Asianet News MalayalamAsianet News Malayalam

ഒരേ പുസ്തകം, ഒരേ വായനക്കാരി; ഇടയില്‍ 14 വര്‍ഷങ്ങള്‍!

  • എന്റെ പുസ്തകം
  • ശ്രീബാല കെ മേനോന്‍ എഴുതുന്നു

 

 

My book Sreebala K Menon on Protima Bedi s Time Pass
Author
First Published Jul 13, 2018, 6:44 PM IST

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

My book Sreebala K Menon on Protima Bedi s Time Pass

നമ്മളെ സ്വാധീനിച്ച ഒരു പുസ്തകത്തെക്കുറിച്ച് എഴുതാന്‍ ഇരിക്കുമ്പോള്‍ പതിനാലു വര്‍ഷം മുമ്പ് എഴുതിയ അതേ പുസ്തകത്തെക്കുറിച്ച് ഓര്‍മ്മ വരുന്നത് എന്ത് കഷ്ടമാണ്! അതിനര്‍ത്ഥം 14 കൊണ്ട് വേറെ ഒന്നും എന്നെ സ്വാധീനിച്ചില്ല എന്നാണോ? ഒരിഞ്ച് പോലും മാറിയില്ല എന്നാണോ? പല പല പുസ്തകങ്ങള്‍ എടുത്ത് വെച്ച്, മറിച്ചു നോക്കുമ്പോഴും പഴയ പുസ്തകം വന്ന് ആവശ്യപ്പെടുന്നു, 'എന്നെ ഒന്നെടുത്ത് നോക്കൂ'. 

ഒടുവില്‍ അത് തന്നെ എനിക്ക് ചെയ്യേണ്ടി വന്നു. ഞാന്‍ പുസ്തകവുമായി ഇരുന്നു. പ്രോതിമ ബേദിയുടെ ടൈം പാസ്. ആദ്യത്തെ പേജ് തുറന്നപ്പോള്‍ നാലായി മടക്കിയ ഒരു വെള്ള പേപ്പര്‍. തുറന്നു നോക്കിയപ്പോള്‍ പ്രോതിമ സ്ഥാപിച്ച നൃത്യ ഗ്രാമത്തിലേക്ക് പോവാന്‍ വേണ്ടി ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത വഴിയും മറ്റ് വിവരങ്ങളും അടങ്ങുന്ന പ്രിന്റ് ഔട്ട്. ഒരു പുസ്തകം വായിച്ച് സ്ഥലം കാണാന്‍ ഞാന്‍ അവിടെ മാത്രമേ പോയിട്ടുള്ളൂ. പുസ്തകം വീണ്ടും വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. 

14 കൊല്ലം മുമ്പ്  അടിവരയിട്ടു വെച്ച ഒരു വാചകം പോലും ഇന്ന് എന്നെ ആകര്‍ഷിക്കുന്നില്ല. മറിച്ച് വേറെ കുറേ കാര്യങ്ങളാണ് . അപ്പൊ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ മാറി. പുസ്തകത്തില്‍ ഇപ്പോള്‍ കാണുന്നത് അന്ന് ശ്രദ്ധിക്കാതെ പോയ കാര്യങ്ങള്‍. തുറന്നെഴുത്തിന്റെ ഭംഗി, അങ്ങനെ എഴുതാനുള്ള അവരുടെ ചങ്കൂറ്റം, പ്രണയത്തില്‍ നിന്നും പ്രണയത്തിലേക്കുള്ള സഞ്ചാരം, സ്വയം വിമര്‍ശനം ഇതൊക്കെയായിരുന്നു ആ പുസ്തകം എനിക്ക് പ്രിയപ്പെട്ടതാവാന്‍ അന്ന് കാരണം. എന്നെങ്കിലും ഒരെണ്ണം എഴുതുകയാണെങ്കില്‍ ഈ മാതൃകയില്‍ ആവണം എന്ന തോന്നല്‍. 

My book Sreebala K Menon on Protima Bedi s Time Pass 2004 സെപ്തംബര്‍ അഞ്ചിന് കലാകൗമുദി പ്രസിദ്ധീകരിച്ച ആ പുസ്തകക്കുറിപ്പ്


14 വര്‍ഷം മുമ്പ് 'ടൈം പാസ്'
വായിച്ച വിധം

2004 സെപ്തംബര്‍ അഞ്ചിന് കലാകൗമുദി പ്രസിദ്ധീകരിച്ച ആ പുസ്തകക്കുറിപ്പ് ഇതായിരുന്നു: 

മുറിവേല്‍പ്പിക്കുന്ന ഓര്‍മ്മ
'ഇതെന്റെ ജീവിതമാണ്. ഞാനെങ്ങനെ ജീവിക്കണമെന്നു പറയാനോ ഞാനെന്തൊക്കെ ചെയ്യുന്നുവെന്ന് ചോദിക്കാനോ ആര്‍ക്കും അവകാശമില്ല' എന്ന പിന്‍കുറിപ്പോടെ പുറത്തിറങ്ങിയ ഒരു പുസ്തകം വായനക്കാരെ ആകര്‍ഷിക്കാതിരിക്കുന്നതെങ്ങനെ? പ്രത്യേകിച്ചും നഗ്‌നഓട്ടം മുതലായ പരിപാടികളിലൂടെ (കു)പ്രസിദ്ധി നേടിയ ഒരു വ്യക്തിയുടെ പ്രസ്താവനയാകുമ്പോള്‍. ആവശ്യത്തിന് എരിവും പുളിയും കാണാതിരിക്കില്ല എന്ന ദുശ്ചിന്തയോടെ പുസ്തകം കയ്യിലെടുത്ത എനിക്ക് അതു വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ വികാരം എന്തായിരുന്നു? ഇത് എഴുതിയ ആളുടെ സത്യസന്ധതയോടുള്ള ആദരവു കലര്‍ന്ന സ്‌നേഹം? അതെ, അതുതന്നെയായിരുന്നു പരമപ്രധാനമായി വികാരം. കൂടാതെ ഇങ്ങനെയും ജീവിതം ജീവിക്കാനാവുമോ എന്ന അദ്ഭുതം, വാത്സല്യം, ദു:ഖം, സഹതാപം, ചില പ്രവൃത്തികളോട് വെറുപ്പ് അങ്ങനെ വേറെ പലതും. 

പ്രോതിമയുടെ ജീവിതം പോലെതന്നെയാണ് ഈ പുസ്തകവും സ്വീകരിക്കപ്പെട്ടത്. സെന്‍സേഷന്‍! അതിനപ്പുറത്തെ വ്യക്തിയെ ആരും കണ്ടില്ല. അഥവാ കണ്ടതായി നടിച്ചില്ല. പ്രത്യേകിച്ചും കേരളത്തില്‍. കണ്ടതായി നടിച്ചാല്‍ നമുക്ക് പലതും ചര്‍ച്ച ചെയ്യേണ്ടി വരും. ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ച്, ഒരേ സമയം പലരെ സ്‌നേഹിക്കുകയും കാമിക്കുകയും എല്ലാവരോടും തന്‍േറതായ രീതിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നതിനെ കുറിച്ച്, അവനവനോട് സത്യസന്ധത പുലര്‍ത്തുന്നതിനെ കുറിച്ച്, ഒരിക്കലും തളരാത്ത ഇച്ഛാശക്തിയെ കുറിച്ച്, ജീവിതത്തെ വെറും നേരമ്പോക്കായി കാണാനുള്ള ശ്രമങ്ങളെ കുറിച്ച്... അതിലും എളുപ്പം പുസ്തകം മറിച്ചുനോക്കി ചൂടന്‍രംഗങ്ങള്‍ വായിച്ച് ബാക്കി എല്ലാറ്റിനെ കുറിച്ചും 'ഇത് അവരുടെ ജീവിതമാണ് എങ്ങനെ ജീവിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം എന്നതുപോലെ അതിനെ എങ്ങനെ വായിക്കണമെന്ന് എനിക്കും തീരുമാനിക്കാം' എന്നു പറയലാണ്. അതുകൊണ്ട് നാം നേരിടാന്‍ പ്രയാസമുള്ള കണ്ണുകളോടു പതിവായി ചെയ്യുന്നത് ഈ പുസ്തകത്തിന്റെ കാര്യത്തിലും ചെയ്യുന്നു- നേരിടാനാവാതെ മുഖം താഴ്ത്തുക, പിന്നീട് ഒളിഞ്ഞുനോക്കി പരസ്പരം പതിഞ്ഞ ശബ്ദത്തില്‍ പിറുപിറുക്കുക. 

My book Sreebala K Menon on Protima Bedi s Time Pass പ്രോതിമ ബേദി, ടൈം പാസ്

 

ഈ പുസ്തകത്തിന്റെ സത്യസന്ധത നമ്മളെ ഏറെ മുറിപ്പെടുത്തും. തന്റെ സാമ്പത്തിക ഉന്നമനത്തിനായി അച്ഛന്‍ അമ്മയെ പലര്‍ക്കും കാഴ്ച വച്ചിരുന്നു എന്ന് പ്രോതിമ പറയാതെ പറയുമ്പോള്‍, സിദ്ധാര്‍ത്ഥ് കബീര്‍ ബേഡിയുടെ മകനോ തന്റെ  ജര്‍മ്മന്‍ കാമുകനായ ഫ്രെഡിന്റെ  മകനോ എന്ന് എനിക്ക് ഉറപ്പു പറയാനാവില്ലെന്ന് മകനെ എഴുതിയറിയിക്കുമ്പോള്‍ നമ്മളറിയാതെ നമ്മളോടുതന്നെ ചോദിച്ചു പോവുന്നു 'എന്തിനീ മുറിപ്പെടുത്തുന്ന സത്യസന്ധത, ഇവര്‍ക്ക് പലതും പറയാതിരുന്നുകൂടേ?'  എല്ലാം മൂടിമറയ്ക്കുന്ന സദാചാരമാണ് ഈ ലോകത്തിലെ ഏറ്റവും മേന്മയേറിയ കാര്യം എന്നു ഭാവിക്കുന്ന സമൂഹത്തിന്റെ മുന്നിലേക്കാണ് പ്രോതിമ തന്റെ സത്യസന്ധത നിറഞ്ഞ പൊട്ടിച്ചിരിയുമായി വരുന്നത്. ചീത്ത=സദാചാരമില്ലായ്മ എന്ന് പലവുരു ആവര്‍ത്തിച്ച് മനസിലുറപ്പിച്ച നമ്മളെ ഈ പുസ്തകം വല്ലാതെ കുഴയ്ക്കും. സദാചാരവിരുദ്ധമായ ജീവിതം നയിച്ച ഈ സ്ത്രീയുടെ അപകടകരമായ സത്യസന്ധത, ഉദ്ദേശശുദ്ധി, ആത്മാര്‍ത്ഥത, വിശാല മനസ്‌കത, സ്‌നേഹിക്കാനുള്ള അപാരമായ കഴിവ്.

ജീവിതം ഒരു വെറും നേരമ്പോക്കല്ലേ എന്ന തിരിച്ചറിവ് നമ്മളോട് തന്നെ ചോദിക്കാന്‍ നമ്മളെ പ്രേരിപ്പിക്കും- 'സദാചാരമില്ലാതെയും നമുക്ക് നല്ലവരാവാം അല്ലേ?' 

'തീര്‍ച്ചയായും എന്താ ഇനിയും സംശയമുണ്ടോ? അല്ലെങ്കില്‍ എന്താണ് സദാചാരം?' -പ്രോതിമയുടെ പൊട്ടിച്ചിരിയോടെയുള്ള മറുപടി. 

ബോളിവുഡിന്റെ മായക്കാഴ്ചകളില്‍ നിന്ന് ക്ലാസിക്കല്‍ നൃത്തത്തിലേക്കുള്ള ദൂരം നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്കുള്ള യാത്ര പോലെയാണ്. ഒരിക്കലും സാധ്യമാവാത്തത്. സാധ്യമാവില്ല എന്ന് എല്ലാവരും ആണയിട്ടപ്പോഴും എന്നാല്‍ ഒരു കൈ നോക്കിയിട്ടുതന്നെ കാര്യം എന്ന വാശിയോടെ ഇരുപത്തിയാറാം വയസില്‍ ആദ്യമായി അവര്‍ ചിലങ്കയണിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഗുരു കേളുചരണ്‍ മഹാപാത്രയുടെ പ്രിയ ശിഷ്യയായും പിന്നീട് നൃത്യഗ്രാമത്തിന്റെ സ്ഥാപകയായും മാറിയപ്പോള്‍ അവര്‍ വീണ്ടും കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു, 'ഇതെല്ലാം വെറുമൊരു ടൈംപാസല്ലേ. ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ ലോകത്തില്‍ എല്ലാം സംഭവിക്കുന്നത്. നമ്മളെല്ലാം അതിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു' എന്ന് മാത്രം. 

വലുതാകുമ്പോള്‍ മക്കള്‍ അമ്മയെ ഉപേക്ഷിക്കുന്നതിനു സമാനമായി സ്വയം പര്യാപ്തമായപ്പോള്‍ നൃത്യഗ്രാമം ഉപേക്ഷിച്ച് അധ്യാത്മികതയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചപ്പോഴും അവര്‍ അതുതന്നെ പറഞ്ഞു. 'ഒരു വ്യക്തി മരിച്ചുപോയതിനു ശേഷം അയാളുടെ പദ്ധതിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്കാണ് ചേതം? ഒരുപക്ഷെ, ഇപ്പോഴത്തെ നൃത്തശാല ഒരു ഡിസ്‌കോത്തെക് ആയി മാറും. ഒരു തമാശയായിത്തോന്നാമെങ്കിലും ഇതില്‍ സാംഗത്യമില്ലായ്മയില്ല. മറ്റു പല കാര്യങ്ങളുമായി നമ്മുടെ ജീവിതം തിരക്കുനിറഞ്ഞതായിരിക്കും. കാലം കടന്നുപോകും. 'ടൈം പാസ്' അല്ലാതെന്ത്? നിങ്ങളിവിടെ ജീവിക്കുന്നു. നിങ്ങളെങ്ങനെ കാലം താണ്ടുന്നുവെന്നത് നിങ്ങളുടെ തീരുമാനമാണ്! ഇതേ പറയുമ്പോള്‍ അവര്‍ക്ക് വെറും 48 വയസ്സുമാത്രം. ഒടുവില്‍ മാനസസരോവറിലേക്കുള്ള തീര്‍ത്ഥാടനമധ്യേ തന്റെ ഭൗതിക ശരീരത്തിന്റെ ഒരു തുണ്ടു പോലും അവശേഷിപ്പിക്കാതെ ഭൂമിക്കുള്ളില്‍ മറഞ്ഞപ്പോഴും 'ഇതും ഒരു പദ്ധതിയുടെ ഭാഗം'എന്നു മനസിലോര്‍ത്തു കാണണം. 

അപ്‌സരസ്സായ ഉര്‍വശിയെക്കുറിച്ച് പറഞ്ഞാണ് പ്രോതിമ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങുന്നത്: ഇന്ദ്രസദസ്സിലെ തിളങ്ങുന്ന രത്‌നമായ ഉര്‍വശിയായിരുന്നു, ആദ്യത്തെ അപ്‌സര കന്യക. അപ്‌സരസ്സുകള്‍ ഇന്ദ്രസദസ്സിലെ സ്വത്തുക്കളായിരുന്നു. കാമകലകളിലും നൃത്തത്തിലും സംഗീതത്തിലും നിപുണകളായിരുന്ന അവര്‍ക്ക് എല്ലാ ദേവന്മാരെയും ആ വിദ്യകളുപയോഗിച്ച് പ്രീതിപ്പെടുത്തേണ്ടിയിരുന്നു. എങ്കിലും അവിടെ പ്രണയം എന്ന ഒരു സങ്കല്പമേ ഇല്ലായിരുന്നു. ഒരിക്കല്‍ ഉര്‍വശിയുമായി കലഹിച്ച് ദേവന്മാരും മിത്രനും വരുണനും അവളെ ശപിച്ചു. തന്റെ ശക്തിയെല്ലാം നഷ്ടപ്പെട്ട് വെറുമൊരു നശ്വരജീവിയായി അവള്‍ ഭൂമിയിലേക്കിറങ്ങിവന്നു. ഭൂമിയിലെത്തിയപ്പോള്‍ അവള്‍ പുരൂരവസ്സ് ചക്രവര്‍ത്തിയുമായി പ്രണയത്തിലായി. അവര്‍ പരമാനന്ദകരമായ ജീവിതം നയിച്ചു. ഒരു അപ്‌സര സ്ത്രീയായതുകൊണ്ട് ഒരിക്കല്‍ ശാപമോക്ഷം ലഭിച്ച് തനിക്ക് തിരിച്ചുപോകേണ്ടിവരുമെന്നും വീണ്ടും വികാരവിചാരങ്ങളില്ലാത്ത ഒരു സുന്ദരിയായ യന്ത്രമായി താന്‍ മാറുമെന്നുമുള്ള ചിന്ത ഉര്‍വശിയെ അലട്ടി. അതില്‍നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം പുരൂരവസ്സിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും അദ്ദേഹമൊരു ദേവനാവുകയും താനൊരു ദേവിയാവുകയും ചെയ്യുക എന്നതാണ്. ഒടുവില്‍ അവള്‍ എല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ഇന്ദ്രന്‍ ഇതറിഞ്ഞു. ക്ഷുഭിതനായി. അദ്ദേഹം മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കയച്ചു. ആകാശം ജ്വലിച്ചു. ഭൂമിയില്‍ സമുദ്രം ഇളകിയാര്‍ത്തു.തന്റെ പ്രിയനില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്നത് ആലോചിക്കാനാവാതെ ഉര്‍വശി ആത്മഹത്യ ചെയ്തു. അവള്‍ നശ്വരജീവിയായി കര്‍മ്മ ചക്രത്തിലേക്ക് പ്രവേശിച്ചു. അനവധി ദശലക്ഷം ജീവിതകാലം അതിനുശേഷം കടന്നുപോയി. ഉര്‍വശി ജനിച്ചും മരിച്ചും വിവിധ രൂപങ്ങളില്‍ ആ കഥ ആവര്‍ത്തിക്കുന്നു. 

കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടനത്തിനിടയില്‍ മരിക്കുന്നവര്‍ മോക്ഷം പ്രാപിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കിലും വീണ്ടുമൊരു ഉര്‍വശിയായി പ്രോതിമ എവിടെയെങ്കിലും ജനിച്ചിരിക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പ്രേമമില്ലാത്ത ഒരു ലോകത്ത് ഉര്‍വശിക്കെന്ന പോലെ പ്രോതിമയ്ക്കും പോവാന്‍ സാധ്യമല്ല. 'അന്തരാത്മാവുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ഏകമാര്‍ഗം പ്രണയമാണ്. നിങ്ങള്‍ ദൈവമാണെന്നും നിങ്ങള്‍ ഈ ബ്രഹ്മമാണെന്നും നിങ്ങള്‍ എല്ലാറ്റിന്റെയും ഭാഗമാണെന്നുമുള്ള തോന്നല്‍ പ്രണയം നിങ്ങള്‍ക്ക് നല്‍കുന്നു' എന്ന് പറഞ്ഞ പ്രോതിമയ്ക്ക് അവിടെ എങ്ങനെ കഴിയാനാവും? 

ഈ പുസ്തകം നിങ്ങള്‍ക്ക് ഇഷ്ടമാവാന്‍ സാധ്യതയില്ല.പക്ഷെ, ഒന്നുറപ്പ്, അത് നിങ്ങളെ മുറിവേല്‍പിക്കും. അസ്വസ്ഥമാക്കും- അതിന്റെ മൂര്‍ച്ചയേറിയ സത്യസന്ധത കൊണ്ട്. തന്റെ ജീവിതം കൊണ്ട് പ്രോതിമയും അതേ ഉദ്ദേശിച്ചിരിക്കുകയുള്ളൂ. വെറുതെ ഒരു അസ്വസ്ഥത സൃഷ്ടിച്ച്  ജീവിതമെന്ന നേരമ്പോക്കിനെ കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കാന്‍.

My book Sreebala K Menon on Protima Bedi s Time Pass പ്രോതിമ ബേദി

 

ടൈം പാസ് വീണ്ടും വായിക്കുമ്പോള്‍ 
എന്നാല്‍ ഇപ്പോള്‍ ഈ വായനയില്‍ ഞാന്‍ കണ്ടത് അവരുടെ ശരീരത്തിന്റെ ആഘോഷങ്ങളുടെ കഥയല്ല. മറിച്ച് അതിനിടയില്‍ ഭംഗിയില്‍ പറഞ്ഞു പോയിരിക്കുന്ന ശ്രദ്ധിച്ച് സസൂക്ഷ്മം വായിക്കുമ്പോള്‍ മാത്രം കാണാവുന്ന ഒരു ആത്മീയ യാത്രയാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയില്‍ ഉര്‍വ്വശി എന്ന അപ്‌സരസ്സ് നടത്തുന്ന ഒരു ആത്മീയ സഞ്ചാരം. അതിന് പ്രോതിമ ബേദി എന്ന വ്യക്തിയുടെ ശരീരം വെറും ഒരു ഉപകരണം മാത്രം. ഈയൊരു കാഴ്ച ഇതിന് മുമ്പുള്ള ഒരു വായനയിലും ഈ പുസ്തകം എനിക്ക് നല്‍കിയതേയില്ല. 

പല പല അടരുകളായി നമ്മുടെ മുന്‍പില്‍ ഒരു പുസ്തകം അനാവരണം ചെയ്യപ്പെടുന്നു. ഓരോ കാലത്തും നമ്മുടെ ചിന്തയും കാഴ്ചപ്പാടും അനുസരിച്ച് നമുക്ക് വേണ്ടുന്ന കാര്യം മാത്രം അതില്‍ കാണുന്നു. ഒരു പാട് സൂക്ഷ്മതകള്‍ ഒളിപ്പുവെച്ച് (ജീവിതം പോലെ ) വേണ്ടുന്ന സന്ദര്‍ഭത്തില്‍ മാത്രം അവ കാണാന്‍ നമ്മളെ അനുവദിച്ചു കൊണ്ടുള്ള സ്വന്തം ജീവിതത്തിന്റെ തുറന്നു പറച്ചില്‍. അതിനു നല്‍കിയിരിക്കുന്ന പേര് ടൈം പാസ്. 

ഇനി ഒരു പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ ഈ പുസ്തകം ഒന്നു കൂടി എടുത്തു വായിക്കാന്‍ ധൃതിയാവുന്നു. അന്ന് വേറെന്ത് കാഴ്ചയാവും ടൈം പാസായി എനിക്ക് വേണ്ടി കരുതി വെച്ചിരിക്കുക?

 

 

 

 

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

റിജാം റാവുത്തര്‍:  രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...​

രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത്  'അന്ധത' വായിക്കുമ്പോള്‍​

അഭിജിത്ത് കെ.എ: അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍​

Follow Us:
Download App:
  • android
  • ios