Asianet News MalayalamAsianet News Malayalam

ഈ ഒരു ജന്മത്തില്‍ തന്നെ, ഞാന്‍ നിനക്ക് ഇതെല്ലാമാവാം...

പലപ്പോഴും പ്രണയ ഗാനങ്ങളിൽ നമ്മൾ സ്വന്തം പ്രണയമാണല്ലോ കാണുക. പിന്നീട്, അവന്‍റെ പ്രിയപ്പെട്ട പാട്ടായതു കൊണ്ട് അത് എനിക്കും ഏറെ പ്രിയമുള്ള ഒന്നായി. അവനെ പോലെ അത്രമാത്രം പ്രിയപ്പെട്ടതാണ് അവന്റെ ചില ഇഷ്ടങ്ങളും.

my beloved song shilpa dinesh
Author
Thiruvananthapuram, First Published Jan 5, 2019, 6:25 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song shilpa dinesh

അവന് വേണ്ടിയാണിത്... ഒറ്റ മകനായി വളർന്ന്,  ഒരു കുഞ്ഞനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എനിക്കേറെ പ്രിയപ്പെട്ടവന് വേണ്ടി... അവന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയാൻ എനിക്കെന്നും ഇഷ്ടമായിരുന്നു. അങ്ങനെ ഒരിക്കലാണ് ഇഷ്ടമുള്ള പാട്ടിനെ കുറിച്ച് സംസാരിക്കുന്നത്. "ശ്രീരാഗമോ തേടുന്നു..." ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടെന്ന് പറഞ്ഞപ്പോൾ ഒന്ന് അമ്പരന്നു. വളരെ അപൂർവമായിട്ടേ അവന്റെ പ്ലേലിസ്റ്റിൽ മെലഡി ഗാനങ്ങൾ കേൾക്കാറുള്ളു എന്നുള്ളതുകൊണ്ടായിരുന്നു അത്.

അവന്‍റെ വിഷമം എനിക്ക് മനസിലാക്കാൻ സാധിക്കും

ഒന്നിച്ചുള്ള യാത്രകളിൽ ചിലതൊക്കെ കേട്ടിട്ടുണ്ട് എങ്കിലും ഈ പാട്ട് ഒട്ടും പ്രതീക്ഷിച്ചില്ല. മാത്രമല്ല അത്ര  റൊമാന്‍റിക് അല്ലാത്ത ആൾക്ക് ഈ പാട്ട് അത്രേം പ്രിയപ്പെട്ടതാവാൻ എന്തായിരിക്കും കാരണം എന്ന് അറിയണമല്ലോ.  "ഓക്കേ, എന്തുകൊണ്ടാ ആ പാട്ട് ഇത്രേം പ്രിയപ്പെട്ടതായത്." "ഡീ... ഒറ്റക്ക് വളർന്ന ഞാൻ ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഈ സിനിമ കാണുമ്പോഴും പാട്ട് കേൾക്കുമ്പോഴും ഒക്കെ ഞാനോർക്കും അത് ..." അവന്റെ ജീവിതം അറിയാവുന്നത് കൊണ്ട് അവന്‍റെ വിഷമം എനിക്ക് മനസിലാക്കാൻ സാധിക്കും. അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന പോലെ തന്നെയാണ് ഒരു പെൺകുഞ്ഞു വേണം എന്ന അവന്‍റെ ആഗ്രഹവും.

പലപ്പോഴും പ്രണയ ഗാനങ്ങളിൽ നമ്മൾ സ്വന്തം പ്രണയമാണല്ലോ കാണുക. പിന്നീട്, അവന്‍റെ പ്രിയപ്പെട്ട പാട്ടായതു കൊണ്ട് അത് എനിക്കും ഏറെ പ്രിയമുള്ള ഒന്നായി. അവനെ പോലെ അത്രമാത്രം പ്രിയപ്പെട്ടതാണ് അവന്റെ ചില ഇഷ്ടങ്ങളും.

അവന്റെ മഴക്കുഞ്ഞുങ്ങളെ പെറ്റു പോറ്റിക്കോളാം ഞാനെന്നു അവനോട് പറഞ്ഞിട്ടുണ്ട്

അവനെപ്പോഴും കൂട്ടായി, തളരുമ്പോൾ താങ്ങായി നിൽക്കാൻ ശ്രമിക്കാറുണ്ടെങ്കിലും സാഹചര്യങ്ങൾ പക്ഷേ പലപ്പോഴും ഞങ്ങളെയും മീരയും ചേട്ടച്ഛനുമാക്കാറുണ്ട്.  ഒരനിയത്തിയോ അനിയനോ വേണമെന്ന അവന്റെ ആഗ്രഹം ഇനി നടക്കില്ലെങ്കിലും അവന്റെ മഴക്കുഞ്ഞുങ്ങളെ പെറ്റു പോറ്റിക്കോളാം ഞാനെന്നു അവനോട് പറഞ്ഞിട്ടുണ്ട്. ഒരമ്മയുടെ വാത്സല്യം, കൂടപ്പിറപ്പിന്റെ സ്നേഹം, കാമുകിയുടെ പ്രണയം, ഭാര്യയുടെ കരുതൽ, സുഹൃത്തിന്റെ ഇഷ്ടം ഇതെല്ലാം ഈ ഒരു ജന്മത്തിൽ തന്നെ അവന് നൽകണം. എന്നിട്ട് ഞങ്ങൾക്കും പോകണം, 

"പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം..."

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

Follow Us:
Download App:
  • android
  • ios