്തരവുകളും മറ്റ് പലതിന്‍റെയും സൂചനയാണ്. ട്രാൻസ്ജെണ്ടർ വിഭാഗത്തിന് ഇനി സ്ത്രീകൾക്കുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റില്ല. വിദേശ സഹായ പദ്ധതികളെല്ലാം നിർത്തി. US-AID അടക്കം. ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള സഹായ പദ്ധതികളാണ് നിലച്ചത്. അതിന്‍റെ ദുരന്തം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയുമാണ്. അതേസമയം ഖത്തറിൽ നിന്ന് ഒരു സമ്മാനം സ്വീകരിച്ചു അമേരിക്ക, പ്രസിഡന്‍റിന്‍റെ യാത്രക്കായി ഒരു ജെറ്റ് ലൈനർ. വിവാദം കത്തിയെങ്കിലും തീരുമാനം മാറ്റിയില്ല. ഇതിനിടെ പ്രസിഡന്‍റിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തതിന്‍റെ പേരിൽ ബിബിസി അമേരിക്കൻ പ്രസിഡന്‍റിനോട് മാപ്പു ചോദിച്ചു. പക്ഷേ, നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു. കാപ്പിറ്റോൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന മട്ടിലായിരുന്നു പ്രസംഗം. രണ്ട് മേധാവികളാണ് രാജിവച്ചത് അതിന്‍റെ പേരിൽ.
വംശീയ ആക്രമണം
വംശീയ ആക്രമണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കുടിയേറ്റ യൂറോപ്യൻ രാജ്യങ്ങളിൽ വിരുദ്ധ പ്രകടനങ്ങൾ നടന്നു. വടക്കൻ അയർലൻഡിൽ ഇത്തവണ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് ലൈംഗിക അതിക്രമത്തെത്തുടർന്നാണ്. കൗമാരക്കാരിയെ ഇരയാക്കിയത് റൊമാനിയൻ വംശജരെന്ന വിവരം പുറത്തുവന്നതോടെ അക്രമം വ്യാപകമായി.

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്നത് വംശീയവൈരത്തിലൂന്നിയ ഭീകരവാദ ആക്രമണമാണ്. ഐഎസ് അനുകൂലികളായ അച്ഛനും മകനും കൊന്നൊടുക്കിയത് 16 ജൂതരെ. 2024 പുതുവർഷദിനം ന്യൂ ഓർലിയൻസിൽ ഐഎസ് അനുകൂലി വാഹനമിടിച്ചു കൊന്നത് 14 പേരെ.
ദുരന്തങ്ങൾ
ദുരന്തങ്ങൾ പലതരത്തിലാണ് ഇടിത്തീയായത്. ദക്ഷിണാഫ്രിക്കയിലെ ഖനിയിൽ വിശന്നു മരിച്ചത് 100 പേരാണ്. അനധികൃത ഖനനം നിർത്താൻ അധികൃതർ കണ്ട വഴി ഖനിയടക്കലാണ്. അതോടെ ഒരു പറ്റം മനുഷ്യർ ഉള്ളിൽ കുടുങ്ങി മരിച്ചു,
മ്യാൻമറിലെ ഭൂചലനത്തിൽ മരിച്ചത് 4,400 പേർ. ഇന്തോനേഷ്യയിൽ വീശിയടിച്ച സെനിയാർ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത് 1,177 പേർ. ശ്രീലങ്കയിലെ ചുഴലിക്കാറ്റിൽ 480 പേർ, അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചത് 242 പേർ. ഹോങ്കോങിലെ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് മരിച്ചത് 128 പേർ. അമേരിക്കൻ സൈനിക വിമാനപകടത്തിൽ മരിച്ചത് 67 പേർ...
മാർപാപ്പയും ദലായ് ലാമയും
വത്തിക്കാനിൽ പുതിയ മാർപാപ്പ വന്നു. ആദ്യത്തെ അമേരിക്കൻ മാർപാപ്പ. ലിയോ പതിനാലാമൻ. തന്‍റെ അനന്തരാവകാശി പുനർജനനമാകുമെന്ന് ദലായ് ലാമ അറിയിച്ചു. പക്ഷേ, ചൈന അത് തള്ളി. ചൈനയിൽ ജനിച്ചയാളാകും അടുത്ത ദലായ് ലാമയെന്ന് ചൈനയും പ്രഖ്യാപിച്ചു.
ലൂവർ മ്യൂസിയത്തിലെ മോഷണം
ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ നടന്ന മോഷണവും ചരിത്രമായി, 4 പേർ അകത്ത് കടന്നത് പട്ടാപ്പകൽ, പോയത് 100 മില്യന്‍റെ മൂല്യമുള്ള വസ്തുക്കളുമായി. 7 പേർ അറസ്റ്റിലായി. പക്ഷേ, പോയതൊന്നും കിട്ടിയിട്ടില്ല.
സ്വർണം
സ്വർണവില ഔൺസിന് 4,000 ഡോളർ കടന്നതും ചരിത്രം.
നിരോധനങ്ങൾ
ചില നിരോധനങ്ങളും വാർത്തയായി. ഫ്രാൻസ് പുകവലി നിരോധിച്ചു. കുട്ടികളുള്ള പൊതുവിടങ്ങളിലാണ് നിരോധനം. ഓസ്ട്രേലിയ 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയും നിരോധിച്ചു.
കുലുങ്ങിയ വിനോദ ലോകം
തായ്‍ലൻഡിൽ നടന്ന മിസ് യൂണിവേഴ്സ് പജന്‍റ് വിവാദമായി. സംഘാടകർ തമ്മിലെ അഭിപ്രായ വ്യത്യാസം മിസ് മെക്സിക്കോയെ അപമാനിക്കുന്നത് വരെയെത്തി. ഉത്തരവാദി ഒടുവിൽ മാപ്പ് പറഞ്ഞു. മത്സരത്തിൽ വിജയിച്ചതും മിസ് മെക്സിക്കോയാണ്. അതിലും വിവാദം തീർന്നില്ല. വിജയിക്കേണ്ടിയിരുന്നത് മിസ് ഐവറി കോസ്റ്റാണെന്നും ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വീസ ഇല്ലാതിരുന്നത് കൊണ്ടാണ് സ്ഥാനം കിട്ടാതിരുന്നതെന്നും പുറത്ത് പറഞ്ഞത് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ മേധാവി തന്നെയാണ്. അതോടെ മിസ് ഐവറികോസ്റ്റ് തന്‍റെ സുന്ദരിപട്ടം ഉപേക്ഷിച്ചു.
അമേരിക്കൻ റാപ്പർ സീൻ ഡിഡി കോംബ്സ് ജയിലിലായി. പ്രോസ്റ്റിറ്റ്യൂഷന് വേണ്ടി മനുഷ്യക്കടത്താണ് കുറ്റം.
നേട്ടങ്ങൾ
ഗായിക ബിയോൺസെ ഒരു ഗ്രാമി കൂടി നേടി. 35 -മത്തെ ഗ്രാമി. സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചു.
ജീവനുള്ള കെ പോപ്പ് സംഘങ്ങളെ പിന്നിലാക്കി ആനിമേഷൻ കെ പോപ്പ് സംഘം മ്യൂസിക് ചാർട്ടിൽ മുന്നിലെത്തി. BTS -നെയും BLACKPINK -നെയും പിന്നിലാക്കിയെന്ന് അടിക്കുറിപ്പ്.
അന്ന വിന്‍റർ
അമേരിക്കൻ വോഗിന്‍റെ എഡിറ്റർ ഇൻ ചീഫ് അന്ന വിന്‍റർ പടിയിറങ്ങി. 37 വർഷത്തെ സേവനത്തിന് ശേഷം. ഡെവിൾ വെയേഴ്സ് പ്രാഡ (The Devil Wears Prada) എന്ന ചിത്രത്തിലെ കഥാപാത്രത്തിന് പ്രചോദനം അന്നയായിരുന്നു എന്നാണ് റിപ്പോർട്ട്. അന്നയുടെ മുൻ അസിസ്റ്റന്‍റ് എഴുതിയ നോവലാണ് സിനിമയായത്.

വിടവാങ്ങിയവർ
ഫ്രാൻസിസ് മാർപാപ്പ, The Day of the Jackal -ന്‍റെ എഴുത്തുകാരൻ ഫ്രെഡറിക് ഫോർസിത്ത്, MI5 -ന്‍റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ഡാം സ്റ്റെല്ല. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ M എന്ന കഥാപാത്രം ഡാം സ്റ്റെല്ലയെ മാതൃകയാക്കിയാണ് എഴുതിയത് എന്നാണ് പറയപ്പെടുന്നത്. ഗോഡ്ഫാദർ ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് നടി , ഡയാൻ കീറ്റൺ. ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി, ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് ജീൻ മേരി ലെ പെൻ, യുഎസ് മുൻ വൈസ്പ്രസിഡന്‍റ് ഡിക് ചെനി. പെറൂവിയൻ എഴുത്തുകാരൻ മാരിയോ വർഗാസ് ലോസ.
ഇന്ത്യക്കാരനായ മാധ്യമപ്രവർത്തകൻ, ചലച്ചിത്രനിർമ്മാതാവ്, പ്രിതിഷ് നന്ദി, ഹോളിവുഡ് നടൻ റോബ് റൈനറിനെയും ഭാര്യമൈക്കൽ റൈനറിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ നിക്ക് റൈനറാണ് അറസ്റ്റിലായത്. ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ റോബർട്ട് റെഡ്ഫോർഡ്, ടോപ് ഗണിലെ വില്ലനായി വേഷമിട്ട വാൽ കിൽമർ, ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയ...
ആഗോള താപം
ആഗോള താപം ഏറ്റവും കൂടിയ വർഷമായിരുന്നു 2025. അത് മനുഷ്യന്‍റെ സംഭാവന (Man made) തന്നെയാണെന്ന് ഉറപ്പിച്ചd പറയുന്നു കാലാവസ്ഥാ ശാസ്ത്രജ്ഞർ. ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും രാജ്യങ്ങളെ വലച്ചു. ലോകത്തെ ഭീമൻ ഹിമപാളികൾ ഉരുകുകയാണ്. 8 വർഷത്തിനകം ആൽപ്സിലെ 100 ഹിമപാളികൾ അപ്രത്യക്ഷമാകുമെന്നാണ് പ്രവചനം. പിന്നെയൊരു 10 വർഷത്തിനകം അമേരിക്കയിലെയും കാനഡയിലെയും 800 ഹിമപാളികൾ അപ്രത്യക്ഷമാകും അതിന് അനുസരിച്ച് ഐസ്‍ലൻഡിലെ മഞ്ഞിനടിയിൽ ഉറങ്ങിക്കിടക്കുന്ന അഗ്നിപർവതങ്ങൾ ഉണരുന്നോ എന്നൊരു സംശയമുണ്ടിപ്പോൾ. ഭൂചലനങ്ങൾ കൂടിയിട്ടുണ്ട്.

വത്നജോകുൽ (Vatnajokull) ആണ് യൂറോപ്പിലെ ഏറ്റവും വലി ഹിമപാളി. അതിനടിയിലെ ബര്‍ഡാര്‍ബംഗ (Baroarbunga) അടക്കം 6 അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചാൽ വിനാശമാകും ഫലം. പക്ഷേ, കണക്കിലെടുക്കേണ്ടവർ ഇതൊന്നും കണക്കിലെടുക്കുന്നില്ല. എല്ലാം പഴയത് പോലെ. മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യങ്ങൾ മാത്രം അലമുറയിടുന്നു. തുവാലു മാത്രം ഡിജിറ്റൽ രാജ്യം തയ്യാറാക്കുകയാണ്. ദ്വീപ് മുങ്ങിയാലും രാജ്യം ഡിജിറ്റൽ ലോകത്ത് നിലനിൽക്കും. പൗരത്വം. സംസ്കാരം, ആചാരങ്ങൾ, രേഖകൾ, എന്നുവേണ്ട സർക്കാരുൾപ്പടെ ഉണ്ടാകും. അത് ദീർഘവീക്ഷണം. പക്ഷേ, ലോകത്തിന്‍റെ തന്നെ നിലനിൽപ്പ് അപകടത്തിലാകുന്ന ഒരവസ്ഥ വന്നേക്കാം. വരാതിരിക്കണമെങ്കിൽ നടപടികൾ വേണം. ആഗോളതാപനം തടയണം. ഓരോരുത്തരും ഉത്തരവാദികളാണതിന്. സർക്കാരുകൾ മാത്രമല്ല. തിരിച്ചറിവുണ്ടാകട്ടെ, സന്തോഷമുള്ള പുതുവർഷങ്ങൾ ഉണ്ടാകട്ടെയെന്ന് മാത്രം പരസ്പരം ആശംസിക്കാം.


