
നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്ന ജി.പി. കൊയ് രാളയെ കുറിച്ച് ഒ.വി. വി വിജയന്‍ എഴുതുന്നുണ്ട്. കൊയ് രാളെ പ്രധാനമന്ത്രിയായിരിക്കവേ നേപ്പാളി പട്ടാളത്തെ പിരിച്ചു വിട്ടാലോ എന്നൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. സ്വാഭാവികമായും വലിയ പ്രതിഷേധം ഇതിനെതിരെ രാജ്യമെങ്ങും നിന്നുണ്ടായി. സൈന്യം തന്നെയാണ് ഏറ്റവും വലിയ എതിര്‍പ്പ് ഉയര്‍ത്തിയത്. ഇതിനു മറുപടിയായി കൊയ് രാളെ സൈന്യത്തോട് പറഞ്ഞു, 'എന്നാല്‍ നിങ്ങള്‍ പോയി യുദ്ധം ചെയ്ത് ചൈനയെ പരാജയപ്പെടുത്തൂ'.
സൈന്യം തയ്യാറല്ല.
'എന്നാല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാലും മതി'. സൈന്യം അതിനും തയ്യാറല്ല. അപ്പുറവും ഇപ്പുറവും ഇന്ത്യയും ചൈനയുമാണ്. അവ രണ്ടിനെയും പരാജയപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പിന്നെ പട്ടാളത്തെ കൊണ്ട് എന്ത് ഉപയോഗമാണ് എന്നാണ് കൊയ് രാളെ തിരിച്ച് ചോദിച്ചത്.
സൈന്യത്തെ നിലനിര്‍ത്തണോ വേണ്ടയോ എന്ന ഇത്തരമൊരു സംശയം പ്രാചീനകാലത്ത് ഉണ്ടാകാനിടയില്ല. കാരണം, ഒരു ജനസമൂഹത്തിന്റെ ഉത്പാദന ഉപാധികള്‍ വികസിക്കുകയും ആവശ്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും അവയ്ക്ക് വളരാന്‍ പുതിയ ഭൂപ്രദേശവും വിഭവങ്ങളും ആവശ്യമായി വരും. അത്തരമൊരു ജോലിയാണ്, പുതിയ ഭൂപ്രദേശങ്ങള്‍ കീഴടക്കി വിഭവങ്ങള്‍ (ഭൂമിയും സമ്പത്തും പ്രകൃതിവിഭവങ്ങളും) സ്വന്തമാക്കുക എന്നത്. ഇതായിരുന്നു അക്കാലത്ത് സൈന്യത്തിന്റെ ലക്ഷ്യം. സൈന്യത്തെ നിലനിര്‍ത്താന്‍ ഭീമമായ തുക വേണം. ആ തുക കണ്ടെത്തുന്നത് ഇങ്ങനെ അക്രമങ്ങള്‍ നടത്തിയിട്ടാണ്. ചെല്ലും ചെലവും കൊടുത്ത് സൈന്യത്തെ വെറുതെ ഇരുത്തിയാല്‍ എന്ത് സംഭവിക്കും എന്നതിന് അശോകന്റെ മൗര്യസാമ്രാജ്യം ഉദാഹരണമാണ്. ധര്‍മ്മനയത്തിന്റെ അടിസ്ഥാനത്തില്‍ യുദ്ധത്തിന് അശോകന്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചതോടെ സൈന്യത്തില്‍ നിന്ന് യാതൊരു റിട്ടേണുമില്ലാതെ വന്നു. സൈന്യത്തിന് ചെലവിനു കൊടുത്ത് രാജ്യം മുടിഞ്ഞു. മൗര്യസമ്രാജ്യം ഛിന്നഭിന്നമായി. പുഷ്യമിത്ര സുംഗനിലൂടെ ബ്രാഹ്മണര്‍ അധികാരം തിരിച്ചു പിടിച്ചു.
ഒഴിവാക്കാനാവാത്ത നഷ്ടക്കച്ചവടമാണ് സൈന്യം.
ആധുനിക കാലത്ത് സൈന്യം വേണോ വേണ്ടയോ എന്നത് നേപ്പാളിനെ പോലെ ഒരു ചെറുരാജ്യത്തിന് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമല്ല. എന്നാല്‍ ഇന്ത്യയ്ക്ക് അത്തരമൊരു നിലപാടെടുക്കാനാവില്ല. ഇന്ത്യക്ക് ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ സൈന്യത്തെ കൂടാതെ നിലനില്‍ക്കാന്‍ സാധ്യമല്ല. ഒഴിവാക്കാനാവാത്ത നഷ്ടക്കച്ചവടമാണ് സൈന്യം.
യുദ്ധവും നഷ്ടക്കച്ചവടമാണ്. സ്വാതന്ത്ര്യനന്തരം ഇന്ത്യ കടന്നു പോയ അഞ്ചു യുദ്ധങ്ങളിലും ഇന്ത്യയ്ക്ക് കനത്ത സാമ്പത്തിക ക്ലേശമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. സൈനികമായും ധാര്‍മ്മികമായും ഇന്ത്യ നടത്തിയ ഏറ്റവും ഐതിഹാസികമായ പോരാട്ടമായ ബംഗ്ലാദേശ് യുദ്ധത്തിലൂടെ കൈവന്ന നേട്ടം പക്ഷേ, നാളെ ഖാലിദ സിയ അധികാരത്തില്‍ വന്നു ചൈന-പാകിസ്ഥാന്‍ അച്യുതണ്ടിനോട് കൂറ് പ്രഖ്യാപിച്ചാല്‍ തീരാവുന്നതേയുള്ളൂ.
സമാധാന കാലത്ത് ഡിറ്ററന്റ് ഫോഴ്‌സായി പ്രവര്‍ത്തിക്കുക, യുദ്ധകാലത്ത് ഉജ്ജ്വലമായി പോരാടുക എന്നതാണ് പട്ടാളം ചെയ്യേണ്ട ധര്‍മ്മം.
എപ്പോഴും യുദ്ധസജ്ജരായിരിക്കുക, കാര്യശേഷിയും പടക്കോപ്പുകളും മെച്ചപ്പെടുത്തുക എന്നതാണ് സമധാനകാലത്ത് പട്ടാളം ചെയ്യേണ്ടത്.
യുദ്ധം ചെയ്യല്‍ താരതമ്യേന എളുപ്പമാണ്. യുദ്ധം ജയിക്കാന്‍ പക്ഷെ അത്ര എളുപ്പമല്ല.
1971ലെ ഇന്ത്യാപാക് യുദ്ധം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി കരസേനാധിപനായ ജനറല്‍ സാം മനേക് ഷായെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. എന്നിട്ട് മനേക് ഷായോട് ഇന്ദിരാഗാന്ധി ചോദിച്ചു, 'ജനറല്‍, നമ്മള്‍ പാകിസ്ഥാനുമായി ഒരു യുദ്ധത്തിനു ഒരുങ്ങുകയാണ്. അങ്ങയുടെ സൈന്യം തയ്യാറാണോ?'
തന്റെ കപ്പടാമീശ തലോടി, ആ യുദ്ധവീരന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുവത്രേ, 'I am always ready, sweety'.
യുദ്ധം ചെയ്യല്‍ താരതമ്യേന എളുപ്പമാണ്. യുദ്ധം ജയിക്കാന്‍ പക്ഷെ അത്ര എളുപ്പമല്ല. എന്നാല്‍ യുദ്ധത്തിലേക്ക് നയിക്കാതിരികുക എന്നതാണ് യഥാര്‍ത്ഥ ഹീറോയിസം.
നിങ്ങള്‍ കറകളഞ്ഞ ദേശസ്‌നേഹിയാണെങ്കില്‍, ഒരു വാര്‍ മോംഗര്‍ ആണെങ്കില്‍ ഇതോര്‍ക്കുക: രണ്ട് ആണവരാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലെ അത്യാഹിതങ്ങള്‍ നിങ്ങളുടെ ചാരുകസേരയില്‍ അമര്‍ന്നിരുന്ന ടി.വിയില്‍ ആസ്വദിക്കാം എന്ന് കരുതരുത്. എന്തിന്റെ പേരിലായാലും ഒരു യുദ്ധവും പങ്കെടുത്ത രാഷ്ട്രങ്ങള്‍ക്ക് ദുരിതവും കണ്ണീരുമല്ലാതെ ലാഭം ഉണ്ടാക്കികൊടുത്തിട്ടില്ല.
നിങ്ങള്‍ ഒരുറച്ച സാര്‍വദേശീയവാദിയോ അനാര്‍ക്കിസ്റ്റോ ആണെങ്കില്‍, സൈന്യത്തെ പിരിച്ചുവിടണം എന്നാഗ്രഹിക്കുന്നെങ്കില്‍, മൂട്ടില്‍ തീ പിടിക്കുന്നത് വരെ യാഥാര്‍ത്ഥ്യമെന്തെന്ന് നിങ്ങള്‍ അറിയാനും പോകുന്നില്ല.
